ഭാവിയെക്കുറിച്ച് സ്വപ്നം കാണാനും ഉത്കണ്ഠപ്പെടാനും നിലവില്‍ നികുതി കൊടുക്കേണ്ടതില്ലാത്തതിനാല്‍ ഉത്കണ്ഠപ്പെടുന്നുവെന്നു മാത്രം. ട്രാജഡികളുടെ മുന്നില്‍നിന്ന് നിര്‍മ്മമതയോടെ ചിരിക്കുന്ന ധീരനായകരെ ഗ്രീക്ക് നാടകങ്ങളിലും ഷേക്സ്പിയറിലും വായിച്ചപ്പോള്‍ നമ്മള് ഒരുനാള്‍ ഇതേവിധം ധീരരാകേണ്ടിവരുമെന്ന് ഓര്‍ത്തില്ല! ”ന്യൂയോര്‍ക്ക് ടൈംസ്” പത്രം പേരെടുത്തു പറഞ്ഞ് സ്നേഹബുദ്ധ്യാ ഉപദേശിക്കുന്നു: ഇനിയെങ്കിലും ഈ അണക്കെട്ട് നിങ്ങള്‍ ”ഡീ കമ്മീഷന്” ചെയ്യൂ. കേരളം എന്നുമിത് ആവശ്യപ്പെട്ടിരുന്നു. ശേഷം പലപല കമ്മീഷനുകള്‍ ഉണ്ടായി. പഠനങ്ങള്‍ ഉണ്ടായി. കേരളവും തമിഴ്നാടും വാക്കേറ്റങ്ങള്‍ നടത്തി. സമരങ്ങള്‍ ഉണ്ടായി. സുപ്രീം കോടതിയുടെ വിധികളും നിര്‍ദേശങ്ങളും ഉണ്ടായി. വിദഗ്ദ്ധ പഠനങ്ങള്‍ നല്കിയവരില് ആശ്വാസമേകിയവര്‍ ഉണ്ടായി. അണക്കെട്ടിന് ബലക്ഷയം ഇല്ലായെന്ന് പറഞ്ഞവരെ വിശ്വസിച്ച് ആശ്വാസംകൊണ്ടു.
പക്ഷേ, പ്രകൃതിയെക്കുറിച്ച് പ്രവചിക്കാന്‍ നമ്മള് ആര് എന്ന് ഉല്‍ക്കണ്ഠ ബാക്കിയാകുന്നു. ലിബിയ നല്കുന്ന പാഠം വായിച്ച് ശ്വാസംമുട്ടിക്കഴിയുന്നു. ഇനിയെന്ത് എന്ന് ചോദ്യമുയരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പഴയൊരു നിയമപോരാട്ട ചരിത്രം ഇപ്പോള്‍ ഓര്‍ത്തെടുക്കുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്പുലരിക്ക് മുന്‍പുള്ള ചരിത്രമാണ്. അന്നത്തെ വാദമുഖങ്ങളില്‍ ചിലതിനോട്, അതിന്റെ യുക്തിയോട് ഇപ്പോഴും മനസ്സുകൊണ്ട് യോജിച്ച് അവയില്‍ ചിലത് പ്രയോഗിക്കാനാകുമോയെന്നതാണ് ആരായുന്ന ചോദ്യം.
ബ്രിട്ടീഷുകാരുടെ മദ്രാസ് ഗവണ്മെന്റും തിരുവിതാംകൂര്‍ സ്റ്റേറ്റും തമ്മില്‍ നടന്ന നിയമപോരാട്ട സമയത്ത് മുല്ലപ്പെരിയാര്‍ പാട്ടക്കരാറിനെ സംബന്ധിച്ച വാദപ്രതിവാദങ്ങളില്‍ സര് സി.പി. രാമസ്വാമി അയ്യരും അദ്ദേഹത്തിന്റെ വക്കീല്‍ ജൂനിയറായി പ്രാക്ടീസ് ചെയ്ത അല്ലാടി കൃഷ്ണസ്വാമി അയ്യരും കൊമ്പുകോര്‍ത്ത സമയം. വിധി തീര്‍പ്പാക്കാനാവാതെ വരുന്ന സമയത്ത് മധ്യസ്ഥ ശ്രമങ്ങളും, അതും പരാജയപ്പെടുന്നതോടെ അംപയറിന്റെ മാധ്യസ്ഥ്യവും ഇരുകൂട്ടരും തേടിയ സമയം.
