പ്രണയകഥകള്‍ക്ക് എക്കാലത്തും സാഹിത്യത്തിലും സിനിമയിലും നിത്യഹരിതസ്ഥാനമാണ്. നിശബ്ദസിനിമകളുടെ കാലം മുതലേ പ്രണയകഥകള്‍ സിനിമകള്‍ക്കു വിഷയമായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പ്രണയകഥകള്‍ സുസ്ഥിരമായൊരു സ്ഥാനം സിനിമയില്‍ കരസ്ഥമാക്കി. പ്രണയം മാത്രം വിഷയമാക്കി സിനിമ നിര്‍മിക്കാന്‍ മര്‍ച്ചന്റ് ഐവറി പ്രൊഡക്ഷന്‍സ് പോലുള്ള നിര്‍മാണ കമ്പനികളുണ്ടായി. ഷേക്സ്പിയര് നാടകങ്ങളിലെ പ്രണയതന്തുക്കുള് ഇക്കാലത്തും സംവിധായകരുടെ ആവേശമാണല്ലോ. അലൈന്‍ റെസ്നൈസിന്റെ ഹിരോഷിമ മോണ്‍ അമൂര്‍ (ഫ്രഞ്ച്) ഉള്‍പ്പെടെയുള്ള ക്ലാസിക് കഥകളോടൊപ്പം മില്‍സ് ആന്‍ഡ് ബൂണ്‍സ്, ജാനറ്റ് ഡയേലി, ലാവ്റില് സ്പെന്‍സര്‍ തുടങ്ങിയ പൈങ്കിളി എഴുത്ത് പ്രസ്ഥാനക്കാരുടെ കഥകളുടെ ചുവടുപിടിച്ച സിനിമകളും ജനപ്രിയങ്ങളാണ്. വംശീയതയുടെയും വര്‍ഗീയതയുടെയും യുദ്ധത്തിന്റേയും കലാപത്തിന്റേയും പശ്ചാത്തലങ്ങളിലും പ്രണയകഥകള്‍ വികസിക്കുന്നുണ്ട്. പ്രൈഡ് ആന്‍ഡ് പ്രിജുഡീസ്, ബ്രിഡ്ജറ്റ് ജോണ്‍സ് ഡയറി, ഈസി എ തുടങ്ങിയ സിനിമകളെല്ലാം വന്‍ വിജയമായിരുന്നു. ഒന്നര-രണ്ടു മണിക്കൂര്‍ തീയറ്ററില്‍ സമയം ചെലവഴിക്കാന്‍ മാത്രമായി നിര്‍മിക്കുന്ന സിനിമകളും ധാരാളം. അത്തരത്തിലൊന്നാണ് മൈ സീക്രട്ട് ബില്യണയര്‍. പ്രിയദര്‍ശന്റെ വസന്തകാല സിനിമകള്‍ എന്ന് മലയാളത്തില്‍ ഈ വിഭാഗത്തെ വിശേഷിപ്പിക്കാം. നോവലിസ്റ്റും അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപറുമായ ഫ്രെയ്ഡന്‍ മനോചെറിന് ആണ് സിനിമയുടെ സംവിധായകന്.
കോടീശ്വരനായ ഫെറോ ഒലിവെറ്റി (വിക്ടര്‍ അല്‍ഫിയേരി) എന്ന യുവാവ് സമ്പത്തിന്റെ മോഹക്കെണികള് മാറ്റിവെച്ച് എങ്ങനെ പ്രണയം കണ്ടെത്തുന്നു എന്ന കഥയാണ് മൈ സീക്രട്ട് ബില്യണയര്‍. ഫെറെയോ പരിചയപ്പെടുത്തിയാണ് സിനിമ ആരംഭിക്കുന്നത്. കോടീശ്വരനാണ് ഫെറോ. സുന്ദരനും. സമ്പന്നനായ അവന് ജീവിക്കുന്നതും ആഢംഭരത്തിലാണ്. പല യുവതികളുമായും അവനു ബന്ധമുണ്ട്. വിവിധ രാജ്യങ്ങളില്‍ കറങ്ങി നടന്ന് ജീവിതം ആസ്വദിക്കുന്നു. ഒരിക്കല്‍ അയാള്‍ കാലിഫോര്‍ണിയയില്‍ അടിച്ചുപൊളിച്ച് ജീവിക്കുന്നതിനിടെ അമ്മയുടെ ഫോണ്‍ വരുന്നു; അച്ഛന് സുഖമില്ല, ഉടന്‍ എത്തണം. പണക്കൊഴുപ്പിന്റെ അസ്കിത ഉണ്ടെങ്കിലും ബന്ധങ്ങള്‍ക്ക് വിലകൊടുക്കുന്നവനാണ് ഫെറോ. ഒട്ടും വൈകാതെ തന്റെ സ്വകാര്യവിമാനത്തില്‍ അവന് അച്ഛനു സമീപത്ത് എത്തുന്നു. യാത്രക്കിടയില്‍ പിതാവുമൊത്തുള്ള തന്റെ മനോഹര നിമിഷങ്ങളെ കുറിച്ച് അവന് ആലോചിച്ചു. അവന് ദുഃഖിതനായിരുന്നു. കുട്ടിക്കാലം മുതലേ പിതാവുമായി നല്ലൊരു ബന്ധം അവനുണ്ടായിരുന്നു. ഒരു സുഹൃത്തിനെ പോലെയാണ് അച്ഛന് അവനെ പരിഗണിച്ചിരുന്നത്. പണത്തിനേക്കാള്‍ വലുതാണ് വിനയവും സ്നേഹവും ദയയുമെന്ന് അച്ഛന് അവനെ പഠിപ്പിച്ചിരുന്നു.
