ഇന്ത്യന്പീനല്കോഡിന്റെ (ഐപിസി) സെക്ഷന്‍ 124 എ പ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്ന രാജ്യദ്രോഹനിയമത്തിന്റെ സാധുത ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി കഴിഞ്ഞദിവസം അഞ്ച് ജഡ്ജിമാരെങ്കിലും അടങ്ങുന്ന ഭരണഘടനാ ബെഞ്ചിന് കൈമാറി. ഈ വിഷയത്തില്‍ ഒരു പുതിയ നിയമം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കിടയില്‍ വ്യവസ്ഥകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതു മാറ്റിവയ്ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന പരമോന്നത നീതിപീഠം നിരസിച്ചിരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ (രാജ്യദ്രോഹക്കുറ്റം) എന്ന വകുപ്പിലൂടെ ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ക്ക് കടിഞ്ഞാണ്‍ ഇടാനുള്ള ശ്രമമാണ് നടത്തിയത്. (രാജാവിന് തെറ്റ് പറ്റുകയില്ല എന്ന ചൊല്ല് ഓര്‍ത്തുപോകുന്നു).
ഓഗസ്റ്റ് 11-ന് ലോക്സഭയില്‍ കേന്ദ്രം അവതരിപ്പിക്കുകയും തുടര്‍ന്ന് പാര്‍ലമെന്ററി പാനലിന് റഫര്‍ ചെയ്യുകയും ചെയ്ത നിര്‍ദ്ദിഷ്ടനിയമം രാജ്യദ്രോഹത്തെ മറ്റൊരു പേരിലും വിപുലമായ നിര്‍വചനത്തിലും ഫലപ്രദമായി ഒരു കുറ്റകൃത്യമായി നിലനിര്‍ത്തിയിട്ടുണ്ട്.
നിര്‍ദിഷ്ട നിയമം വരുന്നതുവരെ, സെക്ഷന്‍ 124 എ-യോടുള്ള ‘ ജീവസുറ്റ വെല്ലുവിളി”പരിശോധിക്കുന്നതു മാറ്റിവയ്ക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ധനഞ്ജയ വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചു വ്യക്തമാക്കി. സെക്ഷന്‍ 124 എ യിലെ പ്രസ്തുത വ്യവസ്ഥയ്ക്ക് കീഴിലുള്ള പ്രോസിക്യൂഷനുകള്‍ ഭാവിയില്‍ ഒരു പുതിയനിയമം വിജ്ഞാപനം ചെയ്താലും തുടരും എന്നാണ് സുപ്രീം കോടതിയുടെ നിലപാട്. ക്രിമിനല്‍ നിയമങ്ങള്‍ക്ക് മുന്‍കാല പ്രാബല്യങ്ങള്‍ ഇല്ല എന്നുള്ള സാമാന്യതത്വം കോടതി അരക്കിട്ടുറപ്പിച്ചിരിക്കുന്നു.
1962ലെ കേദാര്‍നാഥ് സിംഗ് കേസില്‍ ബീഹാറിലെ അഞ്ചംഗ ബെഞ്ച് 124 എയുടെ നിയമസാധുത സ്ഥിരീകരിച്ചതിനാല്‍ വിഷയം വിശാലബെഞ്ചിന് റഫര്‍ ചെയ്യേണ്ടത് ആവശ്യമാണെന്ന് ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാല്‍, ഏകോപന ശക്തിയുള്ള ബെഞ്ചിനോ വലിയ ബെഞ്ചിനോ മാത്രമേ മുന്‍വിധി അവലോകനം ചെയ്യാന്‍ കഴിയൂ.
