വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു കളമൊരുക്കി അക്രമങ്ങള്‍ക്ക് ന്യൂനപക്ഷ സമൂഹത്തെ പഴിചാരി അവരുടെ പാര്‍പ്പിടങ്ങളും ജീവനോപാധികളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി കൂട്ടശിക്ഷാവിധി നടപ്പാക്കി ഭൂരിപക്ഷ ഹിന്ദുത്വശക്തികളുടെ വിജയം കൊണ്ടാടുന്ന ബിജെപി ഭരണകൂടങ്ങളുടെ പട്ടികയില്‍ ഹരിയാനയും കടന്നുവരുന്നത് 2024 ആദ്യപാദത്തില്‍ നടക്കാനിരിക്കുന്ന ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഹിംസാത്മക വിദ്വേഷരാഷ്ട്രീയത്തിന്റെ മറ്റൊരു ഭയാനക സൂചനയാണ്.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ മണിപ്പുരില്‍ ന്യൂനപക്ഷ ക്രൈസ്തവ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ ബിജെപി ഭരണകൂടത്തിന്റെ പങ്കാളിത്തത്തോടെ സംഘടിതമായി നടക്കുന്ന വംശീയ അതിക്രമങ്ങള്‍ 100 ദിനങ്ങള്‍ പിന്നിടുമ്പോഴാണ് ദേശീയ തലസ്ഥാന മേഖലയുടെ ഭാഗമായ ഹരിയാനയിലെ ഗുരുഗ്രാമിലും അവിടത്തെ മുസ് ലിം ഭൂരിപക്ഷ ജില്ലയായ നൂഹിലും സംഘപരിവാര്‍ ഒരു മതഘോഷയാത്രയുടെ പേരില്‍ കലാപത്തിനു കോപ്പുകൂട്ടുകയും അനിഷ്ടസംഭവങ്ങളുടെ മറവില്‍ മുസ് ലിംകളെ ലക്ഷ്യമാക്കി ആര്‍എസ്എസ് മുന്‍ പ്രചാരകനായ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉത്തര്‍പ്രദേശിലെ ‘ബുള്‍ഡോസര്‍ ബാബ’ യോഗി ആദിത്യനാഥിന്റെ മാതൃക പിന്തുടര്ന്ന് ”വംശീയ ഉന്മൂലനത്തിന്റെ അടയാളമായി” നീതിപീഠം കണ്ട ഇടിച്ചുതകര്ക്കലിന്റെ പ്രതികാരയജ്ഞത്തിനിറങ്ങുകയും ചെയ്യുന്നത്.
വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 31ന് നല്‍ഹഡ് മഹാദേവക്ഷേത്രം കേന്ദ്രീകരിച്ചു നടത്തിയ ബ്രജ് മണ്ഡല് ജലാഭിഷേക യാത്ര ഗുരുഗ്രാം – അല്‍വര്‍ ദേശീയപാതയിലെ നൂഹ് ചൗക്കില്‍ ഒരുകൂട്ടര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ കല്ലേറും ഏറ്റുമുട്ടലും വര്‍ഗീയ കലാപമായി ആളിപ്പടരുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അതിരൂക്ഷമായ വര്‍ഗീയ അധിക്ഷേപവും പ്രകോപനപരമായ വെല്ലുവിളികളും നടത്തി സംഘര്‍ഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് ബജ്റംഗ് ദളും മറ്റും യാത്രയ്ക്കൊരുങ്ങിയത്. അരാവലി ഗിരിതടത്തിലെ മേവാത്ത് മേഖലയില്‍ പരമ്പരാഗതമായി കന്നുകാലിവളര്‍ത്തലും പാല്ക്കച്ചവടവുമൊക്കെയായി കഴിയുന്ന മേവ് മുസ് ലിംകളുടെ ഏറ്റവും വലിയ പേടിസ്വപ്നമായി മാറിയ ഗോരക്ഷക് ദള്‍ എന്ന തീവ്രഹിന്ദുത്വ വിജിലാന്റി സംഘത്തിലെ മോനു മനേസര്‍ (മോഹിത് യാദവ്) എന്ന കുപ്രസിദ്ധ വില്ലന്‍ കഥാപാത്രവും, മതവിദ്വേഷവും സാമുദായികസ്പര്‍ദ്ധയും ഉത്തേജിപ്പിക്കുന്ന വിദ്വേഷപ്രചാരണത്തിന്റെ പേരില്‍ എണ്ണമറ്റ കേസുകളില്‍ പ്രതിയായിട്ടും പൂര്ണപരിരക്ഷയോടെ ക്ഷുദ്ര ആഭാസപേക്കൂത്ത് ആടിതിമിര്‍ക്കുന്ന ഫരീദാബാദ് ബജ്റംഗ് ഫോഴ്സ് ഇന്‍-ചാര്‍ജ് ബിട്ടു ബജ്റംഗിയും (രാജ് കുമാര്‍) ഫെയ്സ്ബുക്ക് ലൈവിലും ഇന്‍സ്റ്റാഗ്രാം വീഡിയോയിലും നൂഹിലെ മുസ് ലിം സമൂഹത്തെ പ്രകോപിപ്പിക്കാനായി ദിവസങ്ങളോളം നടത്തിയ കൊലവിളിക്ക് മറുഭാഗത്തുനിന്നു പ്രതികരണമുണ്ടാകാതിരിക്കുമോ?