മരണക്കിടക്കയില്‍ നിന്ന്, ഫെറോയുടെ പിതാവ് അവനൊരു ഉപദേശം അല്ലെങ്കില്‍ കര്‍ശന നിര്‍ദേശം നല്കുന്നു; നിന്റെ യഥാര്‍ഥ പേരും സമ്പത്തുമെല്ലാം മറച്ചുവച്ച് കയ്യില്‍ പണമൊന്നും കരുതാതെ ദരിദ്രനായി മറ്റൊരു നഗരത്തില്‍ പോയി ഒരു മാസമെങ്കിലും ജീവിക്കുക. ഫെറോ കുത്തഴിഞ്ഞ ജീവിതമാണ് നയിക്കുന്നതെന്ന ബോധ്യത്തിലാണ് അയാള്‍ അവന് അത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്. അച്ഛന്റെ നിര്‍ദേശം അവന് കാര്യമായി ഇഷ്ടപ്പെടുന്നില്ലെങ്കിലും അച്ഛന് ആവശ്യപ്പെടുന്നത് താന്‍ ചെയ്യുമെന്ന് അയാള്‍ വാക്കുകൊടുക്കുന്നു. അച്ഛന്റെ മരണശേഷം അദ്ദേഹത്തിന് വാക്കുകൊടുത്തിരുന്നതുപോലെ മറ്റൊരു ജീവിതം നയിക്കാന്‍ അവന് യാത്രയാകുന്നു. അതിനു മുമ്പ് അച്ഛന്റെ മരണശേഷം താന്‍ അധിപനാകേണ്ട കമ്പനിയില്‍ എത്തി മുതിര്‍ന്ന ജീവനക്കാരനായ ലോറന്‍സിനെ വിളിച്ച് താന്‍ ഒരു സാമത്തേക്ക് സ്ഥലത്തുണ്ടാകില്ലെന്നും കാര്യങ്ങളെല്ലാം ഭംഗിയായി നോക്കണമെന്നും പറഞ്ഞേല്പ്പിക്കുന്നു. പുതിയ മുതലാളിയുടെ ആദ്യ ആജ്ഞ തന്നെ ലോറന്‍സിനെ അമ്പരപ്പിക്കുകയാണ്. കാരണം വലിയ മത്സരമാണ് കമ്പോളത്തില്‍ നടക്കുന്നത്. തൊട്ടടുത്ത അതിരാളികളുമായി യുദ്ധം തന്നെ നടക്കുകയാണ്. ആ സമയത്ത് മുതലാളി സ്ഥലത്തില്ലെങ്കില്‍ എന്താകും സ്ഥിതിയെന്ന് ലോറന്‍സ് അമ്പരക്കുകയാണ്. ഫെറോ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞപ്പോള്‍ ലോറന്‍സും സമ്മതം മൂളി.
