ബഹുജന സാഹിത്യ അക്കാദമി ഓഫ് ഇന്ത്യയുടെ ഡോ. രാധാകൃഷ്ണന് ബെസ്റ്റ് ടീച്ചര്‍ നാഷണല്‍ അവാര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്, ഹര്‍വാര്‍ഡ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, ഭാരത് സേവക് സമാജ് പുരസ്കാരം മുതലായ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള പുനലൂര്‍ രൂപതാംഗവും ചെറിയനാട് ശ്രീ. വിജയേശ്വരി ഹൈസ്കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപകനുമായ സജീവ്. ബി. വയല്‍. വേള്‍ഡ് വൈഡ് ഓഫ് റെക്കോര്‍ഡില്‍ ഇംഗ്ലീഷ് വാചകത്തെ ഇംഗ്ലീഷ് ടെന്സുകളിലും നാലുതരത്തിലുള്ള വാചക ഫോര്‍മാറ്റിലും 30 സെക്കന്റിനുള്ളില്‍ പറഞ്ഞാണ് ഈ നേട്ടത്തിനു അര്‍ഹനായത്. 30 സെക്കന്‍ഡില്‍ 48 വാചകങ്ങള്‍ വേഗത്തില്‍ പറഞ്ഞാണ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയത്. സജീവ്. ബി. വയലുമായുള്ള അഭിമുഖം.
അധ്യാപക ജോലി തിരഞ്ഞെടുക്കാന്‍ താങ്കളെ പ്രചോദിപ്പിച്ച കാര്യങ്ങള്‍ എന്തൊക്കെയാണ്?
അധ്യാപക ജോലി തിരഞ്ഞെടുക്കാന്‍ എന്നെ സഹായിച്ചത് എന്റെ സെമിനാരി ഫോര്‍മോഷന്‍ ആണ്. പഠനത്തില്‍ വളരെ പിന്നാക്കം നിന്നിരുന്ന ഞാന്‍ ദൈവത്തിന്റെ കൃപകൊണ്ട് നന്നായി പഠിക്കുവാനും പത്താം ക്ലാസില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുവാനും സെമിനാരിയിലെ പഠനം സഹായിച്ചു. ഇംഗ്ലീഷ് ന്നായി പഠിക്കാനും മനസിലാക്കാനും സാധിച്ചു. എന്നെപ്പോലെ പിന്നാക്കം നില്ക്കുന്ന കുട്ടികളെ സഹായിക്കണമെന്നും അവരെ പഠനത്തില്‍ കൂടുതല്‍ സഹായിക്കണമെന്നും അവരുടെ ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങള്‍ കൊണ്ടുവരുവാനും സാധിക്കുന്നത് അധ്യാപനത്തിലൂടെ മാത്രമായിരിക്കുകയുള്ളൂവെന്നും തിരിച്ചറിയുകയും പിന്നീട് സെമിനാരി ജീവിതത്തില്‍ കിട്ടിയ ആ ഫോര്മേഷന് എനിക്കു നന്നായി ഉപയോഗിക്കുവാനായി. ഇക്കാര്യങ്ങള്‍ അധ്യാപനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നു തിരിച്ചറിഞ്ഞതുകൊണ്ട് മാത്രമാണ് അധ്യാപനം തിരഞ്ഞെടുത്തത്.
ഇക്കാര്യത്തില്‍ ഏതെങ്കിലും മാതൃകകളുണ്ടായിരുന്നോ ? ആരെങ്കിലും പ്രോത്സാഹിപ്പിച്ചിരുന്നോ?
അധ്യാപകനാകുവാന്‍ ഒരുപാട് മാതൃകകള്‍ പഠനകാലത്തു തന്നെ ഉണ്ടായിരുന്നു. എന്റെ വീടിന്റെ അടുത്തുണ്ടായിരുന്ന കണക്ക് പഠിപ്പിച്ചിരുന്ന ജയന് സാറിന്റെ ടീച്ചിംങ് രീതിയും കണക്ക് എനിക്ക് വളരെ പ്രയാസമുള്ള വിഷയമായിരുന്നു. വളരെ ലളിതമായി സാറ് അതു പറഞ്ഞു തരികയും പഠിപ്പിക്കുകയും ചെയ്തു. പിന്നീട് സെമിനാരിയിലേക്ക് കടന്നുവന്നപ്പോള്‍ അവിടെ എന്നെ പഠിപ്പിച്ച വൈദികര്‍, ഇംഗ്ലീഷ് പഠിപ്പിച്ച ആന്റോ സാര്‍, ഞങ്ങളുടെ റെക്ടറായിരുന്ന