1962 ലെ വിധിന്യായത്തിന് ശേഷമുള്ള നിയമത്തിന്റെ പരിണാമവും ഭരണഘടനാപരമായ അവകാശങ്ങളുടെ വ്യാഖ്യാനരീതിയും കേദാര്‍നാഥ് സിംഗിന്റെ വിധിയില്‍ പുനഃപരിശോധന ആവശ്യമാണെന്ന യാഥാര്‍ഥ്യം മൂന്നംഗബെഞ്ച് എടുത്തു പറഞ്ഞു. തുടക്കത്തില്‍, ഈ വ്യവസ്ഥയുടെ സാധുതയെക്കുറിച്ച് ഭരണഘടനാ ബെഞ്ച് വിധിയെഴുതിയ സമയത്ത്, 124 എ വകുപ്പ് ഭരണഘടനയുടെ 19 ആം അനുച്ഛേദം ലംഘിച്ചുവെന്ന വെല്ലുവിളിയാണ് നേരിട്ടത്. (ആര്‍ട്ടിക്കിള്‍ 19 അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നു). പൗരന്റെ മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യവും ഭരണകൂടത്തെ അട്ടിമറിയില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ശിക്ഷാനിയമത്തിലെ 124 എയും തമ്മിലുള്ള വടംവലി!
ആര്‍ട്ടിക്കിള്‍ 14 (സമത്വം) അല്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 21 (ജീവിക്കാനുള്ള സ്വാതന്ത്ര്യം) ലംഘിക്കുന്നു എന്നതിലും ഭരണഘടനാ ബെഞ്ചിന് ഈ വിഷയം പരിശോധിക്കാന്‍ അവസരമുണ്ടായിട്ടില്ലെന്നും കോടതി ഉത്തരവില്‍ രേഖപ്പെടുത്തി.
”ഞങ്ങളുടെ വീക്ഷണത്തില്‍, കേദാര്‍നാഥ് സിംഗ് ഒരു ഭരണഘടനാ ബെഞ്ച് വിധിയായതിനാല്‍ കുറഞ്ഞത് അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിന് കേസ് കേള്‍ക്കാന്‍ കഴിയുന്ന തരത്തില്‍ പേപ്പറുകള്‍ ചീഫ് ജസ്റ്റിസിനു മുമ്പാകെ വയ്ക്കുന്നതാണ് ഉചിതമായ നടപടി. ഉചിതമായ നിര്‍ദ്ദേശങ്ങള്‍ക്കായി സിജെഐക്ക് മുമ്പാകെ പേപ്പറുകള്‍ സമര്‍പ്പിക്കാന്‍ ഞങ്ങള്‍ രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്കുന്നു,”അങ്ങനെ പോകുന്നു, മൂന്നംഗബെഞ്ചിന്റെ ഉത്തരവ്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹനിയമം (സെക്ഷന്‍ 124 എ) ജീവപര്യന്തമോ മൂന്നുവര്‍ഷം വരെ തടവോ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റം- മനുഷ്യാവകാശപ്രവര്‍ത്തകരുടെയും നിരവധി നിയമജ്ഞരുടെയും അഭിപ്രായത്തില്‍, ഭരണകൂടം പലപ്പോഴും ദുരുപയോഗം ചെയ്യുന്നു. പ്രതിഷേധവും വിയോജിപ്പും അടിച്ചമര്‍ത്താന്‍ രാജ്യദ്രോഹ കുറ്റം എന്ന ആയുധത്തെ ഭരണകൂടം ഉപയോഗിക്കുന്നത് 2022 മെയ് 11-ന് പാസാക്കിയ സുപ്രീം കോടതിയുടെ തുടര്‍ച്ചയായ ഇടക്കാല ഉത്തരവ് കാരണം നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
മറ്റൊരു പേരിലാണെങ്കിലും, നിയമപ്രകാരം രാജ്യദ്രോഹം കുറ്റകൃത്യമായി തുടരുമെന്ന് സൂചിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ തീരുമാനം.
ബില്‍ കൂടുതല്‍ പരിശോധനയ്ക്കായി പാര്‍ലമെന്ററി പാനലിന് അയച്ചപ്പോള്‍, ഭാരതീയന്യായ സംഹിത ബില്ലിന്റെ വിശകലനം രാജ്യദ്രോഹക്കുറ്റം പുതിയ നാമകരണത്തോടെയും കൂടുതല്‍ വിപുലമായ നിര്വചനത്തോടെയും നിര്ദിഷ്ടനിയമത്തിന് കീഴില്‍ നിലനിര്‍ത്തിയതായി സൂചിപ്പിക്കുന്നു.
