തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് നമ്മുടെ സ്മൃതിപഥത്തില്‍ എത്താത്ത പേരാണ്. എഴുത്തുകാരനും ജീവചരിത്രകാരനും അതിലുപരി വിശ്വപ്രസിദ്ധ പത്രപ്രവര്‍ത്തകനുമായ മലയാളിയുടെ പേരു പറഞ്ഞാല്‍ ഏവരും അറിയും; ടി.ജെ.എസ് ജോര്‍ജ് (തയ്യില്‍ ജേക്കബ് സോണി ജോര്‍ജ്) സമകാലിക രാഷ്ട്രീയ നേതാക്കളെ വിമര്‍ശന ബുദ്ധിയോടെ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റ പുതിയ പുസ്തകം ‘ഗജവും അജവും മണ്ടത്തരങ്ങളും’ സവിശേഷശ്രദ്ധ നേടിയിട്ടുണ്ട്. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ വ്യക്തികളുടെ ആന്തരിക പ്രകൃതിയെ വിശകലനം ചെയ്യുന്നതാണ് പുസ്തകത്തിലെ 11 ലേഖനങ്ങള്‍. പണ്ട് പണ്ട് നെഹ്റുവിന്റെ ഇന്ത്യ എന്നൊരു രാജ്യം ഉണ്ടായിരുന്നു. പിന്നെപ്പിന്നെ മോദിയുടെ ഇന്ത്യ എന്നൊരു രാജ്യമുണ്ടായി. രണ്ടും ഒന്നാണെന്ന് ചിലര്‍ വാദിച്ചു. അവര്‍ ഭൂമിശാസ്ത്ര വിദ്യാര്‍ഥികള്‍ ആയിരുന്നു മനുഷ്യശാസ്ത്ര വിദ്യാര്‍ഥികള്‍ ഒന്നിനെ അജവും മറ്റേതിനെ ഗജവും ആയിട്ടാണ് കണ്ടത്. പുസ്തകത്തിന്റെ പൊതുസ്വഭാവത്തെ വെളിപ്പെടുത്തുന്ന ഗ്രന്ഥകാരന്റെ വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. ആടും ആനയും പോലെ എന്ന പ്രയോഗം നമ്മുടെ സംസാരഭാഷയിലും എഴുത്തിലും സജീവമാണ്. വ്യക്തിത്വങ്ങളുടെ സവിശേഷതകള്‍, അവര്‍ അധികാരത്തെ ഉപയോഗിച്ച രീതി ഈ ലെന്‍സിലൂടെ ‘ഗജവും അജവും മണ്ടത്തരങ്ങളും’ പുതിയ കാലത്തെ അടയാളപ്പെടുത്തുന്നു.
അജവും ഗജവും ഒന്നാണെന്ന് വേണമെങ്കില്‍ വാദിക്കാം.
രണ്ടും നാല്‍ക്കാലികളാണ്. രണ്ടിനും സംസാരശേഷിയില്ല. രണ്ടിനെയും മെരുക്കി മനുഷ്യന് ഉപയോഗിക്കുന്നു. എങ്കിലും അജം സാധുവും ഗജം ഭീകരനുമാണ്. സാധു – ഭീകര വ്യത്യാസം ഇന്ത്യയെ വീണ്ടും വിഭജിച്ചുവോ എന്ന സംശയം ഉയര്‍ത്തി രണ്ട് ഇന്ത്യകള്‍ അജവും ഗജവുംപോലെ അന്യോന്യം നോക്കിനില്ക്കുന്ന അവസ്ഥ ഉണ്ടായി.
