ഒന്ന്
ഈ ആഴ്ചത്തെ പക്ഷമെഴുത്ത് അത്ര നല്ല ജേര്‍ണലിസ മാതൃകയല്ലെന്നുതന്നെ വയ്ക്കാം. മാധ്യമ താല്പര്യങ്ങളും സാഹിത്യവും രാഷ്ട്രീയവും അധികാരം കൈയാളുന്നവരും ചേര്‍ന്ന് രൂപപ്പെടുത്തുന്ന അജണ്ടയില്‍ കയറിക്കൊത്തി, ‘അവരുടെ’ ഉദ്ദേശ്യങ്ങളെ ബലപ്പെടുത്തുന്ന വിമര്‍ശന പരിപാടി, ഫലത്തില്‍ അജണ്ട സെറ്റുകാര്‍ക്ക് തന്നെ ഗുണകരമാകുമെന്നതാണ് പ്രശ്നം. എന്നാലും തുനിയാതെ വയ്യല്ലോ എന്ന് ഗ്രീക്ക് ട്രാജഡി നായകന്റെ ലൈനില്‍ എഴുതുകയെന്നതും കരണീയം തന്നെ. പറഞ്ഞുവരുന്നത്, ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ‘ആന്റണിയാശാന്’ കവിതയെക്കുറിച്ചും, പാതിയില്‍ വച്ച് നിര്‍ത്തിക്കളയുന്ന ചരിത്രത്തെക്കുറിച്ചുമാണ്. ‘മറക്കാമോ?’ എന്ന കവിതാ തലക്കെട്ടുതന്നെ പാലംപോലെ കിടക്കുന്ന – അങ്ങോട്ടുമിങ്ങോട്ടുമുള്ള ചോദ്യം തന്നെ – മറക്കാമോ കവീ, മറക്കാമോ ചേട്ടാ? എന്ത്? ചരിത്രം തന്നെ. അല്ലാതെന്ത്? – എന്ന നിലയിലാണ്.
ലോറന്‍സു ചേട്ടന്റെ ആത്മകഥയും ചുള്ളിക്കാടിന്റെ ലോറന്‍സ് കവിതയും മാതൃഭൂമിയുടെ – ലോറന്‍സ് – ചുള്ളിക്കാട് കൂടിക്കാഴ്ചയും പരസ്യവാര്ത്തയും ഇക്കിളിക്കണ്ണീരും വേണ്ടത്ര ക്ലിക്കാകാതിരിക്കേ, പാര്‍ട്ടി കയറിക്കൊത്താതിരിക്കേ, പെട്ടെന്നു വന്ന് ”ശോ” ലൈനിലൊരു ഇളിഭ്യത മൂടിയപ്പോള്‍, എന്നാപ്പിന്നെ ”പള്ളി”യുടെ പള്ളക്ക് ഒന്നു കൊടുക്കാമെന്ന് കരുതിയ പോലൊരു കോണ്ടക്സ്റ്റ് സൃഷ്ടിക്കപ്പെട്ടതുപോലെ ഒരു തോന്നല്‍.
പാപ്പാനെ തല്ലിയിട്ട് കാര്യമില്ലായെന്ന് വരുമ്പോള്‍ ആനവാല് വലിക്കുന്നതുപോലൊരു പരിപാടി.
കുടിക്കാത്തവന്/വള് മദ്യവില്പനക്കടയില് കയറി, മനോഹരമായ രൂപലാവണ്യമുള്ള കുപ്പികള്‍ കണ്ട് അന്തം വിടുന്നതുപോലെ, ”മറക്കാമോ” കവിതയിലെ അസാധാരണ ബിംബങ്ങളും ലാവണ്യവും തിളക്കവും കണ്ട് വായനക്കാരി അന്തം വിടുകയും ചുള്ളിക്കാടിന്റെ മുന്നില്‍ അസൂയ കലര്‍ന്ന ആദരവില്‍ നില്‍ക്കുകയും ചെയ്യും. പക്ഷേ, മനോഹര കുപ്പിക്കുള്ളിലെ മദ്യം പോലെ, ചരിത്രം പാതി ചത്തുകിടക്കുന്നോ എന്ന് പരാതി തോന്നാതിരിക്കില്ല.
