നിത്യവിശുദ്ധയാം കന്യാമറിയമേ
നിന്നാമം വാഴ്ത്തപ്പെടട്ടെ ..
നന്മനിറഞ്ഞ നിന് സ്നേഹവാത്സല്യങ്ങള്‍ ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ.
മലയാളത്തില്‍ ഏറ്റവുമധികം പ്രചാരമാര്‍ജിച്ച മരിയഭക്തി ഗാനമാണിത്.
ഒരിക്കലെങ്കിലും ഈ ഗാനം ആലപിക്കാത്ത ഒരു കത്തോലിക്കാ പള്ളിയും കേരളത്തില്‍ ഉണ്ടാകാനിടയില്ല.
1969 ല്‍ പുറത്തിറങ്ങിയ നദി എന്ന ചിത്രത്തിലെ ഗാനമാണിത്.
എ. വിന്‍സെന്റ് സംവിധാനം ചെയ്ത സിനിമയില്‍ എട്ടു പാട്ടുകള്‍ ഉണ്ടായിരുന്നു.സിനിമയിലെ എല്ലാ പാട്ടുകളും അതി പ്രശസ്തമാണ്.
ആയിരം പാദസരങ്ങള്‍ കിലുങ്ങി, കായാമ്പൂ കണ്ണില്‍ വിടരും, പഞ്ചതന്ത്രം കഥയിലെ, പുഴകള്‍ മലകള്‍, തപ്പുകൊട്ടാമ്പുറം തുടങ്ങിയ ഗാനങ്ങളെല്ലാം ഇന്നും ശ്രോതാക്കള്‍ക്ക് പ്രിയപ്പെട്ടതാണ്. എല്ലാ ഗാനങ്ങളും എഴുതിയത് വയലാര്‍ രാമവര്മയും സംഗീതം നല്‍കിയത് ജി. ദേവരാജനുമാണ്.
നിത്യവിശുദ്ധയാം കന്യാമറിയമേ എന്ന തുടങ്ങുന്ന ഗാനം യേശുദാസും സംഘവുമാണ് ആലപിച്ചത്. ആയിരം പാദസരങ്ങള്‍ കിലുങ്ങി, കായാമ്പു കണ്ണില്‍ വിടരും, തുടങ്ങിയ ഗാനങ്ങള്‍ കേരളത്തിലെ കാമുകന്മാരും
നിരാശ കാമുകന്മാരും ഏറ്റെടുത്തപ്പോള്‍ നിത്യവിശുദ്ധയാം കന്യാമറിയമേ എന്ന ഗാനം വിശ്വാസി സമൂഹം സ്വന്തമാക്കുകയായിരുന്നു. ദിവ്യബലിയിലെ സമാപന ഗാനമായി നമ്മുടെ പള്ളികളില്‍ മരിയഭക്തി ഗാനം പാടുക പതിവുണ്ട്. അങ്ങനെ ഈ ഗാനം പതിവായി പാടിത്തുടങ്ങി. പിന്നീട് പരിശുദ്ധ മാതാവിന്റെ നൊവേന കേന്ദ്രങ്ങളിലും തിരുനാള്‍ ചടങ്ങുകളിലും ഈ പാട്ട് ഗായക സംഘങ്ങള്‍ ഏറ്റെടുത്തു. ബാന്‍ഡു മേളക്കാരും പ്രദക്ഷിണങ്ങളില്‍ ഈ പാട്ട് ഉപയോഗിക്കുന്നത് പതിവായി. പിന്നീട് കുടുംബ യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മലയാളി ക്രിസ്ത്യാനികള്‍ക്ക് ഏറെ പ്രിയപ്പെട്ട മരിയ ഭക്തി ഗാനമായി ഇത് മാറി.
സിനിമകള്‍ക്കായി വയലാറും ദേവരാജനും ചേര്‍ന്നൊരുക്കിയിട്ടുള്ള കുറെ അധികം ഗാനങ്ങള്‍ നമ്മുടെ തിരുക്കര്‍മ്മങ്ങള്‍ക്കായി നാം പാടാറുണ്ട്. 1971 ല്‍ ഇറങ്ങിയ മകനെ നിനക്ക് വേണ്ടി എന്ന സിനിമയിലെ ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയായിരിക്കട്ടെ എന്ന ഗാനം അതിപ്രശസ്തമാണ്.
1973 ല്‍ ചുക്ക് എന്ന സിനിമയ്ക്ക് വേണ്ടി ഇവര്‍ ഒരുക്കിയ സിനിമയിലെ യേശുശലേമിലെ സ്വര്ഗപുത്രാ യേശുനാഥാ, അര നാഴിക നേരം (1970) എന്ന സിനിമയിലെ ദൈവപുത്രന് വീഥിയൊരുക്കുവാന്‍ സ്നാപക യോഹന്നാന് വന്നു തുടങ്ങിയ ഗാനങ്ങളും ശ്രദ്ധേയമാണ്. ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ എന്ന ഗാനം 1967 ല്‍ നാടന്‍പെണ്ണ് എന്ന സിനിമയ്ക്കായി സൃഷ്ടിച്ചതാണ്.
പി. സുശീല മയിലാടുംകുന്ന് എന്ന സിനിമയ്ക്ക് വേണ്ടി പാടിയ ഈശോ മറിയം യൗസേപ്പേ എന്ന ഗാനവും ഇന്നും നാം പാടാറുണ്ട്. വിശുദ്ധനായ സെബാസ്ത്യാനോസേ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കേണമേ എന്ന ഗാനം പേള്‍ വ്യൂ എന്ന സിനിമയ്ക്ക് വേണ്ടി യേശുദാസും ബി. വസന്തയും ചേര്‍ന്ന് 1970 ല്‍ പാടിയതാണ്.
ഇവിടെ സൂചിപ്പിച്ച ഗാനങ്ങള്‍ക്ക് പുറമെ അനേകം ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ വയലാറും ദേവരാജനും ചേര്‍ന്ന് സിനിമകള്‍ക്കായി ഒരുക്കിയിട്ടുണ്ട്.