നവതി ആഘോഷിക്കുന്ന കൊല്ലം രൂപതയിലെ വൈദികശ്രേഷ്ഠനും എഴുത്തുകാരനുമായ മോണ്‍. ഫെര്‍ഡിനാന്‍ഡ് കായാവിലിന് ആദരവും ആശംസകളും നേര്‍ന്നുകൊണ്ട് ഈ കുറിപ്പ് തുടങ്ങട്ടെ.
കാലാതീതമായ നിരവധി സംഭാവനകള്‍ കായാവിലച്ചന് സഭയ്ക്കും സമൂഹത്തിനും നല്‍കിയിട്ടുണ്ട്. എന്നാല്‍ അതില്‍ പ്രഥമമായി പരിഗണിക്കേണ്ടത് അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ തന്നെയാണ്.
ക്രൈസ്തവ അല്മായര്: ഒരു പഠനം, അല്മായ ധര്‍മ്മം, ബിഷപ്പ് ജെറോം: കാലത്തിന്റെ കര്‍മ്മയോഗി, കാല്പാടുകള്, ധ്വനി, ഗാദ്വലൂപ്പെയിലെ നിത്യകന്യകയായ പരിശുദ്ധമറിയം എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍. ഇവയ്ക്കു പുറമേ ബിഷപ്പ് ജെറോം എന്ന പുസ്തകത്തിന്റെ ജനറല്‍ എഡിറ്റര്‍, ഡോ. എം. ശ്രീനിവാസന് സ്മരണിക, കൊല്ലം ക്രിസ്ത്യാനികള്‍, പ്രബുദ്ധതയുടെ ഇതിഹാസം, ഓര്‍മ്മകളിലെ ടി.കെ. ദിവാകരന്, ചിരന്തന സ്മരണ എന്നീ ഗ്രന്ഥങ്ങളുടെ സഹകര്ത്താവുമാണ്.
മോണ്‍. കായാവിലിന്റെ സാമൂഹ്യ ഇടപെടലുകള്‍ കൂടി അറിയുമ്പോള്‍ ആ വിശിഷ്ട വ്യക്തിത്വത്തിനു മുന്പില് നമ്മള് അറിയാതെ തലകുനിച്ചു പോകും.
റോമിലെ പ്രോപ്പഗാന്താ കോളജില്‍ വൈദിക പരിശീലനം പൂര്‍ത്തിയാക്കിയ ഫാ. ഫെര്‍ഡിനാന്‍ഡ് കായാവില്‍ ന്യൂയോര്‍ക്കിലെ ഫോഡം യൂണിവേഴ്സിറ്റിയില്‍നിന്ന് പി.എച്ച്.ഡി.യും റോമിലെ ഉര്‍ബന്‍ യൂണിവേഴ്സിറ്റി യില്നിന്ന് ദൈവശാസ്ത്രത്തില്‍ എസ്.ടി.എല്‍. ഡിഗ്രിയും കരസ്ഥമാക്കി.
ദൈവദാസന് ബിഷപ് ജെറോം ഫെര്‍ണാണ്ടസിന്റെ സെക്രട്ടറിയായി 1962 മുതല്‍ 1968 വരെ സേവനമനുഷ്ഠിച്ചു. ആലുവ, പൊന്തിഫിക്കല്‍ സെമിനാരിയില്‍ അഞ്ചു വര്‍ഷം പ്രൊഫസാറായിരുന്നു കായാവിലച്ചന്. തങ്കശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ പ്രിന്‍സിപ്പലായി 1976 മുതല്‍ 2006 വരെ സേവനമനുഷ്ഠിച്ചു. ആ കാലയളവില്‍തന്നെ 1976 മുതല്‍ 2004 വരെ കൊല്ലം ബിഷപ് ബെന്‍സിഗര്‍ ആശുപത്രിയുടെ ഡയറക്ടറുമായിരുന്നു. 1978 മുതല്‍ 1984 വരെ രണ്ട് പ്രാവശ്യം കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു.
ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വത്തിക്കാന്‍ ആസ്ഥാനമാക്കിയുള്ള അന്തര്‍ദേശീയ പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ ഉപദേശകസമിതി അംഗമായി പത്തുവര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡോ. കായാവിലിന് ജോണ്‍ പോള്‍ രണ്ടാമന് പാപ്പ 1992ല്‍ മോണ്‍സിഞ്ഞോര്‍ പദവി നല്കി.