അനിശ്ചിതാവസ്ഥയ്ക്ക് അറുതിവരുത്താന്‍ അന്തിമമായി വിധിപറയാനുള്ള അധികാരത്തോടെ അംപയര്‍ ആയി അന്ന് നിയമിക്കപ്പെട്ടത് കല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന സര് നളിനി രഞ്ജന്‍ ചാറ്റര്‍ജിയായിരുന്നു. മദ്രാസ് ഗവണ്മെന്റിന്റെ പ്രതിനിധിയായി വന്നത് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി, സര് ഡേവിഡ് ദേവദാസും ആയിരുന്നു. തിരുവിതാംകൂറിനെ പ്രതിനിധീകരിച്ചത് മുന്‍ ദിവാന് സര് വി.എസ്. സുബ്രഹ്മണ്യ അയ്യര്‍. രണ്ടു കൂട്ടര്‍ക്കും വേണ്ടി നിയമപോരാട്ടം നടത്തിയത്, തിരുവിതാംകൂറിനുവേണ്ടി വീണ്ടും സര് സി.പി.യും മദ്രാസിനുവേണ്ടി അല്ലാടി സ്വാമിയും. വാദങ്ങള്‍ക്കിടയില്‍, മദ്രാസ് പ്രതിനിധിയായി വന്ന സര് ഡേവിഡ് ദേവദാസ് സി.പി.യോട് ചോദിക്കുന്നു: ”തിരുവിതാംകൂറില്‍നിന്ന് ബ്രിട്ടീഷ് പ്രദേശത്തേക്ക് ഒഴുകിവരുന്ന വെള്ളം ജലസേചനത്തിനുപയോഗിക്കാതെ മധുര-പെരിയകുളം എന്നീ വലിയ പട്ടണങ്ങളിലെ നിവാസികള്‍ക്ക് കുടിവെള്ളം എത്തിക്കാനായി ഒരു റിസര്‍വോയര്‍ നിര്‍മ്മിക്കുന്നു എന്ന് വയ്ക്കുക. താങ്കള്‍ ആ നീക്കത്തെ എതിര്‍ക്കുമോ?
സര് സി.പി. മറുപടി പറഞ്ഞത് ഇങ്ങനെ: ”തീര്‍ച്ചയായും എതിര്‍ക്കും. കാരണം 80 വര്‍ഷം മുമ്പ് ഇത്തരം സാധ്യതകളെക്കുറിച്ച് യാതൊരറിവുമുണ്ടായിരുന്നില്ലല്ലോ.” 1886 ലെ പെരിയാര്‍ പാട്ടക്കരാറിന്റെയെന്നല്ല, സ്വാതന്ത്ര്യാനന്തരം 1970 ലെ അച്യുതമേനോന് സര്‍ക്കാര്‍ ഒപ്പിട്ട ”999 വര്‍ഷത്തെ” പാട്ടക്കരാറിനു വരെ ബാധകമാകുന്ന ”ഭാവി സാധ്യതയെക്കുറിച്ചുള്ള അജ്ഞത” എന്ന നിയമവശത്തിന്റെ സൈദ്ധാന്തികമാനം അന്നേ സര് സി.പി. പറഞ്ഞുവച്ചു. അന്നത്തെ വാദമുഖങ്ങള്‍ക്കിടയില്‍ സര് സി.പി. ഉദാഹരിച്ച അമേരിക്കന്‍ കോടതിയിലെ സംഭവവും ശ്രദ്ധേയമായിരുന്നു. എല്വെല്ലും ബ്രിഗ്സ് ഗ്യാസ് കമ്പനിയുമായുണ്ടായ നിയമപോരാട്ടത്തെപ്പറ്റിയായിരുന്നു സര് സി.പി.യുടെ ഉദാഹരണം. പാട്ടക്കരാറിലേര്പ്പെട്ട കമ്പനിക്ക് ഭൂമിയുടെ ഉടമയുടെ പാട്ട ഭൂമിയില്‍നിന്ന് ഖനനം ചെയ്തെടുത്ത ചരിത്രപ്രാധാന്യമുള്ള ബോട്ടിന്മേല്‍ അവകാശമില്ലായെന്നതായിരുന്നു സുപ്രധാനമായ ആ വിധി. പാട്ടത്തിലേര്പ്പെടുമ്പോള് പാട്ട ഭൂമിയെപ്പറ്റി സകല വിവരവും ഉടമയ്ക്ക് ഉണ്ടാകണമെന്നില്ല. പില്ക്കാലത്തെ മുന്‍കൂട്ടി കാണാനുള്ള ജ്ഞാനവും ഉണ്ടാകണമെന്നില്ല എന്ന വാദത്തെ ജസ്റ്റിസ് ചാറ്റര്‍ജി അംഗീകരിച്ചുവെന്നതാണ് ചരിത്രം.
