സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുമാത്രം പ്രതിപാദിക്കാന്‍ പെരിയാര്‍ ഇ.വി. രാമസ്വാമി പതിനായിരത്തോളം പേജുകളിലായി പരന്നുകിടക്കുന്ന തന്റെ എഴുത്തുകളുടെ കൂട്ടത്തില്‍ എഴുൂറ്റിയമ്പതിലധികം പുറങ്ങള്‍ നീക്കിവച്ചിരിക്കുന്നതായി പ്രശസ്ത ‘പെരിയാര്‍’ പണ്ഡിതനായ മഞ്ജയ് വസന്തന് എഴുതുന്നുണ്ട്. ‘അര്ത്ഥമട്ര ഹിന്ദുമതം’ എന്ന പ്രശസ്ത കൃതിയുടെ കര്‍ത്താവായ മഞ്ജയ് വസന്തനെ പെട്ടെന്ന് ഓര്‍മ്മിക്കാന്‍ കാരണം തമിഴ്നാട് മന്ത്രിസഭയിലെ യുവജനഷേമകാര്യ – സ്പോര്‍ട്സ് മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ കത്തു പരാമര്‍ശം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടി, വിവാദം ആളിക്കത്തിച്ചുകൊണ്ടിരിക്കുന്നതിനിടയില് തന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നതായി ഉദയനിധി ആവര്‍ത്തിച്ചത് തിരുനെല്‍വേലിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ്.
‘പുത്തന്‍ പെമൈ’ എന്ന പേരിലുള്ള പരിപാടിയില്‍ വിദ്യകൊണ്ട് സമ്പന്നരാകുന്ന സ്ത്രീകള്‍ക്ക് മാസത്തില്‍ ആയിരം രൂപവീതം നല്കുന്ന പ്രോജക്ടിന് തുടക്കം കുറിക്കുന്നതിനിടയിലാണ് ജാതീയതയുടെ വേരുകള്‍ ആഴത്തിലോടാന് സഹായിക്കുന്ന ഏതു ചിന്തയെയും എതിര്‍ക്കണമെന്ന ഉദയനിധിയുടെ പുതിയ പരാമര്‍ശം ഉണ്ടായത്.
ജാതിയും അതിന്റെ പേക്കൂത്തും സര്‍വ്വസന്നാഹങ്ങളോടെ ആടിത്തിമിര്‍ക്കുന്ന തമിഴ്നാട്ടില്‍ ഭരണത്തിലുള്ള പാര്‍ട്ടി, അതും പെരിയാറിന്റെ വിമര്‍ശന പാരമ്പര്യത്തില്‍ വേരോട്ടമുള്ള പാര്‍ട്ടി, പെരിയാറിനെ ഓര്‍മ്മിക്കാന്‍ ഇടവരുത്തിയത് ഏതായാലും നന്നായി.
ഏത് രാഷ്ട്രീയ നേട്ടത്തിന്റെ പേരിലായാലും ജാതിവെറിക്കെതിരെയുള്ള ഏതു രാഷ്ട്രീയനേതാവിന്റെ പരാമര്‍ശവും ഇന്ത്യന്‍ വിമര്‍ശന പാരമ്പര്യത്തിന്റെ ഭാഗമായി കാണുന്നതാണ് ഉചിതം. ജാതിവെറി എന്ന പരിപാടി ഏതെങ്കിലുമൊരു മതപാരമ്പര്യത്തിന്റെ കുത്തകയായിട്ട് ഇന്ന് കാണേണ്ടതില്ലെന്നും ഉദയനിധി വിശദമാക്കുന്നു.
പെരിയാറിനെ ഓര്‍മ്മിക്കുമ്പോള്‍, സ്ത്രീകള്‍ തന്നെയാണല്ലോ ‘പെരിയാര്‍’ എന്ന പട്ടം അദ്ദേഹത്തിന് ആദ്യം ചാര്‍ത്തിനല്‍കിയത് എന്ന കാര്യവും ഓര്‍മ്മിക്കണം. 1938 നവംബര്‍ 13ന് അന്നത്തെ മദിരാശിയിലെ ഒട്രൈ വടൈ തീയറ്ററില്‍ നടന്ന സ്ത്രീ സമ്മേളനത്തിലെ പ്രധാന ചടങ്ങ് ‘പെരിയാര്‍’ പട്ടം ചാര്‍ത്തി നല്കലായിരുന്നു. ലാംബിഗൈ അമ്മാള്‍ നേതൃത്വം കൊടുത്ത മീറ്റിംഗില്‍ സ്ത്രീകളുടെ സാമൂഹ്യ അവശനിലയെപ്പറ്റി വിശദമായ ചര്‍ച്ചകള്‍ നടന്നതായി പെരിയാര്‍ എഴുതിയിട്ടുണ്ട്.
