തന്റെ ചിത്രങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകളുമേന്തിയ വന്‍ജനക്കൂട്ടത്തിന്റെ നടുവിലൂടെ തലഉയര്‍ത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഗരിമയോടെ സുരഷ്ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. മണിക്കൂറുകള്‍ നീണ്ട നാടകീയതയ്ക്കൊടുവിലാണ് അദ്ദേഹം നടക്കാവ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത്. സ്റ്റേഷന് പരിസരത്ത് സുരേഷ്ഗോപിക്ക് പിന്തുണയുമായി പതിനായിരങ്ങളാണ് നിലയുറപ്പിച്ചത്.
സുരേഷ്ഗോപിയെ വേട്ടയാടാന്‍ വിട്ടുകൊടുക്കില്ല എന്നുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് സമീപ ജില്ലകളില്‍ നിന്നുള്ള സാധാരണക്കാരായ മനുഷ്യര്‍ പോലും അവിടെ എത്തിയിട്ടുണ്ട്. പദയാത്രക്കുള്ള ശ്രമം പൊലീസ് തടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ജനക്കൂട്ടം പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു.
ആ ജനാവലിക്കിടെയില് തന്റെ കാറില്‍ ആക്ഷന്‍ ഹീറോ വന്നിറങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തിച്ചേരാന്‍ നൂറുകണക്കിനാളുകള്‍ തിക്കിത്തിരക്കുന്ന കാഴ്ചയാണ് കണ്ടത്. സുരേഷ് ഗോപിയുടെ ചിത്രം പതിച്ച ”വേട്ടയാടാന്‍ വിട്ടുതരില്ല” എന്ന് വലിയ അക്ഷരത്തില്‍ എഴുതിയ ബാനറുകള്‍ പിടിച്ചാണ് ആബാലവൃദ്ധം വരുന്ന ജനക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ നില്‍ക്കുന്നത്. അദ്ദേഹം കാറില്‍നിന്നിറങ്ങിയപ്പോള്‍ ദിഗന്തം പൊട്ടുന്ന മുദ്രാവാക്യം വിളികള്‍ കൊണ്ട് സ്റ്റേഷന് പരിസരം മുഖരിതമായി. പലരുടെയും കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ജനം ടിവിയുടെ ന്യൂസ് പോര്‍ട്ടലില്‍ ബുധനാഴ്ച രാവിലെ വന്ന വാര്‍ത്ത തുടങ്ങുന്നത് ഇങ്ങനെയാണ്. തെറ്റിദ്ധരിക്കരുത്, ജനസഞ്ചയങ്ങളെ ആകര്‍ഷിച്ച ഏതെങ്കിലും ഒരു നേതാവിനോടല്ല തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എന്ന ആനയോടാണ് സുരേഷ് ഗോപിയെ റിപ്പോര്‍ട്ടര്‍ സമീകരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടറെ തെറ്റുപറയാനൊക്കില്ല, അദ്ദേഹം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഒരു സംഗതി ആനയാണെന്നേ ഇതിനര്‍ത്ഥമുള്ളൂ.
എന്തിനാണ് സുരേഷ്ഗോപി എന്ന ആക്ഷന്‍ ഹീറോ ഇത്രയേറെ പൊടിപടലമുയര്‍ത്തി നടക്കാവ് പൊലിസ് സ്റ്റേഷനില്‍ വന്നതെന്നറിയാമല്ലോ. ഒരു മാധ്യമ പ്രവര്‍ത്തക നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് വിളിപ്പിച്ചിട്ട് വന്നതാണ്. സുരേഷ്ഗോപി തന്നോട് അപമാര്യാദയായി പെരുമാറി എന്നതായിരുന്നു ആ മാധ്യമ പ്രവര്‍ത്തകയുടെ പരാതി. ഒരു ദിവസം രാവിലെ മുതല്‍ ഉച്ചതിരിയും വരെ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളിലും ഓടിയത് ഈ തമാശപ്പടമാണ് എന്ന് വരുമ്പോള്‍, അതാണ് കേരളത്തിലെ ഒരു ദിവസത്തെ ഏറ്റവും വലിയ വാര്‍ത്ത എന്ന് വരുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
ഈ നിലയ്ക്കാണോ നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനം മുന്നോട്ട് പോകേണ്ടത്. ഈ നിലയ്ക്കാണോ നമ്മുടെ മാധ്യമപ്രവര്‍ത്തനം മുന്നോട്ട് പോകേണ്ടത്. ഈ നിലയ്ക്കാണോ നമ്മുടെ സ്ത്രീപക്ഷ നിലപാടുകള്‍ മുന്നോട്ട് പോകേണ്ടത്?
സുരേഷ്ഗോപിക്ക് നല്കിയതൊരു രാഷ്ട്രീയ സ്വീകരണമാണ്. അയാള്‍ ചെയ്ത പുണ്യപ്രവര്‍ത്തി ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറി എന്നതാണ്. അങ്ങനൊരു പരാതി ഉണ്ടായാല്‍ കേസെടുക്കേണ്ടത് നിയമസംവിധാനത്തിന്റെ ബാധ്യതയാണ്. ഇതിലെവിടെയാണ് രാഷ്ട്രീയ വേട്ടയാടല്‍?
സുരേഷ് ഗോപിക്കായി കരഞ്ഞും ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചും എത്തിയവരിലേറെയും സ്ത്രീകള്‍ ആയിരുന്നു എന്നൊരു ക്രൂരമായ ഫലിതം കൂടി ഈ വിഷയത്തിലുണ്ട്.
സംഘപരിവാര രാഷ്ട്രീയം എന്തെന്ത് ഹീനവും മലിനവുമായ ചുവടുകള്‍ വച്ചും കേരളത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കും എന്നതാണ് ഈ സംഭവം നല്കുന്ന പാഠം.
ഈ പരിശ്രമങ്ങള്‍ക്ക് പരമാവധി ചൂട്ട്പിടിച്ചുകൊടുക്കാന് തയ്യാറായി നില്‍ക്കുകയാണ് കേരളത്തിലെ മാധ്യമങ്ങളും എന്നതാണ് ഇതിലെ ആപല്‍ക്കരമായ പ്രമേയം.