ബില്ലിന്റെ 150-ാം വകുപ്പായി ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ വ്യവസ്ഥ, പഴയതിനേക്കാള്‍ കൂടുതല്‍ നിര്‍ദ്ദിഷ്ട മായതും വിഘടനവാദം, സായുധകലാപത്തിനുള്ള ആഹ്വാനം എന്നിവ നേരിട്ട് ലക്ഷ്യമിടുന്നതുമാണ് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ‘അവജ്ഞ’ അല്ലെങ്കില്‍ ‘വിദ്വേഷം’ എന്ന വാക്കുകള്‍ ഉപയോഗിക്കുന്നില്ല പുതിയ വകുപ്പില്‍.
നിര്ദ്ദിഷ്ടസെക്ഷന് 150, വിഘടനവാദ പ്രവര്‍ത്തനങ്ങളെ ‘ ഉത്തേജിപ്പിക്കുന്നതോ’ അല്ലെങ്കില്‍ ‘വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ വികാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതോ’ കുറ്റകരമാക്കുന്നതു തുടരുന്നു. ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നതാണ് പുതിയ വകുപ്പ്. അക്രമത്തിന് പ്രേരണ നല്കുന്നതോ പൊതുക്രമം തടസ്സപ്പെടുത്തുന്നതോ കുറ്റം ചുമത്തുന്നതിനുള്ള ഒരു വ്യവസ്ഥയാണ്. കൂടാതെ, 2023-ലെ ബില്ലിലെ സെക്ഷന്‍ 150 ‘പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടമുണ്ടാക്കുന്ന ഒരു പ്രവൃത്തിയുടെ പരിധിയില്‍ എന്ത് കൊണ്ടുവരാമെന്ന് തീരുമാനിക്കാനുള്ള കൂടുതല്‍ വിവേചനാധികാരം നിയമനിര്‍വ്വഹണ ഏജന്‍സികള്‍ക്ക് നല്കുന്നു.
ബില്ലിന്റെ കരട്സെക്ഷന് 150 ലെ മറ്റൊരുപ്രധാനമാറ്റം, രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് പിഴയടച്ച് രക്ഷപ്പെടാന്‍ അനുവദിക്കുന്ന പഴയ വ്യവസ്ഥ നീക്കം ചെയ്യുക എന്നതാണ്. ബില്ലിന്റെ 150-ാം വകുപ്പ് ജീവപര്യന്തം തടവോ ഏഴു വര്‍ഷം വരെ (124 എ പ്രകാരം മൂന്നുവര്‍ഷം) വരെ നീട്ടാവുന്ന തടവോ ശിക്ഷയായി നിര്‍ദ്ദേശിക്കുന്നു. നീതിപീഠത്തിന് കൂടുതല്‍ വിവേചന അധികാരം നല്കുന്നു. തടവ്ശിക്ഷ ഏഴ് വര്‍ഷം വരെ നീട്ടുന്നതിലൂടെ.
സെപ്റ്റംബര്‍ 12 ചൊവ്വാഴ്ച സുപ്രീം കോടതിയിലെ നടപടിക്രമങ്ങള്‍ക്കിടെ, വിവിധ ഹര്‍ജിക്കാരെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകരായ കപില്‍സിബല്‍, അരവിന്ദ ്ദാതാര്, ഗോപാല്ശങ്കരനാരായണന് എന്നിവര്‍ 2021 മുതല്‍ തീര്‍പ്പു കല്‍പ്പിക്കാത്ത കേസുകളില്‍ സെക്ഷന്‍ 124 എയുടെ സാധുതയിലേക്കുള്ള വെല്ലുവിളി ഉടന്‍ ഭരണഘടനാ ബെഞ്ചിനു വിടണമെന്ന് ബെഞ്ചിനോട് അഭ്യര്‍ഥിച്ചു.
കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണിജനറല്‍ ആര്.വെങ്കിട്ടരമണയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയും ഈ അഭ്യര്‍ഥനയെ എതിര്‍ത്തു, പാര്‍ലമെന്ററി പാനല്‍ ബില്ലിന്റെ വിവിധ വശങ്ങള് പരിശോധിച്ച് പാര്‍ലമെന്റ് ഭേദഗതികളോടെയോ അല്ലാതെയോ പുതിയനിയമം പാസാക്കുന്നതു വരെ കാത്തിരിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.