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതോടെ, തിരുവിതാംകൂര്‍ സ്റ്റേറ്റിന് അനീതി മാത്രം നല്കിയ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദുചെയ്യണമെന്ന് 1947 ജൂലൈയില്‍, വൈസ്രോയി മൗണ്ട് ബാറ്റനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സര് സി.പി. ആവശ്യപ്പെടുന്നുണ്ട്. ബ്രിട്ടീഷ് സര്‍ക്കാരുകള്‍ രാജ്യത്തിന്റെ പലഭാഗത്തും നാട്ടുരാജ്യങ്ങളുമായി ഉണ്ടാക്കിയ പല കരാറുകളും റദ്ദു ചെയ്തെങ്കിലും മുല്ലപ്പെരിയാര്‍ കരാര്‍ അതേപടി തുടര്‍ന്നു. എല്ലാവിധത്തിലും തിരുവിതാംകൂര്‍ സ്റ്റേറ്റിനും (പില്ക്കാല ഐക്യകേരളത്തിനും) അപകടമായി മാറുമെന്ന് സര് സി.പി. ദീര്‍ഘവീക്ഷണത്തോടെ കണ്ടറിഞ്ഞ് ഈ കരാറിനെതിരെ നിയമപരമായി പോരാടിയെന്നതിനെപ്പറ്റി കേരളം കൃതജ്ഞതയോടെ ഓര്‍മ്മിക്കണമെന്ന് 1967 ഒക്ടോബര്‍ 5-ന് പനമ്പിള്ളി ഗോവിന്ദമേനോന് ”വീക്ക്ലി കേരള’യില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്.
കേന്ദ്ര ജല കമ്മീഷന് ഹ്രസ്വ, മധ്യകാല, ദീര്‍ഘകാല നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍ ചെയ്തുവെന്ന് അവകാശപ്പെടുന്ന ഡാം ബലപ്പെടുത്തല്‍ എന്ന കാര്യം ഡാം സുരക്ഷയെപ്പറ്റി എത്രമാത്രം ഗുണകരമായി എന്നതിനെക്കുറിച്ച് കേരളം തര്‍ക്കമുന്നയിച്ചിരുന്നു. നിലവിലെ മുല്ലപ്പെരിയാര്‍ ഡാം ‘ഡി കമ്മീഷന്’ ചെയ്ത് പുതിയത് നിര്‍മിക്കാന്‍ കേരള നിയമസഭ പാസാക്കിയ ബില്ല് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയും കേരളത്തിന് തിരിച്ചടിയായി. ഡാം സുരക്ഷയെപ്പറ്റി പഠിച്ച ഉന്നത വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡാമിന്റെ നിലവിലെ സുരക്ഷയെപ്പറ്റി സുപ്രീം കോടതിയെ ധരിപ്പിച്ചെങ്കിലും, കേരളം നടത്തിയ പഠനത്തില്‍ (ഐ.ഐ.ടി. റൂര്‍ക്കിയുടെ പഠനം) റിക്ടര്‍ സ്കെയിലില്‍ 6ന് മുകളില്‍ വരാവുന്ന ഏത് ഭൂചലനവും ഡാമിന് ഭീഷണിയാണ് എന്ന് പ്രസ്താവിച്ചു. ചൈനയില്‍, ബാഞ്ചിയോ ഡാമും, ഗുജറാത്തില്‍ മാച്ചു ഡാമും 1975 ല്‍ കുത്തിയൊലിച്ചുപോയതോടെയാണ് നമ്മള് മുല്ലപ്പെരിയാറിനെപ്പറ്റി കൂടുതല്‍ ഉല്‍കണ്ഠപ്പെട്ടു തുടങ്ങിയത്. 125 വര്‍ഷം പഴക്കമുള്ള ഒരു കല്‍ക്കെട്ട് (മെയ്സണറി) ഡാമിന്റെ സുരക്ഷയെപ്പറ്റി ആര്‍ക്കാണ് പ്രവചിക്കാനാവുകയെന്ന് എന്‍ജിനീയറിംഗ് വൈദഗ്ദ്ധ്യമുള്ളവര്‍ അദ്ഭുതപ്പെടുന്നു. അതുതന്നെയാണ് ന്യൂയോര്‍ക്ക് ടൈംസും ചോദിച്ചത്.
എന്‍ജിനീയറിംഗിന്റെ ഏറ്റവും പുതിയ ടെക്നോളജി പ്രയോഗിക്കുന്ന അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും 62 വര്‍ഷത്തിനപ്പുറം ഒരു ഡാമിനും സുരക്ഷയുടെ ഗ്യാരന്റി പറയുന്നില്ല.
പടിഞ്ഞാറേയ്ക്ക് ഒഴുകിയ മുല്ലയാറിന്റെയും പെരിയാറിന്റെയും ഗതിശക്തിയെ കിഴക്കോട്ടേയ്ക്ക് തിരിച്ചുനിര്‍ത്തിയ ബ്രിട്ടീഷ് എന്‍ജിനീയര്‍ സര് പെനിക്വിക്കു പോലും താന്‍ പടുത്തുയര്‍ത്തിയ ഈ എന്‍ജിനീയറിംഗ് വിസ്മയത്തിന്റെ 125 വര്‍ഷമെന്ന പ്രായം കണക്കുകൂട്ടിയിട്ടുണ്ടാവില്ല.