ഗജത്തിനെ അജമാക്കുന്ന വിദ്യയുടെ അരങ്ങേറ്റം കുറിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്വവാദികളാണ്. ഏകദേശം 200 വര്‍ഷം ഇന്ത്യയെ കീഴടക്കി ഭരിച്ചിരുന്നു അവര്‍. നീണ്ട ആ കാലയളവില്‍ ഇന്ത്യയെ ശരിക്കും അവര്‍ കൊള്ളയടിച്ചു. ഉത്സപടാനായ്ക്ക് എന്ന ഇക്കണോമിസ്റ്റ് കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധമനുസരിച്ച് 45 ട്രില്യണ്‍ ഡോളറിന്റെ വസ്തുവകകളാണ് ബ്രിട്ടണ് ഇന്ത്യയില്‍നിന്നു കവര്‍ന്നത്. (10 ലക്ഷം മില്യനാണ് ഒരു ട്രില്യണ്‍. 45 ട്രില്യണിലുള്ള പൂജ്യങ്ങളുടെ നിര കാണണമെങ്കില്‍ എഴുതിനോക്കണം. ലോകത്തിലേക്കും ബലവത്തായ പൂജ്യങ്ങള്‍. ഭയത്തോടും വിറയലോടും കൂടെ നോക്കുക.)
ഭയവും വിറയലും ഒറ്റയടിക്ക് ഉയരും മോദിസര്‍ക്കാരിന്റെ ചില പദ്ധതികള്‍ ഒന്ന് ഓടിച്ചുനോക്കിയാല്‍. ‘സെന്‍ട്രല്‍ വിസ്റ്റ’ എന്നൊ ക്കെ പറഞ്ഞു നടപ്പാക്കുന്ന പരിപാടികളുടെ ബജറ്റ് (പ്രസിദ്ധപ്പെടുത്തിയ വിവരങ്ങളനുസരിച്ച്) 13,450 കോടി രൂപയാണ്. പുതിയ പാര്‍ലമെന്റ് കെട്ടിടങ്ങള്കൂടെ ഉള്‍പ്പെടുത്തിയാല്‍ 20,000 കോടി.
ന്യൂയോര്‍ക്കിലെ വിഖ്യാതമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ മാതൃകയില്‍ ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ ഭീമമായ പ്രതിമ സ്ഥാപിച്ചതിന്റെ പിന്നിലെ മനഃശാസ്ത്രം എന്തായിരിക്കും എന്ന് ആലോചിക്കുന്നത് തന്നെ ദുഃഖകരമാണ്. ഒരു വ്യക്തിയുടെയും വാഴ്ത്തപ്പെടലിനു വേണ്ടി ഉയര്‍ത്തിയതല്ല ന്യൂയോര്‍ക്കിലെ ലോകപ്രസിദ്ധമായ ലാന്‍ഡ്മാര്‍ക്ക്. യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ജനതയ്ക്ക് അതുമായി ബന്ധമില്ലായിരുന്നു. ഫ്രഞ്ച്കാര് അമേരിക്കക്കാര്‍ക്ക് കൊടുത്ത ഒരു സ്നേഹസമ്മാനമായിരുന്നു ആ പ്രതിമ. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമായി ലോകത്തെ അഭിസംബോധനം ചെയ്തുകൊണ്ട് ന്യൂയോര്‍ക്കിന്റെ കവാടത്തില്‍ അത് നിലയുറപ്പിച്ചു.
ചരിത്രത്തിന്റെ ഭാഗമായി ലോകം അംഗീകരിച്ച ഒരു മഹാസ്തംഭത്തെ കോപ്പിയടിക്കണമെന്നു തോന്നിയതുതന്നെ മനസ്സിന്റെ പാപ്പരത്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അതിന് സ്റ്റാച്യു ഓഫ് യൂണിറ്റി എന്നു പേരിട്ടപ്പോള്‍ കോപ്പിയടി ഇരട്ടിയായി. മറ്റുള്ളവരെക്കാള്‍ വലുതാണ് നമ്മളെന്നു സ്ഥാപിക്കാന്‍വേണ്ടി ആയിരിക്കണം സ്റ്റാച്യു ഒഫ് ലിബര്‍ട്ടിയെക്കാള്‍ വലുതായിട്ട് യൂണിറ്റി ഉയര്‍ന്നത്. ലോകത്തിലേക്കും ഉയരം കൂടിയത് (182 മീറ്റര്‍. ലിബര്‍ട്ടി വെറും 93 മാത്രം) എന്ന സ്ഥാനം അങ്ങനെ കരസ്ഥമായി. സര്‍ദാര്‍ പട്ടേല്‍, ഇന്ത്യയുടെ ഉരുക്കു മനുഷ്യന്, ഇതൊക്കെ കണ്ട് സ്വര്‍ഗത്തിലിരുന്ന് കരയുന്നുണ്ടാകും.