നിര്‍ദ്ദിഷ്ടനിയമം ”മോശം”ആണെന്നും രാജ്യദ്രോഹം ”കൂടുതല്‍ കര്‍ശനവും വിശാലവുമായ രൂപത്തില്‍”നിലനിര്‍ത്തുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഭാവിയില്‍ ഒരു പുതിയനിയമം ഉണ്ടാകുമെന്ന് കരുതുക, പക്ഷേ അത് ഭാവിയിലായിരിക്കണം. കെട്ടിക്കിടക്കുന്ന പ്രോസിക്യൂഷനുകള്‍ക്ക് എന്ത് സംഭവിക്കും? പഴയനിയമത്തിന് കീഴിലായിരിക്കും ഇവ കൈകാര്യം ചെയ്യുക. അത്തരം കേസുകളില്‍ പ്രോസിക്യൂഷനുകള്‍ക്ക് സ്റ്റേ ഉണ്ടെന്ന് പറയുന്നത് ശരിയാണ്, പക്ഷേ ഭരണഘടനാപരമായ കാര്യം തീരുമാനിക്കേണ്ടതുണ്ട്.
1962ലെ വിധി, സെക്ഷന്‍ 124 എപ്രകാരം ക്ഷുദ്രകരമായ പ്രോസിക്യൂഷനുകള്ക്കെതിരെ ചില സുരക്ഷാമുന്‍കരുതലുകള്‍ നല്‍കിയിട്ടുണ്ടെന്ന് വെങ്കിട്ടരമണി വാദിച്ചു. കൊളോണിയല്‍ കാലഘട്ടത്തിലെ നിയമത്തിന്റെ സൂക്ഷ്മപരിശോധന നിരവധി പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണെങ്കില്‍ ഏതാനും മാസങ്ങള്‍ കൂടി കാത്തിരിക്കാമെന്നു വാദിച്ചുകൊണ്ട് മേത്ത, വിധിനിര്‍ണയം മാറ്റിവയ്ക്കുന്നതിനെ പിന്തുണച്ചു.
എന്നാല്‍ കേന്ദ്രത്തിന്റെ എതിര്‍പ്പ് തള്ളി കൊണ്ട് ബെഞ്ച് പറഞ്ഞു. ”നിങ്ങള്‍ പരാമര്‍ശിക്കുന്നത് ഇന്നത്തെ നിയമമല്ല. ഇത് ഒരു നിര്‍ദ്ദിഷ്ട നിയമമാണ്. സെക്ഷന്‍ 124 എയുടെ ഭരണഘടനാ സാധുത പരിശോധിക്കാതിരിക്കാന്‍ ഒരു വഴിയുമില്ല, കാരണം പുതിയ നിയമത്തിനു മുന്കാലപ്രാബല്യമുണ്ടാകില്ല. അതാണ് സ്ഥിരമായ നിലപാട്”.
ആനുപാതികതയുടെയും ആര്‍ട്ടിക്കിള്‍ 14-ന്റെയും സിദ്ധാന്തത്തില്‍ നീതിപീഠങ്ങള്‍ ഇപ്പോള്‍ ഭരണഘടനാതത്വങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്നുള്ള വിധിന്യായങ്ങള്‍ ആര്‍ട്ടിക്കിള്‍ 14-ന്റെ കൂടുതല്‍ കാര്യമായ വായനയ്ക്കും ആനുപാതികതയുടെ സിദ്ധാന്തത്തിന്റെ കൂടുതല്‍ സൂക്ഷ്മമായ തത്വങ്ങള്‍ക്കും വഴിയൊരുക്കി. ആര്‍ട്ടിക്കിള്‍ 19 നും 14 നും ഇടയിലുള്ള പരസ്പരബന്ധം കോടതികള്‍ പലതവണ ആവര്ത്തിച്ചുറപ്പിച്ചിട്ടുള്ളതാണ്.
