ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ലോകസിനിമയുടെ പ്രത്യേകത വനിതകളുടെ അസാധാരണ കടന്നുവരവാണെന്നു തോന്നിയിട്ടുണ്ട്. സംവിധാന രംഗത്തും തിരക്കഥ നിര്‍മിക്കുന്നതിലും അഭിനയിക്കുന്നതിലും സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നതിലും അവര്‍ വലിയ തോതില്‍ മുന്നോട്ടു വരുന്നു എന്നതു മാത്രമല്ല പ്രത്യേകത, സിനിമാ ലോകത്ത് അവര്‍ വ്യത്യസ്തമായ തങ്ങളുടെ അടയാളങ്ങള്‍ രേഖപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. വലിയ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രങ്ങള്‍ അവര്‍ വാര്‍ത്തെടുക്കുന്നു. പലരും സ്വന്തം അനുഭവങ്ങളാണ് സിനിമകള്‍ക്ക് ഉപയോഗിക്കുന്നത്. എഴുത്തുകാരിയും സംവിധായികയുമായ സെലിന് സോങ്ങിന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമയാണ് പാസ്റ്റ് ലൈവ്സ്. അതവരുടെ പ്രഥമചിത്രമാണെന്ന് പറഞ്ഞറിയിക്കേണ്ടിയിരിക്കുന്നു. രണ്ട് സുഹൃത്തുക്കളുടെ ജീവിതത്തിന്റെ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് അവര്‍ പകര്‍ത്തിയിരിക്കുന്നത്.
നാ യങ്ങിന്റെയും (ഗ്രെറ്റ ലീ), ഹേ സുങ് (യൂ ടിയോ) ജീവിതത്തിലൂടെ സഞ്ചരിക്കുന്ന യാത്രയാണ് പാസ്റ്റ് ലൈവ്സ് പറയുന്നത്. പരസ്പരം ഇഷ്ടമുള്ള കളിക്കൂട്ടുകാരായ ഈ 12 വയസ്സുകാരില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. അവര്‍ സ്കൂളില്‍ കൂട്ടാളികളാണ്. വലുതാകുമ്പോള്‍ ഹേ സുങിനെ വിവാഹം കഴിക്കുമെന്ന് നാ യങിന് ഉറപ്പുണ്ട്. നാ യങ്ങ് മത്സരബുദ്ധിയുള്ളവളാണ്, ഒരു ദിവസം സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടുക എന്ന സ്വപ്നം അവള്‍ക്കുണ്ട്. പക്ഷേ, തികച്ചും അപ്രതീക്ഷിതമായി അവളുടെ കുടുംബം കാനഡയിലേക്കു കുടിയേറുകയാണ്. ഇരുവരുടെയും ബന്ധം നഷ്ടപ്പെടുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം നമ്മള് അവളെ അടുത്തതായി കാണുമ്പോള്‍, നാ യങ് അവളുടെ പേര് നോറ എന്ന് മാറ്റി ന്യൂയോര്‍ക്കിലെ ഒരു കോളജില്‍ നാടക-എഴുത്ത് പഠിക്കുകയാണ്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഹേ സുങ് തന്റെ സൈനിക സേവനം പൂര്‍ത്തിയാക്കി സിയോളിലെ ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണിപ്പോള്‍. തന്റെ ബാല്യകാല പ്രണയിനിയെക്കുറിച്ച് അവന് ചിന്തിക്കാത്ത നിമിഷങ്ങളില്ലെന്നു പറയാം.
ഒരു ദിവസം, കൊറിയയില്‍ നിന്നുള്ള സഹപാഠികളെ ഫേസ്ബുക്കില്‍ തിരയുന്നതിനിടയില്‍ ഇരുവരും അവിടെ കണ്ടുമുട്ടുന്നു. അവര്‍ ബന്ധം പുതുക്കുകയും സ്കൈപ്പിലൂടെ വീഡിയോ കോളുകള്‍ നടത്തുകയും ചെയ്യുന്നു. ഹേ സുങ് ചൈനയിലേക്കു പോകാനൊരുങ്ങുകയാണ്. നോറ എഴുത്തിന്റെ ലോകത്ത് തിരക്കിലുമാണ്. അവരുടെ ബന്ധം വീണ്ടും പിരിയുന്നു.
