പ്രിയ സുഹൃത്തേ..
പുസ്തകങ്ങളെ നിങ്ങൾക്ക് ചേർത്തുപിടിക്കാൻ കഴിഞ്ഞാൽ അവ എക്കാലത്തും നല്ല സുഹൃത്തുക്കളായി നിങ്ങൾക്ക് കൂട്ടിനുണ്ടാവും, സ്വന്തം ന്യൂനതകളെക്കുറിച്ചും കഴിവിനെക്കുറിച്ചും കഴിവുകേടുകളെക്കുറിച്ചും അവ നിങ്ങളോട് ഉറക്കെ സംസാരിക്കും. തെറ്റായ തീരുമാനങ്ങളെ ഉപേക്ഷിക്കാൻ സഹായിക്കും.
ഭ്രാന്തിനും ആത്മഹത്യയ്ക്കുമിടയിലെ നൂൽപ്പാലത്തിലൂടെ ഞാൻ നടന്ന ഒരു കാലമത്രയും എനിക്കു പിടിക്കാൻ ബലമുള്ള കൈവരികൾ തന്നത് പുസ്തകങ്ങളാണ്.
ഏറ്റവും പ്രിയപ്പെട്ടവരെ മരണം കൊണ്ടുപോവുന്ന ഈ രോഗകാലത്തും പുസ്തകങ്ങൾ എന്ന കൂട്ടുകാർ സാന്ത്വനമായി കരുത്തായി, പ്രണയമായി രക്തഗന്ധമുള്ള ബന്ധങ്ങളായി എന്റെ കൂടെത്തന്നെയുണ്ട്.
മുഹമ്മദ് അബാസ് ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരനാണ്. എട്ടാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ച അബ്ബാസ് ജീവിതത്തെ നിലനിർത്താൻ വിവിധ തൊഴിലുകളിൽ ഏർപ്പെടുകയായിരുന്നു. സ്റ്റീൽ പ്ലാന്റിലെ ഖലാസി, ഹോട്ടൽ ശുചീകരണക്കാരൻ, പെയിൻറിംഗ് തൊഴിലാളി എന്നിങ്ങനെ പലതരം ജോലികളിൽ ഏർപ്പെട്ടു. സ്വന്തം പരിശ്രമത്താൽ മലയാളം പഠിച്ചു. ആത്മകഥാപരമായ എഴുത്തുകൾ കൊണ്ടും ലോകസാഹിത്യത്തെക്കുറിച്ചുള്ള കുറിപ്പുകൾ കൊണ്ടും വിപുലമായ വായന സമൂഹത്തെ ഇപ്പോൾ അദ്ദേഹം സ്വന്തമാക്കി. മുപ്പത്തിനാലു വർഷമായി മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ താമസിക്കുന്ന അബാസിന്റെ പുസ്തകങ്ങൾ: ഒരു പെയിന്റ് പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ (സാഹിത്യാസ്വാദനം), വിശപ്പ് പ്രണയം ഉന്മാദം, മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഒരേർപ്പാടല്ല (ഓർമ്മക്കുറിപ്പുകൾ) എന്നിവയാണ്.
അസാധാരണമായ ജീവിതാനുഭവങ്ങളാണ് മുഹമ്മദ് അബ്ബാസ് എഴുതിക്കൊണ്ടിരിക്കുന്നത്. വിശപ്പ്, പ്രണയം, ഉന്മാദം എന്ന പുസ്തകം വായിച്ചു താഴെ വയ്ക്കുമ്പോൾ മനുഷ്യജീവിതത്തിന്റെ ആഴവും പരപ്പും അതിലെ നിസ്സഹായതയും നമ്മുക്ക് ബോധ്യപ്പെടും. തന്റെ എഴുത്തിനെയും ജീവിതത്തെയും കുറിച്ചും ആമുഖത്തിൽ അബ്ബാസ് പറയുന്നത് ഇങ്ങനെയാണ്.
“വീടു വിട്ടുപോയി നഗരങ്ങളിലെ ഹോട്ടലുകളിൽ അവൻ എച്ചിൽ മേശകൾ തുടച്ചു. അതിന്റെ പ്രതിഫലം വാങ്ങാൻ മലയാളത്തിൽ പേരെഴുതി ഒപ്പിടാനറിയാതെ ചുറ്റും മുഴങ്ങിയ പരിഹാസങ്ങൾക്കിടയിൽ അവൻ അന്തിച്ചുനിന്നു. പറയാനറിയാവുന്ന ഭാഷ എഴുതാനോ വായിക്കാനോ അറിയില്ലെന്ന് ചങ്കുപിളർന്നു പറഞ്ഞിട്ടും, അവൻ ക്രൂശിക്കപ്പെട്ടു. അവനു ജീവിക്കണമായിരുന്നു. ജീവിക്കാൻ ഭാഷ പഠിക്കണമായിരുന്നു. തമിഴിന്റെയും മലയാളത്തിന്റെയും ആത്മാവ് ഒന്നുതന്നെയാണോ എന്ന് ഇന്നും അവന് അറിയില്ല. പക്ഷേ, അവൻ മലയാള അക്ഷരങ്ങൾ പഠിച്ചു. പിച്ചവെക്കുന്ന കുട്ടിയെപ്പോലെ ഓരോ അക്ഷരവും കൂട്ടിവായിച്ച് വാക്കുകൾ പഠിച്ചു. വാക്കുകളുടെ അർത്ഥങ്ങൾ പഠിച്ചു. പക്ഷേ, ആ പഠനത്തിന് അവന് പലവട്ടം മരിച്ച് പലവട്ടം ജനിക്കേണ്ടിവന്നു.