അതിന്റെ ഉത്തരവില്‍, ബെഞ്ചു രേഖപ്പെടുത്തി: ‘124 എയുടെ ഭരണഘടന സാധുതയ്ക്കെതിരായ വെല്ലുവിളിയുടെ വാദം കേള്‍ക്കുന്നത് ഒന്നിലധികം കാരണങ്ങളാല്‍ മാറ്റിവയ്ക്കാന്‍ പഠിച്ച എ-ജിയുടെയും എസ്-ജിയുടെയും അഭ്യര്‍ഥന ഞങ്ങള്‍ നിരസിക്കുന്നു”. വകുപ്പ് 124എ നിയമപുസ്തകത്തില്‍ തുടരുന്നു, ശിക്ഷാനിയമത്തിലെ പുതിയനിയമം ഭാവിയില്‍ മാത്രമേ പ്രാബല്യത്തില്‍ വരികയുള്ളൂ. സെക്ഷന്‍ 124 എ പ്രകാരമുള്ള പ്രോസിക്യൂഷനുകളുടെ സാധുത നിലനില്ക്കും. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് ഇങ്ങനെ വായിക്കുന്നു: വാക്കിലൂടെയോ, എഴുതിയതോ, അല്ലെങ്കില്‍ അടയാളങ്ങളിലൂടെയോ, അല്ലെങ്കില്‍ ദൃശ്യമായ പ്രാതിനിധ്യത്തിലൂടെയോ, ഭരണകൂടത്തിനു നേര്‍ക്ക് വിദ്വേഷം അല്ലെങ്കില്‍ അവഹേളനം കൊണ്ടുവരികയോ കൊണ്ടുവരാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ സ്ഥാപിതമായ ഗവണ്മെന്റിനെതിരെ അസംതൃപ്തി ഉണര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കണം, അതില്‍ പിഴചേര്ക്കാം, അല്ലെങ്കില്‍ മൂന്നു വര്‍ഷംവരെ നീണ്ടുനില്‍ക്കുന്ന തടവ്, അതില്‍ പിഴചേര്ക്കാം…
പുതിയബില്ലിന് കീഴില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സെക്ഷന്‍ 150, ഇങ്ങനെപറയുന്നു: ”ആരെങ്കിലും, മനഃപൂര്‍വ്വം അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട്, വാക്കുകളിലൂടെയോ, സംസാരിച്ചോ എഴുതിയോ, അടയാളങ്ങളിലൂടെയോ, ദൃശ്യമായ പ്രാതിനിധ്യത്തിലൂടെയോ, ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ, സാമ്പത്തിക മാര്‍ഗങ്ങളിലൂടെയോ, അല്ലെങ്കില്‍ ഉത്തേജിപ്പിക്കുക, സായുധകലാപം അല്ലെങ്കില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍, അല്ലെങ്കില്‍ വിഘടന വാദപ്രവര്ത്തനങ്ങളുടെ വികാരങ്ങളെ പ്രോത്സാഹിപ്പിക്കുക അല്ലെങ്കില്‍ ഇന്ത്യയുടെ പരമാധികാരം അല്ലെങ്കില്‍ ഐക്യം, അഖണ്ഡത എന്നിവ അപകടത്തിലാക്കുക; അല്ലെങ്കില്‍ അത്തരത്തിലുള്ള ഏതെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെടുകയോ ചെയ്യുകയോ ചെയ്താല്‍ ജീവപര്യന്തം തടവോ ഏഴു വര്‍ഷംവരെ നീണ്ടുനില്‍ക്കുന്ന തടവോ ശിക്ഷിക്കപ്പെടും. കൂടാതെ പിഴയ്ക്കും ശിക്ഷിക്കപ്പെടും.
രാജ്യദ്രോഹത്തെസംബന്ധിച്ച 153 വര്‍ഷം പഴക്കമുള്ള കൊളോണിയല്‍ നിയമം നിലനിര്‍ത്തണമെന്ന് ലോകമ്മീഷന്‍ ജൂണിലെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു, ‘നിയമവ്യവസ്ഥ റദ്ദാക്കുന്നതു രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഗുരുതരമായ പ്രതികൂലപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും’. ‘വ്യവഹാരത്തിന്റെ വ്യാഖ്യാനത്തിലും ധാരണയിലും ഉപയോഗത്തിലും കൂടുതല്‍ വ്യക്തത കൊണ്ടുവരുന്നതിനായി ‘ അതേ സെക്ഷന്‍ 124എ ഭേദഗതിയെ അനുകൂലിച്ചു.
