നഷ്ടപ്പെട്ട ഇന്നലകളെ ഓര്‍ത്തെടുക്കുന്ന ഓണക്കാലത്ത് വായനയ്ക്കായി കൂടെ ചേര്‍ക്കേണ്ട ഒരു ചെറുപുസ്തകമുണ്ട് മലയാളത്തില്‍. ആലങ്കോട് ലീലാകൃഷ്ണന് എഴുതിയ ‘വരുവിന്‍ കാണുവിന്‍.’ മലയാളിയുടെ സാമൂഹ്യജീവിതത്തെ വിശകലനം ചെയ്യുമ്പോള്‍ അതിനെ ഒന്നാക്കിതീര്ത്ത കലാരൂപങ്ങള്‍ കണ്ടെത്താനാകും. ആ കലാരൂപങ്ങള്‍ ആകട്ടെ ഇന്ന് മലയാളി കൈവിട്ടു കളയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആ കലാരൂപങ്ങളെ ഓര്‍ത്തെടുക്കുന്നത് നഷ്ടപ്പെട്ട മൂല്യങ്ങളെ അയവിറക്കുന്ന ഓണത്തിന്റെ തനിമ പോലെ പ്രസക്തമാണ്. ലോകം ആഗോളഗ്രാമമായി മാറിയപ്പോള്‍ കേരളവും അതില്‍ ലയിച്ചു. ആഗോള ഗ്രാമം തുറക്കുന്നതിന് മുന്‍പ് തെക്കുംവടക്കും തമ്മില്‍ കേരളത്തിലെ ഗ്രാമങ്ങള്‍ ഇന്നത്തെ പോലെ അടുപ്പത്തില്‍ ആയിട്ടില്ലെങ്കിലും കേരളത്തിലെ എല്ലാ ഗ്രാമങ്ങളെയും പൊതുവായി ബന്ധിപ്പിച്ച ചില നാടോടി വിനിമയങ്ങള്‍ ഉണ്ടായിരുന്നു. സൈക്കിള്‍ യജ്ഞം, തെരുവ് സര്‍ക്കസ്, വലിയ കമ്പനി സര്‍ക്കസുകള്‍, വഴിവാണിഭങ്ങള്‍, ഇന്ദ്രജാലം, മഹേന്ദ്രജാല പ്രകടനങ്ങള്‍, നാടകം, കഥാപ്രസംഗം, നാട്ടുത്സവങ്ങള്‍, ഗ്രാമചന്തകള്, നേര്‍ച്ചകള്‍, പെരുന്നാളുകള്‍, നാടോടിപ്പാട്ടുകള്‍ എന്നിങ്ങനെ ഗ്രാമജീവിതങ്ങളെ ഒന്നാക്കി തീര്‍ത്ത സാമൂഹ്യസാംസ്കാരിക അനുഭവങ്ങള്‍ കേരളത്തില്‍ എല്ലായിടത്തും ഏതാണ്ടൊക്കെ ഒരുപോലെ ആയിരുന്നുവെന്ന് ആലങ്കോട് ലീലാകൃഷ്ണന് പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു.
ഈ തലമുറയ്ക്ക് അന്യമായ എന്നാല്‍ അധികം പഴക്കമില്ലാത്ത ഓര്‍മ്മകളില്‍ മായാതെ നിറഞ്ഞുനില്ക്കുന്ന അത്തരം അനുഭവങ്ങളിലൂടെയാണ് പുസ്തകം കടന്നുപോകുന്നത്. ‘കേരളത്തെ രസിപ്പിച്ച കലാകായിക പ്രകടനങ്ങള്‍’എന്ന ഉപശീര്‍ഷകം പുസ്തകത്തെ കുറിച്ചുള്ള ജിജ്ഞാസ വര്‍ധിപ്പിക്കും.
നിത്യജീവിതത്തില്‍ നിന്ന് സൈക്കിള്‍ തെന്നി മാറിയെങ്കിലും സൈക്കിള്‍ യജ്ഞക്കാരെ കുറിച്ചുള്ള ഓര്‍മ്മ കൗതുകം ഉണര്‍ത്തുന്നതാണ്. ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പുകളിലോ കൃഷികഴിഞ്ഞ പാടശേഖരങ്ങളിലോ തമ്പടിക്കുന്ന നാടോടി കലാകാരന്മാരാണ് സൈക്കിള്‍ യജ്ഞത്തിലെ പ്രധാനകഥാപാത്രങ്ങള്‍.
ദാരിദ്ര്യമാണ് ഇവരുടെ പ്രധാന മുഖമുദ്ര. കിടപ്പാടം ഇല്ല, നാട്തെണ്ടി ജീവിക്കുന്നതിനിടയില്‍ ഇടം കിട്ടിയെടുത്ത് തമ്പടിക്കും.