ജെസ്റ്റിന് ലോറന്‍സ് അച്ചന്, സ്റ്റീഫന്‍ തോമസ് അച്ചന്, റൊണാള്‍ഡ് അച്ചന്, വില്‍ഫ്രഡ് എബ്രഹാം സാര്‍, മാത്യു പ്രകാശ്സാര്‍ തുടങ്ങിയ അധ്യാപകരുടെ സ്വാധീനം വളരെ ഉണ്ടായിരുന്നു. ഡിഗ്രി കാലഘട്ടങ്ങളില്‍ കൊല്ലം ആവില പ്രബോധനാലയം സെമിനാരിയിലെ ജോസഫ് ജോണച്ചന്റ ടീച്ചിംങ് രീതിയും ഇംഗ്ലീഷ് പഠിപ്പിക്കുന്നതും സംസാരിക്കുന്നതുമായ രീതിയുമൊക്കെ എന്നെ വളരെ സ്വാധീനിച്ചിരുന്നു. പിന്നീട് ഞങ്ങളെ ഡിഗ്രിക്ക് പഠിപ്പിച്ച രാധിക മിസിന്റെ അധ്യാപന ശൈലിയും ഇംഗ്ലീഷ് പ്രാവിണ്യവുമൊക്കെ ഞങ്ങളെ വല്ലാതെ സ്വാധീനിച്ചിരുന്നു. മിസിന്റെ വൊക്യാബുറലിയും വേ ഓഫ് ടീച്ചിംങുമൊക്കെ എന്ന വളരെ സ്വാധീനിച്ചിരുന്നു. ബിഎഡിന് പഠിച്ചിരുന്ന കാലത്ത് ജിജന് സാര്‍, ബിനു ലാല്‍ സാര്‍, ജോര്‍ജ് വര്‍ഗീസ് സാര്‍ തുടങ്ങിയ അധ്യാപകരുടെ ഫ്രണ്ട്ലിയായിട്ടുള്ള ടീച്ചിംങ് രീതിയും റോസമ്മ മിസിന്റെ ക്ലാസുകളുമൊക്കെ ഞങ്ങളെ വല്ലാതെ സ്വാധീനിച്ചിരുന്നു. അവരൊക്കെ നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് സെമിനാരി കാലഘട്ടങ്ങളില്‍ ഞങ്ങളെ നോക്കിയിരുന്ന രാജു ബ്രദര്‍ (രാജു പൗലോസ് അച്ചന്). കൊല്ലത്ത് ഞങ്ങളെ നോക്കിയിരുന്ന അജിത്ത് ബ്രദര്‍, കൊല്ലം രൂപതയിലെ മില്‍ട്ടണ്‍ അച്ചന് തുടങ്ങിയവര്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും വ്യത്യസ്തമായ ടീച്ചിംങ് സ്റ്റൈല്‍ അഡോപ്റ്റ് ചെയ്യുകയും ചെയ്തു. അതൊക്കെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.
പഠനകാലത്ത് ഏതെല്ലാം തരത്തിലുള്ള വിഷമതകള്‍-സാമ്പത്തികം, സാമൂഹ്യം- നേരിടേണ്ടി വന്നിട്ടുണ്ട്?
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒരു കുടുംബത്തില്‍ നിന്നം വന്നതുകൊണ്ട് തന്നെ യൂണിഫോമിനും പുസ്തകങ്ങള്‍ക്കും തന്നെ വളരെ അധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. മതബോധന ക്ലാസുകളില്‍ നിന്നും മരുതിമൂട് പള്ളിയില്‍ നിന്നുമൊക്കെ ഇടയ്ക്കു ലഭിച്ചിരുന്ന നോട്ടുപുസ്തകങ്ങളൊക്കെയാണ് സ്കൂള്‍ കാലഘട്ടങ്ങളില്‍ ഉപയോഗിച്ചിരുന്നത്. ഫീസ് കൊടുക്കുവാനുമൊക്കെ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ പശുവിനെയൊക്കെ വളര്‍ത്തി അതില്‍നിന്നുള്ള വരുമാനം കൊണ്ടാണ് ഞങ്ങളെ പഠിപ്പിച്ചത്.
ഒരു പക്ഷെ നമ്മളെക്കൊണ്ട് വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ചതും ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരണമെന്നും എന്തെങ്കിലുമൊക്കെ നേടണമെന്നും എല്ലാം ആഗ്രഹിക്കാന്‍ പ്രേരിപ്പിച്ച ഘടകം ജീവിതത്തിലെ ദാരിദ്രവും വിഷമങ്ങളുമൊക്കെയായിരുന്നു.
അധ്യാപക തൊഴിലിലെ ഏറ്റവും ആകര്‍ഷിച്ച കാര്യം എന്തായിരുന്നു?
