സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ നോര്‍വീജിയന്‍ എഴുത്തുകാരന് യോണ് ഫൊസ്സെയുടെ രചനകള്‍ നിത്യതയെ തേടലാണ്. ”വചനം മാംസമായി നമുക്കിടയില്‍ വസിച്ചു. ദൈവം സംസാരിച്ചു. ആ ദൈവിക വചനം ലോകത്തെ സൃഷ്ടിച്ചു, മനുഷ്യനായി പിറന്നു – നമ്മുടെ മാനുഷിക ജീവിതത്തില്‍തന്നെ ദൈവിക ബന്ധമുണ്ടാകാനുള്ള സാധ്യത അതു തുറന്നു” 2012-ല്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച തന്റെ ജീവിതത്തെയും രചനകളെയും ‘മിസ്റ്റിക്കല്‍ റിയലിസം’ ആയി ഫൊസ്സെ കാണുന്നു.
ഈ കാലത്തിന്റെ ഇരുളിന്റെയും വെളിച്ചത്തിന്റെയും എഴുത്തുകാരനാണ് നോര്‍വീജിയന്‍ നൊബേല്‍ സമ്മാന ജേതാവ് യോണ് ഫൊസ്സെ. കഥാപാത്രങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍, ലോകത്തില്‍, ദൈവത്തിന്റെ സാന്നിധ്യം അറിയുന്നു. ദൈവമില്ലെങ്കില്‍ അവ രണ്ടും മുഴുവന്‍ ശൂന്യതയാകും. ആ സാന്നിധ്യം അടുത്തുണ്ട്, ഒക്ടോബര്‍ 31ന് പ്രസിദ്ധീകരിക്കുന്ന ‘എ ഷൈനിങ്’ എന്ന ഫൊസ്സെയുടെ ഏറ്റവും പുതിയ കൃതിയില്‍. എ ഷൈനിങ്, 75 പേജ് മാത്രം വരുന്ന നോവലാണ്. ചെറിയ, ലളിതമായ വാക്കുകള്‍. ദാന്തെയുടെ ഡിവൈന്‍ കോമഡിയുടെ പുനരാഖ്യാനമെന്നു പറയാം. അതിശൈത്യകാലത്ത് തന്റെ കാറുമായി കാട്ടിലേക്കു പോകുന്ന മനുഷ്യന്. ദാന്തെയുടെ കവിയും കാട്ടില്‍ വഴിതെറ്റിപ്പോവുകയാണ്.
”ഇരുട്ടില്‍ ഇറങ്ങി നടക്കുന്നയാള്. കനത്ത ഇരുട്ടില്‍ ഒരാളുടെ രൂപം എനിക്കു കാണാനാകുന്നുണ്ട്. തിളങ്ങുന്ന രൂപരേഖ മെല്ലെ മെല്ലെ തെളിഞ്ഞുവരുന്നു. ഇരുളില്‍ ഒരു വെളുത്ത രേഖാരൂപം എന്റെ നേരെ മുന്പിലുണ്ട്. അത് ദൂരത്താണോ അടുത്തുതന്നെയാണോ – എനിക്ക് ഉറപ്പിച്ചു പറയാനാവില്ല. അത് അടുത്താണോ അകലെയാണോ എന്നു പറയുക അസാധ്യമാണ്. പക്ഷെ അത് അവിടെയുണ്ട്. വെളുത്ത രേഖാരൂപം. തിളങ്ങുന്നത്. അത് എന്റെ നേര്‍ക്ക് നടന്നടുക്കുന്നതായി എനിക്കു തോന്നുന്നു. അല്ലെങ്കില്‍ എന്റെ നേര്‍ക്കു വരുന്നതായി. കാരണം, അതു നടക്കുകയല്ല. അത് എങ്ങനെയോ അടുത്തുകൊണ്ടിരിക്കയാണ്. അതിന്റെ ബാഹ്യരേഖ മുഴുവനും വെളുപ്പാണ്. ഇപ്പോള്‍ എനിക്കത് വ്യക്തമായി കാണാം. അത് വെളുത്തതാണ്. ഒരുതരം വെളുപ്പ്. ഇരുളില്‍ അത് അത്രയ്ക്ക് തെളിമയുള്ളതാണ്.”