മുത്തശിക്കഥകളില്‍ വേഷം മാറി നടക്കുന്ന രാജകുമാരനെ പോലെ ഫെറോ പിന്നീട് നാടുതെണ്ടാന്‍ ഇറങ്ങി തിരിക്കുകയാണ്. കോടീശ്വര പുത്രനായ ഫെറോയെ പൊതുജനം തിരിച്ചറിയാന്‍ സാധ്യതയുള്ളതിനാല്‍ കള്ളപ്പേരില്‍ ജീവിക്കാനായി തന്റെ കാര്‍ ഡ്രൈവര്‍ ക്ലൗഡിന്റെ പേരും തിരിച്ചറിയല്‍ കാര്‍ഡുമെല്ലാം ഫെറോ സ്വീകരിക്കുകയാണ്. ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ കര്‍ട്ടിസ് എന്നൊരാളെ കണ്ടമുട്ടി. വിമാനത്തിലുള്ള ജീവനക്കാരെയടക്കം എല്ലാവരേയും വെറുപ്പിക്കുന്ന സ്വഭാവമായിരുന്നു കര്ട്ടിസിന്റേത്. അതിസമ്പന്ന നഗരമായ ന്യൂയോര്‍ക്കില്‍ പരമദരിദ്രനായി ഫെറോ കാലുകുത്തി. ഒരു തോള് ബാഗിലെടുക്കാവുന്ന വസ്ത്രങ്ങളും കുറച്ചു പണവും മാത്രമേ അവന്റെ കൈവശമുണ്ടായിരുന്നുള്ളൂ. പലയിടത്തും ജോലിക്കായി ശ്രമിച്ചെങ്കിലും ആരും അവന് ജോലി കൊടുത്തില്ല.
വൈകീട്ട് ഒരു ബാറില്‍ കയറിയ ഫെറോയുടെ സൗന്ദര്യം കണ്ട് ഒരു പെണ്‍കുട്ടി അടുത്തുകൂടിയെങ്കിലും അവന്റെ കയ്യില്‍ പണമില്ലെന്നു കണ്ടപ്പോള്‍ ഉപേക്ഷിച്ചു. അതു ശ്രദ്ധിച്ചുകൊണ്ടിരുന്ന പീറ്റ എന്ന മറ്റൊരു തടിച്ചി പെണ്‍കുട്ടി അവനുമായി ചങ്ങാത്തത്തിനു ശ്രമിക്കുകയും അവനെ തന്റെ ഫ്ളാറ്റിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. രാത്രി അവള് ഫെറോയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഫെറോ ഒഴിഞ്ഞുമാറുന്നു. ക്ഷുഭിതയായ പീറ്റ അവനെ കട്ടിലില്‍ നിന്ന് താഴെയിറക്കി കിടത്തുന്നു. പക്ഷേ പീറ്റയുടെ ഉച്ചത്തിലുള്ള കൂര്‍ക്കംവലി കാരണം അവന് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവന് എഴുന്നേറ്റ് പുറത്തേക്ക് നടന്നു. പുറത്തെ മുറിയില്‍ മറ്റൊരു പെണ്‍കുട്ടി കിടന്നുറങ്ങുന്നത് അവന് കണ്ടു. പീറ്റയുടെ സുഹൃത്തായ ഡയാനയായിരുന്നു അത്. പീറ്റ ഒരു ചെറുപ്പക്കാരനെ തന്റെ മുറിയില്‍ താമസിപ്പിച്ചിരുന്നത് ഡയാന അറിഞ്ഞിരുന്നില്ല. ഫെറോയെ കണ്ട് അവള് പേടിച്ച് ബഹളം വച്ചു. പിന്നെ അവനെ അവിടെ നിന്നു പുറത്താക്കി.
ഒരു നിവൃത്തിയുമില്ലാതെ, രാത്രി തലചായ്ക്കാന്‍ ഇടം ലഭിക്കാതെ കോടീശ്വരന് ന്യൂയോര്‍ക്കിലെ നഗരവീഥികളിലൂടെ അലഞ്ഞുനടന്നു. രണ്ടു കവര്‍ച്ചക്കാര്‍ ഫെറോയെ ആക്രമിച്ചു. അവരില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടി ഒരിടത്ത് ഒളിച്ച ഫെറോയെ കള്ളനെന്നു കരുതി ഒരു സ്ത്രീ പൊലീസിനെ ഫോണ്‍ ചെയ്തറിയിച്ചു. അങ്ങിനെ ഫെറോയുടെ ന്യൂയോര്‍ക്കിലെ ആദ്യരാത്രി പൊലീസ് ലോക്കപ്പിലായി. ഫെറോയുടെ ഭാഗ്യത്തിന് ഫെറോയെ ആക്രമിച്ച കവര്‍ച്ചക്കാര്‍ പിറ്റേന്ന് പൊലീസ് പിടിയിലായി. അവന് പറഞ്ഞത് സത്യമാണെന്നു ബോധ്യപ്പെട്ട പൊലീസ് അവനെ മോചിപ്പിച്ചു. തട്ടുകടക്കാരനായ ആഞ്ചലോ വിശന്നുവലഞ്ഞ ഫെറോയ്ക്ക് ഭക്ഷണം നല്കുന്നു. അയാളുടെ ദയാവായ്പില്‍ ഫെറോ അദ്ഭുതപ്പെട്ടു. ജോലിയന്വേഷിച്ച് അലയുന്നതിനിടെ ഒരു ഡെലിവറി വാന്‍ അവനെ ഇടിച്ചു. കാര്യമായ പരിക്കുകൂടാതെ ഫെറോ രക്ഷപ്പെട്ടു. ഡെലിവറി വാനിലെ ഡ്രൈവര്‍ ഫെറോയ്ക്ക് ഒരു ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറയുന്നു. അയാള്‍ ഫെറോയെ കൊണ്ടുപോകുന്നത് ന്യൂയോര്‍ക്കിലേക്ക് ഫെറോ വന്ന വിമാനത്തിലുണ്ടായിരുന്ന ശല്യക്കാരനായ പണക്കാരന് കര്‍ട്ടിസിന്റെ വീട്ടിലേക്കായിരുന്നു. പിശുക്കനായിരുന്നു കര്‍ട്ടിസ്. തുച്ഛമായ ശമ്പളമായിരുന്നു വാഗ്ദാനം. ഡ്രൈവര്‍ പണി കൂടാതെ വീട്ടിലെ മറ്റു ജോലികളും ചെയ്യണമെന്നു പറഞ്ഞു. കര്‍ട്ടിസിന്റെ യുവതിയായ ഭാര്യക്ക് ഫെറോയോട് അഭിനിവേശം തോന്നുന്നു.