പശുക്കടത്ത്, ഗോമാംസ വില്പന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് മുസ് ലിം പോത്തുകച്ചവടക്കാരെയും കറവക്കാരെയും മറ്റും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചിലരെ ആള്‍ക്കൂട്ടകൊലയ്ക്കു കൊടുക്കുകയും ചെയ്യുന്ന ഗോരക്ഷക സംഘത്തില്‍ പ്രധാനിയായ മോനു മനേസര്‍, കാലിക്കടത്തിന്റെ പേരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ രാജസ്ഥാനിലെ ഭരത്പുറില് നിന്ന് രണ്ടു മുസ് ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ഹരിയാനയിലെ ഭിവാനിയില്‍ ചുട്ടുകരിച്ചു കൊന്നു എന്ന കേസില്‍ പിടികിട്ടാപ്പുള്ളിയാണ്.
നൂഹിലെ ബ്രജ് മണ്ഡല് യാത്രയ്ക്ക് 150 വാഹനങ്ങളുടെ അകമ്പടിയോടെ താന്‍ വരുന്നുണ്ടെന്ന് എതിരാളികളെ വെല്ലുവിളിക്കുന്ന അയാളുടെ വീഡിയോയ്ക്കൊപ്പം, ”അളിയനെ” വരവേല്‍ക്കാന്‍ പൂമാലകള്‍ കരുതിവച്ചോളൂ എന്ന് ബിട്ടു ബജ്റംഗിയുടെ പരിഹാസവുമുണ്ടായിരുന്നു.
തോക്കും വാളും ദണ്ഡും ത്രിശൂലവുമേന്തി അത്യന്തം പ്രകോപനപരമായ കീര്‍ത്തനങ്ങളുമായാണ് ബജ്റംഗിയും കൂട്ടരും ഘോഷയാത്രയായി എത്തിയത്. നൂഹിലെ കലാപത്തില്‍ രണ്ട് ഹോംഗാര്‍ഡുകള്‍ – ഒരാള്‍ മുസ് ലിമും മറ്റൊരാള്‍ സിഖുകാരനും – അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; ഇരുന്നൂറോളംപേര്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടം വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും പെട്രോള്‍ ബങ്കിനും തീവച്ചു. നൂറുകണക്കിന് തീര്‍ഥാടകര്‍ നല്ഹഡിലെ ശിവക്ഷേത്രത്തില്‍ നിന്നു പുറത്തുകടക്കാനാവാതെ കുടുങ്ങി. വാര്‍ത്ത നാടെങ്ങും പരന്നതോടെ സോഹ്നാ, പട്ടൗഡി, ഗുഡ്ഗാവിലെ ബാദ്ഷാപുര്‍, പല്‍വാലിലെ ഹോഡല്‍, ഫരീദാബാദിലെ ബല്ലഭ്ഗഢ് എന്നിവിടങ്ങളിലേക്കും അക്രമം വ്യാപിച്ചു.