സാമൂഹ്യവും സാമുദായികവും രാഷ്ട്രീയപരവുമായ വിഷയങ്ങളെ സംവാദങ്ങളാക്കി രൂപപ്പെടുത്തി ചര്‍ച്ചയാക്കുന്ന പെരിയാറിന്റെ സംവാദരീതി ഇന്ത്യയുടെ മഹത്തായ താര്‍ക്കിക പാരമ്പര്യത്തിന്റെ കണ്ണിചേരല്തന്നെയായിരുന്നു. ഈ നാട്ടില്‍ ഇന്ന് ചോര്‍ന്നുകൊണ്ടിരിക്കുന്ന സംവാദരൂപത്തെയും അതിന്റെ ജനാധിപത്യപാരമ്പര്യത്തെയും രാഷ്ട്രീയവും മതവും സമുദായങ്ങളും കൈയ്യൊഴിയുന്നത് അപകടകരവും ജനാധിപത്യവിരുദ്ധവുമാണ്. പെരിയാറിന്റെ നിലപാടുകള്‍ നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരുന്നത് സംവാദങ്ങളിലൂടെയായിരുന്നല്ലോ!
മദിരാശി ദ്രാവിഡ സംഘത്തോടും കോണ്‍ഗ്രസ് സംഘടനയുമായും സ്വാഭിമാന പാര്‍ട്ടിയുമായും ഒക്കെ രാമസ്വാമി നടത്തിയ തീപാറുന്ന സംവാദങ്ങള്‍ ആര്‍ക്കാണ് മറക്കാനാവുന്നത്? ജസ്റ്റിസ് പാര്‍ട്ടിയുടെ നിലപാടുകളും മറക്കാനാകില്ല. കോട്ടയത്ത് വൈക്കത്തുള്ള പെരിയാറിന്റെ പ്രതിമ, വൈക്കം സത്യഗ്രഹ പ്രക്ഷോഭത്തില്‍ അദ്ദേഹം നടത്തിയ ഇതിഹാസതുല്യമായ ഇടപെടലിന്റെ അടയാളമാണല്ലോ? അദ്ദേഹം ആരംഭിച്ച ‘കുടി അരസ്’ പത്രം സംവാദത്തിനുവേണ്ടിയുള്ള അച്ചുനിരത്തലായിരുന്നു. ‘സ്വദേശമിത്രന്‍’ എന്ന തമിഴ്പത്രത്തില്‍ ഗാന്ധിജി എഴുതിയ വര്‍ണ്ണാശ്രമധര്‍മ്മത്തിന് അനുകൂലമായ ലേഖനം, ഗാന്ധിയുമായി സംവാദത്തില്‍ ഏര്‍പ്പെടാന്‍ രാമസ്വാമിയെ പ്രചോദിപ്പിക്കുന്നുണ്ട്. ഷണ്മുഖന് ചെട്ടിയാര്‍ വഴി ഗാന്ധിജി, പെരിയാറിന്റെ ഉജ്ജ്വലമായ നിലപാടുകള്‍ അപ്പോഴേയ്ക്കും മനസ്സിലാക്കിയിരുന്നു. മൈസൂര്‍ രാജാവിന്റെ അതിഥിയായി ഗാന്ധി, രാജകൊട്ടാരത്തില്‍ വിശ്രമിക്കുന്ന ദിവസങ്ങളിലൊന്നില്‍ രാമസ്വാമിയുമായി ഉജ്ജ്വലമായ വര്ത്തമാനത്തിലേര്പ്പെടുന്നുണ്ട്. അതിന്റെ വിശദാംശങ്ങള്‍ ചരിത്രരേഖകളിലുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പുറത്തുപറയാന്‍ പറ്റാത്തവിധം തീപാറുന്ന ആശയങ്ങള്‍ രാമസ്വാമി, ഗാന്ധിയുടെ മുമ്പിലിരുന്ന് പറയുന്നുണ്ട്.
‘ദ്രാവിഡര്‍ കഴകം പാര്‍ട്ടി’യുടെ രൂപീകരണവും, പെരിയാറും ‘അറിഞ്ജര്പ അണ്ണൈ’ ആയ അണ്ണാദുരൈയും തമ്മിലുള്ള അടുപ്പം പെരിയാറിന്റെ രാഷ്ട്രീയവീക്ഷണങ്ങളെ മാറ്റിമറിക്കുന്നതുമെല്ലാം പിന്നീട് കാണുന്നത് ആശയങ്ങളോടുള്ള ആ മനുഷ്യന്റെ തുറവിയായി ചരിത്രകാരന്മാര് കാണുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പെരിയാറിന്റെ ധാരണ, വിപ്ലവകരമായിരുന്നു. അണ്ണാദുരൈയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുന്നതിന്റെ തുടക്കം ഇവിടെയാണ്. സാമൂഹ്യവും മതപരവും ജാതീയവുമായ സ്വാതന്ത്ര്യം എന്ന പെരിയാറിന്റെ തീവ്രനിലപാട് യുക്തിഭദ്രമായ അന്വേഷണങ്ങളില്‍ ഊന്നിയുള്ളതായിരുന്നു.
സ്വാതന്ത്ര്യപ്പുലരിയില്‍ നവ്ഖാലിയിലായിരുന്ന ഗാന്ധിജിയുടെ നിലപാടുകളും ഒരാള്‍ ഈ അവസരത്തില്‍ ഓര്‍ത്തുപോകും. മതാനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ സാമൂഹ്യമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്ന സിദ്ധാന്തങ്ങളുടെ വിഴുപ്പുഭാണ്ഡം പേറേണ്ടതുണ്ടോ?
ചരിത്രത്തിലെ പിഴവുകള്‍ തിരുത്തി മുന്നേറുന്നവര്‍ക്കുള്ളതാണ് ഭാവി എന്ന് പെരിയാര്‍ നിരന്തരം പറഞ്ഞിരുന്നു.
ഉദയനിധിയുടെ പരാമര്‍ശവും ജയസൂര്യയുടെ പരാമര്‍ശവും കേവലം സിനിമാക്കാരുടെ പരാമര്‍ശമായി ട്രോളിത്തള്ളുന്ന സൈബര്‍ ഇടങ്ങളെ മറന്നേക്കൂ. വിമര്‍ശനങ്ങളില്‍ അസ്വസ്ഥതപ്പെടുന്ന പ്രസ്ഥാനങ്ങള്‍ ചരിത്രത്തിന്റെ വിഴുപ്പുഭാണ്ഡങ്ങള്‍ പേറാന്‍ വിധിക്കപ്പെടുമെന്ന സത്യം സത്യമായിത്തന്നെ നിലനില്ക്കും. പെരിയാര്‍ കടന്നുപോയത് ഈ സത്യത്തെ പ്രഘോഷിച്ചുകൊണ്ടാണല്ലോ!
പിന്കുറിപ്പ്
പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ഫോറത്തിന്റെ പുസ്തകപ്രകാശനച്ചടങ്ങായിരുല്ലോ ഉദയനിധിയുടെ വിവാദപരാമര്ശവേദി. അവിടെ പ്രകാശനം ചെയ്ത ഒരു പുസ്തകത്തില്‍ രണ്ടേ രണ്ടു ഫോട്ടോ മാത്രമേ ഉണ്ടായിരുന്നുള്ളൂ: ആരോ ചെരിപ്പുനക്കുന്ന ഒരു ഫോട്ടോയും, ഗാന്ധിവധത്തിന്റെ ഫോട്ടോയും. പുസ്തകത്തിന്റെ ബാക്കി പുറങ്ങളെല്ലാം ‘ബ്ലാങ്കായിരുന്നു! വെറും എഴുതാപ്പുറങ്ങള്‍! പ്രകാശനച്ചടങ്ങിന്റെ ഈ വിപ്ലവത്തിന് സിനിമാതാരം രോഹിണി സാക്ഷി. ഒരു ‘മാ.പ്ര’യും ഈ പുസ്തകത്തെപ്പറ്റി ഇതുവരെ പറഞ്ഞുകേട്ടില്ല; എഴുതിക്കണ്ടില്ല; ചര്‍ച്ചയും വന്നില്ല. എന്താണാവോ കാര്യം!?