ഈആഴ്ച ഒരു പുസ്തകത്തെ അല്ല പരിചയപ്പെടുത്തുന്നത്. മലയാള പുസ്തക പ്രസാധനരംഗത്തെ അത്യപൂര്‍വ്വമായ ഒരു സംഭവത്തെക്കുറിച്ച് വിവരിക്കാനാണ് ഇഷ്ടം.
‘മലയാളത്തിലെ കാഫ്ക’ എന്ന് സുഹൃത്തുക്കള്‍ വിശേഷിപ്പിച്ചിരുന്ന തോമസ് ജോസഫ് പ്രതിഭാസമ്പന്നനായ എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ കഥകള്‍ വിസ്മയാവഹങ്ങളായിരുന്നു. സി.ടി. തങ്കച്ചന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. കഴിഞ്ഞആഴ്ച നിര്യാതനായി. വായനപ്പുര എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന പുസ്തക പ്രസാധകഗൃഹമാണ്. വരാപ്പുഴ പഞ്ചായത്തിലെ തേവര്‍ക്കാട് സ്വദേശി പോള്‍സനാണ് വായനപ്പുരയുടെ എല്ലാമെല്ലാം. നിരവധി പുസ്തകങ്ങള്‍ കവിയും എഴുത്തുകാരനുമായ പോള്‍സണ്‍ തേങ്ങാപുരക്കല്‍ വായനപ്പുരയിലൂടെ പ്രസീദ്ധികരിച്ചിട്ടുണ്ട്. മലയാള പുസ്തക പ്രസാധക ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത ഒരു നന്മയുടെ കഥ ഇവരെ മൂന്നു പേരെയും തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട്. അപരനുവേണ്ടിയുളള കരുതലിന്റെയും കഥയാണത്.
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന കഥാകൃത്താണ് തോമസ് ജോസഫ്. കഥകള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രധാനമേഖലയും. ചിത്രശലഭങ്ങളുടെ കപ്പല്‍, പശുവുമായി നടക്കുന്ന ഒരാള്‍, ഒരു ഇരുണ്ട സസ്യമായി ചുറ്റി പിണഞ്ഞ്, ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍, പൈപ്പിന് ചുവട്ടില്‍ മൂന്നു സ്ത്രീകള്‍ അവസാനത്തെ ചായം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
2013ല കേരള സാഹിത്യ അക്കാദമി അവാര്‍ഡ് മരിച്ചവര്‍ സിനിമ കാണുകയാണ് എന്ന കഥാസമാഹാരത്തിന് അദ്ദേഹത്തിന് ലഭിച്ചു. തോമസ് ജോസഫിന്റെ നിരവധി കഥകള്‍ ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അവിചാരിതമായാണ് തോമസ് ജോസഫ് രോഗശയ്യയിലായത്. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് അദ്ദേഹം കോമ സ്റ്റേജിലായി. തന്റെ രണ്ടാമത്തെ നോവലിന്റെ പണി പൂര്‍ത്തിയാക്കിയിട്ടാണ് ഓര്‍മ്മകളും പ്രതികരണവുമില്ലാത്ത രോഗത്തിന്റെ പിടിയില്‍ തോമസ് അകപ്പെട്ടത്.
കുടുംബം ദരിദ്രമായി. ചികിത്സയ്ക്ക് പണമില്ലാതെ അവര്‍ വലഞ്ഞു. കൂട്ടുകാര്‍ ഒത്തുകൂടി. എഴുതിതീര്‍ത്ത തോമസ് ജോസഫിന്റെ നോവല്‍ ‘അമ്മയുടെ ഉദരം അടച്ച് ‘ പ്രസിദ്ധീകരിച്ച് ചികിത്സയ്ക്കുള്ള പണം കണ്ടെത്താനുള്ള തീരുമാനമെടുത്തു.
സക്കറിയ മുതല്‍ സി.ടി തങ്കച്ചന് വരെ ആ മുന്നേറ്റത്തില്‍ സജീവമായി നിന്നു. 2019 സെപ്റ്റംബര്‍ ഒന്നിന് വായനപ്പുരയിലൂടെ തോമസ് ജോസഫിന്റെ നോവല്‍ പുറത്തുവന്നു. ലാഭം സ്വീകരിക്കാതെ പോള്‍സന്റെ വായനപ്പുര വിറ്റ് കിട്ടിയ പണം മുഴുവന്‍ തോമസ് ജോസഫിന്റെ കുടുംബത്തിന് കൈമാറി.
