ഒന്നു വിളിച്ചാല്‍ ഓടിയെന്റെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവനെന്റെ മനം തുറക്കും
ഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്റെ മിഴി തുടയ്ക്കും
ഓ.. . എത്ര നല്ല സ്നേഹമെന്റെ ഈശോ…..
മൊബൈല്‍ ഫോണുകളില്‍ കോളര്‍ ട്യൂണുകളുടെ ഒരു കാലമുണ്ടായിരുന്നു. ഒരാളെ വിളിച്ചാല്‍ കാള്‍ എടുക്കും വരെ നല്ലൊരു പാട്ടു കേള്‍പ്പിക്കുന്ന രീതി. ഇന്നും പലരും തുടരുന്നുമുണ്ട്. അങ്ങനെ ഏറ്റവും കൂടുതല്‍ ആളുകള്‍ കോളര്‍ ട്യൂണ്‍ ആയി തിരഞ്ഞെടുത്ത ക്രിസ്തീയ ഭക്തിഗാനമാണ് ഒന്നു വിളിച്ചാല്‍ എന്നു തുടങ്ങുന്ന ഗാനം.
ഇന്നും പലരും ഈ ഗാനം തന്നെ ഉപയോഗിക്കുന്നുണ്ട്. ഇരുപത്തി രണ്ടു വര്‍ഷം കൊണ്ടു എണ്ണമില്ലാത്ത വിളികള്‍ക്ക് ഈ ഗാനം മറുപടി കൊടുത്തിട്ടുണ്ട്.
ബേബി ജോണ്‍ കലയന്താനി എഴുതി പീറ്റര്‍ ചേരാനല്ലൂര്‍ സംഗീതം നല്കിയ ഈ ഗാനം പാടിയിട്ടുള്ളത് കെസ്റ്റര്‍ ആണ്. ആല്‍ഫയും ഒമേഗയും എന്ന പേരില്‍ ഇറങ്ങിയ കസ്സെറ്റില്‍ രാധികാ തിലകും ഈ പാട്ട് പാടിയിട്ടുണ്ട്.
ഈ പാട്ടിന്റെ പിറവിയെക്കുറിച്ചു സംഗീതസംവിധായകന് പീറ്റര്‍ ചേരാനെല്ലൂര്‍ പറയുന്നു. ‘എറണാകുളത്തു കേരള കത്തോലിക്കാ സഭ വലിയൊരു വിശ്വാസസംഗമം നടത്താന്‍ ഒരുങ്ങുകയാണ്. ഇതിനായി പാട്ടുകള്‍ തയ്യാറാക്കാന്‍ അന്നത്തെ കെ സിബിസി മാധ്യമ കമ്മീഷന് സെക്രട്ടറി ആയിരുന്ന ഫാ. ദേവസി കൊല്ലംകുടിയില്‍ എന്നെയും ബേബി ജോണ്‍ കലയന്താനിയെയും ചുമതലപ്പെടുത്തി.
12 പാട്ടുകള്‍ ഞങ്ങള്‍ തയ്യാറാക്കി. എല്ലാ പാട്ടുകള്‍ക്കും സംഗീതം നല്‍കിക്കഴിഞ്ഞു കീബോര്‍ഡും മറ്റും ഓഫ് ചെയ്തു മുറിയില്‍ നിന്നു പുറത്തിറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് ബേബി ജോണ്‍ ഒരു പട്ടു കൂടി എനിക്ക് നല്‍കിയത്. എല്ലാം എടുത്തു വച്ച് കഴിഞ്ഞു. വരികള്‍ വെറുതെ ഒന്നു വായിച്ചതേയുള്ളൂ. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സന്തോഷവും അനുഭവവും എനിക്കുണ്ടായി… ഞാന്‍ അപ്പോള്‍ അവിടെ വച്ച് തന്നെ ഒരു ഈണം നല്കി. കയ്യിലുണ്ടായിരുന്ന മൈക്രോ കസ്സെറ്റ് റെക്കോര്‍ഡറില്‍ അപ്പോള്‍ തന്നെ റെക്കോര്‍ഡ് ചെയ്തു. അഞ്ചു മിനുട്ടിനുള്ളില്‍ എല്ലാം കഴിഞ്ഞു. ആര് പാടണമെന്ന കാര്യത്തില്‍ എനിക്കും ബേബിക്കും ഒരു പേരാണ് പറയാനുണ്ടായിരുന്നത്. കെസ്റ്റര്‍ മതി. പിന്നീടാണ് രാധിക തിലകിന്റെ ശബ്ദത്തില്‍ കൂടി റെക്കോര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
ഈ പാട്ട് അനേകം പേര്‍ക്ക് പല അവസരങ്ങളില്‍ താങ്ങും കരുത്തും ശാന്തിയും നല്‍കിയതായി പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഒരനുഭവം ഇവിടെ എഴുതേണ്ടതായി തോന്നുന്നു. എന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ കണ്ടു പിടിച്ചു ഒരാള്‍ വിളിച്ചു. അയാള്‍ കരയുകയാണ്. സഹോദരാ, ഞാന്‍ ആത്മഹത്യാ ചെയ്യാന്‍ വിഷക്കുപ്പി തുറന്നു കുടിക്കാന്‍ ഒരുങ്ങുന്ന