സുഹൃത്തുക്കളെ, ചരിത്രം രചിക്കുന്നത് കണ്മുന്നില് കാണുമ്പോള്‍ നമ്മുടെ ജീവിതം ധന്യമായിത്തീരുന്നു. ഇതുപോലുള്ള ചരിത്രസംഭവങ്ങള്‍ രാഷ്ട്രം ഉള്ള കാലത്തോളം അഭിമാനത്തോടെ ഓര്‍മിക്കപ്പെടും. ഈ നിമിഷം അവിസ്മരണീയമാണ്. അഭൂതപൂര്‍വമാണ്. വികസിത ഭാരതത്തിന്റെ ശംഖനാദമാണിത്. പുതിയ ഭാരതത്തിന്റെ ജയഘോഷമാണ്. പ്രതിബന്ധങ്ങളുടെ മഹാസാഗരം മറികടന്ന നിമിഷമാണിത്. നമ്മള് വിജയത്തിന്റെ ചാന്ദ്രപാതയില്‍ സഞ്ചരിക്കുന്ന നിമിഷമാണിത്. 140 കോടി ഹൃദയങ്ങളുടെ സാമര്‍ഥ്യം തിരിച്ചറിയുന്ന സമയമാണിത്. രാജ്യത്തിന് പുതിയ ഊര്‍ജവും വിശ്വാസവും പുതിയ ഓജസും നല്കുന്ന നിമിഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. അമൃതകാലത്തിന്റെ ആദ്യകിരണം പതിച്ചപ്പോള്‍ത്തന്നെ ഫലപ്രാപ്തിയുടെ അമൃതവര്‍ഷം ഉണ്ടായിരിക്കുന്നു. നമ്മള് ഭൂമിയില്‍ ദൃഢനിശ്ചയമെടുത്തു, ചന്ദ്രനില്‍ അത് സാക്ഷാത്കരിച്ചു. നമ്മുടെ ശാസ്ത്രജ്ഞര്‍ പറഞ്ഞു, ഇന്ത്യ ചന്ദ്രനിലെത്തിയിരിക്കുന്നു. ഇന്ന് നമ്മള് പുതിയ ഭാരതത്തിന്റെ ഉയരങ്ങളിലേക്കുള്ള പുതിയ കുതിപ്പിന് സാക്ഷിയായിരിക്കുന്നു-ചാന്ദ്രയാന്‍ മൂന്ന് ദൗത്യ വിജയത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോട് നടത്തിയ പ്രസംഗത്തില്‍ നിന്നുമാണ് ഈ വരികള്‍.
ശാസ്ത്രം, മനുഷ്യന്റെ അപാരമായ ഇച്ഛാശക്തികൊണ്ട് നേടുന്ന നേട്ടങ്ങള്‍ ചുളുവില്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഗവേഷണം ചെയ്യുന്ന ഒരു സംഘത്തിന്റെ നേതാവ് കൂടിയാണ് നമ്മുടെ ഈ പ്രധാനമന്ത്രി.
ശാസ്ത്രം വിജയിച്ചു എന്ന് പറയുന്നതിനൊപ്പം ശാസ്ത്രവിജയത്തിനായി പൂജയും പ്രാര്‍ഥനയും നടത്തിയ വിശ്വാസികളും വിജയിച്ചു എന്നൊരു സൂത്രം കൂടി ഇതിനിടയില്‍ ചെലവാക്കുന്നുണ്ട് ഇക്കൂട്ടര്‍.
ന്യൂ യോര്‍ക്ക് ടൈംസ്, ഇന്ത്യയിലെ ദേവാലയങ്ങളില്‍ ചന്ദ്രയാന്റെ വിജയത്തിനുവേണ്ടി പ്രത്യേക പൂജകള്‍ നടന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശാസ്ത്രബോധമുള്ള ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്കുണ്ടാകുന്ന ആശ്ചര്യം ചെറുതായിരിക്കില്ല.