വാസ്തവത്തില്‍ ഈ സ്റ്റാച്യു സ്ഥാപിക്കാന്‍ വേണ്ട പണം സ്വരൂപിച്ചത് സര്‍ദാര്‍ പട്ടേലിനെ അവഹേളിക്കുന്ന രീതിയിലായിരുന്നു. പുറത്തു വന്ന റിപ്പോര്‍ട്ടുകളനുസരിച്ച് പണം വന്ന വഴികള്‍ ഇപ്രകാരം: ഇന്ത്യന്‍ ഓയില്‍ കമ്പനി 900 കോടി, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പറേഷന് 500 കോടി, ഭാരത് പെട്രോളിയം 250 കോടി, ഓയില്‍ ഇന്ത്യ കോര്പറേഷന് 250 കോടി, ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ 250 കോടി, പവ്വര്‍ ഗ്രിഡ് 125 കോടി, ഗുജറാത്ത് മിനറല്‍ 100 കോടി, എന്‍ജിനീയേഴ്സ് ഇന്ത്യ, പെട്രോ നെറ്റ്, ബാല്‍മര്‍ ലോറി 50 കോടി വീതം. എന്നുവച്ചാല്‍, പൊതുജനത്തിന്റെ പണം, പൊതുജനത്തോടു ചോദിക്കാതെ, പൊതു ജനത്തിന്റെ അറിവുപോലുമില്ലാതെ, പട്ടേലിന്റെ കെയറോഫില്‍ വാരിക്കൊടുത്തു. ഒരു വിദഗ്ദ്ധന് ചൂണ്ടിക്കാട്ടി: ഇത്രയുംകൊണ്ട് രണ്ട് ഐഐറ്റി കാമ്പസുകളും അഞ്ച് ഐഐഎം കാമ്പസുകളും സ്ഥാപിച്ചു ബാക്കിയുള്ളതുകൊണ്ട് നമ്മുടെ ബഹിരാകാശ സ്ഥാപനത്തിന്റെ വകയായി ചൊവ്വാഗ്രഹത്തിലേക്ക് ആറ് ദൗത്യസംഘങ്ങളെ അയക്കുകയും ചെയ്യാമായിരുന്നു. അങ്ങനെ എന്തെല്ലാം ചെയ്യാമായിരുന്നു രാജ്യത്തിന്റെ അമരക്കാരന് ഒരു ‘ഞാന്‍ – ഞാന്‍ വ്യക്തി’ അല്ലായിരുന്നെങ്കില്‍ …..
