മലയാള പ്രസിദ്ധീകരണങ്ങളുടെ ഓണപതിപ്പുകളാണ് വിബിസി നായരെ ഓര്‍മിപ്പിച്ചത്. മലയാളത്തിലെ സാഹിത്യ പത്രപ്രവര്‍ത്തന ചരിത്രത്തിലെ വലിയൊരു അധ്യായമാണ് വിബിസി നായരുടെ ജീവിതം. 1969ലാണ് വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്ന എസ്.കെ. നായര്‍ ‘മലയാളനാട്’ ആരംഭിക്കുന്നത്. മലയാളനാടിന്റെ പത്രാധിപരായിരുന്നു വിബിസി നായര്‍. 1962ല്‍ അമേരിക്കയിലെ യങ്ങ് റൈറ്റേഴ്സ് ക്ലബ് ഇന്ത്യയിലെ യുവസാഹിത്യകാരന്മാര്‍ക്കായി സംഘടിപ്പിച്ച ചെറുകഥാമത്സരത്തില്‍ ‘മനുഷ്യാ നിന്നെ എനിക്ക് പേടിയാണ്’ എന്ന ചെറുകഥയിലൂടെ ഒന്നാം സമ്മാനം നേടി പ്രതിഭയാണ് വിബിസി നായര്‍.
1969 മെയ് 16-ന് പുറത്തിറങ്ങിയ ആദ്യലക്കം മുതല്‍തന്നെ വിബിസി മലയാളനാടിന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്തെ മാതൃഭൂമിയുള്‍പ്പെടെയുള്ള സാഹിത്യമാസികകളില്‍ നിന്ന് വേറിട്ട ഒരു ജീവിതപഥം മലയാളനാടിനുണ്ടായിരുന്നു. പ്രധാനമായും ആധുനികരചനകളെ അവതരിപ്പിക്കാനും ചര്‍ച്ചചെയ്യാനുമാണ് ആദ്യകാലം മുതല്‍തന്നെ മലയാളനാട് ശ്രമിച്ചത്. ആധുനികതയുടെ ഭാഗമായ പ്രധാനപ്പെട്ട പല രചനകളും പ്രസിദ്ധീകരിക്കപ്പെട്ടത് മലയാളനാടിലായിരുന്നു. മാധവിക്കുട്ടിയുടെ എന്റെ കഥ, ഒ.വി. വിജയന്റെ ധര്‍മ്മപുരാണം തുടങ്ങിയ രചനകള്‍ ഈ പ്രസിദ്ധീകരണത്തിലാണ് വന്നത്. എം. മുകുന്ദന്, കാക്കനാടന്, സക്കറിയ, സച്ചിദാനന്ദന്, കടമ്മനിട്ട, ബാലചന്ദ്രന് ചുള്ളിക്കാട്, കെ.പി. അപ്പന്, നരേന്ദ്രപ്രസാദ്, വി.രാജകൃഷ്ണന് തുടങ്ങി ആധുനിക എഴുത്തുകാര്‍ മലയാളനാടിന്റെ സജീവഭാഗമായിരുന്നു. ഇന്ത്യന്‍ സാഹിത്യത്തിലെ തന്നെ അപൂര്‍വ്വ പംക്തിയായിരുന്ന എം. കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം മലയാളനാടിന്റെ സംഭാവനയാണ്. വി.ബി.സി. നായര്‍ ഈ എഴുത്തുകാരുമായെല്ലാം അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പുതിയ എഴുത്തുകാരെ കണ്ടെത്താനും രചനകള്‍ രൂപപെടുത്താനും വി.ബി.സി. എപ്പോഴും ശ്രമിച്ചിരുന്നു. എണ്‍പതുകളുടെ ആദ്യം ജോലിയില്‍ നിന്നും പുറത്തിറങ്ങുംവരെ മലയാളനാടായിരുന്നു വി.ബി.സി.യുടെ ജീവിതകേന്ദ്രം.
വിബിസിയെ മാറ്റിനിര്‍ത്തി മലയാളനാടിന് ഒരു ചരിത്രമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
1974-ലെ മലയാളനാടിന്റെ ഓണപ്പതിപ്പിലാണ് ‘പൂര്‍ണ്ണത തേടുന്ന അപൂര്‍ണ്ണ ബിന്ദുക്കള്‍’ ആദ്യം പ്രത്യക്ഷപ്പെടുന്നത്. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഈ വര്‍ഷത്തെ ഓണപ്പതിപ്പുകളാണ് ഈ പുസ്തകത്തിലേക്ക് കൊണ്ടുപോയത്.
