ലോകകപ്പ് ക്രിക്കറ്റിന്റെ ജ്വരത്തിലാണ് ക്രിക്കറ്റു പ്രേമികളിപ്പോള്‍. യേശുവിന്റെ സന്ദേശം മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ ക്രിക്കറ്റിനെ മാര്‍ഗമാക്കിയ ഫ്രാന്‍സിസ്കന്‍ സന്ന്യാസി ഫാ. ടോം ജോണ്‍ ഒഎഫ്എം പാലാ മുത്തോലി സ്വദേശിയാണ്. അത്യപൂര്‍വ തപാല്‍ സ്റ്റാമ്പ് ശേഖരിക്കുന്ന ഫിലാറ്റലിസ്റ്റ് കൂടിയായ അദ്ദേഹത്തിന്റെ വിപുലമായ ശേഖരത്തില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട 1,200 സ്റ്റാമ്പുകളുണ്ട്. വടക്കേ ഇന്ത്യയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം തന്റെ നാല്പതാം വയസിലാണ് പൗരോഹിത്യം സ്വീകരിക്കുന്നത്. ഇപ്പോള്‍ വയനാട്ടിലെ ചൂണ്ടേലില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതിമിത്ര ആശ്രമത്തിലാണ് സേവനം ചെയ്യുന്നത്. നവംബര്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ലോകകപ്പ് 2023 ഫൈനല്‍ മത്സരം കാണാന്‍ ഫാ. ടോമും ഉണ്ടാകും.
1983
സ്കൂള്‍, കോളജ് പഠനകാലത്ത് സ്പോര്‍ട്സിലൊക്കെ താല്പര്യമുണ്ടായിരുന്നു. വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍, ഫുട്ബോള്‍ തുടങ്ങിയതെല്ലാം കളിച്ചിരുന്നു. ക്രിക്കറ്റിനെ കുറിച്ച് കാര്യമായ അറിവൊന്നുമുണ്ടായിരുന്നില്ല. ചലച്ചിത്ര ഗാനങ്ങള്‍ കട്ട് ചെയ്ത് ആകാശവാണിയില്‍ ഹിന്ദി ക്രിക്കറ്റ് കമന്ററി വരുമ്പോള്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നീട് ഉപരിപഠനത്തിനായി വടക്കേഇന്ത്യയില്‍ പോയപ്പോഴാണ് ക്രിക്കറ്റ് കളികള്‍ കാണുന്നതും അതില്‍ താല്പര്യം ജനിക്കുന്നതും. 1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയതോടെയാണല്ലോ ക്രിക്കറ്റ് ഇന്ത്യയിലെല്ലായിടത്തും ജ്വരമായി പടര്‍ന്നുകയറിയത്. ഞാനും അതിന്റെ ഭാഗമായി. പിന്നീട് ക്രിക്കറ്റ് പഠിക്കുകയും കളിക്കുകയും പഠിപ്പിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു ഞാന്‍. കപില്‍ദേവ്, ശ്രീകാന്ത്, അസ്ഹറുദ്ദീന് തുടങ്ങിയവരായിരുന്നു അന്നത്തെ പ്രചോദകര്‍.
സ്റ്റാമ്പും സ്റ്റമ്പും
പന്ത്രണ്ടാം വയസില്‍ തീപ്പെട്ടി ചിത്രങ്ങള്‍ ശേഖരിച്ചതാണ് സ്റ്റാമ്പ് കളക്ഷന്റെ ആദ്യപടിയായത്. സ്റ്റാമ്പ് കളക്ഷന്‍ തുടങ്ങി കുറച്ചായപ്പോള്‍ രാജ്യങ്ങള്‍ അടിസ്ഥാനമാക്കി വേര്‍തിരിച്ച് സ്റ്റാമ്പുകള്‍ ശേഖരിക്കാന്‍ തുടങ്ങി. ഏകദേശം നാലായിരം സ്റ്റാമ്പായപ്പോള്‍ വിഷയങ്ങള്‍ അടിസ്ഥാനമാക്കി മാറ്റി. മതം, കല, കെട്ടിടങ്ങള്‍, കായികം എന്നിങ്ങനെ 270ല്‍ അധികം തീം കളക്ഷനാണ് ഇപ്പോഴുള്ളത്. അരലക്ഷത്തിലേറെ സാറ്റാമ്പുകളുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ മൂല്യമിതിനുണ്ട്. കായികത്തില്‍ തന്നെ ക്രിക്കറ്റ് പ്രത്യേക വിഷയമായെടുത്ത് കളക്ഷന്‍ തുടങ്ങി. ക്രിക്കറ്റ് കളിക്കാത്ത രാഷ്ട്രങ്ങളില്‍ പോലും ക്രിക്കറ്റിന്റെ സ്റ്റാമ്പ് ഇറങ്ങിയിട്ടുണ്ട്. ക്രിസ്മസുമായി ബന്ധപ്പെട്ട് 1,600 സ്റ്റാമ്പുകള്‍ അച്ചന്റെ ശേഖരത്തിലുണ്ട്. കോഴിക്കോട് ചിപ്പിത്തോട്ട് ഫ്രാന്‍സിസ്കന്‍ ഇടവക പള്ളിയോടനുബന്ധിച്ച് ഒരു സ്റ്റാമ്പ് മ്യൂസിയം തുടങ്ങാനുള്ള ശ്രമത്തിലാണിപ്പോള്‍.
