പതിനൊന്നു മിനിറ്റു മാത്രം നീണ്ട മണിപ്പുര്‍ നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിന്റെ ഉപചാരങ്ങളില്‍ ചന്ദ്രയാന്‍ ദൗത്യവിജയത്തിന് പ്രധാനമന്ത്രി മോദിയെ അനുമോദിക്കാന്‍ അത്യന്തം ജാഗ്രതപ്പെട്ട മുഖ്യമന്ത്രി ബിരേന്‍ സിംഗ്, സംസ്ഥാനത്ത് 118 ദിവസങ്ങളായി അറുതിയില്ലാതെ തുടരുന്ന ആഭ്യന്തര കലാപത്തെക്കുറിച്ച് സഭയില്‍ മിണ്ടിയാല്‍ കോടതിയലക്ഷ്യമാകുമെന്ന വിചിത്ര ന്യായവാദവും ഉദ്ഘോഷിക്കുകയുണ്ടായി. കുക്കി ഗോത്രവര്‍ഗക്കാര്‍ക്ക് ‘മരണത്തിന്റെ താഴ് വരയായി’ മാറിയ ഇംഫാലില്‍ എത്തിയാല്‍ ജീവാപായമുണ്ടാകും എന്നതിനാല്‍ രണ്ട് മന്ത്രിമാരടക്കം പത്ത് കുക്കി എംഎല്‍എമാര്‍ സമ്മേളനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ സ്ഥിതിവിശേഷത്തെക്കുറിച്ച് നിയമസഭ അഞ്ചുദിവസമെങ്കിലും ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരുടെ മുറവിളിക്കിടെയാണ് ഏകദിന സമ്മേളനം ഏതാനും മിനിറ്റുകളായി വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞത്.
വംശീയ ഹിംസയുടെ കുരുതിനിലങ്ങളില്‍ പിടഞ്ഞുവീണ 169 ഇരകളുടെ മൃതദേഹങ്ങള്‍ മാസങ്ങളായി മതാചാരപ്രകാരം അടക്കം ചെയ്യാനാവാതെ മോര്‍ച്ചറികളില്‍ കിടക്കുകയാണ്. പരിക്കേറ്റ നാലായിരത്തോളം പേര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന 67,000 നിരാലംബര്‍ക്കും വീടും വസ്തുവകകളും ജീവനോപാധികളും നഷ്ടപ്പെട്ട് ഇതരസംസ്ഥാനങ്ങളിലേക്കു പലായനം ചെയ്ത പതിനായിരങ്ങള്‍ക്കും നീതിയും നഷ്ടപരിഹാരവും പുനരധിവാസവും വാഗ്ദാനം ചെയ്യപ്പെട്ടതല്ലാതെ സുപ്രീം കോടതിയുടെ ഇടപെടലില്ലാതെ എന്തെങ്കിലും നടപ്പാകുമെന്ന് ഒരു ഉറപ്പുമില്ല. മുഖ്യമന്ത്രിയും ഭരണകൂടവും സംസ്ഥാനത്തെ ഭൂരിപക്ഷ മെയ്തെയ് സമൂഹത്തിനൊപ്പം ചേര്‍ന്ന് മലമ്പ്രദേശത്തെ കുക്കി ഗോത്രവര്‍ഗ ക്രൈസ്തവ സമൂഹത്തെ ആസൂത്രിതമായി വേട്ടയാടുന്ന വംശീയ ഉന്മൂലനത്തിന്റെയും കൊടുംപാതകങ്ങളുടെയും പശ്ചാത്തലത്തില്‍, സംസ്ഥാനത്തെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ അതിക്രമങ്ങളുടെ സംഘാത ആഘാതങ്ങളും കെടുതികളും അനുഭവിക്കുമ്പോള്‍, പ്രധാനമന്ത്രി മോദിയും കേന്ദ്രത്തിലെ ഭരണകൂടവും ഇന്ത്യന്‍ പാര്‍ലമെന്റും കാണിക്കുന്ന നിസ്സംഗത തന്നെയാണ് മണിപ്പുരിലെ നിയമസഭയുടെ പൊറാട്ടുനാടകത്തിലും തെളിഞ്ഞുകാണുന്നത്.