ആന്റണിയാശാന്റെ ജാഥ കണ്ട് പള്ളിവാതില്‍ അടഞ്ഞെന്ന് ചരിത്രമെഴുതുന്ന കവി പള്ളിയില്‍നിന്ന് കര്‍ത്താവും അച്ചന്മാരും സിസ്റ്റേഴ്സും കൂടി ”കൊച്ചിയുടെ അടിത്തട്ടില്‍ മനുഷ്യര്‍ മലിനജലം” പോലെ ജീവിക്കുന്ന ഇടങ്ങളിലേക്ക് പോകുന്നുണ്ടായിരുന്നു എന്ന് കവിതയെഴുതാന്‍ മടിക്കുന്നതുപോലെ തോന്നി. ആന്റണിയാശാന് തകര്‍ത്തഭിനയിച്ച ‘നിര്‍മ്മാല്യം’ സിനിമയുടെ അമ്പതാം വര്‍ഷത്തില്‍ എല്ലാവരെയും പോലെ പള്ളിക്കും സന്തോഷമുണ്ട്. ആന്റണിച്ചേട്ടന് കടലപുഴുങ്ങിയതും കള്ളും കഴിച്ചതുപോലൊരു ചരിത്രമെഴുതാന്‍ പള്ളിയുടെ കയ്യില്‍ ഒന്നുമില്ലായെന്ന് കവിക്കുമറിയാമല്ലോ!
മിഷനറിമാര്‍ വരഞ്ഞിട്ട ഭൂപടത്തില്‍ അക്ഷരം കൊത്താന്‍ പള്ളിക്കൂടങ്ങള്‍ പണിയുന്ന തിരക്കിലായിരുന്നല്ലോ അന്ന് പള്ളി. പൈസയൊന്നും ഉണ്ടായിരുന്നില്ല അക്കാലത്ത്. ‘കെട്ടുതെങ്ങ്’ എന്ന് ഒരേര്‍പ്പാട് ഉണ്ട് അന്ന്. അതിലെ തേങ്ങയും, പിടിയരിയും, കോഴിമുട്ടയും, ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് ലേലം വിളിച്ചുകിട്ടുന്ന പണവും ശ്രമവുംകൊണ്ട് ‘മണ്ണെണ്ണയും മത്തിയും’ മണക്കുന്ന ഭാഷയുള്ള കുഞ്ഞുങ്ങള്‍ മലയാളത്തിന്റെ വടിവൊത്ത കൊത്തക്ഷരങ്ങള് ഹൃദയത്തിലേറ്റി. അന്നത്തെ ചില മഹാകവികള്‍ ആഘോഷിക്കപ്പെട്ടതിന്റെ ചരിത്രം, മദ്യം മണക്കുന്ന, കഞ്ചാവ് പുകയുന്ന അക്ഷരങ്ങളായി, അവരില്‍ച്ചിലരുടെ ജീവിതങ്ങളില്‍ വിഷനീലമേറ്റി. ആ കവികളൊക്കെ പിന്നീട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സീരിയല്‍ – സിനിമാ നടന്മാരും, എംബസി ഉദ്യോഗവാഹികളുമൊക്കെയായി. എഴുപതുകളിലും എണ്‍പതുകളിലും പട്ടിണികൊണ്ട് കൊച്ചിയുടെ കടപ്പുറദേശങ്ങളില് എരിപൊരികൊണ്ട കുഞ്ഞുങ്ങള്‍ പള്ളി നല്കിയ നുറുക്ക് ഗോതമ്പിന്റെ ഉപ്പുമാവും പാല്‍പ്പൊടിയിട്ട ചായവെള്ളവും മോന്തിയാണ്, പള്ളികൊടുത്ത മുറിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ വായനശാലയിലേയ്ക്കോടി, കഞ്ചാവും ചരസ്സും ലഹരിയാക്കുന്ന, കള്ള് മണക്കുന്ന കവിതകള്‍ വായിച്ചും കഥകള്‍ നെഞ്ചിലേറ്റിയും കൗമാരം കടന്നത്.
”നാറുന്ന മണ്ണ് നാടകവേദി”യായപ്പോള് ആന്റണിയാശാനെപ്പോലെ പ്രതിഭയുള്ള ഒരുപിടി കലാകാരന്മാരും കലാകാരികളും കൊച്ചിയിലുണ്ടായി. കണ്ണമാലിയിലെ മോളിചേച്ചിയെപ്പോലുള്ള കലാകാരികളെ ‘ചാളമേരി’യാക്കി ഈ കാലം അപമാനിച്ചപ്പോള്‍, ഓര്‍ക്കണം, ഒരു അവാര്‍ഡും നേടാതെ, ആശാന്മാരും ആശാട്ടികളും ചവിട്ടുനാടകത്തിന്റെ വിരുത്തികള്ക്കൊപ്പം ചുവടുവച്ച് കടന്നുപോയി.
