ഒരു പതിറ്റാണ്ടിലധികം കാലമായി പൗളി വല്സന് അമ്മയായും ചേച്ചിയായും സിനിമകളില്‍ നിറഞ്ഞു നില്ക്കുന്നു. കൊച്ചുകൊച്ചു വേഷങ്ങളാണെങ്കിലും തന്റെ അഭിനയ മികവുകൊണ്ടും സംഭാഷണ ശൈലികൊണ്ടും പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞു പൗളി വല്സന്. മികച്ച സ്വഭാവനടിക്കുള്ള 2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വാര്‍ത്ത വൈപ്പിന്‍ ഓച്ചന്തുരുത്തിലെ വളപ്പിലുള്ള പണിതീരാത്ത വീട്ടിലിരുന്നാണ് പൗളി വത്സന് അറിഞ്ഞത്. അന്ന് പൊതുവേ അറിയപ്പെടാത്ത നടിയായിരുന്നു പൗളി വല്സനെങ്കില് 2023 ല്‍ മറ്റൊരു പുരസ്കാരം കൂടി ലഭിച്ചപ്പോഴേക്കും മലയാളത്തിലെ മികച്ച അഭിനേത്രിമാരിലൊരാളായി പൗളി വല്സന് മാറി കഴിഞ്ഞിരിക്കുന്നു. ഇത്തവണ അവാര്‍ഡ് അഭിനയത്തിനല്ലെന്നുമാത്രം. മറ്റൊരാള്‍ക്ക് ശബ്ദം പകര്‍ന്നു നല്‍കിയതിനാണ് അപ്രതീക്ഷിത പുരസ്കാരം.
അപ്രതീക്ഷിതം രണ്ടു അവാര്‍ഡുകളും
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ തനിക്കു ലഭിച്ച രണ്ടെണ്ണവും അപ്രതീക്ഷിതമായിരുന്നുവെന്ന് പൗളി വല്സന്. ലിജോ ജോസ് പല്ലിശേരിയുടെ ഈമയൗവില്‍ മരണവീടുകളില്‍ മരിച്ചവരെക്കുറിച്ച് പറഞ്ഞു കരയുന്ന കഥാപാത്രത്തെയാണ് പൗളി അവതരിപ്പിച്ചത്. അവാര്‍ഡിന് സാധ്യതയുണ്ടെന്ന് പലരും പറഞ്ഞെങ്കിലും തനിക്കു തീരെ പ്രതീക്ഷയുണ്ടായിരുന്നില്ലെന്നാണ് പൗളി പറയുന്നത്. അവാര്‍ഡ് ലഭിച്ചപ്പോള്‍ മമ്മൂട്ടിയടക്കം നിരവധി പേര് വിളിച്ചഭിനന്ദിച്ചു. 1975ല്‍ മമ്മൂട്ടിയോടൊന്നിച്ച് സബര്‍മതി എന്നൊരു നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബെന്നി പി. നായരമ്പലത്തിന്റെ നിര്‍ബന്ധത്തില്‍ താനഭിനയിച്ച ആദ്യസിനിമയായിരുന്നു അണ്ണന് തമ്പി. അതില്‍ മമ്മൂട്ടിയായിരുന്നു നായകന്. സുരാജ് വെഞ്ഞാറമൂട് ഓടിക്കുന്ന ആംബുലന്‍സില്‍ മരിച്ച ഭര്‍ത്താവിനരികെ ഇരുന്ന് കരയുന്ന കഥാപാത്രമായിരുന്നു. ആ ഒരു രംഗം മാത്രമേ അതിലുണ്ടായിരുന്നുള്ളൂ. ഷൂട്ടിംഗ് സെറ്റില്‍ മമ്മൂട്ടി എന്നെ തിരിച്ചറിഞ്ഞ് വിളിച്ച് സംസാരിച്ചത് വലിയ സന്തോഷമായി.
ഇപ്പോഴത്തെ അവാര്‍ഡ് അത്രപോലും പ്രതീക്ഷിച്ചില്ല.
ഞാനവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കു മാത്രമേ ഇതുവരെ ശബ്ദം നല്‍കിയിട്ടുള്ളൂ.
സൗദി വെള്ളയ്ക്ക എന്ന സിനിമയില്‍ ദേവി വര്‍മ അവതരിപ്പിച്ച കഥാപാത്രത്തിനു വേണ്ടിയാണ് ഡബ്ബ് ചെയ്തത്. കൊച്ചി ട്യൂണില്‍ സംസാരിക്കുന്ന കഥാപാത്രമാണത്. ദേവി വര്‍മയ്ക്ക് അതു ശരിയാകുന്നുണ്ടായില്ല. സംവിധായകന് കുറേപേരെ ഡബ്ബിംഗിന് പരീക്ഷിച്ചിട്ടും ശരിയായില്ല. എന്നെ നിര്‍ബന്ധിച്ച് വിളിക്കുകയായിരുന്നു. എനിക്കതൊട്ടും താല്പര്യമുണ്ടായിരുന്നില്ല. കാരണം, എന്റെ ശബ്ദവും ശൈലിയുമെല്ലാം സിനിമ സ്ഥിരമായി കാണുന്നവര്‍ക്കെല്ലാം ഏറെ കുറേ പരിചിതമായിക്കഴിഞ്ഞു. ഞാന്‍ ശബ്ദം നല്കിയാല് തിരിച്ചറിയുമല്ലോ എന്നു പറഞ്ഞ് ഒഴിഞ്ഞു. വീണ്ടും നിര്‍ബന്ധം കാരണം പോയി ഡബ്ബ് ചെയ്തു. രണ്ടു ദിവസം പൂര്ണമായെടുത്തു ഡബ്ബിംഗിന്. അങ്ങിനെയാരു അവാര്‍ഡുള്ള കാര്യം തന്നെ ഓര്‍ത്തിരുന്നില്ല. സൗദി വെള്ളയ്ക്കയിലെ ഉമ്മയായി അഭിനയിച്ച ദേവി വര്‍മ്മയ്ക്കും ഉമ്മയ്ക്ക് ശബ്ദം നല്കിയ എനിക്കും- രണ്ടാള്‍ക്കും പുരസ്കാരം ലഭിച്ചു എന്നതില്‍ വലിയ സന്തോഷം.
വലിയ നടന് അവാര്‍ഡ്
ഇത്തവണ മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയതിലും വലിയ സന്തോഷമുണ്ട്. അഭിനയത്തില്‍ അത്രമാത്രം അര്‍പ്പണബോധമുള്ള നടനാണ് മമ്മൂട്ടി. ഭീഷ്മപര്‍വത്തിലും തങ്ങള്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ഒറ്റ ഷോട്ടില്‍ താന്‍ രംഗം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ അഭിനന്ദിച്ചു. അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചപ്പോള്‍ കൂടെ, ഡബ്ബിംഗിനാണെങ്കിലും തനിക്കും അവാര്‍ഡ് ലഭിച്ചതില്‍ പൗളിക്കു സന്തോഷം.
നാടകരംഗത്ത് നീണ്ട കാലം
നാടകത്തില്‍ 37 വര്‍ഷം പിന്നിട്ടപ്പോഴാണ് തനിക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. 17-ാം വയസിലാണ് നാടകരംഗത്തെത്തുന്നത്. നാടകം കാണാന്‍ എല്ലാവര്ക്കും വലിയ ഇഷ്ടമായിരുന്നങ്കിലും നാടകനടിമാരെ അത്ര മതിപ്പുണ്ടായിരുന്നില്ല. നാടകത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ നിരവധി പ്രശ്നങ്ങളുണ്ടായി. വീട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നു. പക്ഷേ ജീവിതത്തില്‍ തനിക്കു മുമ്പില്‍ തെളിഞ്ഞ വഴി അതായിരുന്നുവെന്നാണ് പൗളി വല്സന് പറയുന്നത്. പി.ജെ ആന്റണി, തിലകന്, രാജന് പി.ദേവ്, ആലംമൂടന്‍, സേവ്യര്‍ പുല്‍പ്പാട്ട്, കുയിലന്‍ തുടങ്ങിയ മഹാന്മാരായ നാടകപ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായി. പീന്നിട് വല്സനുമായി പ്രണയവിവാഹം. അതിനും വലിയ എതിര്‍പ്പുണ്ടായി. പട്ടിണി കിടക്കേണ്ടി വന്നു. ആത്മഹത്യയ്ക്കു വരെ ആലോചിച്ചു. പക്ഷേ ദൈവം എല്ലാം കാണുന്നുണ്ടായിരുന്നു.
