ഗവര്‍ണറെ നാടുകടത്തണോ. വേണം എന്നേ ബുദ്ധിജീവികള്‍ പറയൂ. ഒന്നാലോചിച്ചാല്‍ ഗവര്‍ണര്‍ സാഹിബിനെ നാടുകടത്തുന്നതു തന്നെയാണു നല്ലത്. അല്ല ഇങ്ങേരിതെന്തിന്റെ പുറപ്പാടാ. ഗവര്‍ണര്‍ ഒരു ഭരണഘാടനാപരമായ പദവിയാണ്. അതിന്റെ പാരമ്പര്യം, അന്തസ്സ് എന്നിവ കാത്തുവേണ്ടേ പെരുമാറാന്‍ കുട്ടിസഖാക്കളുമായി പോരിനിറങ്ങുക. കുട്ടികളെപ്പോലെ വെല്ലുവിളിക്കുക, വില്ലന്മാരെപ്പോലെ നാടുനീളെ നടന്നു കോപ്രായങ്ങള്‍ കാട്ടുക. തെരുവില്‍ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിക്കുക. സിനിമാസ്റ്റൈലില്‍ കുട്ടികളേയും എടുത്തുകൊണ്ട്് ആരാധകരെ സൃഷ്ടിച്ച് തെരുവിലൂടെ വിജയശ്രീലാളിതനായി ഗരിമ കാട്ടിനടക്കുക. ഇതെന്ത്, ചന്തസ്ഥലമോ. ഗവര്‍ണറുടെ സെക്യൂരിറ്റി ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. പൊതുനിരത്തിലൂടെ വെല്ലുവിളിച്ചുകറങ്ങി നടക്കുന്നതിനിടയില്‍ ആരെങ്കിലും ഒരാള്‍ കല്ലെറിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി.. തെരുവിലെ ഭക്ഷണം കഴിച്ച ്ആരോഗ്യപ്രശ്നങ്ങളുണ്ടായാല് ആരുത്തരം പറയും..ആളുകള്‍ക്കു തന്നെ ഇഷ്ടമാണെന്നൊക്കെ പറയുന്നതു നല്ലതാണ്. എന്നാല്‍ ഏതു സമൂഹത്തിലാണ് കുഴപ്പക്കാരില്ലാത്തത്. എന്തെങ്കിലും പറ്റിയാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരം പറയണ്ടേ. ആവശ്യമില്ലാതെ ഊഹാപോഹങ്ങള്‍ വച്ചുകൊണ്ട് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുക, വെല്ലുവിളിക്കുക, ആക്ഷേപിക്കുക. പത്രക്കാരോട് വില്ലനെപ്പോലെ സംസാരിക്കുക. ഇതൊക്കെ ശരിയാണോ. ശരീരഭാഷ മൊത്തത്തില്‍ ഒരു വില്ലന്‍ വേഷമാണ്. ഇതൊക്കെ ഒരു ഭരണഘടനാ ബാധ്യതയുള്ള ഒരു ഉന്നതാധികാരിക്കു ചേരുന്നതാണോ.