ഫെറോയെ രാത്രി വീട്ടില്‍ നിന്നിറക്കി വിട്ട ഡയാന കര്‍ട്ടിസിന്റെ ഓഫീസില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവിടെ വച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടി. ആദ്യം ഫെറോയോട് ശത്രുതയോടെ പെരുമാറിയ ഡയാന പിന്നീട് സൗഹൃദത്തിലാകുന്നു. വിവാഹമോചിതയായ ഡയാനയ്ക്ക് പുരുഷന്മാരെ ഭയവും വെറുപ്പുമായിരുന്നു. കൂറേക്കാലം കൂടിയായിരുന്നു അവള് ഒരു പുരുഷനുമായി സൗൃദത്തിലാകുന്നത്. അവരുടെ സൗഹൃദം വളര്‍ന്നു പന്തലിച്ചു. പക്ഷേ ഡയാനയുടെ വീട്ടുകാര്‍ക്ക് ഫെറോയുമായുള്ള അവളുടെ ബന്ധത്തില്‍ താല്പര്യമുണ്ടായിരുന്നില്ല; ഫെറോ ദരിദ്രനായിരുന്നതാണ് കാരണം. ഫെറോയും ഡയാനയും പ്രണയത്തിലാകുന്നു. അധികം താമസിയാതെ ഫെറോയ്ക്ക് കര്‍ട്ടിസിന്റെ ഡ്രൈവര്‍ ജോലിയും നഷ്ടപ്പെട്ടു. അതോടെ ഡയാനയുടെ വീട്ടുകാര്‍ അയാളെ അവളില്‍ നിന്നകറ്റാന്‍ എല്ലാ ശ്രമവും ചെയ്തു. കോടീശ്വരനായ ഫെറോ സാധാരണക്കാരിയായ ഡയാനയെ പ്രണയിക്കുന്നു. ഫെറോയുടെ യഥാര്‍ഥ ഊരും പേരും അറിയുമ്പോള്‍ ഡയാനയുടെ പ്രതികരണം എന്തായിരിക്കും? എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് ഒരുമിച്ചാകാന്‍ അവര്‍ക്കു കഴിയുമോ എന്നതൊക്കെയാണ് ശേഷം ഭാഗത്തില്‍. സംഭവം പൈങ്കിളിയാണെങ്കിലും ഒരു നിമിഷം പോലും സിനിമ ബോറടിപ്പിക്കില്ല. ഒരു നല്ല സന്ദേശം നല്‍കുന്നുമുണ്ട്. പണത്തിന് സ്നേഹമോ സന്തോഷമോ വാങ്ങാന്‍ കഴിയില്ല. യഥാര്‍ഥ സ്നേഹം കണ്ടെത്താന്‍ എല്ലാവരും ആഗ്രഹിക്കുന്നു, അല്ലെങ്കില്‍ ആഗ്രഹിക്കണം, അത് കണ്ടെത്തുക എന്നതാണ് ജീവിതത്തിലെ യഥാര്‍ഥ സന്തോഷത്തിനുള്ള ഏക മാര്‍ഗം എന്നൊക്കെയാണ് മൈ സീക്രട്ട് ബില്യണയര്‍ പറയാന്‍ ശ്രമിക്കുന്നത്. അതിനപ്പുറത്തേക്ക് ആ സിനിമയെ കുറിച്ചു പറയാന്‍ വാക്കുകളില്ല.