അധ്യാപനത്തിലൂടെ ഒരുപാട് ഹൃദയങ്ങളിലേക്ക് കടന്നു ചെല്ലുവാന്‍ സാധിക്കും എന്നത് ആ തൊഴിലിന്റെ സവിശേഷത തന്നെയാണ്. ഓരോ അധ്യാപകനും ഒരോ വിദ്യാര്‍ഥികളുടേയും അനന്തസാധ്യതകളെ തൊട്ടുണര്‍ത്തുവാനും അവന്റെ സര്‍ഗശേഷികളെ പരിപോഷിപ്പിക്കുവാനും അങ്ങനെ വലിയൊരു പ്രചോദനമായിട്ടൊക്കെ നില്ക്കാന് സാധിക്കുമ്പോള്‍ ജീവിതത്തിനു തന്നെ ഒരു പൂര്‍ണതയും സാക്ഷാത്കാരവും ലഭിക്കുകയാണല്ലോ. നമ്മള് പഠിപ്പിച്ച ഒരു കുട്ടിയുടെ ഹൃദയത്തില്‍ നമുക്കു സ്ഥാനം ലഭിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവരുടെ ഭാവിയെ ജീവിതത്തെ നേര്‍വഴിക്കു നയിക്കാന്‍ സാധിക്കുമ്പോള്‍ അതു നമ്മെ സ്വയം വളരാനും സഹായിക്കും. നമ്മുടെ കണ്മുന്നില് ഇരിക്കുന്ന ഓരോ വിദ്യാര്‍ഥികളുടേയും ഭാവി നമ്മുടെ ഉള്ളം കയ്യിലാണ് എന്ന് നമ്മള് മനസിലാക്കുകയും അധ്യാപനമാണ് മറ്റെല്ലാ തൊഴിലുകളേയും സൃഷ്ടിക്കുന്ന കുലീനമായ ഒരു കര്‍ത്തവ്യം അല്ലെങ്കില്‍ തൊഴില്‍ എന്നു നാം മനസിലാക്കുമ്പോഴാണ് അധ്യാപനത്തിന്റെ ആ ആകര്‍ഷണം കൂടുതല്‍ ശോഭനീയവും സുന്ദരവുമാകുന്നതെന്ന് ഞാന്‍ കരുതുന്നു.
പഴയ കാലത്തെ അപേക്ഷിച്ച്, അതായത് താങ്കള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തെ അപേക്ഷിച്ച് അധ്യാപകരും വിദ്യാര്‍ഥികളും എപ്രകാരം വ്യത്യാസപ്പെട്ടിരിക്കുന്നു?
നമ്മള് പഠിച്ചിരുന്ന കാലഘട്ടങ്ങളില്‍ നിന്നും ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ താരതമ്യം ചെയ്യുമ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള വ്യക്തിബന്ധങ്ങളിലാണെങ്കിലും, വിദ്യാര്‍ഥികള്‍ അധ്യാപകരോട് പെരുമാറുന്ന രീതിയിലാണെങ്കിലും വളരെ സമൂലമായ മാറ്റം സംഭവിച്ചിട്ടുണ്ട്. പലപ്പോഴും വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരോടുള്ള ബഹുമാനത്തിലും അവരോടു പെരുമാറുന്ന രീതികളിലുമൊക്കെ വല്ലാതെ മൂല്യചുതി സംഭവിച്ചു എന്നത്് ഒരു യാഥാര്‍ഥ്യമാണ്. നമ്മള് പഠിച്ചിരുന്ന കാലഘട്ടങ്ങളില്‍ നമ്മള് അധ്യാപകരെ ബഹുമാനിക്കുകയും അവരോട് ആദരവ് കാണിക്കുകയും ചെയ്തിരുന്നു. ഇന്നത്തെ കാലഘട്ടങ്ങളില്‍ അധ്യാപകരോട് വിദ്യാര്‍ഥികള്‍ കൂടുതല്‍ ഫ്രണ്ട്ലിയായി പെരുമാറുന്നു എന്നത് കാലത്തിന്റെ ഒരു മാറ്റമായി കാണാം. അതില്‍ വലിയ അപാകതയില്ലെങ്കിലും പഴയപോലുള്ള ആദരവും ബഹുമാനവും അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്ന് ലഭിക്കുന്നില്ലെന്നത് സത്യമാണ്. അവരെ ഉപദേശിക്കുന്നതൊക്കെ അവര്‍ക്ക് അരോചകമായി തോന്നുകയും വളരെ വ്യത്യസ്തമായ കാഴ്ചപ്പാടിലേക്കു പുതിയ തലമുറ കൂപ്പുകുത്തി വീഴുന്ന ഒരു പ്രവണതയാണ് ഇന്നു കാണുന്നത്. അധ്യാപകരോട് വിദ്യാര്‍ഥികള്‍ക്കുള്ള വീക്ഷണത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അധ്യാപകര്‍ പറയുന്ന കാര്യങ്ങളൊക്കെ കുട്ടികള്‍ മുഖവിലയ്ക്കു എടുക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. സമൂഹമാധ്യമങ്ങളുടെ ദോഷകരമായ സ്വാധീനം അവരുടെ ചിന്തകളെയും മനോഭാവത്തെയും കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിന്റെ സാക്ഷികളാണ് നമ്മള്. അവരുടെ ചിന്തകളിലൊക്കെ വല്ലാത്ത മറ്റം വന്നുകൊണ്ടിരിക്കുകയാണ്. ടെക്നോളജിയുടെ വളര്‍ച്ചയും വളരെ ശ്രദ്ധിക്കണം. ഒരു അധ്യാപകന് ക്ലാസ്മുറിയില്‍ പകര്‍ന്നുകൊടുക്കാന്‍ കഴിയുന്ന അറിവിന്റെ പരിമിതികളെ കവച്ചുവയ്ക്കുന്ന രീതിയില്‍ സ്വയം കാര്യങ്ങളെ അപഗ്രഥിക്കുവാനും അവയെ കണ്ടെത്തുവാനുമുള്ള ജിജ്ഞാസ കുട്ടികളിലുണ്ട്. അധ്യാപകനെ കൂടുതല്‍ ആശ്രയിക്കുന്ന പ്രവണത എല്ലാം മാറിയിരിക്കുന്നു.