പരമാവധി ജീവപര്യന്തമോ മൂന്നുവര്‍ഷം തടവോ ലഭിക്കാവുന്ന രാജ്യദ്രോഹ നിയമം ഭേദഗതി ചെയ്ത് ഏഴുവര്‍ഷമായി ബദല്‍ശിക്ഷ വര്‍ധിപ്പിക്കണമെന്ന് കമ്മീഷന് പറഞ്ഞു.
മെയ് മാസത്തില്‍ സുപ്രീം കോടതി ഈ വിഷയം അവസാനമായി കേട്ടപ്പോള്‍, രാജ്യദ്രോഹനിയമം പുനഃപരിശോധിക്കുന്നതിനുള്ള നിയമനിര്‍മ്മാണപ്രക്രിയ ‘അവസാനഘട്ടത്തിലാണെന്ന്’ എജി അറിയിച്ചു, ‘പരിഷ്കാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ താല്പര്യപ്പെടുന്നു’ എന്ന് കൂട്ടിച്ചേര്‍ത്തു. ഐപിസിയിലെ സെക്ഷന്‍ 124 എ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിവരികയാണെന്നും ഉന്നത നിയമഓഫീസര്‍ അറിയിച്ചു. എന്നാല്‍ 1962-ല്‍ അഞ്ചംഗ ബെഞ്ചു രാജ്യദ്രോഹ കുറ്റത്തിന്റെ നിയമസാധുത ശരിവച്ചതിനാല്‍ രാജ്യദ്രോഹനിയമത്തിന്റെ സാധുത നിര്‍ണ്ണയിക്കാന്‍ ഒരു വലിയ ബെഞ്ചിനെയും കോടതി പരിഗണിക്കാമെന്ന് പറഞ്ഞ് ബെഞ്ചു വാദം കേള്‍ക്കുന്നതു മാറ്റിവച്ചു.
നിയമ തത്വം: Stare decisis (”തീരുമാനംനില്ക്കട്ടെ”), ആംഗ്ലോ-അമേരിക്കന്‍ നിയമത്തില്‍, ഒരു ചോദ്യം ഒരിക്കല്‍ കോടതി പരിഗണിക്കുകയും ഉത്തരം നല്‍കുകയും ചെയ്താല്‍ അതേ പ്രശ്നം കോടതിക്ക് മുമ്പാകെ ഉയര്‍ന്നാല്‍ ഓരോ തവണയും ഒരേപ്രതികരണം നല്‍കണം എന്നാണ് തത്വം. ഒരു കോടതി തീരുമാനത്തിനും സാര്വത്രികപ്രയോഗം ഉണ്ടാകാത്തതിനാല്‍, വസ്തുതകളും പ്രശ്നങ്ങളും വളരെ സാമ്യമുള്ളതായി തോന്നുമെങ്കിലും, ഒരു പ്രത്യേകകേസില് മുന്‍ തീരുമാനം ബാധകമല്ലെന്ന ്കോടതികള് പലപ്പോഴും തീരുമാനിക്കേണ്ടതുണ്ട്. തുറിച്ചുനോക്കുന്ന തീരുമാനത്തിന്റെ കര്‍ശനമായ പ്രയോഗം നിയമപരമായ പിളര്‍പ്പിലേക്കു നയിച്ചേക്കാം, എന്നാല്‍ അമിതമായ വഴക്കം നിയമത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വത്തിലേക്കും.
മനുഷ്യജീവിതങ്ങള്‍ എങ്ങനെ മാറ്റങ്ങള്‍ക്ക് വിധേയപ്പെട്ടു കൊണ്ടിരിക്കുന്നുവോ അപ്രകാരം ജൈവീകമായ വളര്‍ച്ച ആവശ്യപ്പെടുന്നു നിയമം. നീതിന്യായ കോടതികള്‍ അക്കാര്യം മനസ്സിലാക്കുന്നത് നന്ന്.