പ്രാര്‍ഥനകൊണ്ടാണ് ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങിയത് എന്ന് പാഠപുസ്തകത്തില്‍ എഴുതിപ്പിടിപ്പിക്കരുത്; പിള്ളേരെ അങ്ങനെ പഠിപ്പിക്കരുത് എന്ന് മാധ്യമപ്രവര്‍ത്തകനായ കെ.ജെ ജേക്കബ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതുന്നു.
സ്വാതന്ത്ര്യം കിട്ടിയ നാള്‍മുതല്‍ ശാസ്ത്രീയതയില്‍ മുറുകെ പിടിക്കുകയും ഈ നാടിന്റെ മോചനത്തിന് ആ ഒരു വഴിയേയുള്ളൂ എന്ന് കണ്ടറിഞ്ഞു വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഊന്നല്‍ കൊടുക്കാന്‍ ശ്രദ്ധ കാണിക്കുകയും ചെയ്ത ജവഹര്‍ലാല്‍ നെഹ്റു എന്ന പ്രധാനമന്ത്രിയും ആകാശത്തു കണ്ണുകളുണ്ടായിരുന്ന വിക്രം സാരാഭായ് എന്ന ശാസ്ത്രജ്ഞനും തുടങ്ങിവയ്ക്കുകയും ഇന്നുവരെ തുടര്‍ന്നുപോരുകയും ചെയ്ത ശാസ്തമാണ്, ശാസ്ത്രീയതയാണ് ഇന്ന് ആ യന്ത്രത്തെ സുരക്ഷിതമായി അവിടെയെത്തിച്ചത് എന്ന സത്യം പഠിപ്പിക്കണം; ഇക്കാര്യത്തില്‍ ലോകത്തിലെ പല രാജ്യങ്ങളും നമ്മെ സഹായിച്ചു എന്നും നമ്മളും പലരെയും സഹായിക്കാറുണ്ടെന്നും ഇത്തരം നേട്ടങ്ങള്‍ എല്ലാ മനുഷ്യരുടേതുമാണെന്നും അദ്ദേഹം തുടരുന്നു.
ചാന്ദ്രയാന്‍ വിജയം ഇന്ത്യ ആഘോഷിക്കുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ട പേര് ജവഹര്‍ലാല്‍ നെഹ്റു എന്ന മനുഷ്യന്റേത് തന്നെയാണ്. ഈ രാജ്യവും ഈ രാജ്യത്തെ മനുഷ്യരും ശാസ്ത്രത്തോട് മുഖം തിരിഞ്ഞു നില്‍ക്കരുതെന്നും പഠനവും ചിന്തയും ഗവേഷണവും അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയാഭിമുഖ്യമുള്ള ഒരു ജനതയായി ഇന്ത്യക്കാര്‍ മാറണമെന്നും ദൃഢ നിശ്ചയമെടുത്ത് അതിന് വേണ്ടുന്ന അടിസ്ഥാന ശിലകള്‍ ഈ രാജ്യത്ത് കെട്ടിപ്പടുത്തത് നെഹ്റുവാണ്.
മഹാമാരി വരുമ്പോള്‍ ടെറസ്സില്‍ കയറി പാത്രമെടുത്ത് കൊട്ടിയാല്‍ മതിയെന്നും ടോര്‍ച്ചടിച്ചാല്‍ വൈറസ് പോകുമെന്നും പ്രഖ്യാപിക്കുന്ന ഏതെങ്കിലും മരമണ്ടനായിരുന്നു ഇന്ത്യയെ അക്കാലത്ത് നയിച്ചിരുന്നതെങ്കില്‍ ഇന്നീ രാജ്യത്തിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്ന് ചിന്തിച്ചു നോക്കിയാല്‍ മതി ഈ വിജയത്തിനു പിന്നിലെ ദീര്‍ഘവീക്ഷണത്തിന്റെ ആഴമറിയാന്‍.