പഴയ കാലത്ത് അധ്യാപകനെയും ലൈബ്രറികളേയും മാത്രം ആശ്രയിച്ചു പഠിച്ചിരുന്ന കാലഘട്ടത്തില്‍ നിന്ന് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ചോയ്സുകള്‍ ലഭിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ പഠനരീതികളിലൊക്കെ മാറ്റം വന്നു. ഈ മാറ്റം അവരുടെ സ്വഭാവങ്ങളിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നു.
പുതിയ കാലത്തെ അധ്യാപകര്‍ ക്ലാസ്മുറിക്കു പുറത്തുള്ള അറിവുകളും നേടിയിരിക്കണമെന്നതല്ലേ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?
അറിവ് അഗ്നിയാണ്. ഒരു അധ്യാപകന് വിദ്യാര്‍ഥിയുടെ അജ്ഞതയാകുന്ന തമസിനെ ദൂരികരിക്കുന്നവന് അല്ലെങ്കില്‍ ഇല്ലാതാക്കണവനാകണമല്ലോ. പ്രത്യേകിച്ച് വിജ്ഞാന വിസ്ഫോടനം നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍. അധ്യാപകന് സാമൂഹ്യ പ്രതിബന്ധത വര്‍ദ്ധിച്ചിരിക്കുകയാണെന്നു പറയേണ്ടിവരും. വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ ശേഖരം കാണിച്ചുകൊടുക്കുന്നവനും യഥാര്‍ഥ അറിവിലേക്കു നയിക്കുന്നവനുമാകണം ഒരു അധ്യാപകന്.
ക്ലാസ് മുറികളില്‍ ഒതുങ്ങി നില്ക്കുന്നതിനപ്പുറത്തേക്കായി അധ്യാപകന് വിദ്യാര്‍ഥിയുടെ മനസ് പേറുന്നവനാകണം. അയാള്‍ സ്വയമൊരു വിദ്യാര്‍ഥിയായി മാറണം.
എപ്പോഴും തുടര്‍ച്ചയായി പഠിക്കുന്ന അധ്യാപകനു മാത്രമേ ക്ലാസിനു പുറത്തേയ്ക്ക് വിശാലമായ ലോകത്തെ കുറിച്ച് മനസിലാക്കുവാനും വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുവാനും സാധിക്കൂ. തന്റെ അറിവാകുന്ന ആയുധത്തെ കൂടുതല്‍ മൂര്‍ച്ച കൂട്ടിയാല്‍ മാത്രമേ ഇന്നത്തെ കാലഘട്ടങ്ങളില്‍ അധ്യാപകര്‍ക്ക് തന്റെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ പ്രശോഭിക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ അറിവ് നേടുക, അപ്ഡേറ്റായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ ആയിരിക്കുന്നില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ നല്കാന് സാധിക്കാതെ വരും.
സാങ്കേതിക വിദ്യകള്‍ അധ്യാപനത്തെ എത്രമാത്രം മെച്ചപ്പെടുത്തിയിട്ടുണ്ട്്? ക്ലാസു മുറികളിലെ വീഡിയോ അവതരണങ്ങള്‍ പോലുള്ള മാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണോ?
ആധുനിക സാങ്കേതികവിദ്യകള്‍ വിപ്ലവകരമായ മാറ്റമാണ് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കൊണ്ടുവന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരു അധ്യാപകന് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കണം. പഠനപ്രക്രിയ കൂടുതല്‍ സുഗമമാക്കേണ്ടതായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ പുതിയ സാങ്കേതികവിദ്യകളെ പെട്ടെന്ന് സ്വായത്തമാക്കുന്നവരാണെന്ന് കൊവിഡ് കാലവും മറ്റും തെളിയിച്ചതാണ്. അതനിസരിച്ച മാറ്റങ്ങള്‍ക്ക് അധ്യാപകരും തയ്യാറാകണം. അധ്യാപകരില്‍ നിന്ന് വിദ്യാര്‍ഥികളാണ് പാഠങ്ങള്‍ പഠിക്കേണ്ടത്. നേരേ തിരിച്ചു സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു പാഠം എത്രമാത്രം ലളിതമായി വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ സാധിക്കുമെന്നതാണ് ഓരോ അധ്യാപകരും ശ്രമിക്കേണ്ടത്. സാങ്കേതിക വിദ്യകള്‍ അതിന് സഹായിക്കുമെങ്കില്‍ തീര്‍ച്ചയായും അതുപയോഗിക്കണം. വിദ്യാര്‍ഥികളുടെ സര്‍ഗശേഷി, കഴിവുകള്‍, കഴിവുകേടുകള്‍ എല്ലാം മനസിലാക്കിയിരിക്കണം.
ആശയവിനിമയത്തിനുളള കഴിവിലും അധ്യാപകര്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് തോന്നിയിട്ടുണ്ടോ?
