പുരോഗമന ചിന്താഗതിയും ഉന്നതമായ മാനവിക മൂല്യങ്ങളും തുല്യതയും ഒരുമയും മുന്നോട്ടു നയിക്കുന്ന കേരളത്തിന്റെ മഹിമ കേരളപ്പിറവി ദിനത്തിലെ ‘കേരളീയം’ മഹോത്സവത്തിന്റെ ദീപ്തവാക്യമാകുമ്പോഴും നമ്മുടെ സാമൂഹികാന്തരീക്ഷത്തെ പിടിച്ചുകുലുക്കുന്ന വര്‍ഗീയവിദ്വേഷത്തിന്റെ പൊട്ടിത്തെറികള്‍ ഉത്കണ്ഠയും ആകുലതയും ഉദ്ദീപിപ്പിക്കുന്നു.
കൊച്ചിയിലെ കളമശേരിയില്‍ യഹോവാ സാക്ഷികള്‍ എന്ന വിശ്വാസിഗണത്തിന്റെ പ്രാര്‍ഥനാ കണ്വെന്ഷന് ഹാളിലുണ്ടായ സ്ഫോടനങ്ങളില്‍ രണ്ടു സ്ത്രീകളും ഒരു പെണ്‍കുട്ടിയും മരിക്കുകയും 52 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത ദാരുണ ദുരന്തം കേരളത്തെ നടുക്കി. ത്രിദിന കണ്‍വെന്‍ഷന്റെ സമാപന നാളില്‍ 2,300 പേര് പ്രാര്‍ഥനയില്‍ മുഴുകിയിരിക്കെയാണ് സ്ഫോടന പരമ്പരയുണ്ടായത്. കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഘോരകൃത്യത്തിന് വധശിക്ഷ വരെ ലഭിക്കാനിടയുള്ള കേസില്‍ താന്‍തന്നെയാണ് പ്രതി എന്ന് സംഭവം നടന്ന് അധികം വൈകാതെ ഫെയ്സ്ബുക്ക് ലൈവിലൂടെ ഡിജിറ്റല്‍ തെളിവുകള്‍ സഹിതം മലയാളത്തിലും ഹിന്ദിയിലും വ്യക്തമായി ഏറ്റുപറഞ്ഞ് ഇതേ വിശ്വാസിസമൂഹത്തിലെ ഒരു വിമതന് രംഗത്തുവരികയും തുടര്‍ന്ന് നേരിട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയും ചെയ്തത് സാമൂഹിക പ്രത്യാഘാതങ്ങളുടെ ആശങ്കകള്‍ക്ക് തെല്ല് അയവു വരുത്തിയെങ്കിലും, സ്ഫോടനാത്മകവും പ്രകോപനപരവുമായ രാഷ്ട്രീയ പ്രസ്താവനകളിലൂടെ ചില ദേശീയ നേതാക്കള്‍ കേരളത്തില്‍ വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും വികട വിക്ഷോഭമിളക്കി.
ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ദേശീയ സുരക്ഷാസേനയും (എന്‍എസ്ജി) കേരളത്തിലെ ഭീകരവിരുദ്ധ സ്ക്വാഡും രഹസ്യാന്വേഷണ വിഭാഗവും കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവും പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നതിനു മുന്‍പുതന്നെ സംഭവത്തെ ഇസ്രയേലി-ഹമാസ് സംഘര്‍ഷവുമായി ബന്ധിപ്പിച്ച് ക്രൈസ്തവ കണ്‍വെന്‍ഷനു നേരെ ജിഹാദി ഭീകരാക്രമണം എന്ന വ്യാജപ്രചാരണം നടത്താന്‍ രാജ്യം ഭരിക്കുന്ന ബിജെപിയുടെ ചില മന്ത്രിമാരും പാര്‍ട്ടി വക്താക്കളും രംഗത്തിറങ്ങിയത് ഭീതിയുടെയും ആശങ്കകളുടെയും മുള്‍മുനയില്‍ നില്ക്കുന്ന ജനങ്ങളെ ആശ്വസിപ്പിക്കാനല്ലെന്നു വ്യക്തം. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കുമ്പോള്‍ ഒരു ന്യൂനപക്ഷ വിഭാഗത്തെ വെറുതെ പിടിച്ച് പ്രതിക്കൂട്ടിലാക്കി ”മതഭീകരരോട് മൃദുസമീപനം സ്വീകരിക്കുന്ന” കേരളത്തെ ദേശീയതലത്തില്‍ അപമാനിക്കാനും സംസ്ഥാനത്തെ ഇടതുപക്ഷ ഭരണമുന്നണിയുടെയും പ്രതിപക്ഷത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ‘ന്യൂനപക്ഷ സമുദായ പ്രീണനത്തെ’ പഴിച്ച് ഹിന്ദുത്വ രാഷ്ട്രീയ അജന്‍ഡ ഉദ്ഘോഷിക്കാനുമാണ് സംഘപരിവാര്‍ വക്താക്കള്‍ ത്വരകൂട്ടി തിമിര്‍ത്തത്.