ഈ സംഭവം വീണ്ടും ആവര്‍ത്തിക്കുന്നത് സി.ടി. തങ്കച്ചന്റെ കാര്യത്തിലാണ്. കൊച്ചിയിലെ പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന സി.ടി. തങ്കച്ചന് പൊരുതി മുന്നേറിയ സര്‍ഗ്ഗധനനാണ്. കൂലിപ്പണി, ട്യൂഷന് ടീച്ചര്‍, ലോഡ്ജ് മാനേജര്‍, കപ്പല്‍ശാലയിലെ കരാര്‍ തൊഴിലാളി, ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് അങ്ങനെ നിരവധി ജോലികളില്‍ തങ്കച്ചന് ഏര്‍പ്പെട്ടു. ജനകീയ സിനിമയുടെ സ്നാപകനായ ജോണ്‍ എബ്രഹാം മുതല്‍ സി.എന്‍ കരുണാകരന്, കലാധരന്‍, എം.വി.ദേവന് തുടങ്ങി നിരവധി പ്രമുഖരുടെ അടുത്ത സ്നേഹിതന് ആയിരുന്നു സി.ടി എന്നു ഇഷ്ടക്കാര്‍ വിളിച്ചിരുന്ന തങ്കച്ചന്. എല്ലാവര്ക്കും പ്രിയങ്കരനായി ജീവിക്കുന്ന സമയത്താണ് വൃക്കകള്‍ അദ്ദേഹത്തെ ചതിച്ചത്. ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധിയും സി.ടി.യുടെ കുടുംബത്തെ വരിഞ്ഞുമുറുക്കി. നിരവധി സുഹൃത്തുക്കള്‍ സഹായിച്ചെങ്കിലും കുടുംബം വല്ലാത്ത പ്രതിസന്ധിയിലായി. ഇതിനിടയില്‍ തങ്കച്ചന്റെ അനുഭവങ്ങളുടെ പുസ്തകം ‘വീഞ്ഞ്’ പുറത്തിറങ്ങി. വായനപ്പുരയാണ് ആ പുസ്തകവും പ്രസിദ്ധീകരിച്ചത്. 2019 ഫെബ്രുവരിയില്‍ ആദ്യ പതിപ്പും തുടര്‍ന്ന് 2021 ലും 2022 ലും പുതിയ പതിപ്പുകളും വീഞ്ഞിനുണ്ടായി. ആ പുസ്തകത്തിന്റെ വരുമാനം തങ്കച്ചന്റെ ചികിത്സക്കും ഡയാലിസിസിനും ഒരു ചെറിയ സഹായമായി.
ഒരു പ്രസാധകന്റെ ത്യാഗപൂര്‍ണ്ണമായ ഇടപെടലുകള്‍ ഇവിടെ കുറിച്ചത് സമൂഹം അറിയാതെ പോയ നന്മയുടെ കഥ ശ്രദ്ധയില്‍പ്പെടുത്താനാണ്. മരണത്തിന്റെയും ജീവിതത്തിന്റെയും നൂല്‍പ്പാലത്തിലൂടെ നടക്കുന്നവനാണ് പുസ്തകപ്രസാധകനെന്ന് ഷെല്‍വി പറഞ്ഞിട്ടുണ്ട്. നിലനില്ക്കാന് യുദ്ധം ചെയ്യുന്നതിനിടയില്‍ പോള്സനിലെ നന്മ വായനക്കാരെ അറിയിക്കാനാണ് ഈ കുറിപ്പ്. ചാത്തനേറ്, കാമാത്തിപുരത്തെ കല്ലുകള്‍ എന്നീ രണ്ടു കവിതാ സമാഹാരങ്ങള്‍ പോള്‍സണ്‍ തേങ്ങാപുരക്കല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓരോരുത്തരും അവനവനുവേണ്ടി മറ്റെല്ലാവര്‍ക്കും എതിരെ പൊരുതുകയാണ് (ജൈവ മനുഷ്യന് /ആനന്ദ് ). അങ്ങനെയുള്ള ലോകത്ത് നന്മയുടെ അറിയപ്പെടാത്ത കഥ ലോകം അറിയേണ്ടത് തന്നെയാണ്.