വായനക്കാര്‍ക്ക് അപരിചിതമായ എഴുത്തുകാരുടെ സ്വകാര്യജീവിതം അവതരിപ്പിക്കുന്ന ഫീച്ചറുകളാണ് പുസ്തകത്തിന്റെ കാതല്‍.
ലളിതാംബിക അന്തര്‍ജനം, ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമന് നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, പാലാ, തകഴി, കുഞ്ഞുണ്ണി, എം.ടി. വാസുദേവന്‍ നായര്‍, കാക്കനാടന്, പെരുമ്പടവം, പത്മരാജന്, തുടങ്ങി ബാലചന്ദ്രന് ചുള്ളിക്കാട് വരെയുള്ള 31 എഴുത്തുകാരുടെ ജീവിതത്തിന്റെ അജ്ഞാത അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്.
ഓരോ എഴുത്തുകാരുടെയും ജീവിതചിത്രങ്ങള്‍ സൂക്ഷമമായും സമഗ്രമായും വരയ്ക്കാനാണ് വിബിസി ശ്രമിച്ചത്. അവരുടെയൊക്കെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കാന്‍ ശ്രദ്ധിച്ചു. ജനിച്ച ഗ്രാമം, വളര്‍ന്ന സാഹചര്യങ്ങള്‍, എഴുത്തിന്റെ സവിശേഷത കൃതികള്‍ രൂപപ്പെട്ടുവന്ന രീതികള്‍ തുടങ്ങി ഓരോന്നും എഴുതി. അവരുടെയൊക്കെ സ്വകാര്യജീവിതത്തിലേക്കും വിബിസി കടന്നുചെന്നു. പലരും തുറന്നുപറയാന്‍ മടിച്ചിരുന്ന സ്വകാര്യശീലങ്ങള് വി.ബി.സി. മുമ്പില്‍ അവതരിപ്പിച്ചു. പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. അതെല്ലാം വിബിസി വായനക്കാര്‍ക്കായി എഴുതി. ജീവിതത്തിന്റെ കറുപ്പും വെളുപ്പും പകര്‍ത്തിവെച്ചു. ഓരോ എഴുത്തുകാരുടെയും വീട്ടില്പോയും അവരോടൊപ്പം സഞ്ചരിച്ചുമാണ് ഫീച്ചറുകള്‍ തയ്യാറാക്കിയത്.
എഴുത്തുകാരന്റെ സ്വകാര്യജീവിതം വലിച്ചു പുറത്തിടുന്നത് ശരിയോ എന്ന ചോദ്യം അക്കാലത്ത് ഉണ്ടായിരുന്നു. വിബിസി അതിന് ഇങ്ങനെ മറുപടി എഴുതി:
‘അപസ്വരങ്ങളും താളക്കേടുകളും തിരകളും ചുഴികളും കൊണ്ട് അസ്വസ്ഥമാണ് ജീവിതം, പ്രത്യേകിച്ച് സാഹിത്യകാരന്മാരുടേത്.
താളക്കേടുകളിലൂടെ താളാത്മകതയിലേക്കുള്ള ഒരു സാഹസികയാത്രയാണ് സാഹിത്യകാരന് നടത്തുന്നത്; സ്വന്തം കൃതികളിലൂടെയും ജീവിതത്തിലൂടെയും. ഈ രണ്ട് വിഭിന്നതകളെ സമന്വയിപ്പിച്ച് സത്യം കണ്ടെത്താനുള്ള ശ്രമമാണ് ഈ ലേഖനപരമ്പര.
ഓരോ ഫീച്ചറുകളുടെയും രൂപഘടന വിഭിന്നമാണ്. നാടകീയമായ തുടക്കങ്ങളുണ്ട്. ആത്മഗതങ്ങളുണ്ട്. സവിശേഷാഖ്യാനങ്ങളുണ്ട്. പുസ്തകത്തിലെ ലളിതാംബിക അന്തര്‍ജ്ജനത്തെ കുറിച്ചുള്ള കുറിപ്പ് ഉദാഹരണമായി ഉദ്ധരിക്കാം.