നെഹ്റു സ്ഥാപിച്ച The Indian National Committe for Space Research (INCOSPAR) ആണ് ഇന്ത്യയുടെ ബഹിരാകാശ ചിന്തകള്‍ക്ക് തുടക്കമിട്ടത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് അത് ഐഎസ്ആര്‍ഒ ആയി വളര്‍ന്ന് വികസിച്ചു. ഈ സമയത്ത് ചാന്ദ്രയാന്‍ തങ്ങളുടെ സവിശേഷമായ ഇച്ഛാശക്തികൊണ്ട് നടപ്പിലായ വലിയൊരു സംഭവം ആണെന്ന് പറഞ്ഞുനടക്കുന്നവര്‍ എന്‍.ഇ. സുധീര്‍ എഴുതിയ ഈ കുറിപ്പ് ഒന്ന് വായിച്ചാല്‍ നന്നാവും. -നമ്മുടെ ബഹിരാകാശ ദൗത്യം പുതിയ ചരിത്രം കുറിക്കുമ്പോള്‍ ഓര്‍മ്മിക്കേണ്ട ഒരു മഹാസംഭവമുണ്ട്.
1962-ല്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് യോജിച്ചൊരു സ്ഥലം തേടി ബഹിരാകാശ ശാസ്ത്രജ്ഞരായ ഹോമിഭാഭയും വിക്രം സാരാഭായിയും എത്തിച്ചേര്‍ന്നത് കേരളത്തിന്റെ തീരത്ത് തിരുവനന്തപുരത്തിന് അടുത്തുള്ള തുമ്പ എന്ന കുഗ്രാമത്തിലാണ്. ബഹിരാകാശ സ്ഥാപനത്തിന് ചേര്‍ന്ന, ശാസ്ത്രീയമായ നിരവധി സൗകര്യങ്ങളുള്ള ഒരു സ്ഥലം. 600 ഏക്കറോളം ഭൂമിയുണ്ട്. ആകെയുള്ള പ്രതിസന്ധി ആ സ്ഥലത്തിന് നടുവിലായി ഒരു ക്രിസ്തീയ ദേവാലയമുണ്ട് എന്നതു മാത്രമാണ്. സെന്റ് മേരി മഗ്ദലീന് പള്ളി. കൂടാതെ ലത്തീന്‍ സഭ നടത്തുന്ന ഒരു പ്രൈമറി സ്കൂളും. 90 ഏക്കറോളം ഭൂമി സഭയുടെ കയ്യിലുമാണ്.
ഒരു ശ്രമം എന്ന നിലയില്‍ ശാസ്ത്രജ്ഞര്‍ പള്ളി മേധാവികളുമായി സംസാരിച്ചു. ഭക്തരായ മത്സ്യത്തൊഴിലാളികളുമായും നേരിട്ട് സംസാരിച്ചു. അങ്ങനെ അവരെയെല്ലാം മാറ്റിപ്പാര്‍പ്പിച്ചു. പള്ളി അവിടെ നിന്നും മാറ്റിപ്പണിതു. നിലവിലുണ്ടായിരുന്ന പള്ളിക്കെട്ടിടത്തില്‍ പുതിയ ഗവേഷണ കേന്ദ്രം ആരംഭിച്ചു. പള്ളിയുടെ പ്രാര്‍ഥനാമുറി ലബോറട്ടറിയായി. മറ്റു മുറികള്‍ ഓഫീസും. പള്ളിയുടെ മിക്കവാറും ഭാഗം അവര്‍ അതുപോലെ നിലനിര്‍ത്തി ഉപയോഗിച്ചു. അവിടെ ഇന്ത്യയുടെ ആദ്യ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷന് തുടക്കം കുറിച്ചു. അതാണ് പിന്നീട് വിക്രം സാരാഭായി ഗവേഷണ കേന്ദ്രമായി മാറിയത്. പള്ളിയും സ്കൂളും അടുത്തുള്ള പള്ളിത്തുറ എന്ന സ്ഥലത്ത് തുടങ്ങുകയും ചെയ്തു.