നോറ ഒരു അമേരിക്കന്‍ യുവാവുമായി-ആര്‍തര്‍ അടുപ്പത്തിലാകുന്നു. ചൈനയില്‍ ഹേ സുങ്ങിനും ഒരു കൂട്ടുകാരിയെ കിട്ടുന്നു. കൊറിയയിലെ ഒരു പഴഞ്ചൊല്ല് അല്ലെങ്കില്‍ ഒരു മിത്തിനെ കുറിച്ച് നോറ ആര്‍തറുമായി സംസാരിക്കുന്നുണ്ട്. പ്രണയിക്കുന്നവര്‍ തങ്ങളുടെ മുന്‍കാല ജന്മങ്ങളില് പരസ്പരം കണ്ടുമുട്ടിയവരാണ്, അല്ലെങ്കില്‍ പ്രണയിച്ചിരുന്നവരാണ് എന്നതാണ് ആ മിത്ത്. നീയതില് വിശ്വസിക്കുന്നുണ്ടോ എന്ന് ആര്‍തര്‍ ചോദിക്കുമ്പോള്‍, ഇല്ല ഇത് കൊറിയക്കാര്‍ പരസ്പരം വശീകരിക്കാന്‍ പറയുന്ന കാര്യമാണെന്ന് അവള് പറയുന്നു.
പന്ത്രണ്ട് വര്‍ഷത്തിന് ശേഷം, ആര്‍തറും നോറയും വിവാഹിതരായി ന്യൂയോര്‍ക്കില്‍ താമസിക്കുന്നു. നോറ ഇപ്പോള്‍ ഒരു നാടകകൃത്തും ആര്‍തര്‍ എഴുത്തുകാരനുമാണ്. ഹേ സുങ് ന്യൂയോര്‍ക്കിലേക്ക് ഒരു യാത്ര നടത്തുന്നു. അവിടെ വെച്ച് നോറയെ കണ്ടുമുട്ടുന്നു. അവരുടെ ബന്ധം വീണ്ടും തളിര്‍ക്കുകയാണ്.
ഒരു ബന്ധം യഥാര്‍ഥമാണെന്ന് എപ്പോഴാണ് നിങ്ങള്‍ അറിയുന്നത്? പരസ്പരം കണ്ണുകളിലേക്ക് കുറച്ച് നേരം നീണ്ടുനില്‍ക്കുന്ന നോട്ടങ്ങള്‍ കൈമാറുമ്പോഴാണോ? പരസ്പരം സംസാരിക്കാന്‍ കഴിയാതെ വരുമ്പോഴാണോ? നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് എന്തെങ്കിലും ചെയ്യുമ്പോള്‍ പതിവിലും കൂടുതല്‍ പ്രത്യേകത തോന്നുന്നുണ്ടോ? അതോ ഗൃഹാതുരത്വമാണോ? പാസ്റ്റ് ലൈവ്സ് ഇതെല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട്; പ്രത്യക്ഷത്തിലല്ലാതെ തന്നെ.