ആ സാന്നിധ്യത്തിനു പേരില്ല. മറ്റൊരിടത്ത്, ആ രേഖാരൂപത്തെ മറ്റു രൂപങ്ങളോടൊപ്പം കാണുന്നുണ്ട്. അവര്‍ തന്റെ മാതാപിതാക്കന്മാരാണെന്ന് അയാള്‍ തിരിച്ചറിയുന്നുണ്ട്. കാണാതായ മകനെ തേടി കാട്ടിലെത്തിയവരാണ് അവര്‍. അവനെ വിളിച്ചുകൊണ്ടിരിക്കയാണവര്, അടുക്കലേക്കു വന്നാല്‍ മെച്ചപ്പെട്ട ഇടത്തേക്ക് അവനെ കൊണ്ടുപോകാമെന്ന് അവര്‍ പറയുന്നുണ്ട്. നഷ്ടപ്പെട്ടുപോയ ദാന്തെയെ ദൈവത്തിങ്കലേക്കും സ്വര്‍ഗത്തിലേക്കും കൊണ്ടുപോകുന്ന ബെയാട്രിസിനെയും വേര്ജിലിനെയും പോലെയാണ് ഫൊസ്സെയ്ക്ക് അവര്‍.
അയാളും അയാളുടെ സംസാരപ്രിയയായ അമ്മയും മൗനിയായ പിതാവും തമ്മിലുള്ള സംഭാഷണം ഇടയ്ക്ക് തമാശ നിറഞ്ഞതാണെങ്കിലും പഴയ കുടുംബജീവിതത്തില്‍ അമര്‍ത്തപ്പെട്ട വികാരങ്ങളും പരസ്പരം മനസിലാക്കാന്‍ കഴിയാതെ പോകുന്ന സന്ദര്‍ഭങ്ങളും ഓര്‍മയിലെത്തിക്കുന്നു. പ്രത്യേകിച്ച് ഒരു സംഭവമോ ഇടങ്ങളോ പരാമര്‍ശിക്കപ്പെടുന്നില്ല. അത്തരം സുവ്യക്തമായ ആഖ്യാനങ്ങള്‍ ഫൊസ്സെയുടെ രീതിയല്ല. മാനുഷിക യാഥാര്‍ഥ്യം അതിന്റെ പൂര്ണതയിലേക്കു വികസിക്കുന്നത് ആന്തരിക ജീവിതം പരമമായ ബാഹ്യയാഥാര്ഥ്യത്തിലേക്ക്, ദൈവത്തിന്റെ അസ്തിത്വത്തിലേക്ക് കടക്കാന്‍ നിരന്തരം നടത്തുന്ന ശ്രമങ്ങളിലൂടെയാണ്. അതിനിടയ്ക്കുള്ള കാലവും സ്ഥലങ്ങളും അനുഭവങ്ങളും ഷൈനിങ്ങിന്റെ മധ്യഭാഗത്തുണ്ട്. ഇരുണ്ട വനത്തിന്റെ കയറ്റത്തിലേക്കുള്ള ധ്യാനാത്മകമായ നടപ്പിലാണ്, ദാന്തെയുടെ ശുദ്ധീകരണസ്ഥലത്തിലെ പര്‍വതാരോഹണം പോലെയാണത്.
ദാന്തെയുടെ ഗണിതശാസ്ത്രപരമായി പരിപൂര്‍ണമായ, വിശുദ്ധരാല്‍ നിറഞ്ഞ ഒരിടമല്ല അത്. മങ്ങിയതും മിതപ്പെടുത്തിയതുമാണെങ്കിലും വിശ്വാസം സ്ഥിരീകരിക്കുന്നതാണ് ഫൊസ്സെയും സ്വര്‍ഗം. എന്നെ പുണരുന്നത് ഒരു ചാരനിറമാണ്. ജീവനുള്ളതിനെയെല്ലാം അത് ആശ്ലേഷിക്കുന്നു. ഒന്നും ഇല്ലാത്തതുപോലെയാണത്. എല്ലാം ഈ പാടലവര്ണത്തിലാണെന്നതുപോലെയാണ്. ഒന്നുമില്ല, എന്നാല്‍ പൊടുന്നനെ ഞാന്‍ അത്ര ശക്തമായ പ്രകാശത്തിലാണ്. അത് പറയുകയും പറയാന്‍ പറ്റാത്തതുമാകുന്നു.
ജര്‍മന്‍ ദൈവശാസ്ത്രജ്ഞനും മിസ്റ്റിക്കുമായ മെയ്സ്തര് എക്ഹാര്ത്തിന്റെ പ്രബോധനങ്ങള്‍ (സെര്‍മണ്‍സ്) എന്ന പുസ്തകത്തില്‍ പറയുന്നു: ദൈവത്തെ മനസിലാക്കുക എന്നാല്‍, ദൈവം നിങ്ങളെ മനസിലാക്കുക എന്നാണര്‍ഥം; ദൈവത്തെ കാണുകയാണെങ്കില്‍ ദൈവം നിങ്ങളെ കാണുകയെന്നും. പ്രകാശിക്കുന്ന അന്തരീക്ഷം എന്നത് പ്രകാശിക്കല്‍ എന്ന സത്യത്തില്‍ നിന്ന് വിഭിന്നമല്ലാത്തതുപോലെ. ‘നിങ്ങള്‍ വീണ്ടും എന്നെ കാണും’ എന്ന് ക്രിസ്തു പറഞ്ഞത് അതുകൊണ്ടാണത്രെ.
