ഓര്‍ത്തിരിക്കാന്‍ ഒത്തിരി സമ്മാനിച്ചിട്ടാണ് ജ്യേഷ്ഠസഹോദരനെപോലെ കഴിഞ്ഞിരുന്ന ക്രിസ്റ്റി കടന്നുപോയത്. മരണത്തിന് രണ്ടു ദിവസം മുമ്പ് ആശുപത്രിക്കിടക്കയില്‍ ആണ് അവസാനമായി കണ്ടുമുട്ടിയത്. ആശുപത്രി മുറിയില്‍ കതകില്‍ മെല്ലെ മുട്ടി അകത്തു കടന്നുചെന്നപ്പോള്‍ ഭാര്യ ചാച്ചിയമ്മയും മകള്‍ ലിയോണ, പ്രിയ കുടുംബാംഗങ്ങള്‍ പലരും കൂടെയുണ്ടായിരുന്നു.. ആരാ വന്നിരിക്കുന്നത് എന്ന് നോക്കിയേ, ചാച്ചിയമ്മ നെറ്റിയിലും ശിരസ്സിലും പതിയെ തടവി പറഞ്ഞപ്പോള്‍ മിഴികള്‍ രണ്ടും തുറന്നു. ആലസ്യം മുഖത്തുണ്ടെങ്കിലും ഓക്സിജന്‍ മാസ്കിന്റെ ഉള്ളില്‍ വിരിഞ്ഞ പുഞ്ചിരി കവിളിണകളില്‍ തെളിഞ്ഞു. ഹൃദയത്തില്‍ സദാ സൂക്ഷിച്ചിരുന്ന സഹോദരതുല്യമുള്ള സ്നേഹഭാവം വീണ്ടും വികസിതമായി. എത്രയോ വര്‍ഷങ്ങളായുള്ള കരുതലും സ്നേഹവുമാണത്.
ഡല്‍ഹിയില്‍ രാഷ്ട്രപതിഭവനില്‍ ഫസ്റ്റ് സെക്രട്ടറിയായി നിയമിതനാകുന്ന കേരളത്തില്‍നിന്നുള്ള ആദ്യ ക്രൈസ്തവനാണ് അദ്ദേഹം. ആ കാലങ്ങളില്‍ ഡല്‍ഹി ഗോള്‍ ഡക് ഗാനയില് സിബിസിഐ സെന്ററില്‍ തൊട്ടടുത്ത് ഞാനുമുണ്ടായിരുന്നു. അതിനാല്‍ തന്നെ ഇടയ്ക്കിടയ്ക്ക് കാണുമായിരുന്നു. ചിലപ്പോള്‍ പ്രസിഡന്റ് എസ്റ്റേറ്റിലെ ഔദ്യോഗികവസതിയില്‍ ഭക്ഷണസമയത്ത്, നീണ്ട സമയം സഭയെപ്പറ്റിയും സമൂഹത്തെപ്പറ്റിയും പല പദ്ധതികളും പങ്കുവയ്ക്കും. എത്ര ആഹ്ലാദത്തോടെയാണ് രാഷ്ട്രപതിഭവനിലെ കാര്യങ്ങല്‍ ഔദ്യോഗികമായി ഒപ്പുവച്ച് ഇന്ത്യന്‍ ഭരണഘടനയുടെ പ്രഥമ പ്രതി കാണിച്ചുതന്നത്. ഭാഗ്യത്തിന് ആ അനര്‍ഘ ചരിത്ര നിധി സ്പര്‍ശിക്കാനായി.
സങ്കടങ്ങളില്‍ സ്പന്ദിക്കുന്ന നിരന്തരം പ്രവര്‍ത്തനനിരതമാകുന്ന പ്രകൃതമായിരുന്നു ഡോ. ക്രിസ്റ്റിയുടേത്. അത് മറ്റുള്ളവരിലും ദൃശ്യമായിരുന്നെങ്കില്‍ എത്രയോ നന്മയാകുമായിരുന്നുവെന്ന ചിന്ത അദ്ദേഹം ആകുലതയോടെ പങ്കുവയ്ക്കുമായിരുന്നു. പിതാവിന്റെ അകാല മൃത്യു, കുടുംബപ്രാരാബ്ധങ്ങള്‍, ഗ്രാമത്തിന്റെ പരിമിതികള്‍ ഇവയൊന്നും ക്രിസ്റ്റി എന്ന ആ പരിശ്രമശാലിയെ തളര്‍ത്തിയില്ല. സ്ഥിരോത്സാഹവും കഠിനാധ്വാനവും അടിയുറച്ച ദൈവവിശ്വാസവും ആ ആദര്‍ശ ശാലിയെ ഉന്നതങ്ങളിലെത്തിച്ചു. 1973-ല്‍ ഗുജറാത്ത് കേഡറില്‍ ഐഎഎസ് സ്വന്തമാക്കിയതില്‍ ഗുജറാത്തിലും പ്രത്യേകിച്ച് നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവിടത്തെ ടൂറിസം ഡിപ്പാര്‍ട്ടുമെന്റിലും അതിനുമുമ്പ് അര്‍ബന്‍ ഡവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിലും പിന്നീട് രാഷ്ട്രപതി പ്രതിഭാ പാട്ടിലിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ പ്രവര്‍ത്തിച്ചപ്പോഴുമൊക്കെ ആഗ്രഹിച്ചിരുന്ന കാര്യം അതാണ്.