എച്ചിൽമേശകൾ തുടച്ചും ലോട്ടറി വിറ്റും റോഡുപണിയെടുത്തും ടാപ്പിങ് ചെയ്തും പെയിന്റ് പണിയെടുത്തും അവൻ ജീവിച്ചു. ആ ജീവിതത്തിൽ അവന്റെ കാലിൽ തറച്ച മുള്ളുകളുടെ ഹൃദയത്തിൽ പൊടിഞ്ഞ ചോരയുടെ അടയാളങ്ങളാണ് നിങ്ങളിനി വായിക്കാൻ പോവുന്നത്.
നിങ്ങളിതിൽ സാഹിത്യഭംഗി തിരയരുത്. ബോർഡ് വായിക്കാനറിയാതെ ബസ് മാറിക്കയറി വഴിയിൽ ഇറക്കിവിടപ്പെട്ട ആ കുട്ടി, വഴിതെറ്റി നിങ്ങളുടെ വായനമുറിയിലേക്കു വന്നതായി കരുതി, അവനോടു ക്ഷമിക്കുക.
വലിയ വലിയ അനുഭവങ്ങളൊന്നും തീരെ ചെറിയ ജീവിതത്തിൽനിന്ന് എനിക്ക് നിങ്ങളിലേക്കു പകരാനാവില്ല. ഇതിന്റെ വായനയിൽ എവിടെയെങ്കിലും നിങ്ങൾ ഇടറിനിന്നാൽ, നിങ്ങളുടെ നെഞ്ചു കനത്താൽ, ആ സങ്കടങ്ങളൊക്കെയും അനുഭവിച്ചുതീർത്തവന്റെ ജീവിതത്തെ ഓർക്കുക.”
ഇക്കാലത്തും മനുഷ്യന് അല്ല സഹജീവിക്ക് ഇത്രയും യാതനകൾ അനുഭവിക്കേണ്ടി വരുന്നുണ്ടോ എന്ന് അതിശയിപ്പിക്കും ഈ പുസ്തകം.
ഉമ്മയും ഞാനും എന്ന ചെറു അധ്യായം ഉദാഹരണമായി കറിക്കാം.
” ഇത് എന്റെ ഉമ്മ.
ഉമ്മാന്റെ ഭാഷയിൽ പറഞ്ഞാൽ ‘പത്തു മക്കളെ പെറ്റ പാപി.’ ഈ ഉമ്മാന്റെ എട്ടാമത്തെ മോനാണ് ഞാൻ.
എന്റെ അന്തംവിട്ട വായന കണ്ട് എനിക്ക് വായിച്ചു വട്ടാവുമെന്ന് ആദ്യം പ്രവചിച്ചത് ഉമ്മയാണ്. ഉമ്മാന്റെ ഭാഷയിൽ “ഓതി മറിയുക.’ അങ്ങനെ ഓതി മറിഞ്ഞപ്പോൾ എനിക്കായി ഏറ്റവും കൂടുതൽ വേദനിച്ചതും ചേർത്തുപിടിച്ചതും ഈ ഉമ്മതന്നെയാണ്. മറ്റുള്ളവരുടെ അമ്മമാർക്ക് വന്നാൽ അത് ചന്നിയും സ്വന്തം അമ്മയ്ക്ക് വന്നാൽ ഓർമ്മത്തെറ്റുമായി മാറുന്ന ദുരവസ്ഥയിലാണ് എന്റെ ഉമ്മ ഇപ്പോൾ ജീവിക്കുന്നത്.
ഉമ്മായ്ക്ക് എഴുതാനും വായിക്കാനും അറിയില്ല. അറിഞ്ഞാൽപ്പോലും ഇപ്പോ ഉമ്മാന്റെ മുമ്പിൽ നിവർത്തിവെച്ച് എന്റെ വികലാക്ഷരങ്ങളുടെ പുസ്തകം എന്താണെന്നോ ആര് എഴുതിയതാണന്നോ ഉമ്മാക്ക് മനസ്സിലാക്കാൻ കഴിയില്ല. ഒറ്റയടിക്കല്ല ഉമ്മ ഈ മറവിപ്പുറ്റിലേക്ക് നൂണ്ടുപോയത്. മെല്ലെ മെല്ലെ ഉമ്മാന്റെ ഓർമ്മകളുടെ വാതിലുകൾ അടയുകയായിരുന്നു. ആ അടയലിന്റെ നിസ്സഹായതയിൽ ഉപ്പാന്റെ മരണം പോലും ഓർമ്മയില്ലാതെ, ഉപ്പാക്ക് ചോറ് കൊടുത്തോന്ന് ഇപ്പഴും ഈ ആറു വർഷങ്ങൾക്കുശേഷവും ഉമ്മ ചോദിച്ചുകൊണ്ടേയിരിക്കുന്നു.