2021-ല്‍ പൂര്‍ത്തിയായ സെപ്റ്റോളജി എന്ന ഫൊസ്സെയുടെ ഏഴു പുസ്തക പരമ്പകള്‍ (പിന്നീട് മൂന്നു വാല്യങ്ങളാക്കി – ദി അദര്‍ നെയിം, ഐ ഈസ് അനദര്‍, എ ന്യൂ നെയിം) 700 പേജില്‍ ഒരു പൂര്ണവിരാമവുമില്ലാതെ തുടരുന്ന വാക്യങ്ങളാണ്. തെക്കുപടിഞ്ഞാറന്‍ നോര്‍വേയില്‍ താമസിക്കുന്ന വയോധികനായ കത്തോലിക്കാ കലാകാരന് അസ്ലെ, കാലം, കല, സ്വത്വം എന്നിവയുമായി മല്ലിടിക്കുകയാണ്. സാദൃശ്യമുള്ള അപരന്മാര് പല സാഹചര്യങ്ങളില്‍, പല കാലങ്ങളില്‍ ജീവിക്കുന്നു. അസ്തിത്വ പ്രതിസന്ധി, സ്മൃതിനാശം, ജീവിക്കേണ്ടിയിരുന്ന ജീവിതം, നിഴല്‍ പോലുള്ള മറുപിറവി. വിഹ്വലവും ഭയപ്പെടുത്തുന്നതുമായ വായന. വാക്യങ്ങളെ വിഭജിക്കുന്ന പൂര്ണവിരാമമില്ലാത്ത രചന, അസ്ലെയുടെ ജീവിതം പോലെ. ആഴമുള്ള വിശ്വാസത്തെക്കുറിച്ചാണ് സെപ്റ്റോളജി. ഒരു മനുഷ്യന്, ഒരു കലാകാരന്, പരിവൃത്തിയിലെത്തുന്നു.
”കാര്യങ്ങള്‍ ഏറ്റവും ഇരുളടഞ്ഞ, ഏറ്റവും കറുത്തിരുണ്ടതാകുമ്പോഴാണ് നിങ്ങള്‍ വെളിച്ചം കാണുന്നതെന്നത് തീര്‍ച്ചയായും സത്യമാണ്.”
സെപ്റ്റോളജിയില്‍ ആഖ്യാതാവ് മെയ്സ്തെര് എക്ഹാര്ട്ടിനെക്കുറിച്ച് പറയുന്നുണ്ട്. 1980കളിലാണ് ഫൊസ്സെ എക്ഹാര്ട്ടിന്റെ രചനകള്‍ വായിച്ചു തുടങ്ങിയത്. യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞപ്പോള്‍ മാര്ട്ടിന് ഹെയ്ഡ്ഗറിനൊപ്പം എക്കാര്ട്ടിനെയും വായിച്ചു. ”ഹെയ്ഡ്ഗറിനെപ്പോലെയാണ്, എന്നാല്‍ അതിനെക്കാള്‍ ആഴമുണ്ട് എക്കാര്‍ട്ടിന്റെ രചനയക്ക്.
ചെറുപ്പത്തില്‍ മണ്ടനായ മാര്‍ക്സിസ്റ്റും നിരീശ്വരവാദിയുമായിരുന്നു താന്‍. അക്കാലത്ത് ബുദ്ധിജീവികളുടെ പതിവു ശൈലി അതായിരുന്നു. പിന്നെ ദൈവത്തെ ഒരു വ്യക്തിയായി കാണാന്‍ തുടങ്ങി. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നയാളാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു. ഒരേസമയം അവിടെയും ഇവിടെയും ആ സാന്നിധ്യമുണ്ട്. എന്നാല്‍ എക്കാര്ട്ടിനെപോലെ ഡോഗ്മാറ്റിക്സ് ഒന്നും തനിക്കുണ്ടായിരുന്നില്ല.”