നിയമവാഴ്ചയും ക്രമസമാധാനവും ഭരണഘടനാസംവിധാനവും പൂര്‍ണമായി തകര്‍ന്ന സംസ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരിട്ട് ഇടപെട്ട് ഏര്‍പ്പെടുത്തിയ പൊതുഭരണ ക്രമീകരണവും സുരക്ഷാസേനാ ഏകോപനവും കനത്ത സൈനിക-അര്‍ധസൈനിക വിന്യാസവും കലാപഭൂമിയില്‍ പ്രത്യാശാപൂര്‍ണമായ മാറ്റങ്ങള്‍ വരുത്തുന്നതിന് വിലങ്ങുതടിയാകുന്നത് സംസ്ഥാനത്തെ മുഖ്യമന്ത്രിയാണെന്ന് കുക്കികള്‍ മാത്രമല്ല, ബിജെപി മന്ത്രിസഭയിലെയും നിയമസഭാകക്ഷിയിലെയും ചില അംഗങ്ങളും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗാ പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങിയ സഖ്യകക്ഷികളും ആദ്യമേ പറയുന്നുണ്ട്. ഭരണഘടനയുടെ 174-ാം വകുപ്പു പ്രകാരം ആറുമാസത്തെ ഇടവേളയില്‍ സമ്മേളനം ചേര്‍ന്നിരിക്കണം എന്ന വ്യവസ്ഥ അനുസരിച്ച് സെപ്റ്റംബര്‍ രണ്ടിനകം നിയമസഭ സമ്മേളിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഭരണഘടനാ പ്രതിസന്ധിയിലാകും എന്നതിനാലാണ് തിടുക്കത്തില്‍ ഓഗസ്റ്റ് 29ന് അസംബ്ലി വിളിച്ചുകൂട്ടിയത്. ഓഗസ്റ്റ് 21നു നിയമസഭ ചേരാന്‍ മന്ത്രിസഭ തീരുമാനിച്ചതാണ്. എന്നാല്‍ ഗവര്‍ണര്‍ അനുസുയിയാ ഉയികേ മന്ത്രിസഭയുടെ ആ തീരുമാനത്തിനു വഴങ്ങിയില്ല. സാധാരണ സമ്മേളനം കൂടാന്‍ 15 ദിവസത്തെയെങ്കിലും നോട്ടീസ് നല്‍കണം എന്നിരിക്കെ കഷ്ടിച്ച് ഒരാഴ്ച മുന്‍പാണ് ഈ അസംബ്ലി സെഷന്റെ വിജ്ഞാപനം ഇറങ്ങിയത്.
കുക്കി എംഎല്‍എമാരുമായി താന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഡല്‍ഹിയില്‍ അമിത് ഷായെ കണ്ടതിനുശേഷം ബിരേന്‍ സിംഗ് ദേശീയ മാധ്യമങ്ങളോടു പറഞ്ഞത് ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള പച്ചക്കള്ളമാണെന്ന് വാണിജ്യ-വ്യവസായ മന്ത്രി നെംചാ കിപിജെന്, യുവജനകാര്യ-സ്പോര്‍ട്സ് മന്ത്രി ലേട്പാവോ ഹവോകിപ് എന്നിവരടക്കം ബിജെപിക്കാരായ ഏഴ് കുക്കി എംഎല്‍എമാരും, ബിജെപി സഖ്യത്തില്‍ നിന്ന് കഴിഞ്ഞ മാസം പിന്മാറിയ കുക്കി പീപ്പിള്‍സ് അലയന്‍സ് അംഗങ്ങളായ രണ്ടുപേരും ഒരു സ്വതന്ത്ര കുക്കി എംഎഎല്‍എയും സംയുക്ത പ്രസ്താവന ഇറക്കി. ഇംഫാലിലെ തങ്ങളുടെ ഔദ്യോഗിക ക്വാര്‍ട്ടേഴ്സും സ്വകാര്യ വസതികളും ജനക്കൂട്ടം കൊള്ളയടിക്കുകയും തീവച്ചു നശിപ്പിക്കുകയും ചെയ്തത് അവര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് കൂടിയായിരുന്ന കുക്കി എംഎല്‍എ വുംഗ്സാഗിന്‍ വാള്‍ട്ടെയെ മേയ് നാലിന് മുഖ്യമന്ത്രിയുടെ വസതിയില്‍ കൂടിക്കാഴ്ചയ്ക്കുശേഷം തിരിച്ചുപോകുമ്പോള്‍ മെയ്തെയ് ജനക്കൂട്ടം ആക്രമിച്ച് മൃതപ്രായനാക്കിയ സംഭവത്തില്‍ ഇതേവരെ ഒരു അന്വേഷണവും അറസ്റ്റും ഉണ്ടായിട്ടില്ല.