നേരത്തു അടുത്ത വീട്ടില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തില്‍ ഒരു പാട്ടു കേട്ടു….. ഒന്ന് വിളിച്ചാല്‍…. ഞാന്‍ അറിയാതെ ആ പാട്ടൊന്നു ശ്രദ്ധിച്ചു… ആരോ എന്തോ കൈ പിടിച്ചു വലിക്കുന്ന പോലെ തോന്നി…. ഞാന്‍ വിഷക്കുപ്പി താഴെയിട്ടു… എന്നെ ആരോ തലോടുന്ന പോലെ തോന്നി… ഞാന്‍ നിന്റെ കൂടെയുണ്ട്… നിനക്ക് ജീവന് തന്നത് ഞാനാണ്,… എന്ന് ആരോ പതിയെ പറയുന്നത് പോലെ… ഞാന്‍ അടുത്ത വീട്ടില്‍ പോയി പാട്ടു മുഴുവന്‍ കേട്ടു. പല തവണ കേട്ടു. പിന്നെ ഞാനും യേശുവിനെ വിളിക്കാന്‍ തുടങ്ങി… യേശു എന്റെയടുക്കല്‍ ഓടിയെത്താനും തുടങ്ങി…അയാള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു നിര്‍ത്തി. ഇത് പോലെ കുറെ സാക്ഷ്യങ്ങള്‍ ഈ പാട്ടിനെക്കുറിച്ചു എനിക്ക് കേള്‍ക്കാന്‍ ഭാഗ്യമുണ്ടായി. എല്ലാം ദൈവകൃപ മാത്രം. ‘
ബേബി ജോണ്‍ കലയന്താനിക്കു തന്റെ പാട്ടുകള്‍ എല്ലാം പ്രിയപ്പെട്ടത് തന്നെ. എന്നാല്‍ ഈ പാട്ടിനോട് ഒരു ആത്മബന്ധം അദ്ദേഹത്തിനുണ്ട്. എന്നും ദിവ്യബലിയില്‍ മുടങ്ങാതെ ബേബി പങ്കുചേരും. ഒരു ദിവസം പോലും മുടങ്ങരുതെന്നു അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. ഒരിക്കല്‍ ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ നിന്നും ഫാ. ഉപ്പാണിയും ബേബിയും സംഘവും മദ്രാസില്‍ ഒരു ധ്യാനം നടത്തുന്നതിന് വാഹനത്തില്‍ പുറപ്പെട്ടു.
ഇനി ബേബി ജോണ്‍ പറയും.
‘അതിരാവിലെ വിശുദ്ധബലിക്കു മുന്‍പേയാണ് ഞങ്ങള്‍ പുറപ്പെട്ടത്. ദിവ്യബലി മുടങ്ങുമോ എന്ന് സങ്കടപ്പെട്ടിരുന്ന എന്നോട് അച്ചന് പറഞ്ഞു. നമുക്ക് കോയമ്പത്തൂര്‍ എത്തുമ്പോള്‍ കുബാന ചൊല്ലാമെന്ന്. പക്ഷെ ഞങ്ങള്‍ക്ക് കോയമ്പത്തൂരില്‍ നിന്ന് പെട്ടെന്ന് പുറപ്പെടേണ്ടി വന്നു… രാത്രി പത്തു മണിക്കാണ് മദ്രാസില്‍ ഞങ്ങള്‍ക്ക് താമസിക്കാനുള്ള വീട്ടില്‍ എത്തുന്നത്. ആ വീട്ടുകാരോട് ഞങ്ങള്‍ ചോദിച്ചു അടുത്തുള്ള പള്ളിയില്‍ പോയി കുര്‍ബാന അര്‍പ്പിക്കാന്‍ അനുവാദം കിട്ടുമോ? ഈ സമയത്തു നടക്കില്ല എന്നായിരുന്നു മറുപടി. വലിയ വിഷമം ആയി. മനസ്സില്‍ ചോദിച്ചു ‘ഒന്ന് വിളിച്ചാല്‍ ഓടി എന്റെ അരികില്‍ എത്തില്ലേ?
ഓസ്തിയും വീഞ്ഞും പള്ളിയില്‍ നിന്നും കിട്ടുമോ എന്ന് ഞങ്ങള്‍ ചോദിച്ചു. നാളത്തെ ധ്യാനത്തിനായി വാങ്ങി കരുതി വച്ചിട്ടുള്ള ഓസ്തിയും വീഞ്ഞും ഇവിടെയുണ്ട് എന്ന മറുപടി കിട്ടി. പിന്നെ ആ വീട്ടിലെ ഹാള്‍ പള്ളിയായി മാറി. അവരുടെ മേശ ബലിപീഠമായി. അച്ചന്റെ ബാഗില്‍ കരുതാറുള്ള കാസയും പിലാസയും ഞങ്ങള്‍ക്ക് ബലിടൊരുക്കി. ദിവ്യബലി കഴിഞ്ഞപ്പോള്‍ കൃത്യം പന്ത്രണ്ടു മണി. അന്ന് രാത്രി ആ വീട്ടില്‍ വച്ചു എഴുതിയതാണ് ഈ ഗാനം. ഒന്ന് വിളിച്ചാല്‍ ഓടി എന്റെ അരികിലെത്തും. ‘
കെസ്റ്ററിന്റെ മനോഹരമായ ആലാപനം ഈ ഗാനത്തെ വേറൊരു തലത്തിലേക്കുയര്‍ത്തി. ഇന്നും അനേകം പേരുടെ കോളര്‍ ട്യൂണ്‍ ആയി ഈ പട്ടു നമുക്ക് കേള്‍ക്കാം.