സമൂഹത്തില്‍ മുഖമില്ലാതായിപ്പോയ ഒരു ജനതയുടെ മുഖമായി മാറിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ സഹനത്തിന്റെ പരിത്യാഗത്തിന്റെ അവസാനം അവിശ്വസനീയമായ ക്ഷമയുടെയും സ്നേഹത്തിന്റെയും സത്യകഥയാണ് ഡോ. ഷെയിസണ്‍ പി. യൗസേഫ് സംവിധാനം ചെയ്ത ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്. ഹിന്ദി, മലയാളം, ഇംഗ്ലീഷ്, തമിഴ്, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളില്‍ ഉടന്‍ റിലീസ് ചെയ്യും.
ഉത്തരേന്ത്യയിലെ ബിജ്നോര്‍, സത്ന, ഇന്‍ഡോര്‍ തുടങ്ങിയ ഇടങ്ങളിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് ആദിവാസികളുടെയും ദളിതരുടെയും ഇടയിലേയ്ക്ക് മിഷണറിയായി കടന്നുചെന്ന മലയാളിയായ സന്നന്യാസിനിയായിരുന്നു റാണി മരിയ. നിരക്ഷരരും നിസഹായരുമായ പാവപ്പെട്ട കൃഷിക്കാരായ ഗ്രാമീണര്‍ക്ക് എതിരെ നടമാടിയിരുന്ന അനീതിക്കും അക്രമങ്ങള്‍ക്കുമെതിരെ നിലകൊള്ളാന്‍ നിലപാടെടുത്ത് മുന്നോട്ടുവന്ന ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റു സന്ന്യാസിനിയുടെ കഥയാണ് ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്. മഹാത്മാഗാന്ധിയെയും മാര്ട്ടിന് ലൂഥര്‍ കിംഗിനെയും പോലെ റാണി മരിയക്കും സ്വജീവന്‍ ബലികൊടുക്കേണ്ടിവന്നു.
പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീസമഹൂത്തെയും, കബളിപ്പിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുത്തുകയും ചെയ്യുന്ന ഗ്രാമീണരെയും കണ്ട് ഹൃദയം നുറുങ്ങിയ റാണി മരിയ ദൈവസന്നിധിയില്‍ അഭയംതേടി. തുടര്‍ന്ന് ജാതി-മത-വര്‍ണ്ണവിവേചനമില്ലാതെ നിറഞ്ഞ പുഞ്ചിരിയോടെ, സംഭവബഹുലമായ 21 വര്‍ഷത്തെ തളര്‍ച്ചയില്ലാത്ത സേവനത്തില്‍ ജനങ്ങള്‍ക്കിടയില്‍ ‘ബിജ്നോര്‍ റാണി’,- – ‘ഇന്‍ഡോര്‍ റാണി’- തുടങ്ങിയ വിശേഷണങ്ങള്ക്കര്ഹയായി.
അക്ഷരക്കൂട്ടുകളിലൂടേയും വായ്മൊഴികളിലൂടേയും റാണി മരിയയെക്കുറിച്ച് അറിഞ്ഞതിലുമധികമായി സംഘര്‍ഷഭരിതവും സംഭവബഹുലവും, ഒപ്പം അഹിംസയുടെയും സമാധാനത്തിന്റെയും മാര്‍ഗ്ഗത്തിലൂന്നിയ അറിയാക്കഥകളും അനാവരണം ചെയ്യുന്നു, ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്’- എന്ന ബോളിവുഡ് ചലച്ചിത്രം.
ബേബിച്ചന് ഏര്‍ത്തയില്‍ എഴുതി പ്രസിദ്ധീകരിച്ച ‘പുല്ലുവഴിയില്‍ നിന്നും പുണ്യവഴിയിലേക്ക്’,- ‘ഉദയനഗറിലെ സുകൃതതാരകം’- എന്നീ ഗ്രന്ഥങ്ങളാണ് ചിത്രത്തിന്റെ പ്രൈം സ്റ്റോറി. ഹൃദയസ്പര്‍ശിയായ ഇതിവൃത്തം, അത്യപൂര്‍വമായ മുഹൂര്‍ത്തങ്ങളും സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നിറഞ്ഞ രംഗങ്ങള്‍, കഥാപാത്രങ്ങളുടെ മികച്ച അഭിനയപാടവം, ശ്രവണസുന്ദരമായ ഗാനങ്ങള്‍, ഗ്രാമീണ ഭംഗിയുള്ള ദൃശ്യങ്ങള്‍ ആവിഷ്ക്കരിച്ചിരിക്കുന്ന ഈ ചലച്ചിത്രം ഹിന്ദി, മലയാളം, ഇംഗ്ലീഷ്, തമിഴ്, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളില്‍ ഉടന്‍ റിലീസ് ചെയ്യും.
‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്’- മുഖമില്ലാത്തവരുടെ മുഖം – മലയാളത്തില്‍നിന്നും ഒരന്തര്‍ദ്ദേശീയ ഫിലിം വെള്ളിത്തിരയിലെത്തുന്നു എന്ന സവിശേഷതയുമുണ്ട്. റാണി മരിയയുടെ ജീവനെടുത്ത കൊലയാളിയെ സഹോദരനായി, മകനായി സ്വീകരിച്ച റാണി മരിയയുടെ കുടുംബാംഗങ്ങള്‍ രചിച്ച അവിശ്വസനീയമായ സ്നേഹത്തിന്റെ വിപ്ലവഗാഥ, ചിത്രത്തിനു പുതിയ മാനം പകരുന്നു. ഈ ബോളിവുഡ് ചിത്രത്തില്‍ സിസ്റ്റര്‍ റാണി മരിയയെ അവതരിപ്പിക്കുന്നത് 2022-ലെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ വിന്‍സി അലോഷ്യസാണ്.
15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 150-ല്‍പ്പരം പ്രശസ്ത കലാകാരന്മാര് അണിനിരക്കുന്ന ഈ ചിത്രത്തില്‍ ജിത്ത് മത്താറു, സോനലി മൊഹന്തി, പൂനം, സ്നേഹലത, പ്രേംനാഥ്, അജീഷ് ജോസ്, ഫാ. സ്റ്റാന്‍ലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരും പ്രമുഖ വേഷങ്ങളിലഭിനയിക്കുന്നു. കൈതപ്രത്തിന്റെ വരികള്‍ക്ക് സംഗീതം അല്‍ഫോന്‍സ് ജോസഫ്, സംഗീതം പകര്‍ന്നിരിക്കുന്നു. കെ. എസ്. ചിത്ര, ഹരിഹരന്, അഖിലാഷ് ഖേര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
ഡോ. ഷെയിസണ്‍ പി. യൗസേഫാണ് സംവിധാനം. എഡിറ്റിംഗ് രഞ്ചന്‍ എബ്രാഹം, ചിത്രീകരണം മഹേഷ് ആനി, തിരക്കഥ-സംഭാഷണം അനന്തന് ജയ്പാല്. ട്രൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ സാന്ദ്ര ഡിസൂസ റാണയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം എറണാകുളത്ത് പ്രദര്‍ശിപ്പിച്ച പ്രീമിയര്‍ ഷോയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ആശംസകളുമായി എത്തി. നായികനടി വിന്‍സി അലോഷ്യസിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. ആദ്യാവസാനം സസ്പെന്‍സ് നിലനിര്‍ത്തി, ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തില്‍ എല്ലാവരും കണ്ടിരിക്കേണ്ട മികച്ച സിനിമയെന്നും കാണികള്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനോടകം 11 ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍ക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.