74-ാം ജന്മദിനത്തിന്റെ തലേന്ന് ജീവിതം ഉപേക്ഷിച്ച് മരണത്തെ സ്വീകരിച്ച ഡോ. എം. കുഞ്ഞാമന് ചര്‍ച്ചകളില്‍ നിറഞ്ഞു നില്ക്കുന്നു. അദ്ദേഹത്തിന്റെ ആത്മകഥ ‘എതിര’് മാര്‍ക്കറ്റില്‍ ലഭ്യമല്ലാതായി. ആത്മകഥയിലെ അനുഭവങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജാതി കൊണ്ട് മുറിവേറ്റ ഒരു മനുഷ്യന്റെ മുഖമാണ് നമ്മുടെ മുന്നില്‍ തെളിഞ്ഞുവരുന്നത്. ചിന്തകന്‍, സാമ്പത്തിക വിദഗ്ധന്‍, അധ്യാപകന്, സാമൂഹ്യശാസ്ത്രജ്ഞന്‍ എന്നിങ്ങനെ നമുക്ക് അദ്ദേഹത്തെ വിശേഷിപ്പിക്കാം; അദ്ദേഹം അത് ആഗ്രഹിക്കുന്നില്ലെങ്കില്‍ കൂടി.
മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി കെ. കണ്ണന് നടത്തിയ അഭിമുഖങ്ങളാണ് ആത്മകഥാ സ്വഭാവമുള്ള എതിര് എന്ന പുസ്തകമായി പിന്നീട് മാറുന്നത്.
1949 ഡിസംബര്‍ മൂന്നിനാണ് എം. കുഞ്ഞാമന് ജനിച്ചത്. മണ്ണിയമ്പത്തൂര്‍ അയ്യപ്പന്റേയും ചെറോണയുടെയും മകനാണ്. വാടാനംകുറിശ്ശി എല്‍പി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പ്രീഡിഗ്രി മുതല്‍ എം.എ. വരെ പാലക്കാട് ഗവ. വിക്ടോറിയ കോളജിലായിരുന്നു പഠനം. മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണനുശേഷം സാമ്പത്തികശാസ്ത്രത്തിലെ ബിരുദാനന്തരബിരുദത്തില്‍ ഒന്നാം റാങ്ക് നേടുന്ന ദലിത് വിദ്യാര്‍ഥി. 2006ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് രാജിവെച്ചശേഷമാണ് തുല്ജാപൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രഫസറായത്. വിരമിച്ച ശേഷം നാലു വര്‍ഷം കൂടി അദ്ദേഹം അവിടെ തുടര്‍ന്നു. ദലിതരുമായി ബന്ധപ്പെട്ട ഇടതുപക്ഷ നയങ്ങളെ പരസ്യമായി തന്നെ എതിര്‍ത്തിരുന്ന കുഞ്ഞാമന്, ദലിത്-സാമ്പത്തിക ശാസ്ത്ര മേഖലകളില്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
കേരളത്തിലെ വികസനപ്രതിസന്ധി, എതിര്: ചെറോണയുടെയും അയ്യപ്പന്റേയും മകന്റെ ജീവിതസമരം (ആത്മകഥ) സ്റ്റേറ്റ് ലെവല്‍ പ്ലാനിങ് ഇന്‍ ഇന്ത്യ, ഗ്ലോബലൈസേഷന്: എ സബാള്‍ട്ടേണ്‍ പെര്‍സ്പെക്ടീവ്, ഇക്കണോമിക് ഡെവലപ്മെന്റ് ആന്‍ഡ് സോഷ്യല്‍ ചേഞ്ച്, ഡെവലപ്മെന്റ് ഓഫ് ട്രൈബല്‍ ഇക്കണോമി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2021ലെ മികച്ച ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എതിരിന് ലഭിച്ചെങ്കിലും അദ്ദേഹം നിരസിച്ചു.
അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല എന്നതായിരുന്നു നിലപാട്.