ദിവസം മുഴുവന്‍ സൈക്കിളില്‍ നിന്ന് ഇറങ്ങാതെ മൈതാനത്ത് വട്ടംചുറ്റിയാലും രാത്രി പാതിരാവരെ റെക്കോര്‍ഡ് ഡാന്‍സ് നടത്തിയാലും കാര്‍ണിവല്‍ നാടകം കളിച്ചാലും നാട്ടുകാര്‍ കൊടുക്കുന്ന ചെറിയ ഉപഹാരങ്ങളാണ് അവരുടെ സമ്പാദ്യം. അതിസമ്പന്നര്‍ ഒഴിഞ്ഞു നില്ക്കുന്ന സൈക്കിള്‍ യജ്ഞവേദികളില്‍ നാട്ടുകാര്‍ കൊടുക്കുന്നത് വാഴക്കുല, കോഴിമുട്ട, തേങ്ങ, ചക്ക, ചില്ലറ നോട്ടുകള്‍, നാണയങ്ങള്‍ ഒക്കെയാണ്. എട്ടുദിവസം അല്ലെങ്കില്‍ പത്തുദിവസം തുടര്‍ച്ചയായി സൈക്കിളില്‍ കഴിയുന്ന യജ്ഞക്കാരന് കമിഴ്ന്നുകിടന്നു സൈക്കിള്‍ ഓടിക്കും. തലകുത്തി നിന്നും തല റോഡിലേക്ക് തൂക്കിയിട്ടും ചീറിപ്പാഞ്ഞു വരും. ശ്വാസം പിടിച്ചല്ലാതെ സൈക്കിള്‍ അഭ്യാസങ്ങള്‍ കണ്ടു നില്ക്കാന് കഴിയില്ല. കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും സൈക്കിള്‍ അഭ്യാസങ്ങള്‍ ഉണ്ടായിരുന്നു.
തെരുവു സര്‍ക്കസ്സുകാരുടെ ജീവിതമാണ് രണ്ടാമത്തെ അധ്യായം. രണ്ടുവശത്ത് തൂണുകള്‍ സ്ഥാപിച്ച് അതിന് വിലങ്ങനെ കെട്ടിയുറപ്പിച്ച കയറിന്മേല് നാടോടി സര്‍ക്കസിലെ വേലകള്‍ പട്ടിണി അകറ്റാനുള്ള മറ്റൊരു കലാരൂപം ആയിരുന്നു. പിന്നീട് സര്‍ക്കസിന് സംഘടിത രൂപം ഉണ്ടായപ്പോള്‍ കമലാ സര്‍ക്കസ് പോലുള്ള കമ്പനികള്‍ ഉണ്ടായി. തലശ്ശേരിയില്‍ നിന്നാണ് ഇതിന്റെ തുടക്കം. അവരും ഗ്രാമങ്ങളെ തേടിയെത്തി. മരണകിണറുകളും വന്യമൃഗങ്ങളും സര്‍ക്കസിന്റെ ഭാഗമായി. മലര്‍ന്നു കിടക്കുന്ന ഒരാളുടെ നെഞ്ചില്‍ പലകയിട്ട് അതിലൂടെ മോട്ടോര്‍സൈക്കിളും ജീപ്പും ഓടിച്ചു കയറ്റുന്ന സാഹസിക അഭ്യാസങ്ങള്‍ സര്‍ക്കസ് കഥകളിലുണ്ട്. ജീപ്പില്‍ കെട്ടിയ കയര്‍ പല്ലുകള്‍ കൊണ്ട് വലിച്ച് ജീപ്പ് മുന്നോട്ടു നീക്കുന്നത് മറ്റൊരു ഐറ്റം. മൃഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ സര്‍ക്കസിന്റെ പ്രഭ കുറഞ്ഞു. പൊതുവേ അംഗീകരിക്കപ്പെടാതെയായി. ഉറൂബ് ‘നായര്‍ പിടിച്ച പുലിവാല്’ എന്നൊരു സിനിമ ഉണ്ടാക്കിയിട്ടുണ്ട്. നാട്ടില്‍ പാട്ടായി തീര്‍ന്ന ഒരു സര്‍ക്കസ് കഥയാണ് അതിനാധാരം.
അരങ്ങ് ഒരു വിപ്ലവവീഥിയും നാടകം സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ഇന്ധനവുമായി തീരുന്ന കഥ പുസ്തകത്തിലുണ്ട്.
‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ ആദ്യമായി എടക്കുന്നത്ത് ഇല്ലത്ത് അവതരിപ്പിച്ചപ്പോള്‍ സദസ്സില്‍ ഉണ്ടായിരുന്നത് സവര്‍ണ പുരുഷന്മാര് മാത്രമാണ്.
അന്തര്‍ജനങ്ങള്‍ക്ക് നേരിട്ട് നാടകം കാണാന്‍ അവകാശം ഉണ്ടായിരുന്നില്ല. നാടകവേദിയിലെ നിത്യവിസ്മയങ്ങളായ എംആര്‍ബി, പ്രേംജി, കെ.ദാമോദരന്‍, കെ.ടി. മുഹമ്മദ്, സി.ജെ. തോമസ്, എം. ഗോവിന്ദന് എന്നിവരെ ഓര്‍ത്തെടുക്കുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. എണ്ണമറ്റ കലാസമിതികള്‍ ഒരുകാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നതിനെക്കുറിച്ചും മനുഷ്യരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അരങ്ങില്‍ എത്തിച്ചതിനെക്കുറിച്ചും നമുക്ക് ആഴത്തില്‍ അറിയാനാകും. മനുഷ്യരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അരങ്ങേറ്റെടുത്തു. നാടകം എഴുതുന്നവരും കാണുന്നവരും അഭിനയിക്കുന്നവരും മേക്കപ്പ് ചെയ്യുന്നവരും സ്റ്റേജ് കെട്ടുന്നവരും അരങ്ങൊരുക്കുന്നവരും എല്ലാം ചേര്‍ന്ന് ഒരു മനുഷ്യക്കൂട്ടായ്മ നാടകം ഉണ്ടാക്കി. എന്നാല്‍ അവഗണനയും രോഗവും ദാരിദ്ര്യവും പ്രതിഫലമായി കിട്ടിയ ഒരുപാട് കലാകാരന്മാര് സാംസ്കാരിക കേരളത്തിന്റെ രക്തസാക്ഷികളായി മാറിയെന്നതും യാഥാര്‍ത്ഥ്യം. അവര്‍ ഉണ്ടാക്കിയ കേരളത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.
കഥാപ്രസംഗ ചരിത്രത്തിന് 100 വര്‍ഷത്തെ പഴക്കമുണ്ട്. വടക്കന്‍ പറവൂരിലെ ചേന്ദമംഗലത്ത് സി.എ. സത്യദേവന് ആദ്യമായി കഥാപ്രസംഗം അവതരിപ്പിച്ചു. കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’ ആയിരുന്നു ആ കഥാപ്രസംഗത്തിന് ആധാരം. കഥാപ്രസംഗത്തിന് ഉപകരിക്കുന്ന രീതിയില്‍ കുമാരനാശാന് ചണ്ഡാലഭിക്ഷുകി എഴുതിയപ്പോള്‍ പണ്ഡിറ്റ് കറുപ്പന് അത് വേദിയില്‍ എത്തിക്കുന്നതിന് സത്യദേവനെ സഹായിച്ചു. തുടര്‍ന്ന് എത്രയെത്ര കഥാപ്രസംഗങ്ങള്‍ കേരളത്തെ മാറ്റിമറിച്ചു. രമണനും മലയപ്പുലയനും ഒഥല്ലോയും മലയാളിയുടെ മനസ്സില്‍ ഇടം നേടിയത് കഥാപ്രസംഗങ്ങളിലൂടെയാണ്. സ്വാമി ബ്രഹ്മവ്രതന്, കെ.കെ. വാദ്ധ്യാര്. ജോസഫ് കൈമാപറമ്പന്‍, എം.പി. മന്മഥന്, കെടാമംഗലം സദാനന്ദന്, വി. സാംബശിവന് തുടങ്ങി അദ്ഭുത പ്രതിഭാശാലികളായ ഒട്ടനവധി കലാകാരന്മാര് നമ്മുടെ കഥാപ്രസംഗ ചരിത്രത്തിലുണ്ട്. ജോസഫ് കൈമാപറമ്പനും എം.പി മന്മദനും മഗ്ദലന മറിയത്തെയും ഭാരത സ്ത്രീ രത്നങ്ങളേയും കഥാപ്രസംഗ വേദിയില്‍ എത്തിച്ചപ്പോള്‍ അതൊരു പുതിയ അനുഭവമായി. ചങ്ങമ്പുഴയുടെ രമണന് 3500 വേദികളില്‍ കെടാമംഗലം സദാനന്ദന് അവതരിപ്പിച്ചു. വയലാറിന്റെ ആയിഷയെ വി. സാംബശിവന് ജനമനസ്സുകളില്‍ മായാത്ത വിധം പ്രതിഷ്ഠിച്ചു. അയിത്തോച്ചാടനം, പന്തിഭോജനം, ജാതി നിര്‍മാര്‍ജനം, സ്വാതന്ത്ര്യസമരം, ദേശീയ പ്രസ്ഥാനം, ജന്മിത്വ വിരുദ്ധ പോരാട്ടം, കര്‍ഷക മുന്നേറ്റം, തൊഴിലാളി സമരങ്ങള്‍, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തുടങ്ങി ഇരുപതാം നൂറ്റാണ്ടിനെ വിശാലമായ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച എല്ലാ മാനവിക മുന്നേറ്റങ്ങളിലും കഥാപ്രസംഗകല ഇടപെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.
അകലുംതോറും ചെറുതായി ചെറുതായി വരുന്ന നാട്ടറിവുകള്‍ പോലെ മലയാളിക്ക് അന്യമാകുന്ന കലാരൂപങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ ഉപകരിക്കുന്നതാണ് ഈ പുസ്തകം. നഷ്ടകാലത്തിന്റെ ഹൃദയരേഖകളായി കരുതാവുന്ന ഓര്‍മ്മക്കുറിപ്പുകള്‍.