ആത്മാനുതാപ വികാരങ്ങളോടെ നിന് കാലിണ കണ്ണീരില്‍ കഴുകാം
കബരീഭരം കൊണ്ടു മൃദുവായ് തുടയ്ക്കാം കദനത്തിലാഴുമീ ദാസി
ഞാന്‍ ബേഥനിയായിലെ മറിയം…..
കേരളത്തിലെ ഇടവകതലം മുതല്‍ സംസ്ഥാന തലം വരെ നടന്നിട്ടുള്ള ബൈബിള്‍ കലോത്സവങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ സമ്മാനം നേടിയിട്ടുള്ളതിന്റെ റെക്കോര്‍ഡ് ഈ ഗാനത്തിനുള്ളതാണ്. ബൈബിള്‍ കലോത്സവങ്ങളില്‍ എല്ലാ ഇനങ്ങളിലും ബൈബിള്‍ അധിഷ്ഠിത രചനകള്‍ തന്നെ വേണമെന്ന് നിയമമുണ്ട്.
കലോത്സവങ്ങള്‍ തുടങ്ങിയ കാലത്തു ഗാനാലാപനത്തിന് ഏതെങ്കിലും കസ്സെറ്റിലുള്ള ബൈബിള്‍ ഗാനം കണ്ടു പിടിച്ചു പാടുകയായിരുന്നു മത്സരാര്‍ത്ഥികള്‍ ചെയ്തിരുന്നത്. പിന്നീട് മത്സരങ്ങളുടെ വ്യാപ്തിയും നിലവാരവും ഉയര്‍ന്നതോടെ പല ഇടവകയിലും പുതിയ രചനകള്‍ എടുത്ത് സംഗീതം ചെയ്തു പാടുന്ന രീതി തുടങ്ങി.
വരാപ്പുഴ അതിരൂപതയിലെ പെരുമാനൂര്‍ ഇടവക കേരളത്തില്‍ തന്നെ ഏറ്റവുമധികം തവണ സംസ്ഥാന തലത്തില്‍ ജേതാക്കളായിട്ടുള്ള ഇടവകയാണ്. പെരുമാനൂര്‍ ഇടവകയ്ക്കു വേണ്ടി തയ്യാറാക്കിയ ഗാനമാണ് ‘ആത്മാനുതാപ വികാരങ്ങളോടെ ‘എന്നു തുടങ്ങുന്ന ഗാനം.
1991ല്‍ ഷെവലിയര്‍ ഡോ. പ്രിമൂസ് പെരിഞ്ചേരി എഴുതിയ ഗാനത്തിനു സംഗീതം നല്‍കിയത് ജോണ്സണ് മങ്ങഴയാണ്. അതേ വര്‍ഷം മുതല്‍ ഈ ഗാനം ഇന്നു വരെ എല്ലാ ബൈബിള്‍ കാലോല്സവങ്ങളിലും ആലപിക്കപ്പെട്ടു സമ്മാനം നേടിയിട്ടുണ്ട്.
സംഗീതസംവിധായകനായ ജോണ്സണ് മങ്ങഴ മത്സരങ്ങളില്‍ വിധികര്‍ത്താവായി പോകുമ്പോള്‍ തന്റെ സ്വന്തമായ ഈ ഗാനം പല തവണ ആവര്‍ത്തിക്കുന്നത് കേള്‍ക്കാനിടയായി എന്ന് ഓര്‍ക്കുന്നു.
കെസിവൈഎം. വരാപ്പുഴ അതിരൂപത പുറത്തിറക്കിയ ഉപാസന എന്ന കസ്സെറ്റിലും ഈ ഗാനം ചേര്‍ത്തിട്ടുണ്ട്. ദലീമയാണ് കസ്സെറ്റില്‍ ഈ ഗാനത്തിനു ശബ്ദം നല്‍കിയിട്ടുള്ളത്. അതിവിപുലമായി കേരളത്തിലെ രൂപതകളില്‍ നടന്നിരുന്ന ബൈബിള്‍ കലോത്സവങ്ങള്‍ പുതിയ കലാസൃഷ്ടികള്‍ ഉണ്ടാകുന്നതിനു സഹായിച്ചിട്ടുണ്ട്. പിന്നീട് പല കാരണങ്ങളാല്‍ ഈ മത്സരങ്ങളുടെ പ്രാധാന്യം കുറഞ്ഞുപോയിട്ടുണ്ട്. നവപ്രതിഭകളെ അരങ്ങിലെത്തിക്കാനും
പുതിയ സൃഷ്ടികള്‍ ഉണ്ടാകാനും സഹായിക്കുന്ന മത്സരങ്ങള്‍ കൂടുതല്‍ സജീവമായി സംഘടിപ്പിക്കാന്‍ നമുക്ക് സാധിക്കട്ടെ.