കളമശേരി സ്ഫോടനം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുക, കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക, വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്ന വിദ്വേഷപ്രചാരണം നടത്തുക തുടങ്ങി ജാമ്യം കിട്ടാത്തത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേന്ദ്ര ഇലക്ട്രോണിക്സ് – ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രിയും രാജ്യത്തെ രണ്ടു പ്രമുഖ ടെലിവിഷന്‍ ചാനല്‍ ഗ്രൂപ്പുകളുടെ ഹോള്‍ഡിങ് കമ്പനി നിക്ഷേപകനും മലയാളിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നു. ഖത്തറില്‍ സുരക്ഷിതനായി കഴിയുന്ന ഹമാസ് മുന്‍ മേധാവിയായ പലസ്തീനിയന്‍ നേതാവ് ഖാലിദ് മിശ്അല്‍ മലപ്പുറത്ത് ജമാഅത്തെ ഇസ് ലാമിയുടെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ ഓണ്‍ലൈന്‍ വീഡിയോ പ്രഭാഷണം നടത്തിയതുമായി ബന്ധപ്പെടുത്തി മന്ത്രി ചന്ദ്രശേഖര്‍ നടത്തിയ പ്രസ്താവനയെ ”വര്‍ഗീയതയുടെ കൊടുംവിഷം” എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശിച്ചത്. മതതീവ്രവാദികളോട് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയും കുറ്റപ്പെടുത്തുന്നുണ്ട്. രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും നേരെ തുടരുന്ന അതിക്രമങ്ങളെക്കുറിച്ചോ മണിപ്പുരിലെ കുക്കി ക്രൈസ്തവ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ അവിടത്തെ ബിജെപി ഭരണകൂടത്തിന്റെ ഒത്താശയോടെ ഭൂരിപക്ഷ മെയ്തെയ് വിഭാഗക്കാര്‍ നടത്തുന്ന വംശീയ ആക്രമണങ്ങളെക്കുറിച്ചോ ഒരക്ഷരം പറയാനില്ലാത്ത ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലെ വര്‍ഗീയ പ്രീണനത്തെക്കുറിച്ച് ഇത്രകണ്ട് വിലപിക്കുന്നത് എന്തുകൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ നന്നായി അറിയാം.
ശരിയാണ്, കഴിഞ്ഞ ഒക്ടോബര്‍ ഏഴാം തീയതി പുലര്‍ച്ചെ പലസ്തീനിലെ ഗാസാ മുനമ്പില്‍ നിന്ന് ആയുധധാരികളായ 2,500 ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ അതിര്‍ത്തിയിലേക്കു കടന്ന് കുട്ടികളും സ്ത്രീകളും യുവജനങ്ങളും വയോധികരും ഉള്‍പ്പെടെ 1,538 മനുഷ്യരെ – 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇരകളുടെ കൂട്ടത്തിലുണ്ടായിരുന്നു – വെടിവച്ചും കഴുത്തറുത്തും ജീവനോടെ ചുട്ടെരിച്ചും ബലാത്കാരം ചെയ്തും കൊന്നൊടുക്കുകയും 220 പേരെ ബന്ദികളാക്കി ഗാസയിലേക്ക് യുദ്ധ ട്രോഫികള്‍ പോലെ കൊണ്ടുപോവുകയും ചെയ്തതിനെ ‘ഭീകരാക്രമണം’ എന്നു വിളിക്കാന്‍ കേരളത്തിലെ ഇടത്, വലത് പക്ഷ പാര്‍ട്ടികളോ രാഷ്ട്രീയ നേതാക്കളോ മുഖ്യധാരാ മാധ്യമങ്ങളോ സാംസ്കാരിക നായകന്മാരോ ധൈര്യപ്പെടുന്നില്ല.