പരിചമുട്ട് കലാകാരന്മാര്, കലാകാരികള്‍, സന്ത്യാഗു പുണ്യാളന്റെ വീരേതിഹാസത്തിന് ചുവടുകള്‍ വച്ചു. അവരെ ആരും അറിഞ്ഞില്ല, പള്ളിമുറ്റങ്ങളല്ലാതെ. പള്ളിയും പട്ടക്കാരും വില്ലന്മാരായി സിനിമകളില്‍ കഥകളുണ്ടായപ്പോള്, എല്ലാവര്‍ക്കുമൊപ്പം ഞങ്ങളും ചിരിച്ചു. ഷാജി എന്‍. കരുണ്‍ ‘കുട്ടിസ്രാങ്കി’ലെ വികാരിയച്ചനെക്കൊണ്ട് പറയിച്ച ഡയലോഗ് കേട്ട് ഞങ്ങളും ആര്‍ത്തുചിരിച്ചു: ”വികാരിയച്ചനെക്കാള്‍ വലിയ കലാകാരനോ!”
ഒരു ചരിത്രവും അതെഴുതിയില്ല. പക്ഷേ, പള്ളി കവികളെഴുതിയ ചരിത്രത്തെയും ആദരിക്കുന്നു.
‘മുലകുടി’ എന്ന കവിതയില്‍ ചുള്ളിക്കാട് എഴുതി: ”കുരിശില്‍ നിന്നിറക്കിക്കിടത്തിയ മകന്റെ മുറിവില്‍നിന്ന് ചിതറിയ രക്തമെല്ലാം, ചെറുപ്പത്തില്‍ അവന് അകത്താക്കിയ അമ്മയുടെ മുലപ്പാല്‍ തന്നെയായിരുന്നു” എന്ന്. ആന്റണി ആശാന് മാത്രമല്ല ആണിപ്പഴുതുള്ള കൈകള്‍ ഉയര്‍ത്തിയത്, ആന്റണിയാശാന് മാത്രമല്ല കുരിശായി മാറിയത്. പള്ളിമുറ്റം കണ്ട കലാപ്രതിഭകളെല്ലാം ആണിപ്പഴുതുള്ളവരും കുരിശായ് മാറിയവരും ആയിരുന്നു. ചേറു ചുവയ്ക്കുന്ന വാക്കുകള്‍ പാതിരാകളെ ഞെട്ടിച്ച ദേവാസ്തവിളികളായി.
രണ്ട്
അജു അച്ചാ, നമുക്ക് അള്‍ത്താരകളും സക്രാരികളും രാത്രി നിശബ്ദതയിലെ സക്രാരി വെട്ടവും ഉണ്ടായിരുന്നല്ലോ? കര്‍ത്താവ് കാക്കാത്ത, എന്നിട്ടും ഉറപ്പുള്ളതെന്ന് നമ്മള് കരുതുന്ന ഏതു ഭവനമാണ് ഫെയ്സുബുക്കും വാട്സ്ആപ്പും നമുക്കു തരുന്നത്?
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഒരു ചെറുപ്പക്കാരന് പള്ളിയെ തോളിലേറ്റാന്‍ പോയ കഥാ അനുഭവം സെമിനാരിയില്‍ നമ്മള് വായിച്ചതല്ലേ? അസ്സീസിയിലെ ഫ്രാന്‍സിസ് എന്ന ചെറുപ്പക്കാരന്റെ മുന്നില്‍ കരച്ചിലടക്കാനാവാതെ നിന്ന അധികാരി എന്നാണല്ലോ ഇന്നസെന്റ് പാപ്പായെ ചരിത്രം പിന്നീട് രേഖപ്പെടുത്തിയത്. അയാള്‍ ക്രിസ്തുവിന്റെ തീക്ഷ്ണതയില്‍ പന്തംപോലെ കത്തിയപ്പോഴും പള്ളിക്കുള്ളിലെ സക്രാരിയുടെ മുന്നിലാണ് എരിഞ്ഞുതീര്‍ന്നത്. നമുക്കും അതുതന്നെയല്ലേ കരണീയ മാതൃക. നമ്മള് വായിക്കുന്ന സുവിശേഷങ്ങളില്‍ ക്രിസ്തു കയറിച്ചെല്ലുന്ന സിനഗോഗുകളും വചനവിനിമയങ്ങളും ദേവാലയത്തിലെ ആരാധനകളും, ആ സിസ്റ്റത്തിനുള്ളില്ത്തന്നെയുള്ള മിശിഹാ പ്രഘോഷണങ്ങളും ഒക്കെയായുള്ള മാതൃകയ്ക്കപ്പുറം നമുക്ക് ഇനിയെന്ത് മോഡല്‍?
നമുക്ക് തിരിച്ചുവരാമല്ലേ?
മറക്കാമോ?