മാത്യുകുഴല്നാടന് എംഎല്‍എയെ ഞാന്‍ നേരില്‍കണ്ടിട്ടില്ല. ഇപ്പോള്‍ ഒന്നു നേരില്‍ കാണണമെന്നുണ്ട്. മറ്റൊന്നും കൊണ്ടല്ല. അയാള്‍ ഒരു ആണ്കുട്ടിയാണെന്നറിയുന്നതിനാലാണ്. കുഴല്നാടന് നേരെ കേറി മുഖ്യമന്ത്രിയുടെ മകള്‍ സമാഹരിച്ച കോടികളുടെ കണക്കുപത്രസമ്മേളനം നടത്തി പുറത്തുവിട്ടു. മാസപ്പടി എന്ന പേരിലാണിപ്പോള്‍ ഈ വിഷയം അറിയപ്പെടുത്. അതുമായി ബന്ധപ്പെട്ടു കുഴല്നാടന് തുടരെ തുടരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. പിന്നെ വൈകിയില്ല കുഴല്‍നാടനെതിരെ അന്വേഷണം ആരംഭിച്ചു. കുഴല്‍നാടന്റെ എസ്റ്റേറ്റു സംബന്ധിച്ച വിവരങ്ങളും കടവൂര്‍ ആയങ്കരയിലെ കുടുംബവീടിനോടു ചേര്‍ന്നുള്ള പുരയിടത്തില്‍ റവന്യുവിഭാഗം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടും ജില്ലാ കളക്ടര്‍ക്കു കൈമാറി. സര്‍വ്വത്ര നിയമവിരുദ്ധം, അനധികൃതസ്വത്തു സമ്പാദനം തുടങ്ങി ആരോപണങ്ങള്‍ നിരവധി. സര്‍ക്കാരിന്റെ അധികാരമുപയോഗിച്ച് കുഴല്‍നാടനെ കുടുക്കാനുള്ള തത്രപ്പാടിലാണു പിണറായി സഖാവ്. സര്‍ക്കാര്‍ സംവിധാനം പക പോക്കലിനുള്ളതല്ലെന്നത് ആരും പറഞ്ഞുതരാതെ അറിയാവുന്നതാണല്ലോ.
കുഴല്നാടന് കുഴഞ്ഞുവീണില്ല. നേരിട്ടു,വെല്ലുവിളിച്ചു. മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു.
വീണയ്ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാനും അക്കൗണ്ടുവിവരങ്ങള്‍ പുറത്തുവിടാനും തയ്യാറുണ്ടോ എന്ന് കുഴല്നാടന് വെല്ലുവിളിക്കുന്നു. കേരളത്തില്‍ നടക്കുന്നത് ആസൂത്രിതമായ കൊള്ളയാണെന്നും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയാണെന്നും കുഴല്നാടന് വസ്തുതകള്‍ നിരത്തി സ്ഥാപിക്കാന്‍ പരിശ്രമിച്ചു. സിഎംആര്‍എല്ലില്‍ നിന്നു മാത്രമല്ല മറ്റു പല കമ്പനികളില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയനും അവരുടെ കമ്പനിയായ എക്സാലോജിക്കും മാസപ്പടിവാങ്ങിയിട്ടുണ്ടെന്ന് കുഴല്നാടന് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിനിടെ ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിര്‍മാണം ഹൈക്കോടതി തടഞ്ഞു. എന്നിട്ടും പണിതുടര്‍ന്നു. പാര്‍ട്ടി ഇപ്പോള്‍ കോടതി അലക്ഷ്യത്തിനും ഉത്തരം പറയേണ്ടിവന്നിരിക്കുന്നു. ഹൈക്കോടതിയുടെ ഓര്‍ഡര്‍ ഉണ്ടായിട്ടും അനേകം തൊഴിലാളികളെ വച്ചു പണിതുടര്ന്നതിലുള്ള അതൃപ്തിയും ആശങ്കയും കോടതി രേഖപ്പെടുത്തിക്കഴിഞ്ഞു. അപ്പോള്‍ ഞങ്ങള്‍ക്കെന്തുമാകാം, ഞങ്ങള്‍ക്ക് ഒരു നിയമവും ബാധകമല്ല എന്നു പ്രഖ്യാപിച്ചിരിക്കുകയാണു പാര്‍ട്ടി.
പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാജസര്‍ട്ടിഫിക്കറ്റു വിവാദങ്ങള്‍ തുടങ്ങി സര്‍വത്ര അഴിമതിയിലും കുറ്റകൃത്യങ്ങളിലും പെട്ടു തകര്‍ച്ചയെ നേരിടുകയാണു പാര്‍ട്ടിയും സര്‍ക്കാരും. കുറച്ചുകാലമായി കുറ്റങ്ങളില്‍ നിന്നു കുറ്റങ്ങളിലേക്കു കൂപ്പുകുത്തുന്നതല്ലാതെ തിരുത്തപ്പെടുകയോ മോചിതമാകുകയോ ചെയ്യുന്നില്ല.