കുക്കി ഗോത്രവര്‍ഗ മേഖലയ്ക്ക് പ്രത്യേക ഭരണസംവിധാനം വേണമെന്ന ആവശ്യത്തില്‍ കുക്കി ജനപ്രതിനിധികള്‍ ഉറച്ചുനില്‍ക്കയാണ്. മലമേഖലയിലെ അഞ്ചു ജില്ലകള്‍ക്കായി പ്രത്യേക ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും വേണമെന്നാണ് അവരുടെ ആവശ്യം. കുക്കി ഐഎഎസ്, ഐപിഎസ്, മണിപ്പുര്‍ സിവില്‍ സര്‍വീസസ്, പൊലീസ് സര്‍വീസസ് ഉദ്യോഗസ്ഥര്‍ക്ക് മെയ്തെയ് മേഖലയായ ഇംഫാല്‍ താഴ് വരയില്‍ സുരക്ഷിതമായി ജോലി ചെയ്യാനാവാത്ത സ്ഥിതിവിശേഷമാണുള്ളതെന്ന് അവര്‍ പറയുന്നു.
അസമിലെ ബോഡോകളുമായി മോദി സര്‍ക്കാര്‍ ഒപ്പുവച്ച ഉടമ്പടിയുടെ മാതൃകയില്‍ മണിപ്പുരിലെ കുക്കി വിഘടനവാദി സംഘടനകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം ടെറിട്ടോറിയല്‍ കൗണ്‍സില്‍ രൂപവത്കരണ കരാറില്‍ കഴിഞ്ഞ മേയ് എട്ടിന് ഒപ്പുവയ്ക്കാനിരുന്നതാണ്. 2008 ഓഗസ്റ്റില്‍ കേന്ദ്ര ഗവണ്മെന്റും സംസ്ഥാന സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ (സസ്പെന്ഷന് ഓഫ് ഓപ്പറേഷന്‍സ് – എസ്ഒഒ) കരാറില്‍ ഒപ്പുവച്ച കുക്കി നാഷണല്‍ ആര്‍മി (കെഎന്‍എ), യുണൈറ്റഡ് പീപ്പിള്‍സ് ഫ്രണ്ട് (യുപിഎഫ്) എന്നിവയുമായി ബന്ധപ്പെട്ട 24 കുക്കി തീവ്രവാദി ഗ്രൂപ്പുകള്‍ സ്വയംഭരണസംവിധാനം സംബന്ധിച്ച് കേന്ദ്രവുമായി കരാറുണ്ടാക്കുന്നതിനെ ബിരേന്‍ സിംഗ് എതിര്‍ത്തുകൊണ്ടിരുന്നു. മേയ് മൂന്നിന് കലാപം തുടങ്ങുന്നതിനു തൊട്ടുമുന്‍പ് ബിരേന്‍ സിംഗ് കുക്കി എസ്ഒഒ കരാറില്‍ നിന്ന് പിന്മാറിയത് ഇതിനാലാണ്.
ചിക്കിംസ് (ചിന്, കുക്കി, മിസോ, സോ) തീവ്രവാദികള്‍ എന്ന് മെയ്തെയ്കള്‍ വിളിക്കുന്ന ഗോത്രവര്‍ഗക്കാര്‍ ‘സലേന്ഗം’ (സ്വാതന്ത്ര്യത്തിന്റെ ഭൂമി) എന്ന സ്വതന്ത്ര കുക്കിലാന്ഡിനുവേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായാണ് വേള്‍ഡ് കുക്കി-സോ ഇന്റലെക്ച്വല്‍ കൗണ്‍സില്‍ കഴിഞ്ഞ ജൂണില്‍ യുഎന്‍ സെക്രട്ടറി ജനറലിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മെമ്മോറാണ്ടം സമര്‍പ്പിച്ചതെന്ന് മെയ്തെയ്കള്‍ ആരോപിക്കുന്നു. ഇസ്രയേലിന്റെ നഷ്ടപ്പെട്ട പത്തു ഗോത്രങ്ങളിലൊന്നായ ബെനെയ് മെനേഷെ എന്നറിയപ്പെടുന്ന യൂദയായിലെ 14-ാമത്തെ രാജാവ് മനാസേയുടെയും ജോസഫിന്റെയും സന്തതിപരമ്പയെന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം യഹൂദര്‍ കുക്കി ഗോത്രമേഖലയിലുണ്ട്. ഇതാണ് നെതന്യാഹുവിന്റെ പിന്തുണ തേടാനുള്ള കാരണം.