ജവഹര്‍ലാല്‍ നെഹ്റു, ഇ.കെ. നായനാര്‍, കെ. കരുണാകരന്, ജയലളിത, വി.എസ്. അച്യുതാനന്ദന് തുടങ്ങിയ നേതാക്കളെയും ഗ്രന്ഥകാരന് പുസ്തകത്തില്‍ വിമര്ശനദൃഷ്ടിയില് വിശകലനം ചെയ്യുന്നുണ്ട്. ഒരു എഴുത്തുകാരന് ഒരു രാജ്യത്തെ ഇളക്കിമറിച്ച കാലം എന്ന അധ്യായത്തില്‍ ഇന്തോനേഷ്യയിലെ പ്രമുദ്യ അനന്ത തുറിനെ കുറിച്ചുള്ള വിശദമായ പഠനം ഉണ്ട്. 1965ല്‍ ഇന്തോനേഷ്യല്‍ അധികാരമേറ്റ സര്‍ക്കാര്‍ രണ്ടു ലക്ഷത്തോളം പൗരന്മാരെ ജയിലില്‍ അടച്ചപ്പോള്‍ അതില്‍ പ്രമുഖനായിരുന്നു പ്രമുദ്യ. ഏറ്റവും നീണ്ട കാലം ജയില്‍വാസം അനുഭവിച്ച ഏഷ്യന്‍ സാഹിത്യകാരന് എന്ന വിശേഷണം അദ്ദേഹത്തിന് അര്‍ഹതപ്പെട്ടതാണ്. ഒറ്റയടിക്ക് 15 വര്‍ഷങ്ങള്‍. മനുഷ്യന്റെ മനുഷ്യത്വം ഒടുവില്‍ ജയിക്കും എന്ന ഉറപ്പ് അദ്ദേഹത്തിന്റെ കൃതികള്‍ക്ക് സുവര്‍ണ്ണപ്രഭ നല്കുന്നു.
എന്താണ് ഇന്‍ഡോനേഷ്യയുടെ അസാധാരണത്വം? ഭൂപടത്തിലൊന്നു കണ്ണോടിച്ചാല്‍ അത് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. ആന്‍ഡമാന്‍ ദ്വീപുകളുടെ തെക്കെ അറ്റം മുതല്‍ ആസ്ട്രേലിയയുടെ കിഴക്കെ പകുതിവരെ നീണ്ടുകിടക്കുന്ന ഈ രാജ്യം ഭൂഗോള പരിധിയുടെ എട്ടിലൊന്നു ദൂരം ആവരണം ചെയ്യുന്നു. ഒരു കേന്ദ്രീകൃത ഭരണത്തിന്റെയും പിടിയിലൊതുങ്ങുന്നതല്ല പതിന്നാലായിരം ദ്വീപുകളുടെ ഈ സമൂഹം. സുമാത്ര, ജാവ, കലിമന്താന്‍, സുലവേസി, മൊലുക്ക, ഇറിയന്‍ എന്നീ പ്രധാന ദ്വീപുകളില്‍ താമസിക്കുന്നവരുടെ സാമൂഹ്യസാംസ്കാരിക പാരമ്പര്യങ്ങള്‍ വിഭിന്നങ്ങളാണ്.
മൊത്തം മുന്നൂറോളം വ്യത്യസ്ത വര്‍ഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ ഇന്ഡോനേഷ്യയിലുണ്ട്. ഇരുന്നൂറ്റി അന്‍പതില്‍ കുറയാത്ത വിവിധ ഭാഷകള്‍ അവര്‍ സംസാരിക്കുന്നു.
അങ്ങനെയുള്ള ഒരു ദ്വീപശേഖരം ഒരു സംഘടിത രാഷ്ട്രമായി പരിണമിക്കാനുള്ള പ്രധാന കാരണം പാശ്ചാത്യ മേധാവിത്വത്തിനെതിരായി വളര്‍ന്ന ദേശീയതയാണ്. സുക്കാര്ണോയുടെയും ഹട്ടയുടെയും പ്രചോദനത്തില്‍ നാല്‍പ്പതുകളില്‍ ആളിക്കത്തിയ വിമോചനപ്രസ്ഥാനം ആ പരിണാമത്തിനു പൂര്‍ണ്ണത നല്കി. വര്ഗ്ഗവൈവിധ്യവും അതില്ക്കൂടെയുള്ള വൈരാഗ്യങ്ങളും ഇന്നും പാടേ മാറിയിട്ടില്ല; ഒരിക്കലും അപ്പാടെ മാറുകയുമില്ല. പക്ഷേ, അരഡസന്‍ പ്രധാനമന്ത്രിമാര്‍ ശ്രമിച്ചിട്ടും ഇന്നുവരെ ഇന്ത്യയ്ക്കു കൈവരാത്ത വൈകാരികോദ്ഗ്രഥനം ഒരു പരിധിവരെയെങ്കിലും ഇന്‍ഡോനേഷ്യ വെറുമൊരു ദശകത്തിനുള്ളില്‍ സാധിച്ചു.
