ഹാവിയര്‍ പെനലോസ എഴുതി ഏണസ്റ്റോ കോണ്ട്രേറസ് സംവിധാനം ചെയ്ത മെക്സിക്കന്‍ ചിത്രമാണ് വേര് ദ ട്രാക്ക്സ് എന്‍ഡ്. മയക്കുമരുന്നിന്റേയും കള്ളക്കടത്തിന്റേയും മനുഷ്യക്കടത്തിന്റേയുമെല്ലാമിടമായി അറിയപ്പെടുന്ന മെക്സിക്കോയില്‍ നിലനില്‍ക്കുന്ന കൊടിയ ദാരിദ്ര്യത്തിന്റേയും തൊഴിലില്ലായ്മയുടേയും പശ്ചാത്തലത്തിലാണ് വേര് ദ ട്രാക്ക്സ് എന്‍ഡ് ചിത്രീകരിച്ചിരിക്കുന്നത്. അനിശ്ചിതത്വം മനുഷ്യനുമേല്‍ ചൂഴ്ന്നു നില്ക്കുന്ന വല്ലാത്ത അവസ്ഥയിലും പ്രതിക്ഷകള്ക്കിടമുണ്ടെന്ന് സിനിമ പ്രഖ്യാപിക്കുന്നു. നാനാവിഷയങ്ങള്‍ സിനിമയുടെ ഫോക്കസ് നഷ്ടപ്പെടുത്താന്‍ കാരണമായിട്ടുണ്ട്.
നാലംഗ കുട്ടികളുടെ സംഘം ഒരു ചതുപ്പുനിലത്തിലൂടെ നടന്നുവരുന്നതാണ് സിനിമയുടെ ആദ്യരംഗം. പുതുതായി ഗ്രാമത്തിലെത്തിയ ഇകല് (കാര്‍ലോ ഐസക്) എന്ന കുട്ടിയെ സംഘത്തില്‍ ചേര്‍ക്കാനുള്ള പരീക്ഷ നടക്കുകയാണ്. മറ്റു മൂന്നുപേരില്‍ മുതിര്‍ന്നയാള്‍ ചിക്കോയാണ് (ഡീഗോ മോണ്ടെസാറോ) അവനാണ് സ്വയം പ്രഖ്യാപിത ഗ്യാങ് ലീഡര്‍. വലേറിയ (ഫ്രീഡ ക്രൂസ്) എന്ന പെണ്‍കുട്ടിയും മറ്റൊരു ആണ്‍കുട്ടിയും സംഘത്തിലുണ്ട്. ചതുപ്പില്‍ കിടക്കുന്ന ഒരു മൃതദേഹത്തിനടുത്തേക്ക് പോകലാണ് ഇകലിന് സംഘം വച്ച വെല്ലുവിളി. അവനത് ധൈര്യപൂര്‍വം മറികടക്കുന്നു. മറ്റു മൂന്നു പേരും ഭയന്നോടുമ്പോള്‍ മരിച്ചയാളുടെ നായയുമായി ഇകല് തിരിച്ചു വരുന്നു.
ഇകലിനെ സംഘത്തോടൊപ്പം സ്വീകരിക്കുന്നത് ഗ്രാമത്തിലെ കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന അധ്യാപിക ജോര്ജീനയാണ്( അഡ്രീന ബറാസ) ഇകല് സ്കൂളില്‍ വരണമെന്ന് ജോര്‍ജീന നിര്‍ബന്ധിക്കുന്നു. ഇകലിന്റെ കൂടെ ജോര്‍ജീന അവന്റെ വീട്ടിലേക്കു വരുന്നു. അവന്റെ ജീവിതം അവര്‍ അറിയുന്നു. ഇകലിന്റെ താല്‍ക്കാലിക വീട് ഒരു തീവണ്ടിയുടെ പഴയ കംപാര്‍ട്ട്മെന്റാണ്. അവന്റെ പിതാവ് തോമസ് പാവപ്പെട്ട കൂലിവേലക്കാരനാണ്. ഇപ്പോള്‍ ട്രാക്കുണ്ടാക്കുന്ന പണിയിലാണ്. പ്രദേശത്ത് വലിയ ചില പദ്ധതികള്‍ വരുന്നുണ്ട്. അതിനായാണ് ട്രെയില്‍വേ ട്രാക്ക് ഉണ്ടാക്കുന്നത്. തോമസിനെ പോലെ അവിടെ തൊഴിലെടുക്കുന്നവരെല്ലാം ദുരിതത്തിലാണ്. കഠിനമായ പണിയാണ് അവരെ കൊണ്ട് ചെയ്യിക്കുന്നത്. വെയിലും മഴയും പ്രശ്നമില്ലാതെ തൊഴിലെടുക്കണം. ഇകലിന്റെ അമ്മ അസുഖബാധിതയാണ് (ആസ്തമ?) അവള്ക്കതുകൊണ്ട് പണിക്കൊന്നും പോകാന്‍ കഴിയില്ല. തൊഴില്‍ അസ്ഥിരത മൂലം സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാന്‍ കഴിയാത്തതിനാല്‍ ഇകലിനെ സ്കൂളിലൊന്നും പഠിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല.
