മരട് ജോസഫിന്റെ നിര്യാണം ഒരായിരം ഓര്‍മപ്പെടുത്തലുകളുടെ വിടവാങ്ങലാണ്. തന്നിലൂടെ മാത്രം തിരിച്ചറിയപ്പെടുന്ന ഒരു കാലഘട്ടത്തിന്റെ ചരിത്രം പേറുന്ന വിടവാങ്ങല്‍. ആസ്വാദകരെ പൊട്ടിക്കരയിക്കാനും പൊട്ടിച്ചിരിപ്പിക്കാനും ചമയച്ചാര്ത്തുകളുടെ അകമ്പടി വേണ്ടിയിരുന്നില്ല ജോസഫിന്. വലിയ വേദിയിലെ ചെറിയ ശരീരമായിരുന്നെങ്കിലും തന്റെ ചലനങ്ങളിലൂടേയും മുഖഭാവങ്ങളിലൂടേയും കാണികളെ കയ്യിലെടുത്തു അദ്ദേഹം.
പ്രഫഷണല്‍ നാടകവേദിയിലെ മുടിചൂടാമന്നന്മാരോടൊപ്പം ആലേഖനം ചെയ്യേണ്ട പേരായിരുന്നെങ്കിലും പലപ്പോഴും അവഗണിക്കപ്പെട്ടു.
പക്ഷേ, തളരാതെ തകരാതെ തന്റെ മുന്നില്‍ കടല്‍പോലെ പരന്നുകിടക്കുന്ന ജനക്കൂട്ടത്തിനു വേണ്ടി ജോസഫ് നടനവൈഭവങ്ങള്‍ ഒന്നൊന്നായി പുറത്തെടുത്തു. കാലവും കലയും അദ്ദേഹത്തില്‍ നിന്ന് ആവശ്യപ്പെട്ടത് അതായിരുന്നുതാനും….
പ്രശസ്ത നാടകാചാര്യനും ഗായകനുമായ മരട് ജോസഫിന്റെ നിര്യാണത്തില്‍ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി), കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ), വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവര്‍ അനുശോചിച്ചു.
എറണാകുളം മരട് അഞ്ചുതൈക്കല്‍ സേവ്യറിന്റെയും ഏലീശ്വയുടേയും മകനായി ജോസഫ് ജനിച്ചു. സെന്റ് മേരീസ് സ്കൂളില്‍ വിദ്യാഭ്യാസം. സ്കൂള്‍ കാലം മുതലേ നാടകത്തില്‍ സജീവമായിരുന്നു. നാടകകൃത്ത് ചെറായി. ജി എഴുതിയ വഴിത്താര എന്ന നാടകത്തില്‍ അഭിനയിച്ചതോടെ പേര് മരട് ജോസഫ് എന്നാക്കി. പി.ജെ. ആന്റണിയുടെ പ്രതിഭാ ആര്‍ട്സ് ക്ലബ്ബിലെ സ്ഥിരം അംഗമായി. ഇന്‍ക്വിലാബിന്റ മക്കള്‍, വിശക്കുന്ന കരിങ്കാലി തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. വിശക്കുന്ന കരിങ്കാലി നാടകത്തിനു വേണ്ടി ആദ്യമായി പാടി റെക്കോഡ് ചെയ്തു. ഒഎന്‍വിയുടെ വരികളില്‍ ദേവരാജന്റെസംഗീതത്തില്‍ ‘കൂരകള്‍ക്കുള്ളില്‍ തുടിക്കും ജീവനാളം കരിന്തിരി കത്തി’ എന്ന ഗാനവും ഒപ്പം ‘വെണ്ണിലാവേ വെണ്ണിലാവേ പാതിരാവിന് പനിനീരേ’ എന്ന മറ്റൊരു ഗാനവും പാടി റെക്കോഡ് ചെയ്തു. ശങ്കരാടി, മണവാളന് ജോസഫ്, കല്യാണിക്കുട്ടിയമ്മ, കോട്ടയം ചെല്ലപ്പന്, എഡ്ഡി മാസ്റ്റര്‍ തുടങ്ങിയ പ്രഗല്ഭര്ക്കൊപ്പം അഭിനയിക്കുകയും ചെയ്തു.
പൊന്‍കുന്നം വര്‍ക്കിയുടെ കേരള തിയറ്റേഴ്സിലും കൊച്ചിന് കലാകേന്ദ്രം, കൊല്ലം ജ്യോതി തിയറ്റേഴ്സ്, കോട്ടയം വിശ്വകേരള കലാസമിതി, കോഴിക്കോട് സംഗമം തിയറ്റേഴ്സ്, ആലപ്പി തിയറ്റേഴ്സ് തുടങ്ങിയവയിലും എന്‍.എന്‍ പിള്ളയുടെ പ്രേതലോകം, വൈന്‍ഗ്ലാസ്, വിഷമവൃത്തം, കാപാലിക, ഈശ്വരന് അറസ്റ്റില്‍ തുടങ്ങിയ നാടകങ്ങളിലും കെ.ടി മുഹമ്മദിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു. മലയാളത്തിലെ പ്രശസ്ത നാടകകൃത്തുക്കളായ എന്‍. ഗോവിന്ദന്‍കുട്ടി, സെയ്ത്താന്‍ ജോസഫ്, നോര്‍ബര്‍ട്ട് പാവന തുടങ്ങിയവരുടെ അനേകം കഥാപാത്രങ്ങള്‍ക്കും എം.ടി വാസുദേവന്‍ നായരുടെ ഒരേയൊരു നാടകം ഗോപുരനടയില്‍ അരങ്ങിലെത്തിയപ്പോള്‍ അതിലെ ഒരു കഥാപാത്രത്തിനും ജീവന് നല്കിയതും മരട് ജോസഫായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലും അഭിനയിച്ചു.
കാലത്തിനതീതമായ സ്മരണകള്‍ ഉണര്‍ത്തുന്ന കഥാപാത്രങ്ങളിലൂടെ നാടകവേദിയിലും സിനിമാ മേഖലയിലും തിളങ്ങി നിന്ന ഒരു അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു ശ്രീ മരട് ജോസഫ് എന്ന് ആര്‍ച്ച്ബിഷപ് കളത്തിപറമ്പില്‍ പറഞ്ഞു. കാലം മായ്ക്കാത്ത കഥാപാത്രങ്ങളെ കലാ കൈരളിക്ക് സംഭാവന ചെയ്ത ആ വലിയ കലാകാരന്റെ മരണം ഒരു വലിയ നഷ്ടം തന്നെയാണ്. വരാപ്പുഴ അതിരൂപതയുടെ പുത്രനായ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങളോടുള്ള അഗാധമായ അനുശോചനവും മെത്രാപ്പോലീത്ത രേഖപ്പെടുത്തി.