കേരളത്തില്‍ നിന്നും കൂടുതല്‍ പേര് പ്രത്യേകമായി സ്വസമുദായത്തില്‍ നിന്നു സിവില്‍ സര്‍വീസിലേക്ക് കടന്നുവരണം.
എന്റെ സഹോദരീപുത്രന് ജൊവാന്‍സ് ജോര്‍ജ് ഡല്‍ഹിയില്‍ സിവില്‍സര്‍വീസിന്റെ അവസാന ഇന്റര്‍വ്യൂവിന് വന്നപ്പോള്‍ സ്വ വസതിയില്‍ ഭക്ഷണത്തിനുവിളിച്ച് എത്രയോ മണിക്കൂര്‍ പറഞ്ഞുകൊടുത്തു പഠിപ്പിച്ചു, പ്രോത്സാഹിപ്പിച്ചു. രാഷ്ട്രപതിഭവനിലെ ഔദ്യോഗികപദവിയില്നിന്നു വിരമിച്ചപ്പോള്‍ കൊച്ചിയില്‍ തിരിച്ചെത്തിയശേഷം അക്കാഡമി ആരംഭിച്ചത് കേരളത്തില്‍നിന്നു കൂടുതല്‍ പേര് തന്റെ തൊപ്പിയിലണിയാന് സൗഭാഗ്യമുണ്ടായ സ്വര്‍ണത്തൂവല്‍ കൂടുതല്‍ പേര് അണിയണം എന്ന സ്വപ്നസാക്ഷാത്കാരമാണ്. അവിടെ പഠിച്ചിരുന്ന ഓരോരുത്തരോടും വ്യക്തിപരമായ കരുതലും ശ്രദ്ധയും അദ്ദേഹം കൊടുത്തിരുന്നു.
കണ്ണൂരില്‍നിന്നു 2 പേരെ അദ്ദേഹം സിവില്‍ സര്‍വീസ് കോച്ചിംഗിന് സ്വീകരിച്ചിരുന്നു. ഒരിക്കല്‍ അവരില്‍ ഒരാള്‍- വിന്‍സി മരിയ തിരുവനന്തപുരത്തും ഡല്‍ഹിയിലും മത്സരപരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും പോകേണ്ടിയിരുന്നു. തിരുവനന്തപുരത്തെ പരീക്ഷകഴിഞ്ഞ് എറണാകുളത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസ് ഉച്ചയ്ക്ക് 2 മണിക്ക് എത്തേണ്ടത് വന്നെത്തിയപ്പോള്‍ ഏറെ വൈകിയിരുന്നു. എറണാകുളം സൗത്ത് റയില്‍വേസ്റ്റേഷനില്‍ ഓടിയെത്തിയപ്പോള്‍ പ്ലാറ്റ്ഫോമില്‍നിന്നും ഡല്‍ഹി ട്രെയില്‍ പോകുന്ന കാഴ്ച കണ്ട് നോക്കിനിന്നത് വലിയ നിരാശയോടും സങ്കടത്തോടും കൂടിയാണ്. അങ്ങനെ പ്രതീക്ഷകള്‍ അസ്തമിച്ച് കണ്ണീരോടുകൂടിയാണ് ഡോ. ക്രിസ്റ്റിയെ വിന്‍സി വിളിച്ച് കാര്യം അവതരിപ്പിച്ചത്. പ്രതിസന്ധികള്‍ക്കപ്പുറം പ്രത്യാശ പകരുന്ന വാക്കുകള്‍ ഉടനെ. യു വില്‍ ബി ഇന്‍ ഡല്‍ഹി ടു അറ്റന്‍ഡ് ദി ഇന്റര്‍വ്യൂ എന്നു പറഞ്ഞു. ഡല്‍ഹിയില്‍ ഇന്റര്‍വ്യൂവിന് വിന്‍സി എത്തിയിരിക്കും അതിനെപ്പറ്റി വിഷമിക്കേണ്ട. ഉടനെ ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ച് സ്വന്തം ചിലവില്‍ വിമാനടിക്കറ്റ് ശരിയാക്കി വാട്സ്ആപ്പില്‍ ബോര്‍ഡിംഗ് പാസ് അയച്ചുകൊടുത്തു