ഈ വിശ്വാസം മറ്റാരെങ്കിലുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിച്ചു. ക്വയ്ക്കേര്സിന്റെ പക്കലേക്കു പോയി. ”നിങ്ങള്‍ ഒരു നിശബ്ദ വൃത്തത്തിലാകുന്നു. നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നിങ്ങള്‍ അതു പറയുന്നു. ഇല്ലെങ്കില്‍ നിങ്ങള്‍ മിണ്ടാതിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് അതിന്റെ ആവശ്യം തോന്നിയില്ല. എന്റെ എഴുത്തുതന്നെ എന്റെ നിശബ്ദ യോഗമാണെന്ന് എനിക്കു തോന്നി. അതാണ് ക്വയ്ക്കര്‍ ആയിരിക്കാനുള്ള എന്റെ വഴി. എന്റെ പ്രാര്‍ഥന. അങ്ങനെ കുറെവര്ഷം ഞാന്‍ എഴുത്തുകാരന് മാത്രമായി കഴിഞ്ഞു. എന്റെ വിശ്വാസം പങ്കുവയ്ക്കാന്‍ മറ്റാരും കൂടെയുണ്ടായിരുന്നില്ല. 1980കളുടെ മധ്യത്തില്‍ ബ്യോര്‍ഗ് വിനിലെ ഒരു കത്തോലിക്കാ പള്ളിയില്‍ കുര്‍ബാനയ്ക്കു പോയി. എനിക്കത് ഏറെ ഇഷ്ടമായി. കത്തോലിക്കനാകുന്നതിന് ഒരു കോഴ്സിനു ചേരാന്‍ അത് പ്രേരിപ്പിച്ചു. അതെ, ഏതാണ്ട് അസ്ലയെ പോലെ. കുറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ കത്തോലിക്കാ സഭയില്‍ ചേരാന്‍ തീരുമാനിച്ചത്. കത്തോലിക്കനും മിസ്റ്റിക്കുമായ മയ്സ്തര് എക്കാര്‍ട്ട് ഇല്ലായിരുന്നെങ്കില്‍ എനിക്കതു സാധ്യമാകുമായിരുന്നില്ല.”
”ഈ യോഗാത്മകദര്‍ശനം ഏഴാം വയസില്‍ ഞാന്‍ മരണത്തിന്റെ വക്കിലെത്തിയതില്‍ നിന്നു തുടങ്ങുന്നതാണ്. അതൊരു അപകടമായിരുന്നു. ഞാന്‍ വെളിയില്‍ നിന്ന് എന്നെ കണ്ടു. മിന്നിത്തിളങ്ങുന്ന പ്രകാശത്തില്‍. വളരെ ശാന്തവും ആനന്ദഭരിതവുമായ അവസ്ഥയായിരുന്നു അത്. മരണത്തോട് അടുത്തുനിന്നപ്പോഴുള്ള ആ അനുഭവമാണ് എന്നെ എഴുത്തുകാരനാക്കിയത്. അതില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും എഴുതുമായിരുന്നില്ലെന്നു തോന്നുന്നു. അത് എനിക്ക് അത്രയ്ക്ക് അടിസ്ഥാനപരമായ ഒരു കാര്യമാണ്. എന്റെ ജീവിതത്തില്‍ ആധ്യാത്മിക മാനം കൊണ്ടുവന്ന സംഭവമാണത്. മാര്‍ക്സിസ്റ്റ് എന്ന നിലയില്‍ അത് സര്‍വശക്തിയും ഉപയോഗിച്ച് നിഷേധിക്കാന്‍ ഞാന്‍ ശ്രമിച്ചു.”
”എന്റെ മനസ്സു മാറ്റിയത് എന്റെ എഴുത്തുതന്നെയാണ്. പ്രായമാകുംതോറും എന്റെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള ആവശ്യം കൂടുതല്‍ ശക്തമായി. കത്തോലിക്കാ ദിവ്യബലിയില്‍ അത് നല്ലവണ്ണം, കൂടുതല്‍ സമാധാനപരമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. എനിക്ക് ഇഷ്ടം ഓര്‍ത്തഡോക്സ് കുര്‍ബാനയാണ്. എന്നാല്‍ ഒരു പാശ്ചാത്യനെന്ന നിലയില്‍ എനിക്ക് ഓര്‍ത്തഡോക്സ് മനോഭാവത്തിലേക്കു മാറുക വിഷമമാണ്. റഫറന്‍സുകള്‍ തികച്ചും വ്യത്യസ്തമാണ്. കത്തോലിക്കാ സഭയെക്കുറിച്ച് അത്രത്തോളം പഠിച്ചതിനാല്‍ ഓര്‍ത്തഡോക്സ് സഭയിലേക്കു ചാടാന്‍ എനിക്കായില്ല.”
മദ്യപാനം അനിയന്ത്രിതമായി 2012-ല്‍ ഫൊസ്സെ കുഴഞ്ഞുവീണു. 2012 മാര്‍ച്ചില്‍ മദ്യപാനത്തോടു വിടപറഞ്ഞു. ആ വേനല്‍ക്കാലത്ത് കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. അന്നയെ വിവാഹം ചെയ്തു. എര്‍ലി എന്ന മകളുണ്ടായി. അക്കൊല്ലം ഗ്രോട്ടെന് വസതി ലഭിച്ചു.