കുക്കി-സോ ഗോത്രക്കാര്‍ റിസര്‍വ് വനവും സംരക്ഷിത വനവും വന്യജീവിസങ്കേതങ്ങളും കൈയേറി മ്യാന്മാറിലെ ചിന് വിഭാഗക്കാരായ നുഴഞ്ഞുകയറ്റക്കാരുമായി ചേര്‍ന്ന് മണിപ്പുരിലെ മലമടക്കുകളില്‍ വ്യാപകമായി പോപ്പികൃഷിയും ലഹരിമരുന്ന് കടത്തും നടത്തുന്നുവെന്ന ബിരേന്‍ സിംഗിന്റെ പരസ്യ പ്രസ്താവനകളാണ് ‘നാര്‍ക്കോ ടെററിസ്റ്റ്’ എന്ന വിദ്വേഷ ചാപ്പ കുത്തി കുക്കികളെ വേട്ടയാടാന്‍ മെയ്തെയ് തീവ്രവാദി സംഘങ്ങള്‍ക്ക് വെടിമരുന്നായത്. മ്യാന്മറുമായി 398 കിലോമീറ്റര്‍ അതിര്‍ത്തി പങ്കുവയ്ക്കുന്ന മണിപ്പുരിലെ മലമടക്കുകളില്‍ കറുപ്പ് ഉത്പാദനത്തിന് ആവശ്യമായ പോപ്പി കൃഷി വ്യാപകമായിട്ടുണ്ട്. ചില തീവ്രവാദി സംഘങ്ങളും ഇംഫാല്‍ താഴ് വരയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള വന്‍ നിക്ഷേപകരും പോപ്പികൃഷിക്കു പിന്നിലുണ്ടെന്ന് ലഹരിമരുന്ന് സമ്പദ് വ്യവസ്ഥയുടെ മ്യാന്മര്, ലാവോസ്, തായ്ലന്ഡ് ത്രികോണം നിരീക്ഷിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.
മുഖ്യമന്ത്രി ബിരേന്‍ സിംഗ് ധീരതയ്ക്കുള്ള പൊലീസ് മെഡല്‍ സമ്മാനിച്ച മണിപ്പുരിലെ നാര്‍ക്കോട്ടിക്സ് ആന്‍ഡ് അഫയേഴ്സ് ഓഫ് ബോര്‍ഡര്‍ ബ്യൂറോയിലെ എഎസ്പി ആയിരുന്ന വനിതാ ഓഫിസര്‍ ഥൗനാഓജം ബൃന്ദ 2018 ജൂണിലെ ഒരു റെയ്ഡില്‍ 27 കോടി രൂപ വിലമതിക്കുന്ന നാലാം നമ്പര്‍ ഹെറോയിന്‍ പൗഡറും 28 കിലോ ആംഫെറ്റാമിന്‍ ഗുളികളുമായി ചന്ദേലിലെ സ്വയംഭരണ ജില്ലാ കൗണ്‍സില്‍ ചെയര്മാന് ലുഖോസേയി സോ എന്ന ബിജെപി നേതാവിനെ അറസ്റ്റുചെയ്ത കഥ വിഖ്യാതമാണ്. റെയ്ഡിന്റെ വിവരമറിഞ്ഞ ബിരേന്‍ സിംഗ് ലുഖോസേയിയെ ഉടന്‍ വിട്ടയക്കാനുള്ള കല്പനയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിനെ ബൃന്ദയുടെ വീട്ടിലേക്ക് അയച്ചു. 150 പൊലീസുകാരോടൊപ്പം റെയ്ഡു നടത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ അങ്ങനെ വിട്ടയക്കാനാവില്ലെന്നു പറഞ്ഞ് ബൃന്ദ നേതാവിനെ തിരിച്ചയച്ചു. എഡിസി ചെയര്‍മാനു പകരം അയാളുടെ ഭാര്യയുടെയും മകന്റെയും പേരില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച് ബിരേന്‍ സിംഗ് വീണ്ടും ദൂതനെ വിട്ടു. മുഖ്യമന്ത്രിയുടെ രണ്ടാം ഭാര്യയും ഭരണകക്ഷി എംഎല്‍എയുമായ എസ്.എസ് ഒലിഷിനു വളരെ വേണ്ടപ്പെട്ടയാളാണ് എഡിസി ചെയര്മാന് എന്നും ദൂതന് അറിയിച്ചു. എന്നിട്ടും ലുഖോസേയിയെ റിമാന്‍ഡു ചെയ്ത് ആറുമാസം ജയിലിലടയ്ക്കാന്‍ ബൃന്ദ വേണ്ടതൊക്കെ ചെയ്തു.
ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത വാസസ്ഥങ്ങള്‍ റിസര്‍വ് വനങ്ങളായി പ്രഖ്യാപിച്ച് കുക്കികളുടെ ഗ്രാമങ്ങള്‍ കൈയേറ്റഭൂമിയാണെന്ന് കണ്ടെത്തി അവരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാന്‍ ബിരേന്‍ സിംഗ് നടപടിയെടുത്തത് സംഘര്‍ഷങ്ങള്‍ക്കു വഴിതെളിച്ചു. കുക്കികളുടെ 790 ഗ്രാമങ്ങള്‍ റിസര്‍വ് വനങ്ങളായി പ്രഖ്യാപിക്കുമെന്നായിരുന്നു ഭീഷണി. മെയ്തെയ്കളുടെ പുരാതന പുണ്യസ്ഥലങ്ങളാണെന്ന ചരിത്രാഖ്യാനങ്ങള്‍ സൃഷ്ടിച്ച് ഗോത്രമേഖലയിലെ താംഗ്ജിംഗ് മലയില്‍ ഇബുധോ താംഗ്ജിംഗ്, ഭഗവാന് കോബ്രു (കൗപാലു) തീര്‍ഥം, കോബ്രു മലയിലെ ലായ് പുഖ്റി തുടങ്ങിയവ പുരാതന ചരിത്രസ്മാരകങ്ങളും ആര്ക്കെയോളജിക്കല് സ്ഥാനങ്ങളും അവശിഷ്ടങ്ങളും സംബന്ധിച്ച 1976-ലെ നിയമ പ്രകാരം സംരക്ഷിത പ്രദേശങ്ങളായി വിജ്ഞാപനം ചെയ്തു. ചുരാചാന്ദ്പുര്‍, നോനി ജില്ലകളിലെ ചുരാചാന്ദ്പുര്‍-ഖൗപും സംരക്ഷിത വനമേഖലയില്‍ 38 ഗ്രാമങ്ങള്‍ അനധികൃത കുടിയേറ്റക്കാര്‍ കൈയേറിയതാണെന്ന് സര്‍ക്കാര്‍ 2022 ഓഗസ്റ്റില്‍ നോട്ടീസ് നല്കി. കെ. സോങ്ജാംഗ് ഗ്രാമത്തില്‍ കുടിയിറക്കിന് പൊലീസ് എത്തി.
മൂന്നു മാസത്തിലേറെ കുക്കി-മെയ്തെയ് സംഘര്‍ഷത്തില്‍ ഇടപെടാതെ നിന്ന നാഗാ ഗോത്രവര്‍ഗക്കാരെ കുക്കികള്‍ക്കെതിരെ തിരിക്കാന്‍ പല പ്രകോപനങ്ങളും ഉണ്ടായി. നാഗാ ഭൂരിപക്ഷ മേഖലയായ ഉഖ്റൂല്‍ ജില്ലയിലെ തൊവയ് കുക്കി ഗ്രാമത്തിനടുത്ത് സിപിജാങ്ങില് ഓഗസ്റ്റ് 18ന് മൂന്ന് കുക്കി യുവാക്കള്‍ അതിക്രൂരമായി വധിക്കപ്പെട്ട സംഭവത്തില്‍ മെയ്തെയ് അക്രമിസംഘത്തിന് നാഗാ റവല്യൂഷണറി ഫ്രണ്ട് താങ്ഖുല്‍ ഗ്രൂപ്പുകള്‍ ആയുധങ്ങള്‍ എത്തിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. പ്രത്യേക ഭരണസംവിധാനം ആവശ്യപ്പെടുന്ന കുക്കികള്‍ നാഗാ അതിര്‍ത്തികളും കൈയടക്കുമെന്ന ആശങ്ക നാഗാലിം സംഘടന പങ്കുവയ്ക്കുന്നുണ്ട്. നിയമസഭാ സമ്മേളനത്തില്‍ 10 നാഗാ എംഎല്‍എമാരും പങ്കെടുക്കരുതെന്ന് യുണൈറ്റഡ് നാഗാ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ മണിപ്പുരിന്റെ കാര്യങ്ങള്‍ നോക്കുന്ന ബിജെപി ദേശീയ സെക്രട്ടറി സംബിത് പാത്രാ ഇംഫാലില്‍ എത്തി നാഗാ ജനപ്രതിനിധികളെ അസംബ്ലിയിലേക്കു വരുത്തി.