ഇസ്രയേലിനെ നശിപ്പിച്ച് മെഡിറ്ററേനിയന്‍ കടല്‍ മുതല്‍ ജോര്‍ദാന്‍ നദിവരെ പലസ്തീന് ഇസ് ലാമിക രാഷ്ട്രം പ്രഖ്യാപിക്കുമെന്ന് ശപഥം ചെയ്ത്, കഴിഞ്ഞ 17 കൊല്ലമായി ഇസ്രയേലും ഈജിപ്തും കരയിലും കടലിലും വ്യോമാതിര്‍ത്തിയിലും ഉപരോധം തീര്‍ത്തിട്ടും ഇറാന്, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ സ്പോണ്സര്മാരില് നിന്നു കിട്ടിയ റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും മറ്റുമായി ഇസ്രയേലി സേനയെയും അവരുടെ ബൃഹത്തായ ഇന്റലിജന്‍സ്-സര്‍വെയ്ലന്‍സ് സംവിധാനങ്ങളെയും ഓര്‍ക്കാപ്പുറത്ത് ഞെട്ടിച്ച് ഇസ്രയേലിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും ഭീകരമായ മിന്നലാക്രമണം നടത്തിയ ഹമാസ് ഇസ്രയേലി അധിനിവേശത്തിനെതിരെ പോരാടുന്ന സ്വാതന്ത്ര്യ സമര ഫിദായീനല്ലേ!
ആര്‍എസ്എസും സയണിസ്റ്റ് പ്രത്യയശാസ്ത്രവും തമ്മിലുള്ള അന്തര്ധാരകളെക്കുറിച്ചോ, ഇസ്രയേലി ഡിഫന്‍സ്, എയറോസ്പേസ്, സ്ട്രാറ്റജിക്, സോളാര്‍ പവര്‍, തുറമുഖ മേഖലകളുമായി ഗൗതം അദാനിയെ ബന്ധപ്പെടുത്തിയ സര്‍ക്കാര്‍ തല ഉടമ്പടികളെക്കുറിച്ചോ അറിയാത്തവരാകില്ല പ്രധാനമന്ത്രി മോദി, പലസ്തീന് തീവ്രവാദികള്‍ ഇസ്രയേലി സിവിലിയന്മാരെ കൂട്ടക്കുരുതി നടത്തിയതിനെ അപലപിച്ചതിനെ ഇന്ത്യയുടെ വിദേശകാര്യനയത്തിലെ വലിയ വ്യതിചലനമായി വ്യാഖ്യാനിച്ചത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിവരുന്ന പ്രത്യാക്രമണത്തില്‍ കുട്ടികളും സ്ത്രീകളും വയോധികരുമടക്കം നിരപരാധികളായ 8,525 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പലസ്തീന്‍കാരുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഇസ്രയേലിന്റെ ‘അതിരുവിട്ട’ വ്യോമാക്രമണത്തെയും ഗാസയിലെ ജനങ്ങളെ കൂട്ടത്തോടെ ശിക്ഷിക്കുന്ന യുദ്ധക്കുറ്റങ്ങളെയും മനുഷ്യരാശിക്കെതിരായ കുറ്റങ്ങളെയും അപലപിക്കുകയും വേണം. എന്നാല്‍ അല്‍ ഖുദുസിനും (ജറൂസലേം) മസ്ജിദുല്‍ അഖ്സയ്ക്കും വേണ്ടിയുള്ള ജിഹാദിന്റെ ഭാഗമായാണ് ഹമാസ് ഇസ്രയേലികളെ കൂട്ടക്കൊല ചെയ്തതെന്ന് കേരളത്തിലെ യുവജനങ്ങളെ പറഞ്ഞ് ആവേശം കൊള്ളിക്കാന്‍ ഈ ഘട്ടത്തില്‍ ഹമാസിന്റെ രാജ്യാന്തര പൊളിറ്റ്ബ്യൂറോ മേധാവിയെയോ അല്‍ ഖുദുസിനു വേണ്ടി നിലകൊള്ളുന്ന ലീഗ് ഓഫ് പാര്‍ലമെന്റേറിയന്‍സ് ഡയറക്ടര്‍ ജനറലിനെയോ ഓണ്‍ലൈന്‍ വീഡിയോ പ്രഭാഷണത്തിന് ക്ഷണിക്കുന്നത് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടവരുത്തും. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിരോധിച്ചതിന്റെ ക്രെഡിറ്റ് എന്തായാലും മോദി ഗവണ്മെന്റ് കേരളത്തിലെ സിപിഎം മുഖ്യമന്ത്രിയുമായി പങ്കുവയ്ക്കാന്‍ തയാറാവുകയില്ല.