ചതുപ്പില്‍ നിന്നു ലഭിച്ച നായയെ വീട്ടില്‍ നിര്‍ത്താന്‍ മാതാപിതാക്കള്‍ ഇകലിനെ അനുവദിക്കുന്നില്ല. നായക്കു കൂടി താമസിക്കാനുള്ള ഇടം ആ വീട്ടിലില്ല തന്നെ. നായയെ തന്റെ സ്കൂളില്‍ നിര്‍ത്താമെന്ന് ജോര്‍ജിയ സമ്മതിക്കുന്നു. പകരം, ഇകല് സ്കൂളില്‍ വരണം. നിബന്ധന സമ്മതിച്ച് ഇകല് സ്കൂളില്‍ പോകുന്നു. ചീകോയുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളില്‍ സജീവമാണ്. സ്കൂള്‍ ഒരു ഒറ്റമുറിയുള്ള കെട്ടിടമാണ്. ഗ്രാമത്തിലെ ദരിദ്രവാസികളായ മാതാപിതാക്കളുടെ എല്ലാ പ്രായക്കാരായ കുട്ടികളും അവിടെ പഠിക്കുന്നുണ്ട്. എഴുത്തും വായനയും കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ജോര്‍ജിയ ഏറ്റെടുത്തിരിക്കുന്ന ദൗത്യം. ഇകലിന് എഴുത്തും വായനയും അറിയില്ല. ജോര്‍ജിയ ആദ്യം അല്പം പരുക്കനായെങ്കിലും പിന്നീട് ഇകലിനെ സ്നേഹത്തോടെ ഉപദേശിക്കുന്നു. അവന് സമ്മാനമായി ഒരു ചിത്രകഥാപുസ്തകം കൊടുക്കുന്നു. അവനു വളരെ സന്തോഷമായി.
ചീക്കോയ്ക്ക് ഗ്യാങ്ങ് ലീഡറാകാനാണ് ആഗ്രഹം. വലുതാകുമ്പോള്‍ താന്‍ അമേരിക്കയില്‍ പോയി വലിയ കോടീശ്വരനാകുമെന്ന് അവന് പറയുന്നു. വലേറിയക്ക് തന്റെ അച്ഛന്റെ ഫാം നന്നായി നോക്കി നടത്താനാണ് ആഗ്രഹം. ഒരു തീവണ്ടി ഡ്രൈവറാകാനാണ് സംഘത്തിലെ മൂന്നാമത്തെ കുട്ടിയുടെ ആഗ്രഹം. ഇകലിനാകട്ടെ തന്റെ ഭാവിയെ പറ്റി വലിയ പിടിപാടൊന്നുമില്ല. സംഘത്തില്‍ ചേരണമെങ്കില്‍ തന്നെ അനുസരിക്കണമെന്ന് ചീക്കോ ഇടയക്ക് അവനെ ഭീഷണിപ്പെടുത്തുന്നുണ്ട്. വലേറിയ അവനോട് വളരെ സ്നേഹപൂര്‍വമാണ് പെരുമാറുന്നത്. അവര്‍ക്കിടയില്‍ ബാല്യത്തിന്റെ നിഷ്കളങ്കതയുള്ള ഒരു ഇഷ്ടം വളര്‍ന്നുവരുന്നുണ്ട്. സമാന്തരമായി തന്നെ മറ്റൊരു സംഭവവും കാണിക്കുന്നുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്കൂളുകളില്‍ പരിശോധന നടന്നു വരികയാണ്. പരിശോധന നടത്തി സ്കൂളുകള്‍ അടച്ചുപൂട്ടാനാണ് യഥാര്‍ത്ഥത്തില്‍ നീക്കം നടക്കുന്നത്. ഇതിനു നിയോഗിക്കപ്പെടുന്ന യുവാവായ ഉദ്യോഗസ്ഥന് സ്കൂളുകള്‍ പൂട്ടാനുള്ള നീക്കത്തോട് യോജിപ്പില്ല. അയാള്‍ അതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും ഓരോ സ്കൂളുകളിലായി സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഗ്രാമത്തിലതിനിടെ ഒരു സര്‍ക്കസ്-മാജിക് സംഘം എത്തുന്നു. രണ്ടു സ്ത്രീകളാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. കുട്ടികള്‍ക്ക് അതു വലിയ സന്തോഷമായി. പക്ഷേ മാജിക് കാണാന്‍ ടിക്കറ്റെടുക്കാന്‍ പണമില്ലാതെ അവര്‍ വിഷമിക്കുന്നു. ചീക്കോയുടെ നേതൃത്വത്തില്‍ സംഘം ഗ്രാമത്തിലെ വലിയൊരു ധനവാന്റെ ഫാമില്‍ കയറുന്നു. അവിടെ നിന്ന് അവര്‍ ആഹാരസാധനങ്ങള്‍ മോഷ്ടിക്കുമ്പോള്‍ അവരെ കണ്ടെത്തി ഫാമിലെ കാവല്ക്കാര് പിന്നാലെ ഓടിക്കുന്നു. മറ്റുള്ളവരെല്ലാം ഓടിപ്പോയെങ്കിലും ചീക്കോ പിന്മാറുന്നില്ല. അവന് വീണ്ടും ഫാമില്‍ കയറുകയും മോഷ്ടിക്കുകയും ചെയ്യുന്നു. കൂട്ടുകാര്‍ക്ക് മാജിക് കാണാന്‍ അവന് ടിക്കറ്റ് വാങ്ങിക്കൊടുക്കുന്നു. ഇകല് തന്റെ നേതൃത്വം അംഗീകരിക്കുന്നില്ലെന്ന പരാതി ഉണ്ടെങ്കിലും ടിക്കറ്റ് അവനും നല്‍കുന്നുണ്ട്.
പിന്നീടൊരിക്കല്‍ മോഷ്ടിക്കുന്നതിനിടെ ചീക്കോ പിടിയിലാകുന്നു. ഇകലാണ് സാഹസികമായി രാത്രിയില്‍ അവനെ കാണാനെത്തുന്നതും സമാശ്വസിപ്പിക്കുന്നതും.
ഗ്രാമവും സുഹൃത്തുക്കളും സ്കൂളും ഇകലിന് വളരെ ഇഷ്ടപ്പെട്ടു. പക്ഷേ അവന്റെ പിതാവിന് ജോലി കൂടുതല്‍ ദുഷ്കരമായിക്കൊണ്ടിരിക്കുകയായിരുന്നു. ഈ തൊഴില്‍ വിട്ട് മറ്റെവിടേക്കെങ്കിലും പോകാന്‍ അയാള്‍ തീരുമാനമെടുക്കുന്നു. ഇകലിന് അതു വലിയൊരു ആഘാതമായിരുന്നു. അവന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവന്റെ മാതാപിതാക്കള്‍ തീരുമാനം മാറ്റുന്നു. ഗ്രാമത്തില്‍ തന്നെ താമസിക്കാന്‍ അവര്‍ തീരുമാനിക്കുന്നു. ഇകല് തന്റെ സന്തോഷം വഴിയില്‍ കണ്ടവരോടെല്ലാം വളിച്ചു പറഞ്ഞ് സ്കൂളിലേക്ക് പോകുന്നു. അവന്റെ സുഹൃത്തുക്കള്‍ക്കും ടീച്ചര്‍ക്കും അതു സന്തോഷകരമായ വാര്‍ത്തയായിരുന്നു. മഴയും ഇടിമിന്നലുമുള്ള ഒരു ദിവസം. ഇകല് സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. അവന്റെ പിതാവും മറ്റു തൊഴിലാളികളും വിപരീത കാലാവസ്ഥയിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇകലിന്റെ പിതാവ് ജോലി സ്ഥലത്ത് കൊല്ലപ്പെടുന്നു (ഇടിമിന്നലായിരിക്കാം കാരണം) സ്കൂളില്‍ വന്ന് ഇകലിനെ നാട്ടുകാര്‍ വിളിച്ചുകൊണ്ടു പോകുന്നതും പിതാവിന്റെ മൃതദേഹം കാണിക്കുന്നതും സിനിമയിലെ ഹൃദയഭേദകമായ രംഗമാണ്.
