നാടക നടന്, സംവിധായകന്, സിനിമാ നടന്, സംവിധായകന്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, കഥാകൃത്ത് തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനായ ജേസി കുറ്റിക്കാട്ട് നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ ആഗസ്ത് 17നു 85- മത് ജന്മദിനം ആഘോഷിക്കുമായിരുന്നു.
എറണാകുളത്ത് കലൂരിലെ കുട്ടിക്കാട്ട് കുടുംബത്തില്‍ ജോസഫ് -മേരി ദമ്പതികളുടെ മകനായി 1939 ആഗസ്ത് 17നു ജേസി ജനിച്ചു. ചെറുപ്പം മുതല്‍ തന്നെ കലാരംഗത്തോട് അതീവതാത്പര്യം പ്രകടിപ്പിച്ചിരുന്ന ജേസി നാടകങ്ങള്‍ സംവിധാനം ചെയ്തു തുടങ്ങി. എറണാകുളം കാര്‍മല്‍ തിയറ്റേഴ്സിന്റെ പ്രവാചകന്, ബാബേല്‍ ഗോപുരം, മഗ്ദലനയിലെ മേരി തുടങ്ങിയ പ്രശസ്ത നാടകങ്ങള്‍ ജേസി സംവിധാനം ചെയ്തതാണ്. കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളില്‍ അദ്ദേഹം നിറഞ്ഞാടി.
നാടകനടനായ ജേസിയെക്കുറിച്ച് കവി ഒഎന്‍വി ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
‘സൗന്ദര്യവും മിശിഹാ തമ്പുരാന്റെ ശാന്തതയും ഒത്തിണങ്ങിയ ആ നാടകനടനെ ഒന്നു തൊടാന്‍, അദ്ദേഹത്തിന്റെ ശബ്ദമൊന്നു കേള്‍ക്കാന്‍ അക്കാലത്തെ ആസ്വാദകവൃന്ദം വെമ്പല്‍ പൂണ്ടിരുന്നു’
കവി ഒഎന്വിയുമായും സംഗീത സംവിധായകന് ദേവരാജന്‍ മാസ്റ്ററുമായും അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു ജേസി. ജേസിയുടെ കല്യാണത്തിന് ക്യാമറയും തൂക്കി ദേവരാജന്‍ മാസ്റ്റര്‍ വന്നത് ജേസിയുടെ സഹോദരന് സിനിമാ സംവിധായകനായ ഏബ്രഹാം ലിങ്കണ് ഇന്നും ഓര്‍ക്കുന്നു. പിണങ്ങിയിരുന്ന ഒഎന്‍വിയെയും ദേവരാജന്‍ മാസ്റ്ററേയും വീണ്ടും ഒരുമിപ്പിച്ചതും ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ‘ എന്ന ഗാനം മലയാളികള്‍ക്ക് നല്കിയതും ജേസി ആയിരുന്നു.
കലാമൂല്യമുള്ള അനേകം സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ജേസി നടനായും തിളങ്ങിയിട്ടുണ്. ഭൂമിയിലെ മാലാഖ, ഏഴു രാത്രികള്‍, അടിമകള്‍, കള്ളിച്ചെല്ലമ്മ, നിഴലാട്ടം, അരനാഴിക നേരം, രാത്രിവണ്ടി, ജലകന്യക, കുട്ട്യേടത്തി, ഒരു സുന്ദരിയുടെ കഥ, അസ്ത്രം തുടങ്ങിയവയാണ് ജേസി അഭിനയിച്ച പ്രധാന സിനിമകള്‍.
പതിവുസിനിമാ രീതികളില്‍ നിന്നു വേറിട്ടു നില്ക്കുന്ന സംവിധാനശൈലി ജേസിയുടെ സിനിമകളില്‍ നിരൂപകര്‍ കണ്ടിരുന്നു.
ജേസി സംവിധാനം ചെയ്ത സിനിമകള്‍.
ശാപമോക്ഷം, അശ്വതി, ചന്ദനച്ചോല, സിന്ദൂരം, അഗ്നിപുഷ്പം, രാജാങ്കണം, വീട് ഒരു സ്വര്‍ഗം, അവള് വിശ്വസ്തയായിരുന്നു, ആരും അന്യരല്ല, തുറമുഖം, രക്തമില്ലാത്ത മനുഷ്യന്, ഏഴു നിറങ്ങള്‍, പുഴ, പവിഴമുത്ത്, ദൂരം അരികെ, അകലങ്ങളില്‍ അഭയം,
ആഗമനം, താറാവ്, ഒരു വിളിപ്പാടകലെ, എതിരാളികള്‍, നിഴല്‍ മൂടിയ നിറങ്ങള്‍, ഒരിക്കല്‍ ഒരിടത്ത്, ഈറന്‍ സന്ധ്യ, അകലത്തെ അമ്പിളി, അടുക്കാന്‍ എന്തെളുപ്പം, നീയെത്ര ധന്യ, ഇവിടെ എല്ലാവര്ക്കും സുഖം, പുറപ്പാട്, സരോവരം, സങ്കീര്‍ത്തനം പോലെ.