ആരാണു ഗവര്‍ണര്‍. കേന്ദ്ര സര്‍ക്കാരാണ് തിരഞ്ഞെടുക്കുതെങ്കിലും ഇന്ത്യന്‍ പ്രസിഡന്റാണ് നിയമിക്കുന്നത്. ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രതിനിധിയാണ്. ഒരു സ്പീക്കര്‍ തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ പാര്‍ട്ടി ബാന്ധവം പാടില്ലെന്നാണ്. പാര്‍ട്ടിക്കതീതമായി എല്ലാവരുടേയും സ്പീക്കറാണ്. അതുപോലെ ഗവര്‍ണറായി നിയമിക്കപ്പെട്ടു കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി രാഷ്ട്രീയം കളിക്കേണ്ട ആളല്ല. ഭരണഘടനയോടു ബാധ്യതയുള്ള, ഇന്ത്യാ രാജ്യത്തോടു ഉത്തരാവാദിത്വമുള്ള രാഷ്ട്രപതിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കണം. പ്രസിഡന്റ് ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതു പോലെ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കണം. അല്ലാതെ കേന്ദ്ര സര്‍ക്കാരിനു വേണ്ടിയും ബി.ജെ.പി.ക്കു വേണ്ടിയും പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ട ആളല്ല ഗവര്‍ണര്‍. ഇപ്പോള്‍ അദ്ദേഹം കാട്ടിക്കൂട്ടുന്നത് കക്ഷിരാഷ്ട്രീയത്തിലെ വില്ലന്മാരെപ്പോലെയാണ്. അത് ഗവര്‍ണര്‍ പദവിക്കു ചേരുന്നതണെന്നു പറയാനാവുമോ. കുട്ടി സഖാക്കള്‍ ആരോപിക്കുന്ന യൂണിവേഴ്സിറ്റികളിലെ കാവിവല്‍ക്കരണ ശ്രമം നടക്കുന്നുണ്ടല്ലോ. അതിനാല്‍ ഗവര്‍ണര്‍ക്കു വഴിതെറ്റരുതെന്നു പറയാതിരിക്കാനാവില്ല.
എന്നാല്‍ ഈ വഴി തെറ്റല്‍ ഒരു നിയോഗമാണെങ്കിലോ. ഇപ്പോള്‍ സംസ്ഥാനത്തിനു വേണ്ട തരംഗ വര്‍ണറായി നമ്മുടെ ആരിഫ് മുഹമ്മദ് ഖാന് മാറിയിരിക്കുന്നു എന്നു പറയാതിരിക്കാനാവില്ല. ഉന്നതങ്ങളിലെ ചില കുരുത്തക്കേടുകള്‍ ഒരുപക്ഷേ സമൂഹത്തിനു വേണ്ടതായിരിക്കാം. അധികാരികളുടെ ചില ചെയ്തികള്‍ ആദ്യം നമ്മെ അലോസരപ്പെടുത്തുമെങ്കിലും പിന്നീട് അത് സമൂഹനന്മയ്ക്കായി ഭവിച്ചേക്കാം. നമ്മുടെ മന്ത്രി മുഖ്യനും കൂട്ടരുംകാട്ടിക്കൂട്ടുന്ന വിക്രിയകള്‍ക്ക് ഇതല്ലാതെ മറ്റെന്തുത്തരം. ഈ ഗവര്‍ണരെ നമുക്കു നിയോഗം പോലെ കിട്ടിയതാകാം. ബൈബിളില്‍ ഒരു രംഗമുണ്ട്. തന്റെ രണ്ടു മക്കളില്‍ ഒരുവനോട് പിതാവു പാടത്തുപോയി പണിയെടുക്കാന്‍ ആവശ്യപ്പെട്ടു. അവന് പോവില്ല എന്നു പറഞ്ഞു. രണ്ടാമത്തെ മകനോടാവശ്യപ്പെട്ടപ്പോള് പോകാമെന്നു പറഞ്ഞെങ്കിലും പോയില്ല. എന്നാല്‍ ആദ്യത്തെയാള്‍ പിന്നീട് ആലോചിച്ചശേഷം പോയി. ഇവരില്‍ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നത്. ആദ്യത്തെയാള്‍ ആദ്യം തന്നെ തന്റെ സാധാരണ സ്വഭാവം രേഖപ്പെടുത്തി. പക്ഷേ പിന്നീടാലോചിച്ച ശേഷം പോയി.
യഥാര്‍ത്ഥത്തില്‍ നമ്മുടെ ഗവര്‍ണറും അങ്ങനെ തന്നെ. സമൂഹം ആഗ്രഹിക്കുന്ന പോലെ പെരുമാറുന്നില്ല. പക്ഷേ ജനത്തിനു വേണ്ടതെന്തെന്നു മനസ്സിലാക്കിചെയ്യുന്നു. അതിനാല്‍ ഗവര്‍ണറെ നാട്ടില്‍ത്തന്നെ കുറച്ചുകാലംകൂടി കിട്ടാന്‍ എന്താണു വഴി എന്നാണ് ആലോചിക്കേണ്ടത്.