ആകാശവാണി റേഡിയോ നിലയം മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പത്തു ഗാനങ്ങളുടെ ലിസ്റ്റ് പുറത്തിവിട്ടു. അതിൽ ഒന്നു
‘ അല്ലിയാമ്പൽക്കടവിൽ
അന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായി തുഴഞ്ഞില്ലേ കൊതുമ്പു വള്ളം ‘
എന്ന പ്രണയഗാനമായിരുന്നു.
1965 -ൽ പുറത്തിറങ്ങിയ റോസി എന്ന സിനിമയ്ക്ക് വേണ്ടി പി. ഭാസ്കരൻ എഴുതി കെ. വി. ജോബ് സംഗീതം നൽകിയ ഈ ഗാനം പാടിയത് യേശുദാസ്.അല്ലിയാമ്പൽക്കടവിൽ
എന്ന ഒറ്റ ഗാനം കൊണ്ടു മലയാളികളുടെ മനസ്സിൽ സ്ഥാനം നേടാൻ ജോബ് മാസ്റ്റർക്കു സാധിച്ചു.
ജോബ് & ജോർജ് സംഗീതം നൽകിയ ‘ഞാനുറങ്ങാൻ പോകും മുൻപായി നിനക്കേകുന്നിതാ നന്ദി നന്നായ് ‘ എന്ന കൃതജ്ഞതാഗീതം പാടിയാണ് ഇന്നും പല കുടുംബങ്ങളിലും സ്ഥാപനങ്ങളിലും ആശ്രമങ്ങളിലും ഓരോ ദിനവും അവസാനിക്കുന്നത്.
വർഗീസ് മാളിയേക്കലാണ് ഈ ഗാനം രചിച്ചത്.
ആരാധനാക്രമം ലത്തീൻ ഭാഷയിൽ നിന്നും മലയാളത്തിലേക്ക് മാറിയപ്പോൾ ജോബ് & ജോർജ് സഖ്യമാണ് കൂടുതൽ ഗാനങ്ങൾക്കും സംഗീതം നൽകിയത്.വരാപ്പുഴ അതിരൂപതയുടെ സെമിനാരികളിലും മംഗലാപുഴ സെമിനാരിയിലും അനേകവർഷം ജോബ് മാസ്റ്റർ സംഗീതം പഠിപ്പിച്ചിട്ടുണ്ട്.1929 ജൂൺ 16 നു ജനിച്ച ജോബ് ഏഴാം വയസ്സു മുതൽ ഇടവകയിലെ ഗായകസംഘത്തിൽ അംഗമായിരുന്നു.
പതിനൊന്നാം വയസ്സിൽ സംഗീതപഠനം തുടങ്ങി.സിത്താർ മാന്ത്രികനായിരുന്ന ജിതേന്ദ്രപ്രസാദയുടെ കീഴിൽ സിംലയിൽ മൂന്നു വർഷം പഠിച്ചു.
തിരിച്ചെത്തി നാടകങ്ങൾക്ക് സംഗീതം നൽകിത്തുടങ്ങിയ ജോബ് മാസ്റ്റർ പെട്ടെന്നു തന്നെ കലാരംഗത്തു പ്രശസ്തനായി.ജോർജ് മാസ്റ്ററുമായി ചേർന്നാണ് നാടകഗാനങ്ങൾക്കു സംഗീതം നൽകിയിരുന്നത്.പി. ജെ. ആന്റണി, സി. ജെ. തോമസ്, നെൽസൻ ഫെർണാണ്ടസ് തുടങ്ങിയവരോടൊപ്പം നൂറിലധികം നാടകങ്ങളിൽ പ്രവർത്തിച്ചു.
പിന്നീട് തന്റെ പ്രവർത്തനകേന്ദ്രംമദ്രാസിലേക്ക് മാറ്റിയ ജോബ് മാസ്റ്റർ പത്തു സിനിമകൾക്ക് സംഗീതം നൽകി.സിനിമാലോകം തനിക്കു ചേരുന്നതല്ല എന്നു തിരിച്ചറിഞ്ഞു കൊച്ചിയിലേക്ക് വന്നു വീണ്ടും ഭക്തിഗാനരംഗത്ത് സജീവമായി.2003 ഒക്ടോബർ 4 നു പാട്ടുകൾ ബാക്കിയാക്കി അദ്ദേഹം വിട പറഞ്ഞു.