അച്ചന് കണ്ട ലോകകപ്പുകള്‍
പല പ്രമുഖ ക്രിക്കറ്റ് മത്സരങ്ങളും കണ്ടിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന 2011ലെ ലോകകപ്പാണ് ആദ്യമായി കാണുന്ന ലോകകപ്പ് മത്സരങ്ങള്‍. അതിലെ രണ്ടു കളികളാണ് കണ്ടത്. 22 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ലോകകപ്പ് നേടിയത് ആ വര്‍ഷമാണ്. ധോണിയുടെ ഉജ്വലപ്രകടനമായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ക്രിക്കറ്റ് ആരാധകനായ വൈദികനെന്ന നിലയില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ എന്റെ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചത് ആയിടെയാണ്. അതില്‍ ഞാന്‍ ധോണിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഭാഗ്യവശാല്‍ ധോണി അതു കാണുകയും എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു. ഞാന്‍ അദ്ദേഹത്തെ റാഞ്ചിയിലുള്ള വീട്ടില്‍ പോയി കണ്ടു. അരമണിക്കൂറോളം സംസാരിച്ചു. എന്റെ സ്റ്റാമ്പ് കളക്ഷന്‍ ആല്‍ബം അദ്ദേഹം ഒപ്പിട്ടുതന്നു. അത് ക്രിസ്മസ് സമയമായിരുന്നതിനാല്‍ ഞാന്‍ ചില ക്രിസ്മസ് സമ്മാനങ്ങള്‍ അദ്ദേഹത്തിനും നല്കി. 2015ല്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന ലോകകപ്പ് കാണാന്‍ ഞാന്‍ വരുമെന്നും അവിടെ വച്ച് കാണാമെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍, നാലു വര്‍ഷം കഴിഞ്ഞു നടക്കുന്ന കാര്യമല്ലേ, ഞാനപ്പോള്‍ ടീമിലുണ്ടാകുമോ എന്ന കാര്യം പോലും പറയാന്‍ പറ്റില്ല എന്നു ധോണി പറഞ്ഞു. ഉറപ്പായും താങ്കള്‍ ടീമിലുണ്ടാകുമെന്നും നമുക്കവിടെ കാണാമെന്നും ഞാന്‍ പറഞ്ഞു. അതുപോലെതന്നെ 2015 ലോകകപ്പിലും ധോണി പങ്കെടുത്തു. ഞാനും ലോകകപ്പ് കാണാന്‍ പോയി. 17 കളികള്‍ കണ്ടു. 2015ല്‍ ഇന്ത്യ സെമിഫൈനലില്‍ പുറത്തായത് വലിയ വിഷമമായി. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പും കണ്ടു. സെമിഫൈനലും ഫൈനലും ഉള്‍പ്പെടെ 15 കളികള്‍ കണ്ടു.
താരങ്ങള്‍
രാജ്യാന്തര ക്രിക്കറ്റിലെ നിരവധി താരങ്ങളുമായി പരിചയപ്പെടാന്‍ അവസരം ലഭിച്ചത് വലിയ അനുഗ്രഹമായാണ് കാണുന്നത്. സുനില്‍ ഗാവസ്കര്‍, ശ്രീകാന്ത്, ആഡം ഗില്‍ക്രിസ്റ്റ്, രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക്, രാഹുല്‍ ദ്രാവിഡ്, കെ.എല്‍. രാഹുല്‍, മൈക്കള്‍ ഹസി, ഷോണ്‍ പൊള്ളാക്ക്, ഇയാന്‍ ബിഷപ്, മാര്‍ക്ക് വോ, ജോസ് ബട്ലര് തുടങ്ങി 350ല്‍ അധികം താരങ്ങളുമായി പരിചയപ്പെടാനും അവരോടൊത്ത് ഫോട്ടോ എടുക്കാനും സാധിച്ചിട്ടുണ്ട്.