”മെറ്റാഫിസിക്കല്‍ ഫിക് ഷന് എഴുതുന്നയാള്‍ എന്ന് ചിലര്‍ വിശേഷിപ്പിക്കും. പല വിശേഷണങ്ങളും എനിക്കു കിട്ടാറുണ്ട് – ഉത്തരാധുനികന്, മിനിമലിസ്റ്റ് തുടങ്ങിയവ. ഞാന്‍ സ്വയം വിശേഷിപ്പിച്ചതാണ് മന്ദഗതിയിലുള്ള ഗദ്യമെഴുത്തുകാരനെന്ന്. ക്രിസ്ത്യാനി എന്നാണ് ഞാന്‍ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ എനിക്കത് വളരെ ബുദ്ധിമുട്ടേറിയതാണ്. ഒരുതരത്തില്‍ ഞാന്‍ ഒരു മിനിമലിസ്റ്റാണ്. മറ്റൊരു തരത്തില്‍ ഞാന്‍ ഒരു ഉത്തരാധുനികനുമാണ്. ദറിദ എന്നെ സ്വാധീനിച്ചിട്ടുണ്ട്.
സ്വന്തം അനുഭവങ്ങളെ ആധാരമാക്കി എഴുതുക ഇന്നത്തെ ഒരു രീതിയാണ്. യാഥാര്‍ഥ്യത്തോട് കഴിയുന്നത്ര അടുത്ത് എഴുതുന്ന രീതി. ആനി എര്‍നോയെ പോലെ. എര്‍നോയുടെ ചെറുനോവല്‍ സിംപിള്‍ പാഷന് (1991) ഞാന്‍ ഈയിടെ വായിച്ചു. എനിക്ക് അങ്ങനെ സ്വന്തം അനുഭവങ്ങള്‍ വച്ച് എഴുതാനാവില്ല. കാരണം എനിക്ക് എഴുത്ത് പരിവര്‍ത്തനമാണ്. എന്നില്‍ നിന്നു വ്യത്യസ്തമായ ഒരു പ്രപഞ്ചത്തെയാണ് ഞാന്‍ ശ്രവിക്കുന്നത്. എന്നില്‍ നിന്ന് മാറിപ്പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, എന്നെ സ്വയംപ്രകാശിപ്പിക്കാനല്ല.”
കവിയും നോവലിസ്റ്റുമായാണ് തുടക്കമെങ്കിലും ഫൊസ്സെ 15 വര്‍ഷം നാടകം മാത്രം രചിച്ചു. വേനല്‍ക്കാലത്താണ് നാടകം എഴുതിയത്. വര്‍ഷത്തില്‍ മറ്റുസമയത്ത് യാത്ര ചെയ്തു. പിന്നീട് യാത്ര നിര്‍ത്തി, കുടി നിര്‍ത്തി. മറ്റു പലതും നിര്‍ത്തലാക്കി.
2012-ല്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. മദ്യാസക്തിയില്‍ നിന്നുള്ള വിമുക്തി, സാമൂഹിക സമ്മര്‍ദം, മതവിശ്വാസം. കത്തോലിക്കാ വിശ്വാസം തന്റെ ജീവിതത്തില്‍ മാറ്റം വരുത്തി.
ആയിരത്തോളം വ്യത്യസ്ത അരങ്ങുകളില്‍ ഫൊസ്സെയുടെ നാടകങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 40 ഭാഷകളില്‍ പരിഭാഷകളുണ്ട്. ”മന്ദഗതിയുള്ള ഗദ്യം” എന്ന പ്രയോഗത്തിന് ഉത്തരവാദി താന്‍തന്നെയാണെന്ന് ഫൊസ്സെ പറയുന്നു. നാടകങ്ങള്‍ പൊതുവെ ഹ്രസ്വമാണ്. തീക്ഷ്ണവുമാണ്. ”അത്രയും തീവ്രത അധികനേരം നിലനില്ത്താനാവില്ല. ഗദ്യത്തില്‍ ഓരോ നിമിഷത്തിനും വേണ്ടുവോളം സമയം നല്‍കാനാണ് ശ്രമിച്ചത്. ഭാഷ സൈ്വരമായി ഒഴുകണമെന്ന് ആഗ്രഹിച്ചു.”
ഫൊസ്സെയ്ക്ക് 64 വയസിലാണ് സാഹിത്യ നൊബേല്‍ സമ്മാനം ലഭിക്കുന്നത്. നാടകകൃത്ത്, കവി, നോവലിസ്റ്റ്, പ്രബന്ധകാരന്, പരിഭാഷകന്, ബാലസാഹിത്യകാരന്‍ – ഇങ്ങനെ വേറിട്ട രചനകള്‍. പുതിയ ഇബ്സെന്‍ എന്നാണ് നാടകരംഗത്ത് അറിയപ്പെടുന്നത്. ഇബ്സെനുശേഷം നോര്‍വേയില്‍ ഏറ്റവും കൂടുതല്‍ അവതരിപ്പിക്കപ്പെടുന്നത് ഫൊസ്സെയുടെ നാടകങ്ങളാണ്. 30 തിയട്രിക്കല്‍ നാടകങ്ങളും എട്ട് ഹ്രസ്വനാടകങ്ങളും ഫൊസ്സെ രചിച്ചു, 40 വയസിനും അന്പതിനുമിടയില്. അയാം ദ് വിന്‍ഡ് എന്ന നാടകം കഴിഞ്ഞ് ഗദ്യത്തിലേക്കു മടങ്ങി. സെപ്റ്റോളജിക്കുശേഷം ഒരു നാടകം എഴുതിയാലോ എന്ന ചിന്തയുണ്ടായി. അങ്ങനെ സ്ട്രോങ് വിന്‍ഡ് എഴുതി. തുടര്‍ന്ന് മൂന്നു നാടകങ്ങള്‍ കൂടി എഴുതി. നോര്‍വേയില്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ ഫൊസ്സെയുടെ പേരില്‍ ഫെസ്റ്റിവല്‍ നടക്കാറുണ്ട്.