ഒറ്റ വാചകത്തിലാണ് കുഞ്ഞാമന് സാര്‍ തന്റെ ജീവിതത്തെ നിര്‍വചിക്കുന്നത്.
”എതിര്: ചെറോണയുടെയും അയ്യപ്പന്റേയും മകന്റെ ജീവിത സമരം”
കേരള സര്‍വകലാശാലയിലെ സാമ്പത്തിക കാര്യവിഭാഗത്തില്‍ പ്രൊഫസര്‍, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് അംഗം, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസര്‍ എന്നിങ്ങനെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സമുന്നത പദവികള്‍ വഹിക്കുമ്പോഴും സ്വന്തം ജീവിതാവസ്ഥയുടെ തീവ്രത അദ്ദേഹത്തെ വിട്ടുമാറിയില്ല. ജീവിതകഥയുടെ തുടക്കത്തില്‍ ആദ്യത്തെ പാരഗ്രാഫില്‍ തന്നെ അദ്ദേഹമിത് കുറിച്ചിട്ടുണ്ട്:
”ഇരുട്ട് നിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നല്‍കിയിരുന്ന സമുദായം. ജാതി പാണന്. അച്ഛന് അയ്യപ്പന്. അമ്മ ചെറോണ. അവര്‍ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛന് കന്നുപൂട്ടാന്‍ പോകും. കടുത്ത ദാരിദ്ര്യവും അടിച്ചമര്‍ത്തപ്പെട്ട ജാതിയും. ഒന്ന് മറ്റൊന്നിനെ ഊട്ടി വളര്‍ത്തി.”
ഒരൊറ്റ മണ്ണെണ്ണ വിളക്ക് മാത്രമുള്ള ഒരു ചാളയിലാണ് ജീവിതം. പുസ്തകം വായിക്കാന്‍ തുടങ്ങുമ്പോള്‍ അമ്മ വിളക്കെടുത്തു അടുക്കളയിലേക്കു പോകും. അതോടെ ലോകം ഒരു ഇരുട്ടായി തന്നെ ചുറ്റിവരിയും. ജന്മിമാരുടെ വീട്ടില്‍ തൊടിയില്‍ മണ്ണ് കുഴിച്ചു ഇലയിട്ട് അതില്‍ തരുന്ന കഞ്ഞി കുടിച്ചും സദ്യ കഴിഞ്ഞു വരുന്ന എച്ചില് തിന്നുമാണ് വളര്‍ന്നത്.
‘ജൂഠന്‍’ ഓംപ്രകാശ് വാല്മീകിയുടെ ആത്മകഥയാണ്. എച്ചില് തിന്നു ജീവിക്കുന്ന ഒരു സമുദായത്തിന്റെ കഥ പറയുന്നു അത്. കേരളത്തിലും അത്തരം ജാതിസമൂഹങ്ങള്‍ ഉണ്ടായിരുന്നു എന്ന് എത്ര പേര്‍ക്കറിയാം?
സ്കൂളില്‍ ചില അധ്യാപകര്‍ പേരല്ല വിളിക്കുക… പാണന് എന്ന ജാതിപ്പേരാണ്.”സാര്‍ എന്നെ കുഞ്ഞാമന് എന്ന് വിളിക്കണം, ജാതിപ്പേര് വിളിക്കരുത്” എന്ന് പറഞ്ഞപ്പോള്‍ മറുപടിയായി കിട്ടിയത് ചെകിട്ടത്തു ആഞൊരടിയാണ്. ഈ അടിയും മണ്ണെണ്ണ വിളക്കിന്റെ ഇരുട്ടും കുഞ്ഞാമന് സാറിന്റെ ഓര്‍മകളില്‍ നിന്നും മാഞ്ഞു പോയില്ല. അതുകൊണ്ടു തന്നെ ചെറിയ ക്ലാസുകളില്‍ എന്നെ ജാതിപ്പേര് വിളിക്കരുത് എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ അതെ ശക്തിയിലാണ് അദ്ദേഹം സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിച്ചത്.