അതിപ്രശസ്തമായ ഒരു ഇല്ലത്തില്‍നിന്ന് അന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് അന്നത്തെ സാമുദായികാചാരങ്ങളുടെ കനത്ത കന്മതിലുകള് തകര്‍ത്ത്, ഓല കുട വലിച്ചെറിഞ്ഞ് തലയില്‍ മുണ്ടിടാതെ മാറുമറച്ചുകൊണ്ട് ഒരു ബാലിക – മലയാളത്തിന്റെ അഭിമാനമായ ലളിതാംബിക അന്തര്‍ജ്ജനം – പുറത്തിറങ്ങി. അവര്‍ തന്റെ തൂലികകൊണ്ട് സൃഷ്ടിച്ച വിപ്ലവം നമ്പൂരിയില്ലങ്ങളില് നടുക്കമുണ്ടാക്കി. ആ നടുക്കം വലിയൊരു മാറ്റത്തിനു സാക്ഷ്യംവഹിച്ചു. പക്ഷേ, അന്നത്തെ കാരണവന്മാരെ അമ്പരിപ്പിച്ചുകൊണ്ട് ആ നമ്പൂരിപ്പെണ്കുട്ടി പുറത്തുവന്നതിന്റെ പിന്നിലുള്ള മാനുഷികവികാരത്തിനു നാം വലിയ വിലനല്കണം. ആ കാലഘട്ടത്തെപ്പറ്റി ലളിതാംബിക അന്തര്‍ജ്ജനം അനുസ്മരിക്കുന്നതിങ്ങനെയാണ്: ‘ഇരുട്ടിന്റെ ഇടനാഴിയിലൂടെയുള്ള എന്റെ ജീവിതം ആരംഭിച്ചപ്പോള്‍ അത് സുപരിചിതമായ ഒരു സത്യമാണെന്നറിയാമായിരുന്നെങ്കിലും ഞാന്‍ ആകെ ഞെട്ടിപ്പോയി. പുറത്തെ വാതില്‍ അടഞ്ഞപ്പോള്‍ അകത്തെ വാതില്‍ തുറന്നു. എന്റെ ദൃഷ്ടി അന്തര്‍മ്മുഖമായി. പലതും ഞാന്‍ അടുത്തു കണ്ടു. കേട്ടു തൊട്ടറിഞ്ഞു. കണ്ണുനീരില്ലാത്ത കരച്ചില്, ശ്വാസമില്ലാത്ത ജീവിതം, ചോര ചിതറാത്ത മുറിവുകള്‍. മനുഷ്യജീവികളല്ല. നിഴലുകള്‍, പ്രതിമകള്‍. ചിട്ടപ്പെടുത്തിവച്ച രീതികളില്‍ അവര്‍ ചലിക്കുന്നു. നിശ്ചലമായി ചലിക്കുന്നുവെന്നു പറയാം. ചിരിയും കരച്ചിലുമെല്ലാം ഒരുപോലെ. ഈ അതിദയനീയമായ ജീവിതത്തിന്റെ നൊമ്പരംപോലും അറിയാന്‍ കഴിയാത്ത നിസ്സഹായര്‍. അവരുടെ വേദനകളും ചോദനകളും വികാരങ്ങളുമെല്ലാം എന്നിലേക്കൊഴുകിവന്നു. ഒരു നമ്പൂരിയില്ലത്തിന്റെ ഉമ്മറത്ത് ഒരു കൊച്ചുതൂലികയുമായിരുന്ന്, നിശ്ശബ്ദവിപ്ലവം നടത്തി ചരിത്രത്തിലെ വീരവനിതയാവാന് അവരെ പ്രേരിപ്പിച്ച മനോവികാരം മനുഷ്യസ്നേഹമാണ്. ഇപ്പോള്‍ വ്യക്തമല്ലേ?’
കവിയുമാവേശാല് കരളിളക്കുന്ന കവിയുമാണു ഞാന്‍ ഭടനുമാണു ഞാന്‍’ എന്നു വെറുതെ കടലാസ്സില്‍ എഴുതിവയ്ക്കുക മാത്രമായിരുന്നില്ല, അവര്‍ ജീവിതത്തില്‍ അതു പകര്‍ത്തിക്കാട്ടുകയും ചെയ്തു. കാലം എങ്ങനെ ചവിട്ടിമെതിച്ചാലും മങ്ങാത്ത കാന്തിയും മൂല്യവുമുള്ള കൃതികളാണ് ലളിതാംബിക അന്തര്‍ജ്ജനത്തിന്റേത്.
പ്രമുഖ സാഹിത്യകാരന്മാരുടെ നിഗൂഢ വ്യക്തിത്വഭാവങ്ങളെ അടുത്തറിയാന്‍ ‘പൂര്‍ണ്ണത തേടുന്ന അപൂര്‍ണ്ണ ബിന്ദുക്കള്‍’ എന്ന പുസ്തകം ഉപകരിക്കും.