ഒരു അധ്യാപകന് തീര്‍ച്ചയായും ആശയവിനിമയം നടത്താന്‍ കഴിവുള്ള ആളായിരിക്കണമല്ലോ. അതേതരം അധ്യാപകര്‍ക്കേ ഇന്നത്തെ കാലഘട്ടത്തില്‍ തന്റെ തൊഴിലില്‍ നന്നായി ശോഭിക്കാന്‍ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഒരു അധ്യാപകന് നല്ല ആശയവിനിമയശേഷിയുള്ള വ്യക്തിയായി മാറണം. അതിനുവേണ്ട വ്യത്യസ്തമായ മെത്തേടുകള്‍ മനസിലാക്കുകയും ഏറ്റവും നല്ലൊരു കമ്മ്യൂണിക്കേറ്ററായിട്ട് മാറുവാന്‍ നല്ല ഭാഷാ കരഗതമാക്കുകയും വേണം. നന്നായി വായിക്കുകയും നന്നായി പഠിക്കുകയും നന്നായി പഠനപ്രക്രിയയില്‍ വേണ്ടക്രമീകരണം നടത്തുകയും വേണം.
കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതില്‍ അധ്യാപകരുടെ പങ്ക് എത്രമാത്രമുണ്ട്?
ഒരു വിദ്യാര്‍ഥിയുടെ ആത്മവിശ്വാസം എന്നു പറയുന്നത് അധ്യാപകന്റെ കൈകളില്‍ തന്നെയാണ്. കാരണം ഒരു വിദ്യാര്‍ഥി തന്റെ സമയം ഏറ്റവും കൂടുതല്‍ ചെലവിടുന്നത് അധ്യാപകരുമൊത്താണ്. അതുകൊണ്ട് തന്നെ ഒരു ആത്മവിശ്വാസമുള്ള ഒരു അധ്യാപകനു മാത്രമേ ആ ആത്മവിശ്വാസം വിദ്യാര്‍ഥിക്കു പകര്‍ന്നു കൊടുക്കുവാന്‍ സാധിക്കുകയുള്ളൂ. ഒരു കുട്ടി തന്റെ ശ്രമങ്ങളില്‍-പഠിപ്പിലായാലും കലാകായിക രംഗത്തായാലും-പരാജയപ്പെടുമ്പോള്‍ അവന് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനും ഭാവിജീവിതത്തില്‍ തളരാതെ മുന്നോട്ടു പോകാനുമുള്ള ആത്മവിശ്വാസം കൂട്ടാനുള്ള വലിയ ബാധ്യത ഒരു അധ്യാപകനുണ്ട്.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് രക്ഷാകര്ത്താക്കള് കുട്ടികളുടെ പഠനത്തിലും മറ്റ് പാഠ്യേതര കഴിവുകളിലും സജീവമായി ഇടപപെടുന്നത് കാണുന്നുണ്ട്. രക്ഷാകര്‍തൃ-അധ്യാപക ആശയവിനിമയത്തിന്റെ പ്രാധാന്യം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ടോ?
പിടിഎകള്‍ വളരെ സജീവമായിട്ട് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങളില്‍ വരെ വളരെ സുപ്രധാനമായ പങ്കുവഹിക്കുന്ന കാലഘട്ടമാണിത്.വളരെ അഭ്യസ്ത വിദ്യരായിട്ടുള്ള മാതാപിതാക്കള്‍ ഉള്ള കാലഘട്ടമാണല്ലോ ഇത്. അതുകൊണ്ട് തന്നെ വിദ്യാര്‍ഥികളുടെ പഠനപ്രക്രിയയിലും മറ്റു കാര്യങ്ങളിലും വളരെ സജീവമായി മാതാപിതാക്കള്‍ ഇടപെടുന്നു. അവര്‍ കൂടുതല്‍ ജിജ്ഞാനസോടെ തന്നെ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ തല്പരരായി, അതിനെക്കുറിച്ച് കൂടുതല്‍ അവബോധമുള്ളവരായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ പിടിഎകള്‍ അധ്യാപകരും കുട്ടികളുമൊരുമിച്ച് പഠനപ്രക്രിയയില്‍ കൂടുതല്‍ സജീവമായി ഇടപെടുന്നു എന്നുള്ളത് പോസിറ്റീവായി കാര്യമാണ്. അത് കുട്ടികളുടേയും അധ്യാപകരുടേയും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വരെ പുരോഗതിയില്‍ വളരെ പ്രയോജനപരവും ഗുണപരവുമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നുണ്ട്്.
കുട്ടികളും രക്ഷിതാവും അധ്യാപകരും തമ്മിലുള്ള ആത്മബന്ധം കൂടുതലായി വളര്ത്തേണ്ടതുണ്ടെന്നു കരുതുന്നുണ്ടോ?