കുട്ടിക്കാലത്തു നിന്നുള്ള ദൃശ്യങ്ങള്‍ (സീന്‍സ് ഫ്രം എ ചൈല്‍ഡ്ഹുഡ്) 1983 മുതല്‍ 2013 വരെയുള്ള കഥകള്‍. കുട്ടിക്കാലം, ഓര്‍മകള്‍, കുടുംബം, വിശ്വാസം – ഇതാണ് ഫൊസ്സെയുടെ കേന്ദ്രബിന്ദുക്കള്‍. ദ്വന്ദങ്ങളും വിധിയും. മുഴുവനാകാത്ത തുണ്ടുകളും വിട്ടുകളഞ്ഞ വാക്കുകളും മനഃപൂര്‍വം ലളിതമാക്കിയതുപോലുള്ള വാക്യങ്ങള്‍ ജീവിതയാത്ര ചിത്രീകരിക്കുന്നു. റെഡ് കിസ് മാര്‍ക്ക് ഓഫ് എ ലെറ്റര്‍, ആന്‍ഡ് ദെന്‍ മൈ ഡോഗ് വില്‍ കം ബാക്ക് ടു മി എന്നിവ ഏറെ പ്രശസ്തമായ കഥകള്‍.
അലിസ് അറ്റ് ദ് ഫയര്‍ എന്ന 2023-ലെ ലഘുനോവലില്‍ സിഞ്ഞ് എന്ന പ്രായമായ സ്ത്രീ പാറക്കെട്ടുകള്‍ക്കിടയിലെ ഉള്ക്കടലിനരികെയുള്ള വീട്ടില്‍ തീകാഞ്ഞുകിടക്കുന്നു. ഇരുപതു കൊല്ലം മുന്‍പുള്ള തന്നെയും കോളുകൊണ്ട കടലിലേക്ക് തുഴഞ്ഞുപോയി തിരിച്ചുവരാത്ത ഭര്‍ത്താവ് അസ്ലെയെക്കുറിച്ചും സ്വപ്നം കാണുകയാണവര്‍. ഇരുണ്ട, ആവര്‍ത്തിക്കുന്ന കേന്ദ്ര ദൃശ്യം – ഇത് ഫൊസ്സെയുടെ സവിശേഷതയാണ്. പുരാവൃത്തത്തെ ചുറ്റിവരിഞ്ഞ (അലിസ് അശ്ലെയുടെ മുതുമുത്തശ്ശിയുടെ മുതുമുത്തശ്ശിയുടെ മുതുമുത്തശ്ശിയുടെ മുതുമുത്തശ്ശിയാണ്) ഇരട്ടകളും ആവര്‍ത്തിക്കുന്ന ആക്ഷനും: അസ്ലെയുടെ പിതാമഹനും അതേ പേരായിരുന്നു, അയാളെപ്പോലെ മുങ്ങിമരിച്ചു.
1999-ലെ നാടകം ശരത്കാലത്തിന്റെ സ്വപ്നം. ഒരു സ്ത്രീയും പുരുഷനും ശ്മശാനത്തില്‍ കണ്ടുമുട്ടുന്നു. അവര്‍ പ്രേമത്തിലാകുന്നു. ഒരുപക്ഷേ പൂര്വജന്മത്തില് അവര്‍ പരിചിതരായിരുന്നു. അവര്‍ ശ്മശാനത്തില്‍ നിന്നിറങ്ങുമ്പോള്‍ പുരുഷന്റെ മാതാപിതാക്കള്‍ ഒരു ശവസംസ്കാരത്തിനെത്തുന്നു. ഫൊസ്സെയുടെ നാടകങ്ങളില്‍ പതിവുള്ളതുപോലെ കാലം കുറെ വര്‍ഷങ്ങള്‍ മുന്നോട്ടു പായുന്നു, തലമുറകളിലൂടെ മെല്ലെ ചുറ്റിത്തിരിയുന്ന ഒരു നൃത്തം പോലെ.