പരിശീലനവും പ്രോത്സാഹനവും
ഞാന്‍ 15 വര്‍ഷത്തോളം ഝാര്‍ഖണ്ഡില്‍ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു. അവിടെ ആദിവാസിക്കുട്ടികളെ ക്രിക്കറ്റ് പഠിപ്പിച്ചു. തിരിച്ച് കേരളത്തിലെത്തി ഞങ്ങളുടെ പ്രകൃതിമിത്ര സെന്ററിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചപ്പോള്‍ ക്രിക്കറ്റില്‍ താല്പര്യമുള്ളവരെ പ്രായഭേദമെന്യേ സംഘടിപ്പിച്ച് ഒരു അക്കാദമിക്കു തുടക്കമിട്ടു. അവിടേയും കുട്ടികളെ ക്രിക്കറ്റ് പഠിപ്പിച്ചു. പന്തും ബാറ്റുമെല്ലാം വാങ്ങിക്കൊടുത്ത് ബൗളിങ്ങിന്റേയും ബാറ്റിങ്ങിന്റേയും ബാലപാഠങ്ങളും ടെക്നിക്കുകളും പഠിപ്പിച്ചു. മിന്നു മണിയെ പോലുള്ള ദേശീയ താരങ്ങളെ പോയി കണ്ട് അഭിനന്ദിക്കുകയും അക്കാദമി അംഗങ്ങളുമായി സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. മിന്നു മണിയെപോലെ സമൂഹത്തിന്റെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവര്‍ക്കു പോലും കായികരംഗത്ത് ഭാവിയുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ബോധ്യപ്പെടുത്താനായി.
സഞ്ജു സാംസണും ലോകകപ്പും
മികച്ച പ്രതിഭയുള്ള കളിക്കാരനാണ് കേരളത്തില്‍ നിന്നുള്ള സഞ്ജു സാംസണ്. പക്ഷേ അദ്ദേഹത്തിന് ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല. അതു നിര്‍ഭാഗ്യകരമായി പോയി. സഞ്ജുവിന് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ല. ടീമിലുള്പ്പെട്ടാലും കളിക്കാതെ പുറത്തിരിക്കാനാണ് പറയാറ്. തനിക്കു ലഭിച്ച അവസരങ്ങള്‍ പലപ്പോഴും നന്നായി ഉപയോഗിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല എന്നും പറയണം. ഐപിഎലില്‍ രാജസ്ഥാന് റോയല്‍സിനെ എത്ര മികച്ച രീതിയിലാണ് അദ്ദേഹം നയിക്കുന്നത്! തട്ടിമുട്ടി കളിച്ച് ടീമില്‍ സ്ഥിരം അംഗമാകാന്‍ ശ്രമിക്കുന്നില്ല എന്നാണ് അദ്ദേഹത്തെപറ്റിയുള്ള പൊതുവിലയിരുത്തല്‍. രണ്ടോ മൂന്നോ സിക്സ്സര്‍ അടിച്ചാല്‍ അടുത്ത പന്തില്‍ പുറത്താകും. ഫോമിലല്ലാത്തപ്പോള്‍ അതനുസരിച്ച് കളിക്കാന്‍ ശ്രമിക്കുന്നില്ല എന്നും പറയാം. അതിനുപുറമേ, ക്രിക്കറ്റില്‍ വടക്കേ ഇന്ത്യന്‍ ലോബി വളരെ ശക്തമാണ്. മറ്റു സംസ്ഥനങ്ങളില്‍ നിന്നുള്ള നല്ല കളിക്കാര്‍ക്കൊന്നും അതുകൊണ്ടുതന്നെ അവസരങ്ങള്‍ ലഭിക്കാറില്ല. കേരളത്തിന് മികച്ച ക്രിക്കറ്റ് പാരമ്പര്യമുണ്ട്. തൃപ്പൂണിത്തുറ പൂജാ ക്രിക്കറ്റൊക്കെ എത്രവര്‍ഷം പഴക്കമുള്ളതാണ്. തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം നേരത്തെ തന്നെ ക്രിക്കറ്റുണ്ട്. കേരളത്തിലെ മികച്ച കളിക്കാരനായിരുന്നല്ലോ അനന്തപത്മനാഭന്. അദ്ദേഹത്തിന് വളരെ ചുരുങ്ങിയ അവസരങ്ങളല്ലേ ദേശീയ ക്രക്കറ്റില്‍ ലഭിച്ചിട്ടുള്ളൂ. ടിനു യോഹന്നാനും ശ്രീശാന്തും എത്ര നല്ല പേസ് ബൗളര്‍മാരായിരുന്നു. അവര്‍ക്കൊന്നും നമ്മള് പ്രതീക്ഷിച്ചതുപോലെ ഉയരങ്ങളിലെത്താന്‍ സാധിച്ചില്ല എന്നതില്‍ വലിയ ദുഃഖമുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഉജ്വല ഫോമിലുള്ള സച്ചിന് ബേബി പോലുള്ള മികച്ച താരങ്ങളുണ്ട്. പക്ഷേ സെലക്ടര്‍മാരുടെ കണ്ണില്പെടുന്നില്ലെന്നു മാത്രം. ഇവരൊക്കെ നോര്‍ത്ത് ഇന്ത്യന്‍ കളിക്കാരാണെങ്കില്‍ ടീമിലുണ്ടാകുകയും ചെയ്യും. പുതിയ തലമുറയിലുള്ളവര്‍ ഇക്കാര്യങ്ങളെല്ലാം പാഠമാക്കണം. മികച്ച പരിശീലകന്റെ കീഴില്‍ കളിച്ചുപഠിക്കുകയും ക്രിക്കറ്റിന്റെ ഏതു ഫോര്‍മാറ്റിലും ശോഭിക്കാന്‍ പഠിക്കുകയും വേണം.
2023 ലോകകപ്പില്‍ സംഭവിക്കാവുന്നത്
2015ലെ ഏറ്റവും മികച്ച ടീമായിരുന്നു ഇന്ത്യ. എന്നിട്ടും സെമിഫൈനലില്‍ പുറത്തായി. ഞാന്‍ കണ്ണീരണിഞ്ഞാണ് സ്റ്റേഡിയം വിട്ടത്. ഇത്തവണത്തെ ടീമും മികച്ചതാണ്. കളിക്കാരെല്ലാം ഫോമിലാണ്. ഹോം ഗ്രൗണ്ട് എന്ന ആനുകൂല്യവുമുണ്ട്. പക്ഷേ ക്രിക്കറ്റില്‍ ഒന്നും പ്രവചിക്കാന്‍ കഴിയില്ല. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങി എപ്പോള്‍ വേണമെങ്കിലും ഫോമിലാകാന്‍ കെല്‍പ്പുള്ള ടീമുകള്‍ ഉണ്ട്. സെമിഫൈനല്‍ കടന്നുകിട്ടുകയാണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാന കാര്യമെന്നാണ് എനിക്കു തോന്നുന്നത്. ന്യൂസിലന്‍ഡാണ് ഏറ്റവും സാധ്യതയുള്ള ടീമെന്നും കരുതുന്നു. ലോകകപ്പില്‍ ക്രിക്കറ്റിലെ ഒരു കാലത്തെ മുടിചൂടാമന്നന്മാരായിരുന്ന വെസ്റ്റിന്‍ഡീസിന് ഇത്തവണ ക്വാളിഫൈ ചെയ്യാന്‍ കഴിഞ്ഞില്ല എന്നതു വളരെ ദുഃഖകരമായിപ്പോയി. ഇപ്പോഴും ഏറ്റവും മികച്ച താരങ്ങളുള്ള രാജ്യമാണ് കരീബിയക്കാര്‍. പക്ഷേ അവരുടെ ക്രിക്കറ്റിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കളിയെ നശിപ്പിച്ചുവെന്നാണ് തോന്നുന്നത്.
ക്രിക്കറ്റും ക്രിസ്തുവും
മനുഷ്യരെല്ലാം നല്ലവരാണ്. അവര്‍ കൂടുതല്‍ നല്ലവരാകണം. അവരുടെ മാനവികത വര്‍ദ്ധിക്കണം. ക്രിസ്തുവിന്റെ സ്നേഹം, സാഹോദര്യം, ദയ, വിട്ടുവീഴ്ച ഇതൊക്കെ പഠിക്കാന്‍ ഏറ്റവും നല്ല മാര്‍ഗങ്ങള്‍ കലയും കായികവുമാണെന്നാണ് ഞാന്‍ കുരുതുന്നത്. കുഞ്ഞുമനസുകളിലേക്ക് യേശുവിന്റെ സന്ദേശം എത്തിക്കാന്‍ എന്റെ എളിയ ശ്രമമാണ് ക്രിക്കറ്റിലൂടെയും സ്റ്റാംപ് ശേഖരണത്തിലൂടെയുമൊക്കെ ചെയ്യുന്നതും.