ഭാഷ ഈ നേട്ടത്തിന്റെ അടിസ്ഥാന ഘടകമായിരുന്നു. ഇരുന്നൂറ്റി അന്‍പത് ഭാഷകള്‍ പരസ്പര സ്പര്‍ദ്ധയോടെ മത്സരിക്കുവാനോ അവയിലേതെങ്കിലുമൊന്ന് ഇതരഭാഷക്കാരുടെമേല് ആധിപത്യം ഉറപ്പിക്കാനോ ആരും സൗകര്യപ്പെടുത്തിയില്ല, മറിച്ച് പൊതുവായ അധഃപതനത്തില്‍ നിന്ന് ഉയര്‍ച്ച പ്രാപിക്കുക എന്ന വിചിത്രമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ഉണ്ടായത്. ഭാഷാ വികസനം ദേശീയത്വത്തിന്റെ പര്യായമായി രാഷ്ട്രീയ രംഗത്ത് പ്രവേശിച്ചവര്‍ എല്ലാവരും തന്നെ ഇന്‍ഡോനേഷ്യയ്ക്ക് മൊത്തമായ ഒരു എഴുത്തു ഭാഷ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധിച്ചു. മെലയു എന്നറിയപ്പെട്ടിരുന്ന മലയാ ഭാഷ പുതിയ ദേശീയ ഭാഷയുടെ അടിസ്ഥാനമായി അവര്‍ സീകരിച്ചു. അവര്‍ അതിനെ ഇന്‍ഡോനേഷ്യ ഭാഷ (ബഹസ ഇന്‍ഡോനേഷ്യ) എന്ന് പേരിട്ടു. റോമന്‍ ലിപിയില്‍ അവര്‍ ബഹസ സംവിധാനം ചെയ്തു. മറ്റു രാജ്യക്കാരെ അപേക്ഷിച്ച് ഇന്തോനേഷ്യക്കാര്‍ സാഹിത്യവും രാഷ്ട്രീയവും തമ്മിലുള്ള കൂട്ടിച്ചേര്‍ക്കല്‍ സ്വാഭാവികവും നീതിയുക്തവുമായി പരിഗണിച്ചു. അവിടെയാണ ്താനും അടയാളപ്പെടുത്തുന്നത.് ഒളിപ്പോരുകാരന്റെ കുടുംബം, അഭയാര്‍ത്ഥി, മനുഷ്യന്റെ ഭൂമി എന്നീ നോവലുകള്‍ ഔന്നിത്യങ്ങളില്‍ എത്തി. ഒളിപ്പോരുകാരന്റെ കുടുംബം ജയിലില്‍ നിന്ന് ഒളിവില്‍ കടത്തിയാണ് പ്രസാധകര്‍ക്ക് എത്തിച്ചത്. ഹൈസ്കൂള്‍ കാണാത്ത ഒരു ചെറുപ്പക്കാരന് ജ്ഞാനം ആര്‍ജിച്ച് ഇന്‍ഡോനേഷ്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ബൗദ്ധിക മണ്ഡലത്തില്‍ വ്യാപരിക്കുന്ന ചരിത്രമാണ് പ്രമുദ്യയില്‍ നാം ഉള്‍ക്കൊളളുന്നത്.
രാഷ്ട്രീയവും ചരിത്രവും സാഹിത്യവും ഇടകലര്‍ന്നു നില്ക്കുന്ന മനോഹര ഗ്രന്ഥമാണ് ടി.ജെ.എസ് ജോര്‍ജിന്റെ ഗജവും അജവും മണ്ടത്തരങ്ങളും.