സിഡ്നി: പാകിസ്താനെതിരേ നടന്ന ടെസ്റ്റ് പരമ്പരയിൽ പാക്കിസ്ഥാനെ തറപറ്റിച്ച് ഓസ്ട്രേലിയ. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ എട്ട് വിക്കറ്റിന് ഓസ്ട്രേലിയ വിജയം നേടി .
സ്കോര്‍: പാകിസ്താന് ഒന്നാം ഇന്നിങ്സ് 313, രണ്ടാം ഇന്നിങ്സ് 115. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 299, രണ്ടാം ഇന്നിങ്സ് രണ്ടിന് 130.
പാകിസ്താന്റെ രണ്ടാം ഇന്നിങ്സ് 115 ന് അവസാനിച്ചതോടെ ഓസീസിന്റെ ലക്ഷ്യം 130 റണ്ണായി. മറുപടി ബാറ്റ് ചെയ്ത അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കടന്നു. അവസാന ടെസ്റ്റ് കളിക്കുന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (75 പന്തില്‍ 57), മാര്‍നസ് ലാബുഷാഗെ (73 പന്തില്‍ പുറത്താകാതെ 62) എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ ലക്ഷ്യം അനായാസമാക്കി. ഉസ്മാന് ഖ്വാജയെയും (0) വാര്‍ണറിനെയും പുറത്താക്കിയത് സാജിദ് ഖാനാണ്. അവസാന ടെസ്റ്റ് ഇന്നിങ്സില്‍ 56 പന്തിലാണു വാര്‍ണര്‍ അര്‍ധ സെഞ്ചുറി കടന്നത്. ലാബുഷാഗെയുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ (113 പന്തില്‍ 100) സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കാന്‍ വാര്‍ണറിനായി. 16 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ജോഷ് ഹാസില്‍വുഡും 36 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണും ചേര്ന്നകണു പാകിസ്താനെ തകര്‍ത്തത്.
മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കുമ്മിന്‍സ്, ട്രാവിസ് ഹെഡ് എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. അബ്ദുള്ള ഷഫീഖ്, നായകന് ഷാന്‍ മസൂദ്, സാജിദ് ഖാന്, ആഗാ സല്മാന് എന്നിവര്‍ പൂജ്യത്തിനു പുറത്തായി. ഓപ്പണര്‍ സായിം അയൂബ് (33), ബാബര്‍ അസം (23), മുഹമ്മദ് റിസ്വാന് (28), ആമിര്‍ ജമാല്‍ (18) എന്നിവരുടെ പോരാട്ടമാണു സ്കോര്‍ 100 കടത്തിയത്.
ഓസ്ട്രേലിയയുടെ പാകിസ്താനെതിരായ തുടര്‍ച്ചയായ 17-ാം ടെസ്റ്റ് ജയമാണിത്. ടെസ്റ്റില്‍ ഇതൊരു റെക്കോഡാണ്. പാകിസ്താനെതിരേ നടന്ന ഏഴ് ടെസ്റ്റ് പരമ്പരകളില്‍ ഓസ്ട്രേലിയ സമ്പൂര്‍ണ ജയം നേടി. ആറ് പരമ്പരകള്‍ നാട്ടില്‍ തന്നെയായിരുന്നു. കരിയറിലെ അവസാന ടെസ്റ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന ആറാമത്തെ താരമാണു വാര്‍ണര്‍. ജാക്ക് റൈഡറാണ് വാര്‍ണറിനു മുമ്പ് ഈ നേട്ടം കുറിക്കുന്ന ആദ്യ ഓസീസ് ബാറ്റര്‍. 1929 ല്‍ ഇംഗ്ളണ്ടിനെതിരേ നടന്ന മെല്‍ബണ്‍ ടെസ്റ്റില്‍ 57 റണ്ണെടുത്ത ശേഷമാണു റൈഡര്‍ വിരമിച്ചത്.