സമാനതകളില്ലാത്തൊരു സമുദായസ്നേഹം നെഞ്ചിലേറ്റിയിരുന്ന ഈശോസഭാ വൈദികനായിരുന്ന ഫാ. ഫ്രാന്‍സിസ് കണ്ണിക്കലിനെ ജന്മശതാബ്ദി ദിവസം കൊച്ചി നഗരം അനുസ്മരിച്ചു.
ലത്തീന്‍ സമുദായത്തിന്റെ വളര്‍ച്ചയ്ക്കായി അത്രമേല്‍ ആശിക്കുകയും സമുദായത്തിന്റെ വീഴ്ചകളില്‍ അതിയായ ആശങ്കകള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന ഫാ. ഫ്രാന്‍സിസ് കണ്ണിക്കല്‍ തുടക്കം കുറിച്ച വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇന്ന് എറണാകുളത്തെ ഏറ്റവും പ്രശസ്തമായ അറിവിന്റെ ആലയങ്ങളാണ്.
ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി എന്നൊക്കെ നാം കേള്‍ക്കുന്നതിന് പതിറ്റാണ്ടുകള്ക്കൂ മുന്‍പ് 1977 ല്‍ പ്രൊവിഡന്‍സ് റോഡിലെ വിദ്യാനികേതനില്‍ അതിവിപുലമായ സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് ഫാ. കണ്ണിക്കല്‍ ആരംഭിച്ചു. സമുദായാംഗങ്ങളെ ഈ കോഴ്സിലേക്ക് നിര്‍ബന്ധിച്ചു കൊണ്ടുവന്നു സൗജന്യമായി പഠിപ്പിച്ചിരുന്നതായി ആദ്യ ബാച്ചില്‍ ഉണ്ടായിരുന്ന അഡ്വ. ആന്റണി ബെനഡിക്ട് ഓര്‍ക്കുന്നു.
കംപ്യൂട്ടര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ പലരും അതിയായ ആശങ്കകളോടെയാണ് കണ്ടത്. എന്നാല്‍ ശരിയായ ദീര്‍ഘവീക്ഷണം കൈമുതലായുണ്ടായിരുന്ന ഫാ. കണ്ണിക്കല്‍ ഉടനെ തന്നെ എറണാകുളം വിദ്യാനികേതനില്‍ കംപ്യൂട്ടര്‍ പരിശീലന കേന്ദ്രം തുടങ്ങി. ഒരു കംപ്യൂട്ടര്‍ പോലും വാങ്ങാന്‍ പലര്‍ക്കും കഴിയാത്തൊരു കാലത്ത് വലിയൊരു ഹാള്‍ നിറയെ കംപ്യൂട്ടറുകള്‍ നിരത്തി കേരളത്തെ വിസ്മയിപ്പിക്കുന്നതിനു ഫാ. കണ്ണിക്കലിനു കഴിഞ്ഞു.
സംഗീതരംഗത്തും ഫാ. ഫ്രാന്‍സിസ് കണ്ണിക്കലിന്റെ സാങ്കേതിക വിജ്ഞാനവും നൈപുണ്യവും കേരളസഭയ്ക്കു സഹായമായിട്ടുണ്ട്. റെക്കോര്‍ഡിങ് സ്റ്റുഡിയോകള്‍ ഇല്ലാത്തൊരു കാലത്ത് സംഗീതം ചെയ്ത പാട്ടുകള്‍ ആലേഖനം ചെയ്യാന്‍ ഞങ്ങള്‍ക്ക് ഏക ആശ്രയം കണ്ണിക്കലച്ചന്റെ സ്പൂള്‍ റെക്കോര്‍ഡര്‍ ആയിരുന്നെന്നു സംഗീത സംവിധായകരായ ജോബ് മാസ്റ്റര്‍, ജെറി അമല്‍ദേവ്, റെക്സ് ഐസക്സ് എന്നിവര്‍ എഴുതിയിട്ടുണ്ട്. ഇലക്ട്രോണിക്സ് മേഖലയില്‍ പുതിയ ഉപകരണങ്ങള്‍ ഇറങ്ങുമ്പോള്‍ തന്നെ വിദേശരാജ്യങ്ങളില്‍ നിന്ന് അവ ഇവിടെ വരുത്തുന്നതിന് ഫാ. ഫ്രാന്‍സിസിന് സാധിച്ചു.