അഞ്ചു മിനിട്ടിനുള്ളിൽ ഇത് ആര്ടെ കുട്ടിയാ…?’ എന്ന് ഉമ്മ എന്നോട് ആറു വട്ടം ചോദിക്കും. ഉമ്മാന്റെ എട്ടാമത്തെ സന്തതിയെന്ന് ഞാൻ മറുപടിയും പറയും. പിന്നെയും ഉമ്മ ചോദിക്കും:
“അല്ലാ… ഇത് ഈ കുടീത്തെ കുട്ടിയാ…?’
ഭൂമിയിൽ ഒരമ്മയ്ക്കും മകനും ഈ ദുരവസ്ഥ വരാതിരിക്കട്ടെ. ഓർമ്മയുടെ വാതിലുകൾ അടയുന്നതിനു മുമ്പായിരുന്നെങ്കിൽ ഈ പുസ്തകത്തിന്റെ ഉള്ളടക്കം മനസ്സിലായില്ലെങ്കിലും ഇതു ഞാൻ എഴുതിയതാണെന്ന് ഉമ്മായ്ക്ക് മനസ്സിലാവുമായിരുന്നു. എന്നെ ചേർത്തുപിടിക്കുമായിരുന്നു. ഇക്കാലമത്രയും ചുട്ടുപൊള്ളുന്ന എന്റെ നെറുകയിൽ ഏറ്റവും സ്നേഹത്തോടെ ചുംബിക്കുമായിരുന്നു.
മക്കളുടെ പാത്രങ്ങളിലേക്ക് ചോറുവിളമ്പി കാലിയായ പോറ്റുകലത്തിലേക്ക് വെള്ളമൊഴിച്ച്, മാറിനിന്ന് അത് കുടിച്ച ഈ ഉമ്മാനെ ഞാൻ എങ്ങനെയാണ് അടയാളപ്പെടുത്തുക? മക്കൾക്ക് ഭക്ഷണം തന്നെ തികച്ചു വിളമ്പാനില്ലാത്ത ഒരമ്മ, തന്റെ സ്നേഹം വിളമ്പിയപ്പോ തനിക്കുകിട്ടിയത് കുറഞ്ഞുപോയല്ലോ എന്നു പരിഭവിച്ച ഞാനെന്ന ആ കുട്ടി ഇപ്പോൾ ഉള്ളിൽ നിശ്ശബ്ദമായി കരയുകയാണ്. വാക്കുകളിലേക്ക് പകർത്താനാവാത്ത വേദനയായി ഉമ്മ എന്റെ മുമ്പിൽ കിടക്കുകയാണ്.
ജീവിതം ഇങ്ങനെയൊക്കെയാണ്. ഒട്ടും കനിവില്ലാതെ അതു നമ്മളെ വേട്ടയാടും.
ഓർത്തെടുക്കേണ്ട കുറേ കാര്യങ്ങൾ മാത്രമാണ് ജീവിതമെന്നിരിക്കെ, ഓർമ്മകളുടെ വാതിലുകളെല്ലാം അടഞ്ഞുപോയ തലച്ചോറുമായി എന്റെ ഉമ്മ… ഒരു വാക്കുപോലും ഇനി ഇവിടെ എഴുതാനാവാതെ ഞാനെന്ന മകൻ… “
ജീവിച്ചു എന്നതിന് ഈ ഭൂമിയിൽ അടയാളങ്ങൾ ഒന്നും ബാക്കിയാക്കാതെ മരിച്ചുപോകുന്ന ലക്ഷോപലക്ഷം മനുഷ്യരുണ്ട്. പക്ഷേ,കന്യാകുമാരി ജില്ലയിലെ പെരുംചിലമ്പ് ഗ്രാമത്തിൽ ജനിച്ച് ജീവിക്കാൻ മലപ്പുറത്തേക്ക് പാലായനം ചെയ്ത മുഹമ്മദ് അബ്ബാസ് അക്കൂട്ടത്തിൽ പെടുന്നില്ല. അവൻ അക്ഷരം പഠിച്ച് പുസ്തകം വായിച്ച് ജീവിതത്തെ നമ്മളിലേക്ക് പകർന്നിട്ടിരിക്കുന്നു. ഇതിന്റെ വായന നമുടെ നെഞ്ചിൽ വേദനയുണ്ടാകും. അറിയാതെ കണ്ണുകൾ ഈറനണിയിക്കും.