മോലാങ്കൊലി 1, മെലാങ്കൊലി 2 – 19-ാം നൂറ്റാണ്ടിലെ ലാന്‍ഡ്സ്കേപ് ആര്‍ട്ടിസ്റ്റ് ലാര്‍സ് ഹെര്‍ട്ടര്‍വിഗിന്റെ മനസ്സിന്റെ വ്യാകുലങ്ങളിലേക്ക് ആണ്ടിറങ്ങുന്നു. 1902-ല്‍ എഴുപതു വയസു പിന്നിട്ടിരിക്കെ ദരിദ്രനായി മരിച്ച കലാകാരന്. വിഭ്രാന്തികളും മതിഭ്രമങ്ങളും നിറഞ്ഞ ജീവിതം. അതുകൊണ്ടാകണം അദ്ദേഹത്തിന്റെ പെയിന്റിങ്ങുകള്‍ സ്വപ്നദൃശ്യം പോലെ, അലൗകികം. ഡസല്‍ഡോര്‍ഫിലെ ആര്‍ട് സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ മനോവിഭ്രാന്തിയിലായിരുന്നു. രണ്ടു ഭാഗമായി ആദ്യം പ്രസിദ്ധീകരിച്ചത് ഇപ്പോള്‍ ഒരൊറ്റ പുസ്തം – കലാകാരന് എന്നതിന്റെ അര്‍ഥമെന്തെന്നു വ്യക്തമാക്കുന്നു.
ഏഴു ദിവസത്തെ കാലയളവിലെ പ്രാര്‍ഥനയുടെ മുദ്രകളും ആവര്‍ത്തിക്കുന്ന തീമുകളും. നോര്‍വേയിലെ രണ്ട് ഔദ്യോഗിക ഭാഷകളില്‍ നീനോര്‍സ്ക് എന്ന അത്രകണ്ട് ജനകീയമല്ലാത്ത നാട്ടുഭാഷയിലാണ് ഫൊസ്സെ എഴുതുന്നത്. പഴയ കൊളോണിയല്‍ ഭാഷയായ ഡാനിഷിന്റെ സ്വാധീനമുള്ള ബൊക്മല്‍ എന്ന അച്ചടിഭാഷയിലല്ല. ഒന്നാം ക്ലാസ് തൊട്ട് 13 വയസുവരെ പഠിച്ച ഭാഷയാണ് നീനോര്‍സ്ക്. അത് പരസ്യങ്ങളിലോ ബിസിനസിലോ ഉപയോഗിക്കാറില്ല. ജനസംഖ്യയില്‍ 10 ശതമാനം മാത്രം ഉപയോഗിക്കുന്ന ന്യൂനോര്വീജിയന് ഭാഷ.
ഓസ്ലോയിലെ രാജകൊട്ടാരത്തിനടുത്തുള്ള ഗ്രോട്ടന്‍ എന്ന അതിഥിമന്ദിരത്തിലാണ് 2011 മുതല്‍ ഫൊസ്സെയും കുടുംബവും താമസിക്കുന്നത്. നോര്‍വേയിലെ പ്രസിദ്ധരായ എഴുത്തുകാര്‍ക്കും സംഗീതജ്ഞര്‍ക്കും ലഭിക്കുന്ന സാംസ്കാരിക വകുപ്പിന്റെ അപൂര്‍വ ആദരം. ഗ്രോട്ടന്‍ അടുത്തുള്ള സെന്റ് ഒലാവ് കത്തോലിക്കാ പള്ളിയില്‍ കുര്‍ബാനയ്ക്കു പോകും. ഓസ്ലോയിലും ഡിന്ഗ്യായിലെ ഫ്രെകോഗ് കോട്ടേജിലും ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയ്ക്കടുത്തുള്ള ഹയിന്ബുര്ഗ് ഗ്രാമത്തിലുമായി ഫൊസ്സെ കഴിയുന്നു. ക്ലാസിക്കല്‍ മ്യൂസിക്കും കത്തോലിക്കാ ജീവിതവുമാണ് വിയെന്നയിലേക്ക് ഫൊസ്സെയെ ആകര്‍ഷിക്കുന്നത്.
ആറു മക്കളുണ്ട്. അറുപതാം വയസില്‍ ഒരു കുഞ്ഞ്. ”ഇബ്സന് പറയുന്നതു പോലെ, എനിക്ക് സങ്കടങ്ങളുടെ ദാനം ലഭിച്ചു, അങ്ങനെ ഞാന്‍ കവിയായി. വേദനയും ദുഃഖവും വിഷാദരോഗവും വ്യാകുലതയും ദാനങ്ങളാണ്. അവയില്‍ നിന്ന് ചില നന്മകളുണ്ടാകും.”
