ധന്യ ഏലീശ്വാമ്മയുടെ സൂക്തങ്ങള്‍ ഗാനരൂപത്തില്‍ പ്രകാശിതമായ ആല്‍ബമാണ് സുഭാഷിതം. സിടിസി മദര്‍ ഏലീശ്വായുടെ ചരമശതാബ്ദിയുടെ ഭാഗമായി സിടിസി പബ്ലിക്കേഷന്‍സ് ആണ് ഈ സമാഹാരം പുറത്തിറക്കിയത്. ഉപദേശരൂപേണ എഴുതിയ സൂക്തങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പത്തെണ്ണമാണ് സംഗീതം നല്കി ഗാനരൂപത്തിലാക്കിയത്.
സംഗീതസംവിധായികയും അറിയപ്പെടുന്ന ഗായികയുമായ സിടിസി സഭാംഗവുമായ സിസ്റ്റര്‍ മില്ഡയാണ് സംഗീതം നല്‍കിയത്.
സൂക്തങ്ങള്‍ക്ക് ഗാനരൂപം നല്‍കിയത് ആന്റണി കീരംപിള്ളിയാണ്. യശ്ശശരീരനായ പ്രശസ്ത വയലിനിസ്റ്റ് കെ.എന്‍. രാജേന്ദ്രന് ഓര്ക്കസ്ട്രേഷന് നിര്‍വഹിച്ചു. സിസ്റ്റര്‍ മില്‍ഡ ഈ ആല്‍ബത്തിന്റെ റെക്കോര്‍ഡിങ് ഓര്‍മ്മകള്‍ പങ്കു വയ്ക്കുന്നു.
”അന്നത്തെ മദര്‍ ജനറല്‍ ലൈസാമ്മയാണ് എന്നെ ഈ ദൗത്യം ഏല്‍പ്പിക്കുന്നത്. പണ്ടുകാലത്തെ പാട്ടുകളുടെ രീതിയിലോ നാടന്‍പാട്ടുകളുടെ ശൈലിയിലോ വേണം സംഗീതം ഒരുക്കണമെന്ന നിര്‍ദേശവും തന്നു. അങ്ങനെ നടന് പാട്ടുകളുടെ പാതയിലാണ് പാട്ടുകള്‍ക്ക് സംഗീതം നല്‍കിയത്.”
കെസ്റ്റര്‍, രമേശ് മുരളി, ഗാഗുല്‍ ജോസഫ്, സിസ്റ്റര്‍ മില്‍ഡ, ഡാവിന, സിസ്റ്റര്‍ പ്രിന്‍സി സിടിസി എന്നിവരാണ് ഗായകര്‍. സിസ്റ്റര്‍ ശാലിനി സിടിസി എഴുതിയ ശതാബ്ദിഗീതവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
എളിമയെക്കുറിച്ചു ലളിതമായി ഏലീശ്വാമ്മ പറയുന്നതിങ്ങനെ: ”കുന്നിക്കുരുവോളം എളിമയുണ്ടായാല്, കുന്നോളം അറിവുള്ളതേക്കാള് ഗുണം’.
പെണ്‍കുട്ടികള്‍ക്കായി എഴുതിയ സൂക്തം: ”ലോക വഴി മറക്കാ, മായാമയം വെറുക്ക, നാക വഴി നടക്ക, വരൂ കന്യകേ, ത്യാഗങ്ങള്‍ ഏറ്റെടുക്ക, രോഗങ്ങള്‍ സ്വീകരിക്ക, ഭാഗ്യങ്ങള്‍ അവയെന്നറിക കന്യകേ”
ആരോപണങ്ങള്‍ ഏറ്റുവാങ്ങുന്നവര്ക്കുള്ള സാന്ത്വനസന്ദേശവും ‘അമ്മ നല്‍കുന്നുണ്ട്: ”ആരോപണങ്ങള്‍ നിശബ്ദം സഹിക്ക, ആരിലും കുറ്റം നിനയ്ക്കായ്ക നീ, നിന്ദാപമാനങ്ങള്‍ എതിരിടാതേവം നന്ദി പറഞ്ഞെടുക്ക”.
താഴ്മയെക്കുറിച്ചുള്ള സൂക്തം: ” വീണിടാന്‍ കീഴ്വഴക്കം പഠിക്ക, താണ നിലത്തല്ലോ നീരോടിടൂ, താഴേണം താഴേണം മണ്ണോളം കീഴേ, താഴ്മ താനഭ്യുതി എന്നറിയുക”.
സന്ന്യസ്തര്‍ക്കുള്ള സൂക്തം: ” കന്യതനൂജന് മാരനായുള്ളോള് കന്യാവ്രതക്കാരി, കന്യാമറിയം തായയായുള്ളോള് കന്യാവ്രതക്കാരി, മാടപ്പിറാവിന്‍ ചേലുള്ളോളാണെ മാലാഖമാരെപ്പോലുള്ളൊളാണ് കന്യാവ്രതക്കാരി, മായാ മയത്തില്‍ വീഴത്തോളാണെ കന്യാവ്രതക്കാരി”.
ദൈവസ്നേഹത്തിന്റെ അദ്ഭുതവഴികളെക്കുറിച്ചു ഏലീശ്വാമ്മ ഇങ്ങനെ എഴുതി: ”ദൈവസ്നേഹം എന്തൊരാനന്ദം, ദൈവനാമമോ മധുരം, ദൈവവദനം ദര്‍ശിപ്പതോ മോക്ഷഭാഗ്യമേ”.
മനുഷ്യരെല്ലാം ദൈവത്തിന്റേതാണെന്നു ഓര്‍മ്മിപ്പിക്കുന്ന എഴുത്ത് ഇങ്ങനെ: ”ഞാന്‍ മുഴുവന്‍ ദൈവത്തിന്റെ സ്വന്തം, സ്വന്തമായെനിക്കില്ലാ തെല്ലും, തെല്ലു പോലും ഞാന്‍ എന്റേതല്ല, ദൈവമെന്‍ ബലം” .
അതീവ മരിയഭക്തയായിരുന്ന ഏലീശ്വാമ്മയുടെ മറിയസൂക്തം തുടങ്ങുന്നത് ഇങ്ങനെയാണ്: ”കന്യകാമേരിയാം കന്യാസ്ത്രീ റാണിയമ്മേ, കനിവിയലും തിരുമടിയില്‍ എന്നെ കാക്കണേ”.
ഇങ്ങനെ സന്ന്യസ്തര്‍ക്കും അല്മായര്ക്കും ഒരുപോലെ സദുപദേശം നല്‍കാനായി എഴുതിയ സൂക്തങ്ങള്‍ സൂക്ഷിച്ചു റെക്കോര്‍ഡ് ചെയ്തു പുതുതലമുറയ്ക്ക് നല്കിയ സിടിസി സമൂഹം അഭിനന്ദനം അര്‍ഹിക്കുന്നു.