ഹേ സുങ് ന്യൂയോര്‍ക്കില്‍ വന്നത് നോറയെ കാണാനാണോ എന്ന് ആര്‍തര്‍ സംശയിക്കുകയും അവളോട് തുറന്നു ചോദിക്കുകയും ചെയ്യുന്നു. നോറയും അതു സ്ഥിരീകരിക്കുകയാണ്. അവരുടെ പ്രണയകഥയില്‍ താന്‍ ഒരു വഴിമടുക്കിയാണോ എന്ന് ആര്‍തറിന് സംശയം. എന്നാല്‍ താന്‍ ആര്‍തറിനെ സ്നേഹിക്കുന്നുവെന്ന് നോറ വ്യക്തമാക്കുന്നു. അടുത്ത ദിവസം രാത്രി, അവര്‍ മൂവരും അത്താഴത്തിന് ഒത്തു ചേരുന്നു. തുടക്കത്തില്‍, അവരുടെ സംഭാഷണങ്ങള്‍ പുരുഷന്മാര്ക്ക് മനസിലാകാനായി നോറ വിവര്‍ത്തനം ചെയ്യന്നു, എന്നാല്‍ ഒടുവില്‍, അവളും ഹേ സുങ്ങും കൊറിയന്‍ ഭാഷയില്‍ മാത്രം സംസാരിക്കുന്നു. അവരുടെ മുന്‍കാല ജീവിതത്തില്‍ അവര്‍ പരസ്പരം എന്തായിരുന്നുവെന്ന് അവര്‍ ആശ്ചര്യപ്പെടുന്നു. അവള് ഒരിക്കലും കൊറിയ വിട്ടിട്ടില്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് അവര്‍ പറയുന്നത്. ആര്‍തര്‍ ഒന്നും പിടികിട്ടാതെ വിഷമിച്ചിരിക്കുകയാണ്. നോറ വാഷ്മുറിയില് പോകുമ്പോള്‍, ഹേ സുങ് ആര്‍തറിനോട് ക്ഷമാപണം നടത്തുകയും അവര്‍ ഇനി ഒരിക്കലും ഒറ്റയ്ക്ക് സംസാരിക്കില്ലെന്ന് പറയുകയും ചെയ്യുന്നു.
ഹേ സുങ് ഒരിക്കലും തന്റെ വികാരങ്ങള്‍ പുറത്തുപറയുന്നില്ല, പക്ഷേ നോറയ്ക്ക് അത് നന്നായി അറിയാം. താന്‍ നേരത്തെ ഉണ്ടായിരുന്ന അതേ കൊറിയന്‍ പെണ്‍കുട്ടിയല്ലെന്ന് ഹേ സുങ്ങിനോട് അവള് പറയുമ്പോള്‍ അത് ഇരുവര്‍ക്കും ഹൃദയഭേദകമാണ്.
അവര്‍ ഭക്ഷണശാല വിട്ട് ആര്‍തറിന്റെയും നോറയുടെയും അപ്പാര്‍ട്ട്മെന്റിലേക്ക് മടങ്ങുന്നു. ഹേ സുങ് അവരെ കൊറിയ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നു. അവന് മടങ്ങാനൊരുങ്ങുകയാണ്. അവനൊരു ഊബര്‍ വിളിക്കുന്നു. നോറ അവനോടൊപ്പം കാറിനായി കാത്തിരിക്കുന്നു. ആ നിമിഷങ്ങളില്‍ അവര്‍ക്കിടയിലുള്ള പിരിമുറുക്കം വര്‍ദ്ധിക്കുന്നു. അവരിപ്പോള്‍ തങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയാഞ്ഞ ഒരു ജീവിതത്തിലൂടെ കടന്നുപോകുകയാണ്. അടുത്ത ജന്മത്തില് അവരുടെ ബന്ധം എന്തായിരിക്കുമെന്ന് നോറയോട് ഹേ സുങ് ചോദിക്കുന്നു. അവള്‍ക്കറിയില്ലെന്ന് അവള് പറയുന്നു, അവനും അത് തന്നെ പറയുന്നു. അവന് കാറില്‍ കയറി പോകുമ്പോള്‍, അവള് അവളുടെ അപ്പാര്‍ട്ട്മെന്റിലേക്ക് തിരികെ നടക്കുന്നു. അവിടെ അവള് കരഞ്ഞുകൊണ്ട് ആര്‍തറിന്റെ കൈകളില്‍ വീഴുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രണ്ടു വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാണ് ജീവിക്കുന്നതെങ്കിലും നോറയും ഹേ സുങ്ങും അവരുടെ ഭൂതകാലവും വംശീയതയും കൊണ്ട് ബന്ധപ്പെട്ടിരിക്കുന്നു. പ്രണയം, അതിന്റെ നഷ്ടം എന്നിവയെക്കുറിച്ചുള്ള ധ്യാനാത്മക ചിത്രമാണ് പാസ്റ്റ് ലൈവ്സ് എന്നു പറയാം.
