ചിറകൊടിഞ്ഞൊരു നേരം
ചിറകുമായൊരു മാലാഖ
അരികില്‍ വന്നു ചിറകു തന്നു
ഹൃദയവായ്പാല് ബലമേകി
മാലാഖമാരെക്കുറിച്ചു അധികം ഗാനങ്ങള്‍ മലയാളത്തില്‍ എഴുതപെട്ടിട്ടില്ല. മാലാഖമാരെക്കുറിച്ചു എഴുതപ്പെട്ടതില്‍ ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമാണിത്. റവ. ഡോ. വിന്‍സെന്റ് വാര്യത്ത് എഴുതി സം ഗീതം ചെയ്തു കെസ്റ്റര്‍ ആലപിച്ച ഗാനം.
വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് പണ്ടുകാലത്തു അമ്മൂമ്മമാരും മാതാപിതാക്കളും മാലാഖമാ രെക്കുറിച്ചു പറഞ്ഞുകൊടുക്കുമായിരുന്നു.
നിങ്ങള്‍ക്കൊരു കാവല്‍ മാലാഖയുണ്ട് . നിങ്ങള്‍ തെറ്റു ചെയ്താല്‍ നിങ്ങളുടെ കാവല്‍ മാലാഖ നിങ്ങളെ വിട്ടുപോകും. ഇത് കേട്ട് വളര്‍ന്ന കുട്ടികള്‍ എന്നും കാവല്‍ മാലാഖയെ ചേര്‍ത്തുപിടിച്ചായിരുന്നു ഓരോ ദിവസവും മുന്നോട്ടു പോയിരുന്നത്. ഇന്നത്തെ പരിഷ്കൃത ലോകത്തു കുഞ്ഞുങ്ങള്‍ക്ക് കാവല്‍ മാലാഖയെകുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കുന്നുണ്ടോ എന്നുറപ്പില്ല.
ഇന്ന് നാം പരിചയപ്പെടുന്ന ഗാനം ഫാ. വിന്‍സെന്റ് വാര്യത്ത് എഴുതിയത് മാലാഖയുടെ വിശുദ്ധിയോടെ ജീവിച്ചു ഈ ലോകത്തോട് വിട പറഞ്ഞ അദ്ദേഹത്തിന്റെ സഹോദരിയെ മനസ്സില്‍ കണ്ടാണ്. അച്ചന്റെ കുട്ടിക്കാലത്തു ആകാശത്തു കാണുന്ന വെണ് മേഘങ്ങള്‍ എവിടെ നിന്നും വരുന്നു, എവിടേക്കു പോകുന്നു എന്ന ചോദ്യം നിരന്തരം ചോദിച്ചിരുന്നു.
അച്ചന്റെ സഹോദരി ഷീബചേച്ചിയാണ് സ്വീകാര്യമായൊരു ഉത്തരം നല്‍കിയത്.
‘ ആകാശത്തെ വേണ് മേഘങ്ങള്‍ മാലാഖമാരാണ്. ദൈവത്തില്‍ നിന്നു ദൈവത്തിലേക്ക് പറക്കുന്ന മാലാഖമാര്‍. മരിക്കുന്നവരൊക്കെ വെണ്മേഘങ്ങളായി മാറി സ്നേ ഹിക്കുന്നവരുടെ കൂടെ സഞ്ചരിച്ചു കൊണ്ടിരിക്കും. നാം എവിടെ പോയാലും നമ്മെ സംരക്ഷിക്കാന്‍ അവര്‍ കൂടെ വരും. ‘ചേച്ചിയുടെ വാക്കുകള്‍ കേട്ട വിന്‍സെന്റ് എന്ന ബാലന് അന്നു മുതല്‍ ആകാശത്തേക്ക് നോക്കി നടക്കാന്‍ തുടങ്ങി.
ആദ്യകുര്‍ബാന സ്വീ കരണത്തിന് ശേഷം പോളിയോ വന്നു തളര്‍ന്നുകിടന്ന മാലാഖയാ യിരുന്നു ഷീബച്ചേച്ചി എന്നു ഫാ. വിന്‍സെന്റ് പറയുന്നു. ‘എന്റെ ചേച്ചി മാലാഖ തന്നെയായിരുന്നു. ബുദ്ധിയിലും കഴിവുകളിലും ഗുണങ്ങളിലും മുന്നേ പറക്കുന്നൊരു പക്ഷി.
ചുറുചുറുക്കിന്റെ ആള്‍രൂപം. കളിമണ്ണ് കൊണ്ടു പള്ളി പണിത് ചായയും ചപ്പാത്തിയും കൊണ്ടു കുര്‍ബാന ചൊല്ലി , വീടിനു ചുറ്റും പ്രദക്ഷിണം നടത്തുന്ന, ആറ്റുനോറ്റു വളര്‍ത്തിയ കോഴി ക്കുഞ്ഞുങ്ങള്‍ ചത്തുപോയാല്‍ അവയ്ക്ക് സാഘോഷം ശവസംസ്കാരകര്‍മം നടത്തിയും ഞങ്ങള്‍ ജീവിതം ആഘോഷിച്ചു.
2004 ജനുവരി 4.
പഠനാര്‍ത്ഥം ഞാന്‍ ഫിലിപ്പൈന്‍സില്‍ ആയിരിക്കുമ്പോള്‍ വീട്ടില്‍ നിന്നും ഫോണ്‍ വന്നു. ഷീബച്ചേച്ചി മരിച്ചു. അന്നെനിക്ക് മുന്‍പ് തന്നെ ഏറ്റിരുന്ന കുറെ പരിപാടികള്‍ ഉണ്ടായിരുന്നു. ഒന്നും മാറ്റിവയ്ക്കാന്‍ പറ്റാത്തവയായിരുന്നു. എല്ലാം കഴിഞ്ഞു ഒറ്റയ്ക്ക് മുറിയിലെത്തിയപ്പോള്‍ തുറന്നിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കി.
അപ്പോഴും ആകാശത്തു തെന്നിനീങ്ങുന്ന ഒരു വെണ് മേഘം. ഞാന്‍ പുഞ്ചിരിച്ചു.
കണ്ണീരണിഞ്ഞൊരു പുഞ്ചിരി. പിന്നെ വിചിത്രമായൊരു കാഴ്ച എന്നെത്തേടിയെത്തി. മുറിയില്‍ ഒരു വെട്ടം വന്നു നിറഞ്ഞു. തിളങ്ങുന്നൊരു വെട്ടം. നിമിഷങ്ങള്‍ക്കുള്ളില്‍ ആകാശത്തെങ്ങോ ആ വെട്ടം പൊയ്മറഞ്ഞു. ഞാന്‍ മയങ്ങുകയായിരുന്നില്ല.
ഞാന്‍ കണ്ടു. കണ്ടവയെല്ലാം വിശ്വസിച്ചു. ഞാന്‍ ചിരിച്ചു. പിന്നെ എഴുതി.
ചിറകൊടിഞ്ഞൊരു നേരം
ചിറകുമായൊരു മാലാഖ…. ‘
ഈ പാട്ടിന്റെ പിറവി ഇങ്ങനെയായിരുന്നു.
ഫാ. വിന്‍സെന്റ് വാര്യത്തു പറഞ്ഞു നിര്‍ത്തി.