പാതിരാത്രിക്കാണ് ഒരുകൂട്ടം ആളുകള്‍ ഗുരുഗ്രാമില്‍ സെക്ടര്‍ 57-ല്‍ അന്ജുമന് ജുമാ മസ്ജിദിലേക്ക് ഇരച്ചുകയറി 22 വയസുള്ള ബിഹാറി നായബ് ഇമാമിനെ വെട്ടിയും കുത്തിയും കഴുത്തറുത്തും കൊന്നത്. പുറത്ത് രണ്ടുവണ്ടി പൊലീസ് കാവല്കിടക്കുമ്പോഴായിരുന്നു ആക്രമണം. പണിതീരാത്ത മസ്ജിദിന് അക്രമികള്‍ തീവച്ചു. 2002-ല്‍ ഗുരുഗ്രാം നഗരവികസന മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 17 ക്ഷേത്രങ്ങള്‍ക്കും രണ്ടു ഗുരുദ്വാരകള്‍ക്കും ഒരു ക്രൈസ്തവ ദേവാലയത്തിനും ഒരു മോസ്ക്കിനും സര്‍ക്കാര്‍ സ്ഥലം അലോട്ട് ചെയ്തതില്‍, നിയമതടസങ്ങളില്‍ പെട്ട് നിര്‍മാണം മുടങ്ങിയതാണിവിടെ. സോഹ്നയിലെ ഷാഹി ജുമാ മസ്ജിദിന്റെ ചില്ലുകള്‍ തകര്‍ത്ത് ആള്‍ക്കൂട്ടം ഖുര്‍ആനും മറ്റും പുറത്തേക്കെറിഞ്ഞു. പ്രദേശത്തെ മുസ് ലിംകളുടെ കടകള്‍ക്കെല്ലാം തീവച്ചു. സോഹ്നയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതില്‍ പരിക്കേറ്റ ഒരു ബജ്റംഗ് ദള്‍ നേതാവ് പിന്നീട് ഡല്‍ഹി ആശുപത്രിയില്‍ വച്ച് മരിച്ചു.
ഗുരുഗ്രാമിലെ വസീറാബാദ്, ബാദ്ഷാപുര്‍, ഘട്ടാ ഗ്രാമം, സെക്ടര്‍ 70എ എന്നിവിടങ്ങളിലെ ചേരിപ്രദേശത്ത് താമസിക്കുന്ന ബിഹാര്‍, ബംഗാള്‍, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള മുസ് ലിംകള്‍ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് കൂട്ടത്തോടെ പലായനം ചെയ്തു.
സ്ഥിതിഗതികള്‍ അല്പം ശാന്തമാകുന്ന ഘട്ടത്തിലാണ്, നൂഹില്‍ ഘോഷയാത്രയ്ക്കു നേരെ ‘കല്ലെറിഞ്ഞവര്‍’ ഒളിച്ചിരുന്ന ഇടങ്ങളിലേക്ക് മുഖ്യമന്ത്രി ഖട്ടര്‍ ബുള്‍ഡോസര്‍ ഇറക്കുന്നത്. നല്‍ഹഡ് ശഹീദ് ഹസന് ഖാന് മേവാതി മെഡിക്കല്‍ കോളജ് പരിസരത്തെ മെഡിക്കല്‍ ഷോപ്പുകളും റസ്റ്ററന്റുകളും കടകളും ചെറ്റക്കുടിലുകളും അടക്കം 2.6 ഏക്കറിലെ ”അനധികൃത നിര്‍മിതികള്‍” ഇടിച്ചുനിരത്തി. ഒറ്റയടിക്ക് 250 കുടിലുകള്‍ പൊളിച്ചെറിഞ്ഞു. വനം വകുപ്പിന്റെ ഭൂമിയില്‍ നാലു വര്‍ഷമായി അനധികൃതമായി താമസിച്ചുവന്ന, അസം വഴി എത്തിയ ബംഗ്ലാദേശി കുടിയേറ്റക്കാരുടേതാണ് ഈ ചേരിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
നൂഹില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ താവഡുവില് ഹരിയാന ശഹരി വികാസ് പ്രാധികരണ്‍ വക സ്ഥലം കൈയേറിയ മ്യാന്മറില് നിന്നുള്ള റോഹിംഗ്യ മുസ് ലിം അഭയാര്‍ഥികളുടെ കുടിലുകളും പൊളിച്ചുവെന്ന് പ്രഖ്യാപനമുണ്ടായി. പുന്ഹാനാ, പിന്ഗവാം, നഗീനാ, ഫിറോസ്പുര്‍ ഝിര്കാ എന്നിവിടങ്ങളിലെ ‘അനധികൃത കൈയേറ്റങ്ങളും’ ഒഴിപ്പിച്ചു. നാലാം നാള്, മൂന്നു നിലയുള്ള സഹാറ ഹോട്ടലിനു നേരെ ബുള്‍ഡോസര്‍ തിരിഞ്ഞു. ഈ കെട്ടിടത്തിനു മുകളില്‍ നിന്ന് ഘോഷയാത്രയ്ക്കുനേരെ കനത്ത കല്ലേറുണ്ടായത്രെ! മൊത്തത്തില്‍, 37 ഇടങ്ങളിലായി 57.5 ഏക്കര്‍ സ്ഥലത്ത് 162 പക്കാ കെട്ടിടങ്ങളും 591 താത്കാലിക നിര്‍മിതികളും ഇടിച്ചുനിരത്തി. കലാപത്തിന്റെ പേരില്‍ അറസ്റ്റിലായവരില്‍ ഏറെയും മേവ് മുസ് ലിം യുവാക്കളാണ്.