ഇങ്ങനെയൊരു മഹാത്യാഗം ക്രിസ്തീയ വിശ്വാസികളുടെ ഭാഗത്തുനിന്ന് അന്നുണ്ടായിട്ടുണ്ട്. വിക്രം സാരാഭായിയുടെ അഭ്യര്‍ഥന പ്രകാരം അന്നത്തെ തിരുവനന്തപുരം രൂപത ബിഷപ് ഡോ. പീറ്റര്‍ ബര്‍ണാഡ് പെരേരയാണ് വിശ്വാസികളോട് കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയത്. ശാസ്ത്രത്തിനായി നമ്മുടെ ദൈവസ്ഥലം വിട്ടുകൊടുക്കാമോ എന്ന് ഒരു ഞായറാഴ്ച പ്രാര്‍ഥനയില്‍ അദ്ദേഹം വിശ്വാസികളോട് ചോദിച്ചു. അവരുടെ അനുവാദത്തോടെ പള്ളിയും സ്ഥലവും ശാസ്ത്രലോകത്തിന് കൈമാറി. ഇപ്പോളത് സ്പേസ് മ്യൂസിയമാണ്.
വിപ്ലവകരമായ ഈ സംഭവം ഇന്നല്ലാതെ പിന്നെയെന്ന് ഓര്‍ക്കാന്‍!
മേരി മഗ്ദലീനും അനുയായികള്‍ക്കും ശാസ്ത്ര മനുഷ്യരുടെ അഭിവാദ്യങ്ങള്‍-എന്നാണ് ആ കുറിപ്പിലെ അവസാനവാചകം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചി കപ്പല്‍ശാലയ്ക്കായി കുടിയൊഴിഞ്ഞ വരവുകാട് ദേശത്തെ കുരിശിന്റെ പള്ളിയെയും ഇടവകസമൂഹത്തെയും സാന്ദര്‍ഭികമായി ഓര്‍ക്കുന്നു.
ചാന്ദ്രയാന്‍ ചാന്ദ്രോപരിതലത്തില്‍ സ്പര്‍ശിക്കുന്നത് ലൈവ് കാണാന്‍ യൂട്യൂബില്‍ 80 ലക്ഷം മനുഷ്യരാണ് ഉറ്റുനോക്കിയിരുന്നത്. ആവേശോജ്വലമായ ചന്ദ്രയാന്‍ ദൗത്യാന്ത്യം കണ്ട് അവര്‍ അതിരറ്റ സന്തോഷത്തില്‍ ആയിരുന്നു. ലൈവ് കമന്ററിയില്‍ എമ്പാടും ഹരഹര മഹാദേവും ജയ് ശ്രീരാമും. അവിടെയും ചിലര്‍ക്ക് ശാസ്ത്രതാല്പര്യമല്ല, ഇടുങ്ങിയ മതദേശീയതയാണ് ആവേശമേകുന്നത് എന്നതില്‍ പരിതാപം തോന്നി.
അങ്ങനെ, ദൗത്യം വന്‍ വിജയമായി. കൈയടികള്‍ അവസാനിച്ച്, പ്രധാന മന്ത്രി ‘മേരേ പ്യാരേ പരിവാര്‍ ജനോം … ‘ തുടങ്ങിയപ്പോള്‍, യൂ ട്യൂബ് ലൈവ് കണ്ടിരുന്ന പ്രേക്ഷകര്‍ ഒന്നൊന്നായി സ്ഥലം വിട്ടു തുടങ്ങി. പ്രസംഗം അവസാനിക്കുമ്പോള്‍ നേര്‍പകുതി ആള്ക്കാര് മാത്രമാണ് ആ വെടിക്കെട്ട് കണ്ടിരുന്നത്. അതാണ് ഏക ആശ്വാസം! ഇന്ത്യക്കാര്‍ എല്ലാവരും പാത്രം കൊട്ടുകാരല്ല!