മാത്രമല്ല കുഴല്നാടന് ഉന്നയിച്ച ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളവയാണ്. എന്നാല്‍ ആരും ഒരുത്തരവും പറയുന്നില്ല. കുഴല്നാടന് ചെയ്തിട്ടുള്ള സകല നിയമലംഘനങ്ങളും പരിശോധിക്കപ്പെടണം. ഒരു സംശയവുമില്ല. പക്ഷേ വീണയ്ക്കെതിരേ ആരോപണമുന്നയിച്ചയുടനെ അന്വേഷണവുമായി ചാടിപ്പുറപ്പെടുന്നതിന്റെ അര്‍ത്ഥമെന്താണ്. ഇതുവരെ ഈ കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാതിരുന്നതെന്തേ. അപ്പോള്‍ ചോദ്യം ചോദിക്കുന്നവര്‍ക്കെതിരെയുള്ള അസഹിഷ്ണുത. ഞങ്ങളെ ആരും ചോദ്യം ചെയ്യാന്‍ പാടില്ല എന്നു പറയുന്ന ധാര്‍ഷ്ട്യം. എതിര് ശബ്ദങ്ങളെ ഇല്ലാതാക്കുകയെന്ന ഫാസിസ്റ്റു നടപടിയുമായാണ് പിണറായി വിജയന് സര്‍ക്കാര്‍ ഇപ്പോള്‍ മുന്നേറുന്നത്. എതിര് ശബ്ദങ്ങളെ വച്ചു പൊറുപ്പിക്കാത്ത ബിജെപിക്കെതിരേ ഘോരഘോരം പ്രസംഗിക്കുന്ന കമ്യൂണിസ്റ്റുകാര്ക്കെന്തേ സ്വന്തം പാര്‍ട്ടിക്കുള്ളിലെ ഫാസിസ്റ്റു നടപടിക്കെതിരേ മിണ്ടാട്ടമില്ലാത്തത്. കുഴല്‍നാടനു കൂട്ടില്ല. കുഴല്നാടന് ഒറ്റയ്ക്കാണ്. ഇപ്പോഴത്തെ മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടും നേതാക്കളോടും ഇതുപോലെ ചോദ്യംചോദിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സിപിഎമ്മും ഡിവൈഎഫ്ഐയും അധികാരവൃന്ദവും എല്ലാം കുഴല്‍നാടനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എം.വി. ഗോവിന്ദന് കുഴല്‍നാടനെതിരെ 7 ചോദ്യങ്ങളുമായി രംഗത്തുവന്നു. കുഴല്നാടന് ഓരോന്നിനും മറുപടി പറഞ്ഞു. എന്നാല്‍ മാസപ്പടി വിവാദത്തില്‍ പാര്‍ട്ടിസെക്രട്ടറി പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞ് മന്ത്രി റിയാസ് ഉള്‍പ്പടെയുള്ളവര്‍ ഒഴിഞ്ഞുമാറുന്നു. മുഖ്യമന്ത്രി മിണ്ടുന്നില്ല. എന്തെങ്കിലും ആരെങ്കിലും ഉത്തരം പറയേണ്ടി വരില്ലേ? മണിപ്പുര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും സ്വീകരിച്ച ധിക്കാരപരമായ മൗനത്തെ എതിര്‍ത്ത കമ്യൂണിസ്റ്റുകാരെന്തേ ഗുരുതരമായ ഈ വിഷയത്തിലെ ധിക്കാരപരമായ മൗനത്തെക്കുറിച്ചു മിണ്ടുന്നില്ല? സ്വന്തം കണ്ണിലെ തടികാണാതെ അന്യന്റെ കണ്ണിലെ കരടു കാണാന്‍ ശ്രമിക്കുന്നതിലെ പൊരുത്തക്കേടും നിശബ്ദതയിലൊതുക്കുകയാണ്. കുഴല്‍നാടനെ തല്ലാന്‍ വടിവെട്ടാന്‍ കൈയ് പൊങ്ങമോ എന്ന് ആദ്യം പരിശോധിക്കണം.
വാല്‍ക്കഷണം.
ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് സ്വാമി ചക്രപാണി ആവശ്യപ്പെടുന്നു.
എന്തിനു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം?
ചന്ദ്രനെത്തന്നെ പേരുമാറ്റി ഹിന്ദു എന്നാക്കിയാല്‍ പോരെ?