പ്രശസ്ത വയലിനിസ്റ്റും സംഗീതാധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന സെബാസ്റ്റ്യന്‍ ലൂയിസ് ഒക്ടോബര്‍ 17നു ലോകത്തോട് വിട പറഞ്ഞു. ലൂയിസ് മാസ്റ്റര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എറണാകുളം ജില്ലയിലെ ഏലൂരില്‍ വടശേരി കുടുംബത്തില്‍ ജനിച്ച ലൂയിസ് മാസ്റ്റര്‍ കുട്ടിക്കാലത്തു തന്നെ വയലിന് പഠിക്കുകയും അതിപ്രശസ്തരോടൊപ്പം വേദികള്‍ പങ്കിടുകയും ചെയ്തു. ബുള്‍ബുള്‍ എന്ന തന്ത്രിവാദ്യത്തില്‍ പാട്ടുകള്‍ വായിക്കുന്നതില്‍ അതിപ്രഗത്ഭനായിരുന്നു അദ്ദേഹം.
കളമശേരി പോളിടെക്നികില്‍ പഠിച്ച് അവിടെത്തന്നെ അധ്യാപകനായി ദീര്‍ഘകാലം സേവനം ചെയ്യാന്‍ ലൂയിസ് മാസ്റ്റര്‍ക്ക് സാധിച്ചു. പഠിക്കുന്ന കാലത്തു തന്നെ ഗാനമേളസംഘങ്ങള് രൂപീകരിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്കി. ഏലൂര്‍-കളമശേരി മേഖലയിലെ വിവിധ വിഭാഗങ്ങളുടെ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ലൂയിസ് മാസ്റ്റര്‍ നെടുംതൂണായി നിലകൊണ്ടു.
ഇടവകയിലെ ഗായകസംഘത്തെ പുതിയ പാട്ടുകള്‍ പരിശീലിപ്പിക്കാനും സംഘത്തിന് നേതൃത്വം നല്‍കാനും അദ്ദേഹം എന്നും സമയം കണ്ടെത്തിയിരുന്നു. നാട്ടിലെ നാടകങ്ങള്‍ക്കായി സഹോദരന് ജോയ് വടശേരി എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്കി നാടകസംഗീതരംഗത്തേക്കു പ്രവേശിച്ച ലൂയിസ് മാസ്റ്റര്‍ പിന്നീട് നാടകാചാര്യന്മായിരുന്ന എന്‍.എന്‍. പിള്ള, തിലകന് എന്നിവരോടൊപ്പവും പ്രവര്‍ത്തിച്ചു.
ഏലൂരില്‍ സംഗീതഭവന്‍ എന്ന പേരില്‍ മികച്ചരീതിയില്‍ അനേകവര്‍ഷം പ്രവര്‍ത്തിച്ചിരുന്ന ഗാനമേളസംഘത്തിനു രൂപം നല്‍കിയത് ലൂയിസ് മാസ്റ്റര്‍ ആയിരുന്നു. പിന്നീട് കൊച്ചിന് സാക്സ് എന്ന സംഗീതസംഘത്തിന്റെ തുടക്കത്തിനും ലൂയിസ് മാസ്റ്റര്‍ മുന്നിലുണ്ടായിരുന്നു.
കലാകാരന് എന്നതിനപ്പുറം ഒരു പൊതുപ്രവര്‍ത്തകനായാണ് ഏലൂരിലെ ജനങ്ങള്‍ അദ്ദേഹത്തെ കണ്ടിരുന്നത്. 1990 ല്‍ ഏലൂര്‍ സോഷ്യല്‍ സര്‍വീസ് ഫോറം എന്ന സംഘടന ആരംഭിച്ചത് മുതല്‍ മുപ്പതു വര്‍ഷക്കാലം സെക്രട്ടറിയായി ലൂയിസ് മാസ്റ്റര്‍ സേവനം ചെയ്തു. അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികള്‍ക്ക് സമ്പൂര്‍ണ്ണ പഠന സാമഗ്രികള്‍ നല്കുന്ന പദ്ധതി ആരംഭിച്ചത് നാലു ഡിവിഷനുകളില്‍ നിന്നുള്ള കുട്ടികള്‍ക്കായി മാത്രമായിരുന്നെങ്കിലും ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ 31ഡിഷനുകളിലെയും കുട്ടികള്‍ക്ക് ലഭ്യമാകുന്ന തലത്തിലേക്ക് പദ്ധതി വളര്‍ന്നു.
മെഡിക്കല്‍ ക്യാമ്പുകള്‍, ഭവനനിര്‍മ്മാണ സഹായം, രോഗികള്‍ക്കുള്ള ധനസഹായവിതരണം തുടങ്ങിയ പല പദ്ധതികളും ലൂയിസ് മാസ്റ്ററുടെ നേതൃത്വത്തില്‍ ഫോറം നടത്തി. സ്വന്തം വീട്ടുമുറ്റത്തു വയോജനങ്ങള്‍ക്കായി സ്ഥിരം സംഗമവേദി ഒരുക്കാനും അദ്ദേഹം തയ്യാറായി. അവര്‍ക്കായി വിനോദയാത്രകള്‍ സംഘടിപ്പിച്ചു. കലാപരിപാടികള്‍ നടത്തി.
വയോജനങ്ങള്‍ക്കായി വലിയ പരിപാടികളും പദ്ധതികളും നടത്തണമെന്ന സ്വപ്ന ബാക്കി വച്ചാണ് അദ്ദേഹം യാത്രയായത്.
സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന, പ്രകാശിപ്പിക്കുന്ന ഇത് പോലെയുള്ള കുറച്ചു മനുഷ്യര്‍ ഇവിടെ ഇനിയും ഉണ്ടാകേണ്ടതുണ്ട്.