”ജീവിതത്തില്‍ എനിക്കിപ്പോഴും സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയുന്നില്ല” കുഞ്ഞാമന് സാര്‍ പറയുന്നു. ‘തലച്ചോറല്ല, വയറാണ് ശരീരത്തിലെ പ്രധാന അവയവം. അതുകൊണ്ടു തന്നെ ഭക്ഷണം കഴിക്കാത്തവന് അഭിമാനം എന്നൊന്നില്ല. ഒരു ഘട്ടം കഴിഞ്ഞാല്‍ സ്വന്തം കഥ പറയുന്നത് നിര്‍ത്തി സാമൂഹിക അപഗ്രഥനത്തിലേക്കു കടക്കുകയാണ് ഈ പുസ്തകം.
കേരളത്തില്‍ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഭൂപരിഷ്കരണത്തെക്കുറിച്ചു ഒരു മുഴുവന്‍ അധ്യായം തന്നെയുണ്ട്. സംവരണത്തിന്റെ സങ്കീര്‍ണതകള്‍ പരിശോധിക്കുന്ന മറ്റൊരധ്യായം. 160 പേജുകളിലായി18 അധ്യായങ്ങള്‍.
അംബേദ്കര്‍ ചിന്താ പദ്ധതി രാഷ്ട്രീയ പ്രത്യയ ശാസ്ത്രമാക്കിയ ഒരു റാഡിക്കല്‍ ദളിത് ഇന്റലിജന്‍ഷ്യ ഇന്ത്യയില്‍ രൂപപ്പെട്ടു വരുന്നുവെന്നും രോഹിത് വെമുലയുടെ ആത്മഹത്യക്കു ശേഷം യുവാക്കള്‍ ഈ രംഗത്തു ഏറെ മുന്നോട്ടു പോയെന്നും തുല്‍ജാപ്പൂര്‍ ക്യാമ്പസ് ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.
ഏറെ സഞ്ചരിച്ചു. പലതരം അനുഭവങ്ങളിലൂടെ കടന്നുപോയി. ഏറെയും അതിതീഷ്ണമായിരുന്നു. പുറപ്പെട്ട ഇടം ഇന്നും ഒരു മാറ്റമില്ലാതെ കിടക്കുകയാണ്.
ഈ വരികള്‍ ഉള്ള അപൂര്‍ണം എന്ന അധ്യായത്തോട് കൂടിയാണ് എതിര് അവസാനിക്കുന്നത്. ആ അധ്യായത്തിലെ അവസാന വരികള്‍ ഉദ്ധരിക്കട്ടെ: ഇത് പരാജയപ്പെടുത്തപ്പെട്ട ഒരാളുടെ വിചാരങ്ങളാണ്. വ്യവസ്ഥിതിയാല്‍ നിസ്സഹായനാക്കപ്പെട്ട ഒരാളുടെ. അത്തരം വ്യക്തികളുടെ ചിന്തകള്‍ക്കും സാമൂഹ്യ ജീവിതത്തിലും ചരിത്രത്തിലും ഒരിടം വേണം. പരാജയങ്ങളാണ് ഈ പ്രപഞ്ചത്തെ സംബന്ധിച്ച യഥാര്‍ത്ഥ പാഠങ്ങള്‍. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും തലമുറകള്‍ക്കുമായി ഓരോ വ്യക്തിക്കും സമര്‍പ്പിക്കാനുള്ളത് ഇതുപോലെ പരാജയങ്ങളില്‍ നിന്ന് രൂപപ്പെട്ട പാഠങ്ങളായിരിക്കും.
ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹം തോല്‍പ്പിച്ച കുഞ്ഞാമന്റെ ആത്മകഥ കേരള സമൂഹം വ്യാപകമായി വായിക്കുകയും ചര്‍ച്ച ചെയ്യുകയും വേണം. കാരണം ഇതൊരു വ്യക്തിയുടെ മാത്രം കഥയല്ല, ഒരു സമൂഹത്തിന്റെ ജീവചരിത്രം കൂടിയാണ്.