ആനുകാലിക വിഷയങ്ങളെക്കുറിച്ച് ഒട്ടനവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. കൊല്ലത്തെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ് ഡോ. കായാവില്‍. 1981ല്‍ കായാവിലച്ചന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ തങ്കശേരി ബ്രേക്ക് വാട്ടര്‍ കണ്സഷന് ആക്ഷന്‍ കൗണ്‍സിലിന്റെ കഠിനാധ്വാനം വഴിയാണ് തങ്കശേരി ഫിഷിംഗ് ഹാര്‍ബര്‍ ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത്.
കായാവിലച്ചന് രചിച്ച ‘അല്മായധര്മ്മം’ വിശ്വാസികള്‍ക്കും അല്മായ പ്രവര്‍ത്തകര്‍ക്കും വഴിവിളക്കാണ്. അല്മായന്റെ വിളി, ദൗത്യം തുടങ്ങിയ സന്ദേശമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കേരളത്തിലെ അല്മായ പ്രമുഖരില്‍ ശ്രദ്ധേയരായ മേഘാലയ മുന്‍ ഗവര്‍ണര്‍ എം.എം ജേക്കബ്, മുന്‍ കേന്ദ്ര മന്ത്രി ഡോ. ഹെന്റി ഓസ്റ്റിന്‍, അഡ്വ. കണ്ണന്താനം ജോര്‍ജ് വര്‍ഗീസ് എന്നിവരുടെ പഠനങ്ങള്‍ പുസ്തകത്തിന്റെ മികവിനുള്ള അംഗീകാരമാണ്. ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എഴുതിയ അവതാരികയും ഈ വിഷയത്തില്‍ പ്രകാശം നല്‍കുന്നതാണ്. അവതാരികയില്‍ നിന്ന് കുറച്ചു ഭാഗം ഉദ്ധരിക്കട്ടെ.
അല്മായ വിശ്വാസികളുടെ സുവിശേഷ സാക്ഷ്യത്തിന്റെയും സഭയിലെയും സമൂഹത്തിലെയും ശുശ്രൂഷയുടെയും ആവശ്യകത രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ കാലംമുതല്‍ കത്തോലിക്കാസഭ പ്രത്യേകമായി ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. 1987-ല്‍ റോമില്‍ സമ്മേളിച്ച മെത്രാന്മാരുടെ സൂനഹദോസിന്റെ ചര്‍ച്ചാ വിഷയം ‘സഭയിലും ലോകത്തിലും അല്മായരായ ക്രൈസ്തവ വിശ്വാസികളുടെ വിളിയും ദൗത്യവും’ എന്നതായിരുന്നു. 1988 ഡിസംബര്‍ 30ന് പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന് പാപ്പ മെത്രാന്മാരുടെ സൂനഹദോസിന്റെ ചര്ച്ചകളുടെകൂടെ ഫലമായ ‘അല്മായ വിശ്വാസികള്‍’ (Christi Fideles Luci) എന്ന അപ്പസ്തോലിക പ്രബോധനം സഭയ്ക്ക് നല്കി. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനം കേരള ക്രൈസ്തവ സഭയില്‍, പ്രത്യേകിച്ച് വിശ്വാസികളുടെ ഇടയില്‍, പരിചിതമാക്കാന് പര്യാപ്തമായിരുന്നു മോണ്‍. ഫെര്‍ഡിനാന്‍ഡ് കായാവില്‍ രചിച്ച അല്മായധര്മ്മം എന്ന ഗ്രന്ഥം.
സഭയുടെ കെട്ടുപണിയിലും സുവിശേഷവല്കരണ ദൗത്യത്തിലും അല്മായ വിശ്വാസികള്‍ സജീവമായ പങ്കാളിത്തം ഏറ്റെടുക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. അല്മായ വിശ്വാസികളുടെ സഭയിലെയും സമൂഹത്തിലെയും ദൗത്യത്തെ സംബന്ധിച്ച ആഴമായ പഠനങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ദൈവശാസ്ത്രം, തത്വശാസ്ത്രം, സഭാചരിത്രം, സാഹിത്യം, സാമൂഹികശാസ്ത്രം, അജപാലന ദൈവശാസ്ത്രം, മനഃശാസ്ത്രം, സംസ്കാരം, സഭാനിയമം തുടങ്ങി വിവിധ സഭാ സ്രോതസ്സുകളുടെ നിറവോടെയാണ് അല്മായരുടെ ധര്‍മ്മത്തെ സംബന്ധിച്ച് ഗ്രന്ഥകാരന് വിശകലനം നടത്തുന്നത്. അനുഭവങ്ങളുടെ പിന്‍ബലം ഈ വിശകലനങ്ങള്‍ക്ക് മികവ് നല്കുന്നു. അല്മായരുടെ അവകാശങ്ങളുടെയും കടമകളുടെയും യഥാര്‍ത്ഥമായ രൂപരേഖ ഈ ഗ്രന്ഥത്തില്‍ ലഭ്യമാണ്. അക്കാരണത്താല്‍ വികലമായ പല ധാരണകളും തിരുത്തപ്പെടുന്നതിന് ഈ ഗ്രന്ഥം ഭാവിയിലും സഹായകമാകുമെന്ന് പ്രതീക്ഷിക്കാം.
