ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷ വീഴ്ചയിൽ എഴ് സുരക്ഷാ ഉദ്യോഗസ്ഥരെ ലോക്സഭാ സെക്രട്ടറിയേറ്റ് സസ്പെൻഡ് ചെയ്തു. രാവിലെ ലോക്സഭാ നടപടികൾ ആരംഭിച്ചതിന് പിന്നാലെ പാർലമെൻ്റ് സുരക്ഷാ വീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളമുണ്ടാക്കി . സുരക്ഷാ വീഴ്ചയിൽ എല്ലാവർക്കും ആശങ്കയുണ്ടെന്നായിരുന്നു പ്രതിപക്ഷ ബഹളത്തോടുള്ള സ്പീക്കറുടെ പ്രതികരണം. ലോക്സഭയിലെ സുരക്ഷ തൻ്റെ ഉത്തരവാദിത്തമാണെന്നും സർക്കാർ ഇടപെടേണ്ട ആവശ്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഈ വിഷയം പ്രതിപക്ഷവുമായി ചർച്ച ചെയ്തുവെന്നും വേണമെങ്കിൽ ഇനിയും ചർച്ച നടത്തുമെന്നും സ്പീക്കർ പറഞ്ഞു. സന്ദർശകപാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതിപക്ഷ ബഹളത്തിനിടെ സംഭവത്തിൽ വിശദീകരണവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് രംഗത്തെത്തി. ലോക്സഭയിൽ നടന്ന സംഭവം അപലപനീയമെന്ന് രാജ് നാഥ് സിങ് വ്യക്തമാക്കി. എല്ലാവരും ഒറ്റക്കെട്ടായി അപലപിക്കണമെന്ന് ആവശ്യപ്പെട്ട രാജ്നാഥ് സിങ്ങ് അന്വേഷണം നടക്കുന്നെന്നും വ്യക്തമാക്കി. പാസുകൾ നൽകുമ്പോൾ എംപിമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സ്പീക്കർ അന്വേഷണത്തിന് ഉത്തരവിട്ടതിനാൽ ബഹളത്തിന്റെ ആവശ്യമില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്നാഥ് സിങ്ങിൻ്റെ വിശദീകരണം അംഗീകരിക്കാത്ത പ്രതിപക്ഷം ആഭ്യന്തരമന്ത്രി വിശദീകരണം നൽകണമെന്നും വിഷയത്തിൽ സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബഹളം തുടർന്നതോടെ സ്പീക്കർ സഭാനടപടികൾ ഉച്ചയ്ക്ക് 2 മണി വരെ നിർത്തി വെച്ചു.
ഇതിനിടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. ബഹളത്തിനിടെ പ്രത്യേകാവകാശ ലംഘനം നടത്തിയെന്ന് വ്യക്തമാക്കി തൃണമൂൽ എംപി ഡെറിക് ഒബ്രിയാനോട് സഭ വിടാൻ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ ആവശ്യപ്പെട്ടു. രാജ്യസഭയിൽ നടുത്തളത്തിൽ ഇറങ്ങി ഡെറിക് ഒബ്രിയാൻ പ്രതിഷേധിച്ചതാണ് രാജ്യസഭാ അധ്യക്ഷനെ ചൊടിപ്പിച്ചത്. തുടർന്ന് ഡെറിക് ഒബ്രിയാനെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഈ സമ്മേളന കാലയളവ് വരെയാണ് സസ്പെൻഷൻ. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം രാജ്യസഭയിൽ ബഹളം വെച്ചത്. ബഹളത്തെ തുടർന്ന് രാജ്യസഭാ അധ്യക്ഷൻ തൻ്റെ ചേംബറിൽ കക്ഷിനേതാക്കളുടെ അടിയന്തിര യോഗം വിളിച്ചു. രാജ്യസഭയുടെ നടപടിക്രമങ്ങൾ 2 മണി വരെ നിർത്തിവെച്ചു.