ഇനി ഇകലിനും അമ്മയ്ക്കും അവിടെ നില്‍ക്കാനാകില്ല. അവര്‍ തങ്ങളുടെ ബന്ധുക്കളുടെ സമീപത്തേക്ക് മടങ്ങിപോകാന്‍ നിര്‍ബന്ധിതരാകുന്നു. കൂട്ടുകാരേയും ടീച്ചറേയും തന്റെ പ്രിയപ്പെട്ട നായയേയും വേര്‍പിരിഞ്ഞ് ഇകലും കുടുംബവും തീവണ്ടിയില്‍ യാത്രയാകുന്നു.
ഇകലിന്റെ സ്കൂളിലേക്ക് വിദ്യാഭ്യാസ ഉദ്യോഗസ്ഥന് പരിശോധനയ്ക്ക് വരുന്നതാണ് പിന്നീട് കാണിക്കുന്നത്. സ്കൂളും പരിസരവും വിജനമാണ്. ഒരു യുവതി അവിടെയെത്തി അയാളോടു വിവരങ്ങള്‍ ചോദിക്കുന്നു. അവര്‍ പരിചയപ്പെടുന്നു. അവളുടെ പേര് വലേറിയ എന്നാണ്. ഇകലിന്റെ കളിക്കൂട്ടുകാരിയായ വലേറിയ തന്നെ. താന്‍ ഇകലാണെന്ന് ഉദ്യോഗസ്ഥന് അവളേയും പരിചയപ്പെടുത്തുന്നു. അപ്പോഴാണ് ഇകലിന്റെ കുട്ടിക്കാലം വളരെ മുന്‍പു നടന്ന ഒരു സംഭവമാണെന്നും യഥാര്ത്ഥകഥയിലെ ഫ്ളാഷ് ബാക്കാണെന്നും പ്രേക്ഷകന് മനസിലാകുന്നത്. അക്ഷരങ്ങളറിയാന് പാടില്ലാതിരുന്ന ഇകല് വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായി മാറിയെന്നതാണ് കഥയുടെ ട്വിസ്റ്റ്. അതിനു കാരണക്കാരിയായ ജോര്‍ജിയ എന്ന നിസ്വാര്‍ത്ഥ സേവനം നല്കിയ അധ്യാപിക മണ്മറഞ്ഞുപോയി. ചീക്കോ ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വലേറിയ അവളുടെ ആഗ്രഹം പോലെ അച്ഛന്റെ ഫാം നന്നായി നോക്കി നടത്തുന്നു. എന്ജിന് ഡ്രൈവറാകാന്‍ ആഗ്രഹിച്ച കൂട്ടുകാരന് അവിടെ എത്തപ്പെട്ടിട്ടുണ്ടാകുമെന്ന് വലേറിയയും ഇകലും ആശ്വസിക്കുന്നു.
നായകന് ഇകലിന്റെ വേഷമഭിനയിച്ച കൊച്ചുകുട്ടി കാര്‍ലോ ഐസകിന്റെ പ്രകടനം ശ്രദ്ധേയം. അവന്റെ നിഷ്കളങ്കമായ മുഖത്ത് വിവിധ ഭാവങ്ങള്‍ മാറിമറയുന്നത് കൗതുകകരമാണ്. മലയാളത്തിലെ ഒരു കുടുംബ ചിത്രം കാണുന്നതുപോലെ കണ്ടിരിക്കാവുന്ന സിനിമയാണിത്. മികച്ച ഛായാഗ്രഹണം സിനിമയെ ഒരു ക്ലാസിക് തലത്തിലേക്കുയര്ത്തിയതായിരുന്നു. എന്നാല്‍, വിദ്യാഭ്യാസം, തൊഴില്‍, ബാല്യം തുടങ്ങി നിരവധി വിഷയങ്ങള്‍ ഒരുമിച്ചു കൈകാര്യം ചെയ്തത് തിരിച്ചടിയായി. ട്വിസ്റ്റിനു വേണ്ടിയാണെങ്കിലും സമകാലീന സംഭവങ്ങളും ഫ്ളാഷ്ബാക്കും ഒരുമിച്ചു ചേര്‍ത്തതിലും അപാകതയുണ്ട്. എങ്കിലും ഒരു ഫീല്‍ഗുഡ് സിനിമ തന്നെയാണ് വേര് ദ ട്രാക്ക്സ് എന്‍ഡ്.