തീരദേശഭാഷയും കോമഡിയും
നാടകങ്ങളില്‍ തീരദേശ ഭാഷയായിരുന്നു പൗളി പ്രധാനമായും ഉപയോഗിച്ചിരുന്നത്. ബെന്നി പി. നായരമ്പലത്തിന്റെ നാടകങ്ങളിലൊക്കെ മിക്കവാറും ഈ ഭാഷയാണ് താന്‍ ഉപയോഗിച്ചതെന്ന് അവര്‍ വ്യക്തമാക്കുന്നു. തനിക്കു പരിചയമുള്ള ഭാഷ നന്നായി ഉപയോഗിക്കാന്‍ പറ്റിയെന്നു പറയാം. തൃശൂര്‍ ഭാഷയും കോട്ടയം ഭാഷയുമൊക്കെ ചില നാടകങ്ങളില്‍ പറഞ്ഞിട്ടുണ്ടെങ്കിലും തീരദേശത്തെ ഭാഷയും സംഭാഷണങ്ങളുമുള്ള കഥാപാത്രങ്ങളെയാണ് കൂടുതലും ലഭിച്ചിട്ടുള്ളത്. അതുപോലെ കോമഡിയും ദൈവാനുഗ്രഹത്താല്‍ നന്നായി ചെയ്യാന്‍ പറ്റി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേദികളില്‍ കളിച്ചിട്ടുള്ള നാടകങ്ങളിലൊന്നായ അച്ചാമ്മകുട്ടിയുടെ അച്ചായനില്‍ രാജന് പി. ദേവുമൊത്ത് തീരഭാഷയും കോമഡിയും തകര്‍ത്തു കളിച്ചു. കോമഡി കൂടിപ്പോയതുകൊണ്ട് സംസ്ഥാന അവാര്‍ഡ് കിട്ടാതെ പോയെന്ന് പിന്നീടറിഞ്ഞു. മിക്കവാറും സിനിമകളിലും ഈ ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്. അഭിനേത്രികളില്‍ പ്രത്യേകശൈലി ഉപയോഗിക്കുന്നവര്‍ കുറവായതുകൊണ്ടായിരിക്കണം താന്‍ ശ്രദ്ധിക്കപ്പെട്ടത്.
ജീവിതദുരിതങ്ങള്‍
കലാകാരന്മാര് ഒട്ടുമിക്കവരും എന്നെപ്പോലെ ദുരിതങ്ങള്‍ താണ്ടി കടന്നുവന്നവരായിരിക്കും. അതില്‍ വലിയ അദ്ഭുതമൊന്നുമില്ല. കുടുംബം പട്ടിണിയുടെ വക്കിലായപ്പോള്‍ അപ്പച്ചനെ ഒരു കൈ സഹായിക്കാനാണ് താന്‍ നാടകരംഗത്തെത്തിയത്. ഒരുപാട് അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ദൈവം എല്ലാം കാണുന്നവനാണെന്ന കാര്യം അനുഭവത്തിലൂടെ വീണ്ടും വീണ്ടും ബോധ്യപ്പെടുകയാണ്.
കര്‍ത്താവിന്റെ കൃപ, മാതാവിന്റെ അനുഗ്രഹം
കര്‍ത്താവിന്റെ കൃപയാണ് ഇന്നത്തെ തന്റെ സ്ഥിതിക്കും അവാര്‍ഡിനുമൊക്കെ കാരണമെന്നാണ് വിശ്വാസം. മാതാവിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടായിരുന്നു. ഏതു വിഷമസന്ധിയിലും മാതാവ് കൂട്ടായി. നാടക രംഗത്തായിരുന്നപ്പോഴും ഇപ്പോള്‍ സിനിമാ ഷൂട്ടിംഗിനു പോകുമ്പോഴുമെല്ലാം പ്രാര്ഥിക്കുവാന് സമയം കണ്ടെത്തും. സമീപത്ത് പള്ളികളുണ്ടെങ്കില്‍ അവിടെ പോയി പ്രാര്‍ഥിക്കും, കുര്‍ബാനയില്‍ പങ്കെടുക്കും. മറ്റുള്ളവരുടെ പ്രാര്‍ഥനയും അനുഗ്രഹവുമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന ഉത്തമബോധ്യവുമുണ്ട്.