വൈക്കത്തെ ബസ്സ്റ്റാന്‍ഡിന്റെ പേര് ദളവാക്കുളം ബസ്സ്റ്റാന്‍ഡ് എന്നാണ്. ഈ പേരിനു പിന്നില്‍ വേലുത്തമ്പി ദളവയുടെ ഒരു കൊടുംക്രൂരതയുടെ കഥയുണ്ട്. വൈക്കം സത്യഗ്രഹത്തിന് 100 വര്‍ഷം മുന്‍പു നടന്ന ദാരുണ സംഭവത്തിന്റെ മുറിവുകളില്‍ നിന്നാണ് അയിത്തോച്ചാടനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ വൈക്കം ഒരു പ്രധാന കേന്ദ്രമായി മാറുന്നത്. വൈക്കം മഹാദേവക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലൂടെ സഞ്ചരിക്കാന്‍ അയിത്തം കല്പിച്ച് മാറ്റിനിര്‍ത്തപ്പെട്ട ഈഴവരാദി അവര്‍ണ്ണ ജനവിഭാഗത്തിന് അവകാശം ഉണ്ടായിരുന്നില്ല. വൈക്കം ക്ഷേത്രനഗരിയുടെ ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിലെ ഇരുനൂറോളം ഈഴവ യുവാക്കള്‍ ജാതിവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിച്ചേര്‍ന്നു. ഇതു സംബന്ധിച്ച് മുന്‍കൂട്ടി അറിവു കിട്ടിയ വേലുത്തമ്പി ദളവ, അവരെ തടയാന്‍ കുതിരപ്പടയാളികളെ നിയോഗിച്ചു. പടയാളികള്‍ യുവാക്കളെ നിര്‍ദാക്ഷിണ്യം വെട്ടിക്കൊലപ്പെടുത്തി ക്ഷേത്രത്തിനു സമീപമുള്ള കുളത്തിലിട്ട് മൂടി. ഈ കുളം പിന്നീട് ദളവാക്കുളം എന്നറിയപ്പെട്ടു.
കെ. കേളപ്പന്, കെ.പി. കേശവമേനോന്, കുറൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാട്, മന്നത്ത് പത്മനാഭന്, കണ്ണട വേലായുധമേനോന്‍, ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്, ടി.ആര്. കൃഷ്ണസ്വാമി അയ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വൈക്കം സത്യഗ്രഹ സമരം ആരംഭിച്ചത്. ‘അവര്‍ണര്‍ക്കു പ്രവേശനമില്ല’ എന്നെഴുതിവച്ച പലകയുടെ പരിധി ലംഘിച്ച് മൂന്നുപേര്‍ വീതം പൊതുവഴിയിലൂടെ സഞ്ചരിക്കുന്നതായിരുന്നു സത്യഗ്രഹികളുടെ ദൗത്യം. കുഞ്ഞാപ്പി എന്ന പുലയ യുവാവും ബാഹുലേയന് എന്ന ഈഴവ യുവാവും ഗോവിന്ദപ്പണിക്കര്‍ എന്ന നായരും ആയിരുന്നു ആദ്യ ദിവസത്തെ സത്യഗ്രഹികള്‍. നിയമലംഘനം നടത്തിയ അവരെ അറസ്റ്റ് ചെയ്ത് ആറുമാസത്തെ തടവിനു വിധിച്ചു. തേവന് എന്ന പുലയ യുവാവിന് ഒപ്പം കേശവമേനോനും ടി.കെ മാധവനും അറസ്റ്റ് വരിച്ചു. ആറുമാസത്തെ തടവിന് അവരും ശിക്ഷിക്കപ്പെട്ടു. സമരത്തില്‍ പങ്കെടുത്ത നേതാക്കളെല്ലാം ജയിലിലായ സന്ദര്‍ഭത്തിലാണ് പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ 17 പേരടങ്ങുന്ന സംഘത്തെ നയിച്ചുകൊണ്ട് തമിഴ്നാട്ടില്‍ നിന്ന് വൈക്കത്തെത്തിയത്. അതാകട്ടെ ഇവിടെ നിന്നുള്ള ക്ഷണപ്രകാരവും. അക്കാലത്ത് തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു പെരിയാര്‍, ഉജ്വല പ്രഭാഷകനും. പഞ്ചാബില്‍ നിന്ന് അകാലികളുടെ ഒരു സംഘവും വൈക്കത്ത് എത്തിയതിനെ കുറിച്ച് നമ്മള് വായിച്ചിട്ടുണ്ട്. അവരാണ് സത്യഗ്രഹ ആശ്രമത്തില്‍ സൗജന്യ ഭക്ഷണശാല തുറന്നത്. അവരെ കുറിച്ചുള്ള കഥകളും, പ്രത്യേകിച്ച് ചപ്പാത്തിയും, പ്രസിദ്ധമാണല്ലോ?