”ഭാഷയെ മറികടക്കാനാകണം അങ്ങനെ വ്യത്യാസങ്ങളില്ലാതാകും, ദൈവത്തിലെത്താന്‍ കഴിയും. ദൈവം എന്ന വാക്ക് ഉപയോഗിക്കാന്‍ ഭയപ്പെടുന്നു. അപൂര്‍വമായേ ആ വാക്ക് ഉച്ചരിക്കാറുള്ളു, വിശേഷിച്ച് എന്റെ എഴുത്തുമായി ബന്ധപ്പെട്ട്. നന്നായി എഴുതാനാകുമ്പോള് ഒരു രണ്ടാം ഭാഷയുണ്ട്, നിശബ്ദമായ ഭാഷ. ആ നിശബ്ദ ഭാഷ പറയും അത് എന്തിനെക്കുറിച്ചാണെന്ന്. അതു കഥയല്ല, അതിനു പിന്നിലെന്താണെന്ന് നിങ്ങള്‍ക്കു കേള്‍ക്കാനാകും – നിശബ്ദമായ ഒരു സ്വരം സംസാരിക്കുന്നു.”
1996-ലെ നാടകം ആരോ വരുന്നുണ്ട് (സംവണ്‍ ഈസ് ഗോയിങ് ടു കം) പാരിസില്‍ 1999-ല്‍ അവതരിപ്പിക്കപ്പെട്ടതോടെയാണ് യൂറോപ്പില്‍ നാടകകൃത്ത് എന്ന നിലയില്‍ ഫൊസ്സെ പ്രസിദ്ധനായത്. അഞ്ചു ദിവസം കൊണ്ടാണ് ഒറ്റയടിക്ക് അത് എഴുതിത്തീര്‍ത്തത്. പിന്നീട് ഒരു മാറ്റവും വരുത്തിയില്ല.
മദ്യപാനം അനിയന്ത്രിതമായി 2012-ല്‍ ഫൊസ്സെ കുഴഞ്ഞുവീണു. 2012 മാര്‍ച്ചില്‍ മദ്യപാനത്തോടു വിടപറഞ്ഞു. ആ വേനല്‍ക്കാലത്ത് കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. അന്നയെ വിവാഹം ചെയ്തു. എര്‍ലി എന്ന മകളുണ്ടായി. അക്കൊല്ലം ഗ്രോട്ടെന് വസതി ലഭിച്ചു.
”മെറ്റാഫിസിക്കല്‍ ഫിക് ഷന് എഴുതുന്നയാള്‍ എന്ന് ചിലര്‍ വിശേഷിപ്പിക്കും. പല വിശേഷണങ്ങളും എനിക്കു കിട്ടാറുണ്ട് – ഉത്തരാധുനികന്, മിനിമലിസ്റ്റ് തുടങ്ങിയവ. ഞാന്‍ സ്വയം വിശേഷിപ്പിച്ചതാണ് മന്ദഗതിയിലുള്ള ഗദ്യമെഴുത്തുകാരനെന്ന്. ക്രിസ്ത്യാനി എന്നാണ് ഞാന്‍ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ എനിക്കത് വളരെ ബുദ്ധിമുട്ടേറിയതാണ്. ഒരുതരത്തില്‍ ഞാന്‍ ഒരു മിനിമലിസ്റ്റാണ്. മറ്റൊരു തരത്തില്‍ ഞാന്‍ ഒരു ഉത്തരാധുനികനുമാണ്. ദറിദ എന്നെ സ്വാധീനിച്ചിട്ടുണ്ട്.
സ്വന്തം അനുഭവങ്ങളെ ആധാരമാക്കി എഴുതുക ഇന്നത്തെ ഒരു രീതിയാണ്. യാഥാര്‍ഥ്യത്തോട് കഴിയുന്നത്ര അടുത്ത് എഴുതുന്ന രീതി. ആനി എര്‍നോയെ പോലെ. എര്‍നോയുടെ ചെറുനോവല്‍ സിംപിള്‍ പാഷന് (1991) ഞാന്‍ ഈയിടെ വായിച്ചു. എനിക്ക് അങ്ങനെ സ്വന്തം അനുഭവങ്ങള്‍ വച്ച് എഴുതാനാവില്ല. കാരണം എനിക്ക് എഴുത്ത് പരിവര്‍ത്തനമാണ്. എന്നില്‍ നിന്നു വ്യത്യസ്തമായ ഒരു പ്രപഞ്ചത്തെയാണ് ഞാന്‍ ശ്രവിക്കുന്നത്. എന്നില്‍ നിന്ന് മാറിപ്പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, എന്നെ സ്വയംപ്രകാശിപ്പിക്കാനല്ല.”
നല്ല കത്തോലിക്കന് എന്ന നിലയില്‍ ഫൊസ്സെ അഭിമുഖങ്ങള്‍ അവസാനിക്കുമ്പോള്‍ ആശംസിക്കും: പാക്സ് എത്ത് ബോനും!