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി സ്വമേധയാ ഇടപെട്ടാണ് ബുള്‍ഡോസര്‍ നീതിനിര്‍വഹണം സ്റ്റേ ചെയ്തത്. കെട്ടിടം പൊളിക്കാനുള്ള ഉത്തരവില്ലാതെ, നിയമപ്രകാരമുള്ള നോട്ടീസ് നല്കി നടപടിക്രമങ്ങള്‍ പാലിക്കാതെ ക്രമസമാധാന പ്രശ്നത്തിന്റെ പേരു പറഞ്ഞ് ഒരു പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങള്‍ ഇടിച്ചുതകര്‍ക്കുന്നത് ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലുള്ള വംശീയ ഉന്മൂലനമാകുമെന്ന് ജസ്റ്റിസ് ഗുര്‍മീത് സിങ് സംധാവാലിയ, ജസ്റ്റിസ് ഹര്‍പ്രീത് കൗര്‍ ജീവന് എന്നിവരുടെ ഡിവിഷന് ബെഞ്ച് വിലയിരുത്തി. രാജ്യത്തെ പൗരന്മാര്ക്ക് ഭരണഘടന നല്കുന്ന സംരക്ഷണമുണ്ട്.
ബുള്‍ഡോസര്‍ ”ചികിത്സയുടെ ഭാഗമാണ്” എന്ന സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ വിജിന്റെ വാക്കുകള്‍ ശ്രദ്ധിച്ച കോടതി, ”അധികാരം ദുഷിപ്പിക്കുന്നു; പരമാധികാരം പരമാവധി ദുഷിപ്പിക്കുന്നു” എന്ന് ലോഡ് ആക്ടനെ ഉദ്ധരിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടിയെ വിമര്‍ശിച്ചത്.
ബ്രജ് മണ്ഡല് ഘോഷയാത്രയുടെ സംഘാടകര്‍ പൊലീസിന് വേണ്ടത്ര വിവരങ്ങള്‍ നല്‍കിയില്ലെന്നു കുറ്റപ്പെടുത്തിയ ഉപമുഖ്യമന്ത്രിയും ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) നേതാവുമായ ദുഷ്യന്ത് ചൗട്ടാല, മേവാത്തിലെ ജനങ്ങള്‍ മുഗള്‍ സാമ്രാജ്യത്തിനും ബ്രിട്ടീഷുകാര്‍ക്കുമെതിരെ പോരാടിയ രാജ്യസ്നേഹികളാണെന്നും സംസ്ഥാനത്ത് സമാധാനവും സാഹോദര്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജനം ഒരുമിച്ച് പൊരുതേണ്ടതുണ്ടെന്നും പറഞ്ഞത് മുഖ്യമന്ത്രി ഖട്ടറുടെ നിലപാട് ഖണ്ഡിച്ചുകൊണ്ടാണ്. 2014-ല്‍ ലോക്സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്ന ദുഷ്യന്ത് ഇന്ത്യന്‍ ഉപപ്രധാനമന്ത്രിയും ഹരിയാന മുഖ്യമന്ത്രിയുമായിരുന്ന ചൗധരി ദേവിലാലിന്റെ പ്രപൗത്രനും ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഓം പ്രകാശ് ചൗട്ടാലയുടെ പൗത്രനുമാണ്. കുടുംബത്തിലെ രാഷ്ട്രീയ പിന്തുടര്ച്ചാവകാശത്തിന്റെ പേരില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ദേവിലാലിന്റെ ഓര്‍മയ്ക്കായി ജനനായക് പാര്‍ട്ടി സ്ഥാപിച്ച ദുഷ്യന്ത്, 2019-ല്‍ ജെജെപിയുടെ 10 അംഗങ്ങളുടെ പിന്തുണ 40 സീറ്റുള്ള ബിജെപിക്കു നല്‍കിയതിനെ തുടര്‍ന്നാണ് ഖട്ടറിന് ഭരണത്തുടര്‍ച്ചയ്ക്കുള്ള ഭൂരിപക്ഷം ഉറപ്പായത്. പക്ഷേ, അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ല എന്ന സൂചനയാണ് ദുഷ്യന്ത് നല്‍കുന്നത്.