അറസ്റ്റും മര്‍ദ്ദനവും ജയില്‍വാസവും വൈക്കം സമരത്തിന്റെ ചരിത്രത്തിലുണ്ട്. സവര്‍ണ്ണ മേധാവികളുടെ ആജ്ഞാനുവര്‍ത്തികള്‍ സന്നദ്ധപ്രവര്‍ത്തകരെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കു വിധേയരാക്കി. സമരഭടരായ രാമനിലയത്തിനെയും ആമച്ചാടി തേവനെയും അവര്‍ ബലമായി പിടിച്ചുനിര്‍ത്തി കണ്ണില്‍ ചുണ്ണാമ്പ് എഴുതി. ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ ചിറ്റേടത്ത് ശങ്കുപ്പിള്ള ആദ്യ രക്തസാക്ഷിയായി. സത്യഗ്രഹ സമരത്തില്‍ നിന്ന് അന്യമതസ്ഥര്‍ പിന്‍വാങ്ങണം എന്ന ഗാന്ധിജിയുടെ നിര്‍ദേശമനുസരിച്ച് ഹിന്ദുമത വിശ്വാസികള്‍ അല്ലാത്തവരെല്ലാം സമരമുഖത്തുനിന്ന് ഒഴിഞ്ഞുനിന്നു. ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കെതിരെ ഹിന്ദുക്കള്‍തന്നെ രംഗത്തിറങ്ങണം എന്നായിരുന്നു ഗാന്ധിയുടെ കാഴ്ചപ്പാട്.
1924 ഒക്ടോബറില്‍ ശ്രീനാരായണഗുരു സത്യഗ്രഹാശ്രമത്തില്‍ എത്തി. സമരക്കാര്‍ക്ക് പിന്തുണയും സാമ്പത്തിക സഹായവും അദ്ദേഹം നല്കി. നവംബര്‍ ഒന്നിന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തേക്ക് സവര്‍ണ്ണജാഥ പുറപ്പെട്ടു. അത് സമരത്തിനു മറ്റൊരു മുഖം നല്കി. ശുചീന്ദ്രത്തു നിന്ന് എമ്പെരുമാള്‍ നായിഡു, ശിവതാണുപിള്ള എന്നിവരുടെ നേതൃത്തില്‍ മറ്റൊരു ജാഥയും പുറപ്പെട്ടു. ആയിരക്കണക്കിന് ജാഥാംഗങ്ങളും ഒപ്പുവച്ച ഭീമഹര്‍ജിയും നിവേദനവും റീജന്റ് മഹാറാണി സേതുലക്ഷ്മി ബായിക്ക് സമര്‍പ്പിച്ചു.
1925 മാര്‍ച്ച് 10ന് ഗാന്ധിജി വൈക്കത്ത് എത്തി. ബോട്ടുജെട്ടിയില്‍ നടന്ന സമ്മേളനത്തില്‍ ഇരുപതിനായിരത്തോളം ജനങ്ങള്‍ പങ്കെടുത്തു. സവര്‍ണ്ണ മേധാവിയായ ഇണ്ടംതുരുത്തി മനയിലെ ദേവന് നീലകണ്ഠന് നമ്പൂതിരിയുമായി ഗാന്ധിജി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയ ഗാന്ധിജിക്ക് എതിരെ പോലും അയിത്തത്തിന്റെ വേലിക്കെട്ടുകള്‍ സ്ഥാപിക്കപ്പെട്ടു.
അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ശക്തമായ സമരങ്ങളില്‍ ഒന്നായ വൈക്കം സത്യഗ്രഹ സമരം 1925 നവംബര്‍ 23ന് ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം പിന്‍വലിച്ചു. വൈകാതെ വൈക്കം ക്ഷേത്രവീഥികള്‍ അവര്‍ണ്ണ ജനവിഭാഗങ്ങള്‍ക്കായി തുറക്കപ്പെട്ടു. നവോത്ഥാന മുന്നേറ്റത്തിലെ വീരകഥയായി വൈക്കം സത്യഗ്രഹ സമരം മാറി.
വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ തീര്‍ച്ചയായും നമ്മള് വായിച്ചിരിക്കേണ്ട പുസ്തകമാണ് പഴ. അതിയമാന്‍ രചിച്ച ‘വൈക്കം സത്യഗ്രഹം’. തമിഴ്നാട് സ്വദേശിയായ അതിയമാന്‍ എഴുത്തുകാരന്, ഗവേഷകന് എന്നീ നിലകളില്‍ പ്രശസ്തനാണ്.
നിലവിലുള്ള വൈക്കം സത്യഗ്രഹ ചരിത്രങ്ങളില്‍ നിന്ന് തികച്ചും ഭിന്നമായ ഒരു രീതിശാസ്ത്രമുപയോഗിച്ച് രചിച്ച ഗ്രന്ഥമാണിത്.
1924 – 25 കാലഘട്ടത്തില്‍ വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്ന പത്രമാസികകളും സര്‍ക്കാര്‍രേഖകളും പില്ക്കാല സാഹിത്യ ചരിത്രകൃതികളും കണ്ടെത്തി അതില്‍ നിന്ന് വൈക്കം സത്യഗ്രഹത്തിന്റെ നാള്‍വഴി ചരിത്രം വരച്ചെടുക്കുന്ന വിശിഷ്ട ഗ്രന്ഥം.
വൈക്കം സത്യഗ്രഹത്തിന് തമിഴകം നല്കിയ സംഭാവന വിലയിരുത്തുകയാണ് പുസ്തകത്തിന്റെ പ്രധാന ലക്ഷ്യം. വൈക്കം സത്യഗ്രഹത്തിന് തുടക്കം മുതല്‍ പെരിയാറിന്റെ അധ്യക്ഷതയില്‍ നടന്ന വിജയാഹ്ലാദ ദിനാഘോഷം വരെയുള്ള സംഭവവികാസങ്ങള്‍ ഒന്നാം ഭാഗത്തുണ്ട്.
വൈക്കം സത്യഗ്രഹത്തിലേക്ക് നയിച്ച സംഭവവികാസങ്ങളും വൈക്കം സത്യഗ്രഹത്തിന്റെ മൂലകാരണമായ ടി.കെ മാധവന്റെ സംഭാവനകളും വിലയിരുത്തുന്നതാണ് രണ്ടാം ഭാഗം. മൂന്നാം ഭാഗത്ത് കൃത്യമായ വസ്തുതകള്‍ നിരത്തി ഗാന്ധിജിയുടെ സംഭാവനകള്‍ നിരത്തുന്നു.
വൈക്കം എന്നു കേള്‍ക്കുമ്പോള്‍ തമിഴരുടെ സ്മൃതിപഥത്തില്‍ എത്തുന്നത് പെരിയാറിന്റെ രൂപമാണ്. സത്യഗ്രഹത്തില്‍ പങ്കെടുത്ത് മലയാളികള്‍ക്കാര്‍ക്കും രണ്ടുതവണ ജയില്വാസമനുഭവിക്കേണ്ടിവന്നിട്ടില്ല. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്ത് രണ്ടുതവണ ജയില്‍വാസം അനുഭവിച്ച ഏകവ്യക്തി പെരിയാര്‍ രാമസ്വാമി നായ്ക്കരാണ്. ആദ്യം ഒരു മാസത്തെ വെറും തടവ് ലഭിച്ച അദ്ദേഹത്തിന് രണ്ടാം പ്രാവശ്യം ആറുമാസത്തെ കഠിനതടവാണ് ലഭിച്ചത്. മറ്റുള്ള സത്യഗ്രഹികള്‍ക്ക് ലഭിച്ച രാഷ്ട്രീയ തടവുകാരന് എന്ന ആനുകൂല്യവും പെരിയാറിന് ലഭിച്ചില്ല. കേശവമേനോനും രാജാജിയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പെരിയാറിനെ കഠിന തടവില്‍ നിന്ന് മോചിപ്പിച്ചില്ല. കാലില്‍ ചങ്ങലയും കഴുത്തില്‍ മരക്കഷണം കൊണ്ടുള്ള മാലയും അണിയിച്ച് കൊലപ്പുള്ളികളോടൊപ്പം അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന് തൊഴിലും ചെയ്യേണ്ടിവന്നു. വൈക്കം സത്യഗ്രഹത്തിനുവേണ്ടി പെരിയാര്‍ ജയിലില്‍ 74 ദിവസവും പുറത്ത് 67 ദിവസവും ഉള്‍പ്പെടെ 141 ദിവസം ചെലവഴിച്ചു. ഇവയെല്ലാം വിവരിക്കുന്നതാണ് പുസ്തകത്തിന്റെ നാലാം ഭാഗം. ചരിത്ര പുസ്തകങ്ങളും പില്ക്കാല സാഹിത്യകൃതികളും വൈക്കം സത്യഗ്രഹത്തെ എങ്ങനെ സമീപിച്ചു എന്ന കാര്യം അഞ്ചാം ഭാഗം വിലയിരുത്തുന്നു.
