എറണാകുളം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഉടനീളം സഞ്ചരിച്ച് റോമന്‍ കത്തോലിക്ക വിശ്വാസസമൂഹത്തിന് ഊടുംപാവും നല്കിയ ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലന് വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ ദിനമായ ഡിസംബര്‍ മൂന്നിന് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ആഭിമുഖ്യത്തില്‍ ലത്തീന്‍ കത്തോലിക്കാദിനം ആചരിക്കും.
ലത്തീന്‍ കത്തോലിക്കാദിനാചരണത്തിന്റെ സംസ്ഥാനതല പൊതുപരിപാടി വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് ഞായറാഴ്ച മൂന്നുമണിക്ക് എറണാകുളം ഹൈക്കോര്‍ട്ട് ജങ്ഷനിലുള്ള ഇന്‍ഫന്റ് ജീസസ് പള്ളി ഓഡിറ്റോറിയത്തില്‍ നടത്തും. 2023-ലെ കെആര്‍എല്‍സിസി അവാര്‍ഡുകള്‍ ഈ സമ്മേളനത്തില്‍ വിതരണം ചെയ്യും.
ലത്തീന്‍ കത്തോലിക്ക ദിനാചരണ പരിപാടികളുടെ ഭാഗമായി നവംബര്‍ നാലു മുതല്‍ ഡിസംബര്‍ 17 വരെ കേരളത്തിലെ എല്ലാ രൂപതകളിലും ‘ജനജാഗരം’ എന്ന ബോധന പരിപാടിക്ക് കെആര്‍എല്‍സിസി രൂപം നല്‍കിയിട്ടുണ്ട്. ‘പ്രാതിനിധ്യവും പങ്കാളിത്തവും അധികാരത്തിലും ഉദ്യോഗത്തിലും’ എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. ലത്തീന്‍ സമൂഹത്തിന്റെ ശക്തികരണത്തിനായി ലത്തീന്‍ ജനതയെ ജാഗരൂകരാക്കുകയാണ് ലക്ഷ്യം. സമുദായശക്തിയുടെ ഏകോപനത്തിനും ശക്തികരണത്തിനും തടസ്സമായി നില്ക്കുന്ന ഘടകങ്ങള്‍ കണ്ടെത്തുകയും അവയെ മറികടക്കാനുള്ള വഴികള്‍ തേടുകയും ചെയ്യുന്നതോടൊപ്പം ഓരോ രൂപതയിലെയും ജനസമൂഹത്തിന്റെ ജീവല്‍പ്രശ്നങ്ങളും ജനജാഗരം ചര്‍ച്ച ചെയ്യും.
കോഴിക്കോട് രൂപതയില്‍ നവംബര്‍ നാലിനും സുല്‍ത്താന്‍പേട്ടില്‍ നവംബര്‍ 11നും വിജയപുരത്തും കണ്ണൂരും നവംബര്‍ 19നും കൊച്ചിയില്‍ നവംബര്‍ 25നും കോട്ടപ്പുറത്ത് നവംബര്‍ 26നും ആലപ്പുഴയിലും വരാപ്പുഴ അതിരൂപതയിലും ഡിസംബര്‍ മൂന്നിനും പുനലൂരില്‍ ഡിസംബര്‍ ഒന്‍പതിനും കൊല്ലത്ത് ഡിസംബര്‍ പത്തിനും നെയ്യാറ്റിന്‍കരയില്‍ ഡിസംബര്‍ 16നും തിരുവനന്തപുരം അതിരൂപതയില്‍ ഡിസംബര്‍ 17നുമാണ് ജനജാഗരം സംഘടിപ്പിക്കുന്നത്. ഷാജി ജോര്‍ജ്, അഡ്വ. ഷെറി ജെ. തോമസ്, ജോയി ഗോതുരുത്ത്, ഫാ. ഷാജ്കുമാര്‍, ഫാ. ജിജു ജോര്‍ജ് അറക്കത്തറ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തും.
ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി രൂപതയില്‍ സംഘടിപ്പിക്കപ്പെടുന്ന ജനജാഗരം വിജയിപ്പിക്കുന്നതിന് സര്‍വരുടെയും ആത്മാര്‍ത്ഥമായ പങ്കാളിത്തവും സഹകരണവും ഉണ്ടാകണമെന്നും ലത്തീന്‍ കത്തോലിക്കരെ ബാധിക്കുന്ന പൊതുവായ വിഷയങ്ങള്‍ക്കൊപ്പം ഓരോ രൂപതയിലെയും ജനസമൂഹത്തിന്റെ ജീവല്‍പ്രശ്നങ്ങളും ജനജാഗരം ചര്‍ച്ച ചെയ്യണമെന്നും കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കെആര്‍എല്‍സിബിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ക്രിസ്തുദാസ് ആര് എന്നിവര്‍ സംയുക്ത സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
കെആര്‍എല്‍സിസിയുടെ വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കേണ്ടത് ലത്തീന്‍ കത്തോലിക്കരായ നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്. ലത്തീന്‍ കത്തോലിക്കാദിനം എല്ലാ തലങ്ങളിലും സമുചിതമായി ആചരിക്കണം. ലത്തീന്‍ കത്തോലിക്കാ ദിനാചരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ മൂന്നിന് ഞായറാഴ്ച ദിവ്യബലിക്കു ശേഷം എല്ലാ ഇടവകകളിലും കെആര്‍എല്‍സിസി പതാക ഉയര്‍ത്തേണ്ടതാണ്. ജനജാഗരത്തിന്റെ മുന്നേറ്റത്തിനായി നല്കപ്പെട്ടിരിക്കുന്ന പഠനരേഖ അന്നേദിവസം സാധ്യമാകുന്ന എല്ലാ വേദികളിലും പഠനവിധേയമാക്കണം. ഡിസംബര്‍ മൂന്നിലെ സ്തോത്രക്കാഴ്ച എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സമാഹരിച്ച് ജനുവരി 31ന് അകം രൂപതകേന്ദ്രങ്ങള് വഴി കെആര്‍എല്‍സിസി ഓഫീസിലേക്ക് അയക്കണമെന്നും സര്‍ക്കുലറില്‍ അഭ്യര്‍ത്ഥിച്ചു.