കലാപത്തിന് ഇടയാക്കിയ നിര്‍ണായക വഴിത്തിരിവായി ഷായും മോദിയും എടുത്തുപറയുന്ന മെയ്തെയ്കളുടെ എസ്ടി സ്റ്റാറ്റസ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിന് കാരണഭൂതനായ ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം.വി മുരളീധരനെ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചിട്ടും അദ്ദേഹത്തെ മാറ്റാന്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് സമ്മതിക്കുന്നില്ലത്രെ. മണിപ്പുര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജി സിദ്ധാര്‍ഥ് മൃദുലിനെ ജൂലൈ അഞ്ചിന് സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ചതാണ്. ഇതുവരെ ചുമതലയേല്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.
കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറായിരത്തിലേറെ എഫ്ഐആറുകളില്‍ ഒന്നില്‍ പോലും അരംബായ് തെങ്ഗോല്‍, മെയ്തെയ് ലീപുന്‍ സായുധസംഘങ്ങളിലെ ഒരു നേതാവിന്റെയും പേരും കാണാനാവില്ല. മൂന്നു കിലോമീറ്റര്‍ അകലെയുള്ളവരെ വരെ കൃത്യമായി ഉന്നംവച്ചു വധിക്കാന്‍ കഴിയുന്ന സ്നൈപര്‍ ഗണ്‍ മുതല്‍ ലൈറ്റ് മെഷീന് ഗണ്‍, എകെ-47, ഇന്‍സാസ് റൈഫിള്‍, 7.62 എംഎം സെല്‍ഫ് ലോഡിംഗ് റൈഫിള്‍, റോക്കറ്റ് ലോഞ്ചര്‍, 51എംഎം മോര്‍ട്ടാര്‍ എന്നിവ ഉള്‍പ്പെടെ എണ്ണായിരത്തോളം ഓട്ടോമാറ്റിക്, ഹൈ കാലിബര്‍ ആയുധങ്ങളും ആറുലക്ഷത്തോളം വെടിയുണ്ടകളും സംസ്ഥാനത്തെ അതീവസുരക്ഷയുള്ള ആയുധപ്പുരകളില്‍ നിന്ന് ഒരു ചെറുത്തുനില്പുമില്ലാതെ സായുധസംഘങ്ങളുടെ കൈകളിലെത്തിയത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ ബിരേന്‍ സിംഗിന്റെ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. നിയമസഭാ സമ്മേളനത്തിന്റെ തലേന്ന്, ഇംഫാലില്‍ കനത്ത സുരക്ഷാസന്നാഹങ്ങളുള്ള മേഖലയില്‍ കലാപത്തില്‍ ആളൊഴിഞ്ഞുപോയ അഞ്ചു വീടുകള്‍ അഗ്നിക്ക് ഇരയാകുന്ന ദൃശ്യങ്ങള്‍ക്കൊപ്പം മലയോരമേഖലയില്‍ നിന്ന് തിരിച്ചുപിടിച്ച ഏഴു തോക്കുകള്‍ പ്രദര്‍ശിപ്പിക്കുന്ന തിരച്ചില്‍ സംഘത്തിന്റെ ചിത്രവും വാര്ത്താചാനലുകളിലുണ്ടായിരുന്നു. ഈ പോക്കുപോയാല്‍ എത്ര കാലമെടുക്കും മണിപ്പുര്‍ പൊലീസിന് നഷ്ടപ്പെട്ട ആയുധങ്ങള്‍ വീണ്ടുകിട്ടാന്‍!