പുസ്തകത്തിന്റെ അനുബന്ധമായി വൈക്കം സത്യഗ്രഹത്തിന്റെ സുപ്രധാന സംഭവങ്ങള്‍ നടന്ന കാലം, പ്രധാന നേതാക്കളുടെ ചിത്രങ്ങള്‍, ഗാന്ധിജിയുടെ അഭിമുഖങ്ങള്‍, പെരിയാറിന്റെ പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, രാജാജിയുടെയും ശ്രീനിവാസ് അയ്യങ്കാരുടെയും പ്രസ്താവനകള്‍, തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാക്കന്മാരുടെ പേരുവിവരം, തിരുവിതാംകൂറിലെ ജാതിവ്യവസ്ഥ, അവിടത്തെ പൊലീസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ വിവരങ്ങളും ചേര്‍ത്തിട്ടുണ്ട്.
1925 നവംബര്‍ 20ലെ പെരിയാറിന്റെ വിജയാഹ്ലാദദിന പ്രഭാഷണത്തിലെ ആദ്യ വാചകങ്ങള്‍ ഇങ്ങനെയാണ്:
”ബഹുമാനപ്പെട്ട അധ്യക്ഷന്‍, പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ,
സത്യഗ്രഹം ആരംഭിച്ചപ്പോള്‍ ബ്രാഹ്മണപക്ഷപാതികളായിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ബ്രാഹ്മണരെ ഉപേക്ഷിച്ച് സത്യഗ്രഹികളുമായി കൈകോര്‍ത്തിരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഈ മാറ്റം സത്യഗ്രഹനേതാക്കളായ ഞങ്ങളെപ്പോലും അദ്ഭുതപ്പെടുത്തുന്ന പ്രവൃത്തിയാണ്. സത്യഗ്രഹത്തിനിടയില്‍ അനുഭവിക്കേണ്ടിവന്ന എല്ലാ എതിര്‍പ്പുകളും അതിക്രമങ്ങളും ക്ഷമയോടുകൂടി സ്വീകരിച്ചതിനാലാണ് ഇത്തരത്തില്‍ ഒരു വിജയം നേടാന്‍ സാധിച്ചത്. ബലപ്രയോഗത്തിന്റെയോ കോപത്തിന്റെയോ അപവാദപ്രചരണത്തിന്റെയോ പാത സ്വീകരിച്ചിരുന്നുവെങ്കില്‍ നമുക്ക് ഇത്തരത്തില്‍ ഒരു വിജയം നേടാന്‍ കഴിയില്ലായിരുന്നു. കേവലം നായ്ക്കളും പന്നിയും വിഹരിക്കുന്ന പാതയിലൂടെ നടക്കാനുള്ള അവകാശം നേടലായിരുന്നില്ല സത്യഗ്രഹത്തിന്റെ പരമമായ ലക്ഷ്യം. മറിച്ച് ജാതിമതാതീതമായ മാനവസമത്വമാണ് സത്യഗ്രഹത്തിന്റെ പരമമായ ലക്ഷ്യം. ഈ തെരുവില്‍ പ്രവേശനം ലഭിച്ചതുകൊണ്ടു മാത്രം സത്യഗ്രഹം അവസാനിക്കുന്നില്ല. തെരുവില്‍ ലഭിച്ച സമത്വം അമ്പലത്തിനുള്ളിലേക്കും വ്യാപിപ്പിക്കലാണ് നമ്മുടെ അടുത്ത ലക്ഷ്യം.”