സഭാരഹസ്യത്തില്‍ അല്മായ ദൈവശാസ്ത്രം, ഭാഗഭാഗിത്വ പരിണാമങ്ങള്‍, സാമൂഹ്യമതാത്മക പശ്ചാത്തലം. പ്രേഷിത രംഗങ്ങള്‍, അനുദിന ജീവിതത്തില്‍ എന്നീ അധ്യായങ്ങളിലൂടെയാണ് പുസ്തകം വികസിക്കുന്നത്. അതില്‍ അനുദിന ജീവിതം സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സുവിശേഷവല്കരണം, പ്രാര്‍ഥനാജീവിതം, മതബോധന ശുശ്രൂഷ, ആരോഗ്യ സംരക്ഷണ രംഗത്തെ വെല്ലുവിളികള്‍, ആരാധനക്രമപരമായ ജീവിതം, നീതിനിഷ്ഠമായ സമൂഹസൃഷ്ടി എന്നീ വിഷയങ്ങളിലുള്ള പഠനങ്ങള്‍ പ്രായോഗിക ജീവിതത്തിന് ഉപകരിയ്ക്കും.
ജോണ്‍ പെല്ലിശേരി എഴുതിയ ‘ശതവര്‍ഷ സാക്ഷ്യം’ എന്ന പ്രബന്ധം അല്മായധര്മ്മത്തിന്റെ മാറ്റുകൂട്ടുന്നു. നൂറുവര്‍ഷത്തെ അല്മായ മുന്നേറ്റത്തിന്റെ ചരിത്രം പെല്ലിശ്ശേരി ഈ പുസ്തകത്തില്‍ സവിസ്തരം രേഖപ്പെടുത്തിയിരിക്കുന്നു. അല്മായ മുന്നേറ്റത്തിന്റെ ചരിത്രം പഠിക്കേണ്ടവര്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാണ്. പെല്ലിശേരിയെ ക്രൈസ്തവര്‍ പ്രത്യേകിച്ച് ലത്തീന്കത്തോലിക്കര്ക്ക് മറക്കാനാവില്ല. സമുദായത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ മലയാളത്തിനു സമ്മാനിച്ചത് ജോണ്‍ പെല്ലിശേരി എന്ന പ്രസാധകനാണ്. ലത്തീന്‍ കത്തോലിക്കരുടെ ചരിത്രഗ്രന്ഥമായി ഇന്ന് ഉയര്‍ത്തിപ്പിടിക്കുന്ന ഡോ. ജോണ്‍ ഓച്ചന്തുരുത്തിന്റെ ‘അടിവേരുകള്‍’ ഉള്‍പ്പെടെ ലത്തീന്‍ കത്തോലിക്കരുടെ നിരവധി ചരിത്രപുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ആ ദൗത്യത്തിന്റെ ആഴം ഉള്‍ക്കൊള്ളുന്നതു കൊണ്ടുതന്നെയാണ് മോണ്‍. കായാവില്‍ ഈ പ്രബന്ധം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഗ്രീക്ക്ഭാഷയിലെ Laos എന്ന ബൈബിള്പദത്തില് നിന്നാണ് Laity എന്നര്‍ത്ഥമുള്ള വാക്ക് പിറന്നത്. ജനങ്ങള്‍ എന്നാണ് Laos ന്റെ അര്‍ത്ഥം. ജനങ്ങള്‍ എന്ന വാക്കില്‍ നിന്ന് അല്മായ വിശ്വാസികള്‍ എന്ന തലത്തിലേക്ക് സഭയുടെ പഠനങ്ങള്‍ ഇന്ന് വളര്‍ന്നിട്ടുണ്ട്. ലോകത്ത് ക്രിസ്തുവിന്റെ മുഖം പ്രകാശിപ്പിക്കേണ്ടവരാണ് അല്മായരെന്ന് ഇന്ന് സഭ പഠിപ്പിക്കുന്നു. ആ പഠനത്തിന്റെ വിശകലനവും ആഴവും വര്‍ദ്ധിപ്പിക്കുന്നതാണ് മോണ്‍. കായാവില്‍ എഴുതിയ അല്മായധര്മ്മം. അദ്ദേഹത്തിന് നവതിയാശംസകള്‍.