പറഞ്ഞു, നേരെ നെടുമ്പാശേരിക്ക് ടാക്സി എടുത്തോളൂ. ആദ്യമായി അങ്ങനെ വിന്‍സി വിമാനയാത്ര ചെയ്ത് ഡല്‍ഹിയില്‍ എത്തി. അടുത്ത ദിവസം ഇന്റര്‍വ്യൂവിന് എത്തിയപ്പോഴാണ് അറിയുന്നത്, മഹാരാഷ്ട്രയില്‍ പേമാരിയും വെള്ളപ്പൊക്കവും കാരണം പല ട്രെയിനുകളും അപ്പോഴും താമസിച്ചാണ് ഓടുന്നത് എന്ന്. പരിപാലിക്കുന്ന ദൈവം പ്രത്യക്ഷനാകുന്നത് മറ്റുള്ളവര്‍ക്കായി സ്പന്ദിക്കുന്ന ഹൃദയമുള്ള മനുഷ്യരിലൂടെയാണ്. മറ്റുള്ളവര്‍ക്കായി സ്പന്ദിക്കുന്ന ഡോ. ക്രിസ്റ്റിയുടെ ഹൃദയം എറണാകുളം സ്വദേശികള്‍ 2018ലെ പ്രളയകാലത്ത് അടിയന്തിരസഹായമെത്തിക്കുന്നതില് മുന്‍നിരയിലുണ്ടായിരുന്നത് കണ്ടപ്പോഴാണ്.
എറണാകുളത്ത് തോറ്റത് ആര്?
നീണ്ട വര്‍ഷങ്ങള്‍ രാഷ്ട്രീയമായ പല പ്രശ്നങ്ങളിലും ഊരാക്കുടുക്കുകളിലും പരിഹാരം കണ്ടെത്തിയതിനുള്ള വൈദഗ്ദ്ധ്യമുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് താനെന്ന് തെളിയിച്ചിട്ടുള്ള സര്‍വീസ് റിപ്പോര്‍ട്ട് സ്വന്തമാക്കിയിരുന്നെങ്കിലും സന്ദേഹത്തോടുകൂടിയാണ് എറണാകുളത്ത് രാഷ്ട്രീയ തിരഞ്ഞെടുപ്പ് ഗോദയില്‍ നില്ക്കാന് ഡോ. ക്രിസ്റ്റി തീരുമാനമെടുത്തത്. പലരോടും അദ്ദേഹം അഭിപ്രായം ആരാഞ്ഞിരുന്നു. അക്കാലത്ത് എറണാകുളത്ത് പ്രവര്‍ത്തിച്ചിരുന്ന എന്നെയും അദ്ദേഹം സമീപിച്ചിരുന്നു. അദ്ദേഹം അന്ന് സൂചിപ്പിച്ചു,
മസില് പവറും മണി പവറും എനിക്കില്ല. എന്നാല്‍ ഈ പ്രദേശത്തിന് ശാശ്വതമായ ചില പുരോഗതിയും വളര്‍ച്ചയും സമ്മാനിക്കാനുള്ള പദ്ധതിയും പ്ലാനും അത് നടത്തിയെടുക്കാനുളള പവറും എനിക്ക് സ്വന്തമായിട്ടുണ്ട്.
അത് ജനം തിരിച്ചറിഞ്ഞാല്‍ ഞാന്‍ വിജയിക്കും. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം ഡോ. ക്രിസ്റ്റിക്ക് അനുകൂലമായിരുന്നില്ല എന്നത് ശരിതന്നെ. പക്ഷെ ഒരു ചോദ്യം അവശേഷിക്കുന്നു. യഥാര്‍ത്ഥത്തില്‍ തോറ്റതാരാണ്?
വിജയശ്രീലാളിതനായി തന്നെ ഏല്പിച്ച താലന്തുകള്‍ മറ്റുള്ളവര്‍ക്കായി വര്‍ദ്ധിപ്പിച്ച് ഇതാ ഒരാള്‍ മടങ്ങുന്നു. പ്രിയ ഡോ. ക്രിസ്റ്റി വിട. വിജയകിരീടം ചൂടി നിത്യതയില്‍ സാഫല്യം ചൂടുക. ……