യഹോവാ സാക്ഷികളുടെ ”രാജ്യദ്രോഹ” വിശ്വാസപ്രമാണങ്ങളോടുള്ള തന്റെ എതിര്‍പ്പിന്റെ ഭാഗമാണ് കളമശേരിയിലെ സ്ഫോടനമെന്ന് കേസില്‍ കുറ്റസമ്മതം നടത്തിയ പ്രതി പറയുന്നുണ്ട്. ഇതിന്റെ പേരില്‍ കേരളത്തിലെ ക്രൈസ്തവര്‍ ‘രാജ്യദ്രോഹ’ പ്രബോധനങ്ങള്‍ നടത്തുന്നുവെന്ന് ഭൂരിപക്ഷ ഹിന്ദുത്വ വോട്ടു സമാഹരിക്കാനായി സംഘപരിവാര്‍ പ്രചാരണം നടത്തിക്കൂടെന്നില്ല.
യഹോവാ സാക്ഷികളെ ‘ക്രൈസ്തവര്‍’ എന്നു നിര്‍വചിക്കുന്നത് അവരുടെ വിശ്വാസപ്രമാണങ്ങള്‍ക്കു വിരുദ്ധമാണെന്ന് ബിജെപി വക്താക്കള്‍ക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കണം.
ഇന്റര്‍നെറ്റിലും യുട്യൂബിലും നോക്കി ബോംബു നിര്‍മാണത്തിന്റെ സാങ്കേതികവിദ്യ പഠിച്ചു എന്ന് അവകാശപ്പെടുന്ന പ്രതി ഇത്ര സൂക്ഷ്മമായും കൃത്യതയോടെയും ഒറ്റയ്ക്ക് ഭീകരാക്രമണം നടത്തി എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. ടിഫിന്‍ ബോക്സില്‍ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ്) സ്ഫോടക സാമഗ്രികളും റിമോട്ട് കണ്‍ട്രോളുമായി ഇത്ര മാരകമായ ആക്രമണം നടത്താന്‍ ആര്‍ക്കും കഴിയുന്ന സാഹചര്യം ഭീതിജനകമാണ്. പൊലീസ് ഇന്റലിജന്‍സ്, സൈബര്‍ സെക്യുരിറ്റി, സര്‍വെയ്ലന്‍സ് തുടങ്ങി ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളില്‍ കാര്യമായ ശ്രദ്ധ പതിയേണ്ടതുണ്ട്. തനിക്കെതിരെ പഴുതടച്ച് തെളിവുകള്‍ നിരത്തി സ്വയം പ്രോസിക്യൂട്ട് ചെയ്യുന്ന ആളെ കയ്യോടെ പിടിച്ചതിനാല്‍ എല്ലാം തെളിഞ്ഞു എന്ന് ആശ്വസിക്കാന്‍ ഒരു ദേശീയ ഏജന്‍സിക്കും കഴിയില്ല. ദുരൂഹതകള്‍ക്കെല്ലാം അറുതി വരുത്തേണ്ടതുണ്ട്. സമഗ്രവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തണം.
സര്‍വകക്ഷി സമ്മേളനം വിളിച്ച മുഖ്യമന്ത്രിയും രാഷ്ട്രീയ വ്യത്യാസമില്ലാതെ സമുദായ സൗഹാര്‍ദവും സമാധാനവും എല്ലാനിലയിലും ശക്തിപ്പെടുത്തുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച പ്രതിപക്ഷവും സാമുദായിക നേതൃത്വവും കേരളത്തിലെ മനുഷ്യസ്നേഹികളുടെ ഐക്യദാര്‍ഢ്യത്തിന് മാര്‍ഗദര്‍ശികളാണ്.
ആശയപരമായ ഭിന്നതകള്‍ തീര്‍ക്കാന്‍ ബോംബും ആയുധങ്ങളുമായി ആള്‍ക്കൂട്ടത്തിനു നേരെ തിരിയുന്നവരെയും മതഭ്രാന്തിന്റെ പേരില്‍ വര്‍ഗീയ വിഷം ഇളക്കിവിടുന്നതിന് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് ദുരുപയോഗം ചെയ്യുന്നവരെയും തിരിച്ചറിയാനുള്ള വിവേകമാണ് മലയാളിക്ക് ഇന്ന് അത്യന്താപേക്ഷിതമായ അതിജീവന മന്ത്രം.