മലയാളസിനിമാ രംഗത്തെ കലാസംവിധായകനും പരസ്യകലയിലെ പ്രതിഭയുമായിരുന്ന ആർട്ടിസ്റ്റ് കിത്തോ വിട പറഞ്ഞിട്ട് ഒരാണ്ടു തികയുന്നു.
ഒരു പാട്ട് റെക്കോർഡ് ചെയ്യുമ്പോൾ അതിൽ പിന്നണിക്കായി ലോകത്തുള്ള സംഗീതോപകരണങ്ങൾ എല്ലാം തന്നെ ഒന്നോ രണ്ടോ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും ലഭിക്കുന്ന കാലമാണിത്. എന്നാൽ ഇപ്പോഴും യഥാർത്ഥ സംഗീതോപകരണങ്ങൾ തന്നെ വായിച്ചു തനിമ കാക്കുന്നവരുമുണ്ട്. അതുപോലെ തന്നെ ഫോട്ടോഗ്രഫിയിൽ കുറഞ്ഞ ചെലവിൽ കൂടുതൽ ചിത്രമെടുക്കാവുന്ന ഡിജിറ്റൽ സംവിധാനം ഉണ്ടെങ്കിലും പരിമിതമായ എണ്ണം മാത്രമെടുക്കാവുന്ന ഫിലിം കാമറ ഉപയോഗിച്ചു തനിമ വേണമെന്ന് നിർബന്ധമുള്ളവരുമുണ്ട്. അച്ചടി – പരസ്യകല രംഗത്ത് എണ്ണമറ്റ ലിപി ( ഫോണ്ട് ) ലഭ്യമാണെങ്കിലും കൈ കൊണ്ട് വരച്ചെടുത്തു തനിമയ്ക്കായി നിലകൊള്ളുന്നവരുമുണ്ട്.
ഇങ്ങനെ തനിമയ്ക്കായി വാശി പിടിച്ചിരുന്നൊരു കലാകാരനായിരുന്നു ആർട്ടിസ്റ്റ് കിത്തോ.
ഒരുകാലത്തു ഏതു മലയാളം സിനിമ കാണുമ്പോഴും അതിൽ ഈ പേരുണ്ടാകുമായിരുന്നു. പരസ്യകല : ആർട്ടിസ്റ്റ് കിത്തോ. നൂറോളം സിനിമകളുടെ പരസ്യകലയും അമ്പത് സിനിമകൾക്ക് കലാസംവിധാനവും ഒരുക്കിയിട്ടുണ്ട് ആർട്ടിസ്റ്റ് കിത്തോ. കേരള ടൈംസ്, മലയാളമനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളിൽ ചിത്രകാരനായി പ്രവർത്തിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ടൈപ്പ് സെറ്റിങ്ങും ഓഫ്സെറ്റ് പ്രിന്റ്റിങ്ങും ഇല്ലാത്തൊരു കാലത്ത് കൈകൊണ്ടായിരുന്നു തലക്കെട്ടുകൾ എഴുതിയിരുന്നത്. ഇങ്ങനെ തലക്കെട്ടുകൾ എഴുതുന്നതിൽ അതിപ്രഗത്ഭനായിരുന്നു ആർടിസ്റ്റ് കിത്തോ.
കലൂർ ഡെന്നീസുമായി ചേർന്ന് ചിത്രപൗർണമി എന്ന സിനിമ വാരിക തുടങ്ങിയത് ആർടിസ്റ്റ് കിത്തോ ആയിരുന്നു. ഐ. വി. ശശി, ജേസി, ജോഷി, സത്യൻ അന്തിക്കാട്,ഫാസിൽ, കമൽ, വിജി തമ്പി, കെ.എസ്. സേതുമാധവൻ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരുടെ സിനിമകളിൽ പ്രവർത്തിച്ചു. ആലോലം എന്ന സിനിമയ്ക്കായി കഥ എഴുതി. ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് എന്ന സിനിമയുടെ നിർമ്മാതാവുമായിരുന്നു.
സി. എ. സി. , കലാഭവൻ എന്നിവ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ ലോഗോ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. താലന്ത്, സ്നേഹസേന എന്നീ മാസികകളുടെ രൂപരേഖയും ചിത്രകഥകളും പതിറ്റാണ്ടുകളോളം അദ്ദേഹം നിർവഹിച്ചു.
ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹം രൂപകല്പന ചെയ്ത സിനിമാപോസ്റ്ററുകളുടെ പ്രദർശനം കൊച്ചിയിൽ ഒരുക്കാനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും.