കാനായിലെ കല്യാണനാളില്‍ കല്ഭരണിയിലെ വെള്ളം മുന്തിരി നീരായ്…
എന്ന പ്രശസ്ത ഗാനത്തിന് സംഗീതം നല്കിയ എം. ജെ രാജുവിന്റേത,് പാടാന്‍ വന്നു സംഗീതസംവിധായകനായി മാറിയ ചരിത്രമാണ്.
വരാപ്പുഴ അതിരൂപതയിലെ സെന്റ്. ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ഇടവകാംഗമായ മാട്ടുപുറത്തു ജോണ്‍ രാജു ആണ് ഗായകനായും സംഗീതസംവിധായകനായും ശ്രദ്ധ നേടിയ ജെ. എം. രാജു. ചെറുപ്പകാലത്തു ബോസ്കോ കലാസമിതി, ആസാദ് ആര്‍ട്സ് ക്ലബ്, താന്സെന് ആര്‍ട്സ് ക്ലബ് എന്നിവയില്‍ പ്രവര്‍ത്തിച്ചു.
രാജുവിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ആര്‍ട്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സര്‍വിസ് എന്ന സ്ഥാപനത്തില്‍ തമിഴ് ഭക്തിഗാനം പാടാന്‍ ക്ഷണിക്കപ്പെട്ടതായിരുന്നു. സിലോണ്‍ റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുന്നതിനായി പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യുന്ന ചുമതലയും സ്ഥാപനം രാജുവിനെ ഏല്പിച്ചു. റെക്കോര്‍ഡ് ചെയ്യുന്ന സ്പൂള്‍ ടേപ്പുകള്‍ സിലോണിലേക്ക് അയച്ചു കൊടുത്തിട്ട് അവിടെ നിന്നാണ് സംപ്രേഷണം നടത്തുന്നത്. മലയാളം പരിപാടി കൂടി തുടങ്ങാന്‍ സ്ഥാപനം തീരുമാനിച്ചത് രാജുവിന് കൂടുതല്‍ അവസരങ്ങള്‍ നല്കി. ഓരോ പാട്ടുകള്‍ക്കും ചേര്‍ന്ന ആമുഖം എഴുതാനുള്ള ചുമതലയും രാജുവിനായി. ചാനലുകള്‍ ഇല്ലാത്ത,റേഡിയോ പോലും എല്ലായിടത്തും കിട്ടാത്ത ആ കാലത്ത് മലയാളികള്‍ ഈ ക്രിസ്തീയ പരിപാടികള്‍ക്കായി കാത്തിരിക്കുക പതിവായി.
പരിപാടിയെ അനുമോദിച്ചു ആയിരക്കണക്കിന് കത്തുകള്‍ എന്നും വന്നിരുന്നതായി ജെ.എം. രാജു ഓര്‍ക്കുന്നു. തന്റെ ശബ്ദം റേഡിയോയിലൂടെ കേട്ടതിനെക്കുറിച്ചു രാജു പറയുന്നു.
‘1981 ലാണ് ആദ്യമായി എന്റെ ശബ്ദം ഞാന്‍ തിരിച്ചു കേള്‍ക്കുന്നത്.
അന്നു വീട്ടില്‍ റേഡിയോ ഇല്ല. അടുത്ത വീട്ടില്‍ നിന്നും കടം വാങ്ങിയ റേഡിയോയിലൂടെ എന്റെ പാട്ടു കേട്ട് അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ‘ യേശുദാസ്, എസ്. ജാനകി ഉള്‍പ്പെടെ ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ പാട്ടുകാരെയും പാടിക്കാന്‍ രാജുവിന് സാധിച്ചു.
യേശുദാസുമായുള്ള സൗഹൃദമാണ് തരംഗിണിയുടെ സ്നേഹസുധ എന്ന ആല്‍ബത്തിന് സംഗീതം നല്കാന് ഇടയാക്കിയത്.
ഒരു തമിഴ് ഭക്തിഗാന കസ്സെറ്റ് ചെയ്യണമെന്നാണ് യേശുദാസ് പറഞ്ഞത്. തമിഴിലാണ് ആല്‍ബം ഇറങ്ങിയത്. സാം ഡി. ദാസന് എഴുതിയ തമിഴ് ഗാനങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു. അങ്ങനെ ഇതിന്റെ മലയാളം ഇറക്കാനായി യേശുദാസ് തന്നെ രാജുവിനെ ചുമതലപ്പെടുത്തി. രാജുവിന്റെ സുഹൃത്തായ ഫാ. ജോയ് ആലപ്പാട്ട് (ഇപ്പോള്‍ യുഎസ്എയില്‍ ബിഷപ്പായി സേവനം ചെയ്യുന്നു) മലയാളം വരികള്‍ തയ്യാറാക്കി.
ഇതിലെ നന്ദിയോടെ ദേവഗാനം പാടി എന്ന പാട്ട് യേശുദാസ് പാടിയത് കരഞ്ഞുകൊണ്ടാണ്.
‘ദര്‍ശനം നല്‍കണേ മിശിഹായെ’
എന്ന ഗാനവും ഇതേ ആല്ബത്തിലേയാണ്.
ഈ പാട്ട് യേശുദാസ് കച്ചേരികളില്‍ പതിവായി പാടാറുണ്ട്.
കൊങ്ങിണി ഭാഷയിലെ ഒരു സിനിമ ഉള്‍പ്പെടെ കുറച്ചു സിനിമകളിലെ ജനങ്ങള്‍ക്കും രാജു സംഗീതം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ചെന്നൈയില്‍ സ്ഥിരതാമസം. ഭാര്യ ലത രാജുവും, മക്കളായ ആലാപ് രാജുവും അനുപമയും പാട്ടുകാരാണ്.