ഇന്നത്തെ കാലഘട്ടത്തില്‍ ഒരു അധ്യാപകന് കോലേണര് എന്നാണ് പറയുക. ഒരു കുട്ടിയുടെ അധ്യാപന പ്രക്രിയ സജ്ജീകരിക്കുന്ന ആള് അല്ലെങ്കില്‍ വിദ്യാര്‍ത്ഥിയുടെ കൂടെ പഠിക്കുന്ന ഒരാളായിട്ടാണ് ഒരു അധ്യാപകനെ നമ്മളൊക്കെ നിര്‍വചിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ നല്ലൊരു ആത്മബന്ധം കുട്ടികളും അധ്യാപകരും തമ്മിലും അധ്യാപകരും മാതാപിതാക്കളും തമ്മിലുമൊക്കെ ഉണ്ടായെങ്കില്‍ മാത്രമേ ഒരു കുട്ടിയുടെ പഠനപ്രക്രിയ വിജയകരമായി പൂര്‍ത്തിയാകുകയുള്ളൂ. സ്കൂള്‍ സമയം കഴിഞ്ഞാല്‍ കുട്ടി മാതാപിതാക്കളോടു കൂടെയാണല്ലോ. അതുകൊണ്ടുതന്നെ വീട്ടിലായിരിക്കുമ്പോഴാണ് സ്കൂളിലെ പഠനപ്രക്രിയ ക്രിയാത്മകമാകേണ്ടത്.
സ്കൂളില്‍ പഠിപ്പിച്ച കാര്യങ്ങള്‍ വീട്ടില്‍ ചെന്ന് വിലയിരുത്തുകയും അതിനെക്കുറിച്ച് വിചിന്തനം നടത്തുകയും ചെയ്യുമ്പോഴാണ് ശരിയായ രീതിയില്‍ പഠനം നടക്കുക.
അതുകൊണ്ടു തന്നെ മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ പഠനത്തില്‍ കൂടുതല്‍ സജീവമായി ശ്രദ്ധിക്കേണ്ടതുണ്ട്. അധ്യാപനമെന്നാല്‍ അധ്യാപകരുടെ മാത്രം ചുമതലയായി കരുതേണ്ടതില്ല. അധ്യാപകരും വിദ്യാര്‍ഥികളും മാതാപിതാക്കളും തമ്മില്‍ ഒരു നല്ല ബന്ധം ഉണ്ടായെങ്കില്‍ മാത്രമേ ഇക്കാര്യം സുഗമമായി നടക്കുകയുള്ളൂ.
യുഎസ്എ, കാനഡ, ഇംഗ്ലണ്ട്, മലേഷ്യ, ഹോങ്കോങ്, സിംഗപ്പൂര്‍, ചൈന, കൊറിയ തുടങ്ങിയ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ ദേശീയ വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ക്ലാസ് മുറികളിലെ സാമ്പ്രദായിക പഠനം, പരീക്ഷകളുടെ സ്വഭാവം തുടങ്ങിയവയൊക്കെ ഇവിടെ മാറിക്കൊണ്ടിരിക്കുന്നു. അധ്യാപകനും വിദ്യാര്‍ഥിക്കും കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഇതിനെ എപ്രകാരം കാണുന്നു?
നമ്മള് നേരത്തെ പറഞ്ഞപോലെ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും ഒരു വിജ്ഞാന വിസ്ഫോടനത്തിന്റേയും കാലമാണിത്. സാങ്കേതികവിദ്യാകളുടെ വികാസമനുസരിച്ച് പല വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദാായങ്ങളിലും ദ്രുതഗതിയിലുള്ള മാറ്റം സംഭവിക്കുന്നുണ്ട്. ഒരുപക്ഷേ അതിനനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും മാറ്റം സംഭവിക്കേണ്ടകാലം അതിക്രമിച്ചു എന്നു പറയാം. വിദ്യാഭ്യാസ സമ്പ്രദായങ്ങളിലുള്ള മാറ്റം കാലഘട്ടത്തിന്റെ അനിവാര്യത തന്നെയാണ്. കൂടുതല്‍ സ്വതന്ത്ര്യമായ ഒരു അന്തരീക്ഷത്തില്‍ മാത്രമേ പഠനപ്രക്രിയ നടക്കുകയുള്ളു. ഒരു വിദ്യാര്‍ഥിയുടെ മനസിലുണ്ടാകുന്ന പരിവര്‍ത്തനമാണല്ലോ പഠനം എന്നു പറയുന്നത്. അത് കുറച്ചുകൂടി സ്വാതന്ത്ര്യം പ്രാപിക്കേണ്ടതുണ്ട്. പ്രായോഗികമായ ജീവിതത്തെ, ആ പാഠപുസ്തകത്തെ കൂടുതല്‍ മനസിലാക്കുകയും ജീവിതമാകുന്ന പരീക്ഷയില്‍ വിജയിക്കുക എന്നതുമാണ് പ്രധാനം. വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പുതിയ സാങ്കേതിയ വിദ്യകള്‍ ഉപയോഗിച്ച് പഠിക്കുകയും മുന്നേറുകയും ചെയ്യുന്നു എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്.
നമ്മുടെ ദേശീയ വിദ്യാഭ്യാസ നയത്തിലും മാറ്റങ്ങള്‍ വരുന്നുണ്ടെങ്കിലും അത് വിപരീത ദിശയിലാണെന്ന ആക്ഷേപമുണ്ട്. പാഠ്യഭാഗങ്ങളിലെ മാറ്റങ്ങള്‍ രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് വിപരീതവും ചരിത്രത്തിന്റെ തിരുത്തലുകളുമാണെന്ന വിമര്‍ശനങ്ങളെ എങ്ങിനെ കാണുന്നു?