മോദി മന്ത്രിസഭയില്‍ അംഗമായ ഗുരുഗ്രാമില്‍ നിന്നുള്ള ബിജെപി എംപി റാവു ഇന്ദര്‍ജിത്ത് സിങ്, മുസ് ലിം വിരുദ്ധത കൊണ്ട് രാജ്യാന്തരതലത്തില്‍ ഹരിയാനയുടെ പ്രതിച്ഛായ കളങ്കപ്പെടുമെന്ന് ഖട്ടറെ ഓര്‍മിപ്പിക്കുന്നുണ്ട്. ഇന്ത്യ-പാക്കിസ്ഥാന് വിഭജനത്തിനുശേഷം കഴിഞ്ഞ 75 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഇത്തരം ഒരു കലാപമുണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാം ഇംപ്ലമെന്റേഷന് സഹമന്ത്രിയായ ഇന്ദര്‍ജിത്ത് സിങ് പറഞ്ഞത്. മതഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് വാളും മറ്റ് ആയുധങ്ങളും നല്‍കിയത് ആരാണെന്ന് അന്വേഷിക്കണം. രണ്ടു ഭാഗത്തുനിന്നും പ്രകോപനമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്.
കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ ഒന്‍പതു സംസ്ഥാനങ്ങളില്‍ രാമനവമി, ഹനുമാന് ജയന്തി യാത്രകളുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായി; അതിന്റെ പേരില്‍ മുസ് ലിം വീടുകളും കടകളും ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടു. ഡല്‍ഹി ജഹാംഗിര്‍പുരിയിലും യുപിയിലും മധ്യപ്രദേശിലും ഗുജറാത്തിലും അസമിലും ജമ്മു-കശ്മീരിലും ന്യൂനപക്ഷ സമൂഹത്തെ ശിക്ഷിക്കുന്നതിന് ബുള്‍ഡോസര്‍ ഇറക്കിയപ്പോള്‍ ചിലയിടങ്ങളില്‍ ദളിതരെയും ആദിവാസികളെയുമാണ് ലക്ഷ്യംവച്ചത്. ഇത് രാജ്യാന്തര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ധ്വംസനമാണെന്ന് ഭവനങ്ങള്‍, ന്യൂനപക്ഷം, മതസ്വാതന്ത്ര്യം എന്നിവയ്ക്കു വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ മൂന്ന് സ്പെഷല്‍ റപ്പോര്‍ട്ടര്‍മാര്‍ സംയുക്തമായി 2022 ജൂണില്‍ ഇന്ത്യാ ഗവണ്മെന്റിന് എഴുതി.