ഭൂതകാലത്തിനും വര്‍ത്തമാനത്തിനും ഇടയില്‍ കുടുങ്ങിയ രണ്ടുപേര്‍. അവരുടെ ജീവിതം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് അവര്‍ പരസ്പരം അനുഭവിക്കുന്ന ആഴത്തിലുള്ള വികാരങ്ങളിലൂടെയാണ്. നോറയെ സംബന്ധിച്ചിടത്തോളം, ഹേ സംഗ് അവളുടെ വേരുകളുടെയും കുട്ടിക്കാലത്തിന്റെയും ഓര്‍മ്മപ്പെടുത്തലാണ്. എന്നാല്‍ ഹേ സുങ്ങിന്, അവള് എപ്പോഴും പ്രത്യേകതയുള്ളവളായിരുന്നു.
നോറയും ഹേ സുംഗും പ്രണയത്തിന്റെ വാക്കുകള്‍ കൈമാറുന്നില്ല. എന്നാല്‍ അവരുടെ നോട്ടങ്ങളും പുഞ്ചിരിയും അവര്‍ പങ്കിടുന്ന ശക്തമായ ബന്ധം വെളിപ്പെടുത്തുന്നു.
ഛായാഗ്രാഹകന്‍ ഷാബിയര് കിര്‍ച്നര്‍ ഈ ചെറിയ നിമിഷങ്ങള്‍ ഭംഗിയായി പകർത്തുമ്പോൾ അതു ജീവിതത്തോട് ഏറ്റവും അടുത്തു നില്ക്കുന്നതായി മാറുന്നു.
ഒരു സാധാരണ പ്രണയകഥയെ ഏറ്റവും വ്യക്തവും സൂക്ഷ്മവുമായ രീതിയില്‍ ചിത്രീകരിക്കുന്നു എന്നതിലാണ് ചിത്രത്തിന്റെ ഭംഗി. ജീവിതത്തിലെ അനുഭവങ്ങളായിരിക്കാം സംവിധായികയെ അതിനു സഹായിച്ചിരിക്കുന്നത്. സോങ്ങിന്റെ അരങ്ങേറ്റം കഥപറച്ചിലിലെ ഒരു മാസ്റ്റര്‍ക്ലാസ് ആണ്. അവരുടെ ശ്രദ്ധ ദൃശ്യപരമായും ആഖ്യാനപരമായും നോറയിലും ഹേ സംഗിലുമാണ്. ശാരീരികമായി ഒരിക്കലും ബന്ധപ്പെടുന്നില്ലെങ്കിലും അവര്‍ക്കിടയില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. രാത്രി വൈകിയുള്ള വീഡിയോ കോളും ഒരിക്കലും അയക്കാത്ത ഇമെയിലുകളും അവരുടെ ബന്ധത്തിന്റെ വീഥികള്‍ വിശദമാക്കുന്നു. സിനിമയില്‍ നിശബ്ദതകള്‍ക്ക് വലിയ സ്ഥാനമുണ്ട്. വികാരങ്ങള്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നത് ഈ നിശബ്ദതകളിലൂടെയാണ്. സിനിമയുടെ ആഖ്യാനമെന്നാല്‍ ഫ്രെയ്മുകളെ പരസ്പരം നെയ്തെടുക്കലാണെന്നു തോന്നും. കീത്ത് ഫ്രാസിന്റെ എഡിറ്റിംഗും ഗംഭീരമായി ഇതിനെ സഹായിച്ചിട്ടുണ്ട്.
ലീ, യൂ, മഗാരോ (ആര്‍തര്‍) എന്നിവരുടെ അഭിനയവും സിനിമയെ ഉയര്‍ത്തുന്നതില്‍ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. അവരുടെ ശരീരഭാഷയിലെ മാറ്റവും അവരുടെ വളരെ ചെറിയ ചലനവും പോലും വളരെ സ്വാഭാവികമാണ്. നീണ്ട സംഭാഷണങ്ങള്‍ അവിടെ ആവശ്യമില്ല. സിനിമകളില്‍ മാസാലയുടെ ഓവര്‍ഡോസും സിനിമാറ്റിക് വിസ്മയങ്ങളും അതിരുകടന്ന ഫോര്മുലകളാകുന്ന കാലത്ത് ‘പാസ്റ്റ് ലൈവ്സ്’ സ്വാഗതാര്‍ഹമായ ഒരു മാറ്റം തന്നെയാണ്.