നമ്മുടെ രാഷ്ട്രത്തിന്റെ വികസ്വരതയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രവണതകളാണ് ഇപ്പോള്‍ ദേശീയ വിദ്യാഭ്യാസ നയത്തില്‍ നാം കണ്ടുവരുന്നത്. തങ്കലിപികളില്‍ ചരിത്രത്തില്‍ രചിക്കപ്പെട്ട പലരുടേയും പേരുകള്‍ വളരെ ബോധപൂര്‍വ്വം ചരിത്രത്താളുകളില്‍ നിന്ന് വലിച്ചുകീറി ദൂരെ എറിയാന്‍, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമൊക്കെ നശിപ്പിച്ചു കളയാന്‍ ശ്രമിക്കുന്ന തിന്മയുടെ ശക്തികള്‍ പ്രബലപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇത്തരം പ്രവണതകള്‍ ഒരു കാരണവശാലും അനുവദിച്ചുകൂടാ. നാനാത്വത്തില്‍ ഏകത്വം എന്നു പറയുന്ന വലിയ തത്വത്തിലൂന്നിയായിരിക്കണം ദേശീയ വിദ്യാഭ്യാസ നയം പുനഃക്രമീകരിക്കേണ്ടത്. ശ്രേഷ്ഠമായ രീതിയില്‍ അതിനെ നോക്കിക്കാണാനും കാലഘട്ടത്തിനനുസരിച്ചുള്ള നവ വിദ്യാഭ്യാസ സമ്പ്രദായം ഭാരതത്തില്‍ ഉടലെടുക്കാനുമായിരിക്കണം ഭരണാധികാരികള്‍ ശ്രമിക്കേണ്ടത്. അതിനു തുരങ്കം സൃഷ്ടിക്കുന്ന ദുഷ്ടശക്തികളെ എതിര്‍ത്തു തോല്‍പ്പിച്ചേ മതിയാകൂ.
കുട്ടികളുടെ മികച്ച വ്യക്തിത്വവും സ്വഭാവവും വളര്‍ത്താനുതകുന്ന പാഠങ്ങളൊന്നും ഇപ്പോഴും വിദ്യാലയങ്ങളില്‍ കാര്യമായിട്ടില്ല. ഉദാഹരണത്തിന് പൊതുസ്ഥലത്ത് തുപ്പരുത്, ട്രാഫിക് നിയമങ്ങള്‍, മറ്റുള്ളവരോടുള്ള പെരുമാറ്റം, മുതിര്‍ന്നവരെ ബഹുമാനിക്കല്‍ തുടങ്ങിയ പ്രാഥമികവും എന്നാല്‍ പ്രധാനപ്പെട്ടതുമായ കാര്യങ്ങള്‍ പോലും കുട്ടികളെ പഠിപ്പിക്കുന്നില്ല.
ഒരു വിദ്യാര്‍ഥിയുടെ ഉന്നതപഠനമികവുമാത്രമല്ല സ്വഭാവ രൂപീകരണവും അവന്റെ വിദ്യാഭ്യാസം കൊണ്ടു അര്‍ത്ഥമാക്കുന്നുണ്ട്. ഒരു ബയോളിജിക്കല്‍ ബിയിങ്ങിനെ സോഷ്യല്‍ ബിയിങ്ങാക്കി മാറ്റുന്ന സാമൂഹ്യവത്കരണ പ്രക്രിയയാണല്ലോ വിദ്യാഭ്യാസം. അതുകൊണ്ടു തന്നെ സമൂഹത്തിനു ഉപയോക്തമാകുന്ന വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുക എന്നുള്ളതാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം. അവനിലെ സ്വഭാവരൂപീകരണം, നന്മകളുടെ പരിപോഷണം, അവനിലെ ഏറ്റവും നല്ലതിനെ അവന്റെ ശാരീരികവും മാനസികവുമായ ഉത്തമാംശങ്ങളെ പുറത്തുകൊണ്ടുവരിക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ഏറ്റവും ആത്യന്തികമായ ലക്ഷ്യം. അതുകൊണ്ടു തന്നെ ഒരു വിദ്യാര്‍ഥിക്ക് സമൂഹത്തില്‍ അവന് പാലിക്കേണ്ട നിയമങ്ങളും മര്യാദകളും അല്ലെങ്കില്‍ ജീവിതത്തിനുവേണ്ട ധാര്‍മിക മൂല്യങ്ങള്‍ എന്നിവയ്ക്കൊക്കെ കരിക്കുലത്തില്‍ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. എന്നാല്‍ പലപ്പോഴും ഇന്ന് വാല്യു എജിക്കേഷന് മുതലായ കാര്യങ്ങളെല്ലാം തത്വത്തില്‍ പറയുന്നുണ്ടെങ്കിലും പ്രായോഗികമായി അതിന് എത്രത്തോളം ഊന്നല്‍ നല്കുന്നു എന്നത് നാമോരോരുത്തരും പഠനം നടത്തേണ്ട കാര്യമാണ്. പലപ്പോഴും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ ഒരുവനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ സാധിക്കുന്നില്ല എന്നുള്ളതു അംഗീകരിക്കേണ്ട വസ്തുതയുമാണ്.