അല്മായരെയും സംഘടനകളെയും അംഗീകരിക്കാനും പരിഗണിക്കാനും പ്രോത്സാഹിപ്പിക്കാനും ഫാ. കണ്ണിക്കല്‍ എന്നും പ്രത്യകം ശ്രദ്ധിച്ചിരുന്നു. 1990കളില്‍ ഓരോ വര്‍ഷവും 24 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്ന പദ്ധതി ഒറ്റയ്ക്ക് നടത്താന്‍ സാധിക്കുമായിരുന്നിട്ടും അല്മായ സംഘടനയായ കെഎല്സിഎയെ ആ ചുമതല ഫാ. കണ്ണിക്കല്‍ ഏല്പിച്ചു. യുവജനസംഘടനയായ കെസിവൈഎമ്മിന്റെ പരിശീലന പരിപാടികളുടെ ചെലവ് വഹിക്കാനും അദ്ദേഹം തയ്യാറായി.
നമ്മുടെ കുട്ടികള്‍ക്ക് സാഹിത്യാഭിരുചിയും താളബോധവും കുട്ടിക്കാലത്തുതന്നെ ലഭിക്കുന്നതിനായി ‘ക്രിസ്തുഗാഥ’ എന്ന മഹാകാവ്യം എല്ലാ വീടുകളിലും എത്തിക്കുന്ന ഒരു പദ്ധതിയും അദ്ദേഹം തുടങ്ങി. പ്രഫ. മാത്യു ഉലകംതറ എഴുതിയ ക്രിസ്തുഗാഥയുടെ പതിനായിരക്കണക്കിന് കോപ്പികള്‍ അദ്ദേഹം വിതരണം ചെയ്തു. തീരദേശത്തെ കുട്ടികള്‍ക്കും നഗരങ്ങളില്‍ ലഭിക്കുന്ന അതേ നിലവാരത്തിലുള്ള പഠനസൗകര്യങ്ങള്‍ നല്‍കണമെന്ന വാശിയിലാണ് വൈപ്പിന്കരയിലെ പെരുമ്പിള്ളിയില്‍ അസ്സീസി വിദ്യാനികേതന്‍ അദ്ദേഹം തുടങ്ങുന്നത്.
ഫാ. ഫ്രാന്‍സിസ് കണ്ണിക്കല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍
1. വിദ്യാനികേതന്‍ കോളജ്, പ്രൊവിഡന്‍സ് റോഡ്, എറണാകുളം (1977), 2. വിദ്യാനികേതന്‍ അനക്സ് (1982), 3. ഈശോഭവന്‍ കോളജ് (1990), 4. സെന്റ് ആല്‍ബര്‍ട്സ് സ്കൂളിനായി സെന്റിനറി സ്മാരക കെട്ടിടം നിമ്മിച്ചു നല്കി. 5. കാക്കനാട് അസ്സീസി വിദ്യാനികേതന്‍ സ്കൂള്‍ (1994), 6. അസ്സീസി വിദ്യാനികേതന്‍ പെരുമ്പിള്ളി, വൈപ്പിന്‍ (2002), 7. ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റി സ്കൂള്‍ വടുതല (2005), സമുദായത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി മൂന്നു ട്രസ്റ്റുകളും അദ്ദേഹം ആരംഭിച്ചു: 1. കര്‍മ്മലീത്ത ട്രസ്റ്റ്, 2. വരാപ്പുഴ കാത്തലിക്ക് അസോസിയേഷന് ചാരിറ്റബിള്‍ ട്രസ്റ്റ്, 3. ഫ്രാന്‍സിസ് അസ്സീസി എജുക്കേഷനല്‍ ട്രസ്റ്റ്. ഈ മൂന്നു ട്രസ്റ്റുകള്‍ക്കും സ്വന്തം കുടുംബവിഹിതമാണ് അദ്ദേഹം സംഭാവന ചെയ്തത്.
ഫാ. കണ്ണിക്കല്‍ ജീവിതരേഖ
ജനനം: 1923 ഒക്ടോബര്‍ 20 (മാതാപിതാക്കള്‍: ജോസഫ് കണ്ണിക്കല്‍, ത്രേസ്യാമ്മ).
1942 ല്‍ അന്നത്തെ വരാപ്പുഴ ആര്‍ച്ച്ബിഷപ് ദൈവദാസന് ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ നിര്‍ദേശാനുസരണം ഈശോസഭയില്‍ ചേര്‍ന്നു.
1955 മാര്‍ച്ച് 24നു പൗരോഹിത്യ സ്വീകരണം. അമേരിക്കയിലെ ഡിട്രോയിറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എ. സോഷ്യോളജി പാസ്സായി. ബോംബെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു സോഷ്യോളജിയില്‍ ഡോക്ടറേറ്റ് നേടി.
ആര്‍ച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റി വരാപ്പുഴ അതിരൂപതയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി അതിരൂപതയിലേക്കു പ്രവര്‍ത്തനം മാറ്റാന്‍ ആവശ്യപ്പെട്ടതനുസരിച്ച് വരാപ്പുഴയിലെത്തി. 2006 ഓഗസ്റ്റ് 15ന് നിത്യതയിലേക്കു യാത്രയായി.