തമിഴ്നാടിന്റെ ഗ്രാമങ്ങള്‍ക്ക് സര് പെനിക്വിക്ക് ദൈവതുല്യനാണ്. തമിഴ്നാടിനെ ഗ്രസിച്ച 1870 കളിലെ വരള്‍ച്ചാ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമം തമിഴ്നാടിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും നല്കിയ സംഭാവന വിലമതിക്കാനാവാത്തതുതന്നെ. ഏറ്റവും പ്രാഥമികമായ കണക്കുകൂട്ടലില്പ്പോലും മുല്ലപ്പെരിയാറിലെ ജലവിനിയോഗ വൈവിധ്യങ്ങളിലൂടെ തമിഴ്നാട് ഒരു വര്‍ഷം ഇപ്പോള്‍ നേടുന്ന ലാഭം 800 കോടിയിലധികം രൂപയാണ്. (മുല്ലപ്പെരിയാര്‍ പാട്ടക്കരാറിലൂടെ കേരളത്തിന് തമിഴ്നാട് നല്കാന് ബാധ്യതപ്പെട്ട തുക വെറും പത്തുലക്ഷം രൂപ മാത്രമാണ്. അതുതന്നെ കേരളം വാങ്ങുന്നുണ്ടോ എന്ന കാര്യം സംശയമാണ്). കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ തമിഴ്നാട് ഉര്‍ത്തുന്ന എതിര്‍പ്പുകള്‍ മനസിലാക്കാവുന്നതാണ്. സംസ്ഥാനങ്ങള്‍ തമ്മില്‍ ജലത്തിനുവേണ്ടി നടത്തുന്ന തര്‍ക്കങ്ങള്‍, ഇന്ത്യയില്‍ പുതുമയല്ല. കാവേരി നദീ ജല തര്‍ക്കം ഇപ്പോള്‍ കത്തുകയാണല്ലോ!
രാഷ്ട്രീയ മുതലെടുപ്പുകള്ക്കപ്പുറം കേരളത്തിലെ മുപ്പത്തഞ്ചു ലക്ഷത്തിലധികം വരുന്ന ജനസമൂഹത്തെ നേരിട്ട് ബാധിക്കാവുന്ന ഈ ”ജലബോംബ്” ഭീഷണിയെപ്പറ്റി ഗൗരവതരമായ സമീപനങ്ങള്‍ കേരളം ഇനിയും കൈക്കൊള്ളണം. ജീവനുള്ള ഭീഷണി എന്ന മാനദണ്ഡത്തിനപ്പുറം മറ്റൊന്നും ഇനി ഇക്കാര്യത്തില്‍ നോക്കേണ്ടതില്ല. 2018 ലെ വലിയ പ്രളയകാലത്ത് ഇടുക്കി ഡാമിലേക്ക് മൂന്നുദിവസംകൊണ്ട് ഒഴുകിയെത്തിയത് 435 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. മുല്ലപ്പെരിയാറിന്റെ ആകെ സംഭരണശേഷിയായ 440 ദശലക്ഷം ഘനമീറ്റര്‍ വെള്ളം എപ്പോഴും അതിലുണ്ടാകും. ഇടുക്കിക്ക് സമാനമായ വൃഷ്ടിപ്രദേശം തന്നെയാണ് മുല്ലപ്പെരിയാറിന്റേതുമെന്ന സത്യം ഭയപ്പെടുത്തുന്നതാണ്. പശ്ചിമഘട്ടമേഖലയില്‍ ഇപ്പോള്‍ ആവര്‍ത്തിക്കപ്പെടുന്ന ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉത്കണ്ഠയേറ്റുന്നു. സര് സി.പി. വാദിച്ചതുപോലെ, ”ഭാവിയെപ്പറ്റി, കരാറിലേര്‍പ്പെട്ട നാളില്‍ ഉണ്ടായ അജ്ഞതകള്‍” മാനദണ്ഡമാക്കി, ഈ അണക്കെട്ട് ”ഡി കമ്മീഷന്” ചെയ്യാന്‍ സത്വര രാഷ്ട്രീയ-നിയമ നടപടികള്‍ ഉണ്ടാകണം. വിവേകത്തിന്റെ വെളിച്ചം വൈകി ഉദിക്കുന്നതുകൊണ്ട് എന്തുകാര്യം?
മനുഷ്യ നിര്‍മിതികള്‍ ഒരു ചരിത്രഘട്ടത്തിലും നിത്യമായി നിലനിന്നിട്ടില്ല.