കുട്ടികളിലെ പഠനവൈകല്യവും പഠന പിന്നാക്കാവസ്ഥയും ഇന്ന് കണ്ടെത്തിവരുന്നുണ്ട്. ഇതില്‍ വീടുകളിലെ സാമൂഹ്യ സാമ്പത്തിക പിന്നാക്കാവസ്ഥയും പഠന വൈകല്യവും, പിന്നോക്കാവസ്ഥയും തമ്മില്‍ ബന്ധമുണ്ടെന്നു കരുതുന്നുണ്ടോ?
ഒരു കുട്ടിയുടെ വീട്ടിലെ സാമ്പത്തികമായ പിന്നാക്കവസ്ഥ പഠനത്തെ ബാധിക്കുന്നു എന്നത് വസ്തുതാപരമായ കാര്യമാണെങ്കിലും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന നിരവധി കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടെത്തുകയും ചെയ്യുന്നുണ്ട്. പഠനവൈകല്യമെന്നു പറയുന്നത് പണ്ടത്തെ അവസ്ഥയെ അപേക്ഷിച്ച് ഈ കാലഘട്ടങ്ങളിലാണല്ലോ കൂടുതല്‍ മനസിലാക്കുന്നത്. വിവിധ തരത്തിലുള്ള പഠനവൈകല്യങ്ങള കുറിച്ച് പഠനം നടന്നുകൊണ്ടിരിക്കുന്നു. സാമ്പത്തികമായ പിന്നാക്കാവസ്ഥ പഠനവൈകല്യത്തിലേക്ക് നയിക്കുന്നു എന്നു പറയാന്‍ സാധിക്കില്ല. സാമ്പത്തികപിന്നാക്കവസ്ഥ മൂലം മാതാപിതാക്കക്ക് കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നുണ്ട്. അതേസമയം പഠനവൈകല്യങ്ങള്‍ എന്നത് ന്യൂറോളജിക്കലും ജനറ്റിക്കലുമായിട്ടുള്ള കാര്യങ്ങളാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒരു വീട്ടിലെ കുട്ടിക്ക് കൂടുതല്‍ ശ്രദ്ധ നല്കാന് അധ്യാപകനു കഴിഞ്ഞാല്‍ അവന്റെ പഠന പ്രക്രിയ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. എന്നാല്‍ പഠനവൈകല്യം പരിഹരിക്കാന്‍ പല തരത്തിലുള്ള വൈദ്യസഹായം ആവശ്യമാണ്. സാധാരണ അധ്യാപകരെ കൊണ്ടു മാത്രം അതുപരിഹരിക്കാന്‍ സാധിക്കില്ല.
വിദ്യാലയങ്ങളിലും പരിസരത്തുമുള്ള ലഹരി വ്യാപനത്തെ എത്രമാത്രം അപകടകരമാണെന്നു കരുതുന്നു? പ്രതിരോധ മാര്‍ഗങ്ങള്‍ എന്താണ്?
നമ്മുടെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ശാപമെന്നു പറയുന്നത് കുട്ടികളിലെ ലഹരിയുടെ ഉപയോഗമാണ്. ലഹരിയുടെ കടന്നു കയറ്റം കുട്ടികളുടെ ജീവിതതാളം തെറ്റിക്കുന്ന സ്ഥിതി വിശേഷമാണ് നമ്മളിന്ന് കാണുന്നത്. അടുത്തിടെ നടന്ന ഒരു പെണ്‍കുട്ടിയുടെ അപകടമരണവും കൊട്ടാരക്കരയില്‍ നടന്ന ഡോ. വന്ദന കൊലക്കേസും പരിശോധിക്കുകയാണെങ്കില്‍ ഇതിന്റെ എല്ലാം പിന്നില്‍ മദ്യവും മയക്കുമരുന്നും മറ്റു ലഹരി പദാര്ത്ഥങ്ങളുമാണല്ലോ. വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് വലിയ ലഹരിമാഫിയകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ബന്ധപ്പെട്ട അധികാരികളുടെ സഹകരണവും എക്സൈസ് ഡിപ്പാര്‍ട്ടുമെന്റിന്റെ കൂട്ടായ പരിശ്രമവും ഇവ ലഭ്യമാകുന്ന ഏജന്റുമാരേയും ഔട്ട്ലെറ്റുകളേയും എത്രയും പെട്ടെന്ന് കണ്ടെത്തുകയും ശിക്ഷാനടപടികള്‍ കൈക്കുള്ളുകയും ചെയ്യുക എന്നതാണ് ആത്യന്തികമായ പരിഹാരം. കുട്ടികള്‍ക്കു ബോധവത്കരണ ക്ലാസുകള്‍ നല്‍കുകയും അധ്യാപകരും മാതാപിതാക്കളും കുട്ടികളുമായി കൂടുതല്‍ ആത്മബന്ധം സ്ഥാപിക്കുകയും വേണം. കൂട്ടായി പരിശ്രമിച്ചാല്‍ മാത്രമേ അതിലൊരു മാറ്റം കൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂ. കാരണം ഈ മാറ്റം കുട്ടികളുടെ ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ്. പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ശക്തി അവര്‍ക്കു പകര്‍ന്നു നല്‍കണം.