ലോകത്തെ ഏറ്റവും മുന്തിയ 250 ഫോര്‍ച്യൂണ്‍ 500 മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ഓഫിസ് ബ്ലോക്കുകളും കൂറ്റന്‍ നിര്‍മാണ യൂണിറ്റുകളും ഇന്റഗ്രേറ്റഡ് ടെക് പാര്‍ക്കുകളും ബിസിനസ് സെന്ററുകളും സ്റ്റാര്‍ട്ടപ്പ് സമുച്ചയങ്ങളും മറ്റുമായി മില്ലേന്നിയം സിറ്റിയായി രൂപാന്തരം പ്രാപിച്ച പഴയ ഗുഡ്ഗാവില്‍ നിന്ന് 57 കിലോമീറ്റര്‍ അകലെയുള്ള നൂഹ് നിതി ആയോഗിന്റെ പട്ടികയില്‍ ഇന്ത്യയിലെ ഏറ്റം പിന്നാക്ക ജില്ലയാണ്. അതേസമയം, ഇന്റര്‍നെറ്റ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍, ഡീപ് ഫെയ്ക് ബ്ലാക്ക്മെയില്‍ തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നൂഹ് ഝാര്‍ഖണ്ഡിലെ ജാംതാഡായെയും കടത്തിവെട്ടും. കഴിഞ്ഞ ഏപ്രിലില്‍ 5,000 പൊലീസുകാര്‍ നൂഹിലെ 14 ഗ്രാമങ്ങളില്‍ സൈബര്‍ കുറ്റാവാളികളുടെ 320 ഒളിത്താവളങ്ങളില്‍ നടത്തിയ റെയ്ഡില്‍ നൂറു കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. അന്ന് കസ്റ്റഡിയിലെടുത്ത 65 പേരില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചത് ജനരോഷത്തിന് കാരണമായി. ഈ കലാപത്തിനിടെ നൂഹിലെ സൈബര്‍ പൊലീസ് സ്റ്റേഷന് ആക്രമിച്ചതിനു പിന്നില്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള വന്‍ ഗൂഢാലോചന സംശയിക്കുന്നുണ്ട്.
ബുള്‍ഡോസര്‍ പിന്‍വലിക്കപ്പെടുമ്പോഴും ഹരിയാനയിലെ മഹേന്ദ്രഗഢ്, ഛജ്ജര്‍, രേവാഡി എന്നിവിടങ്ങളിലെ 14 ഗ്രാമങ്ങളിലെ 50 പഞ്ചായത്തുകള്‍ മുസ് ലിംകളെ സാമൂഹികമായി ബഹിഷ്കരിക്കുമെന്ന പ്രഖ്യാപനത്തിലൂടെ പ്രശ്നങ്ങള്‍ വഷളാക്കുകയാണ്. മുസ് ലിംകള്‍ക്ക് വീടോ കടകളോ വാടകയ്ക്കു നല്കുകയില്ല. മുസ് ലിംകളുടെ കടകളും വ്യാപാരസ്ഥാപനങ്ങളും ബഹിഷ്കരിക്കും. ഇറച്ചി വില്പന വാല്മീകി സമുദായം ഏറ്റെടുക്കും. തിരിച്ചറിയല്‍ കാര്‍ഡു നോക്കിയേ വഴിവാണിഭക്കാരെ ഗ്രാമങ്ങളിലേക്കു കടത്തിവിടൂവത്രേ! ഹിന്ദുത്വ ഭരണകൂട ബുള്‍ഡോസറിന്റെ ദിഗ്വിജയം!
ഇന്ത്യയുടെ അധ്യക്ഷതയില്‍ അടുത്തമാസം ഡല്‍ഹിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളുടെ അന്തിമ അവലോകനത്തിനായുള്ള ഷെര്‍പ്പാ ഗ്രൂപ്പ് യോഗം ചേരേണ്ടത് ഹരിയാനയിലെ ഗുരുഗ്രാമിലാണ്. പ്രധാനമന്ത്രി മോദി വിശ്വഗുരുവിന്റെ ഏതു മഹാവതാര ഭാവത്തില്‍ ‘വസുധൈവ കുടുംബകം’ ഉച്ചകോടി ശ്ലോകം ചൊല്ലിയാലും സ്വന്തം ആവാസകേന്ദ്രങ്ങളില്‍ നിന്ന് വെറുപ്പിന്റെയും ഹിംസയുടെയും ബുള്‍ഡോസറുകളാല്‍ ആട്ടിപ്പായിക്കപ്പെട്ട മണിപ്പുരിലെയും ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും അസമിലെയും ഗുജറാത്തിലെയും ഡല്‍ഹിയിലെയും മഹാരാഷ്ട്രയിലെയും നിരാലംബരായ മനുഷ്യരുടെ നെഞ്ചകം പിളര്‍ക്കുന്ന നിലവിളിയുടെ ആര്ത്താഭിശാപത്തില് അത് ശുഭേതരമായി ഭവിക്കാനേ തരമുള്ളൂ.