മധുരക്കള്ളിന്റെ പഞ്ചാരവര്ത്തമാനത്തില് മയങ്ങിവീഴാതെ നാടിനെയാകെ ഗ്രസിച്ചിരിക്കുന്ന ലഹരിക്കച്ചവടത്തിന്റെ രാഷ്ട്രീയ ദല്ലാളന്മാരെ കേരളജനത തെരുവില്‍ വിചാരണ ചെയ്യേണ്ട നേരമാണിത്. പ്രകൃതിജന്യവും പരമ്പരാഗതവുമായ തനതു ലഹരിപാനീയമായ കള്ളിനെ ‘കേരള ടോഡി’ എന്നു ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിക്കുന്നുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ അബ്കാരി നയപ്രഖ്യാപനം, മദ്യത്തിന്റെ പരസ്യങ്ങള്‍ നിരോധിച്ചിട്ടുള്ളതിനാല്‍ പ്രമുഖ ലിക്കര്‍ ബ്രാന്‍ഡുകളുടെ പേരില്‍ വെറും സോഡ ചീറ്റിച്ചും പതപ്പിച്ചും കാണിച്ച് കോടികളുടെ പരസ്യ മാര്‍ക്കറ്റിങ് തന്ത്രം പ്രയോഗിക്കുന്ന മദ്യകുത്തകവ്യാപാരികളെ ഓര്‍മിപ്പിക്കുന്നതാണ്.
ഉന്മാദകദ്രവ്യങ്ങളില് ഏറെ ആപല്‍ക്കരമായ കാഠിന്യമുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ഇത്രയും മാരകമായ അളവില്‍ അമിതമായ ദ്രവ്യാസക്തിയോടെ നാട്ടിലെങ്ങും സുലഭമായൊഴുക്കി ജനങ്ങളെ കുടിപ്പിച്ചു കിടത്തുന്ന ഒരു ഭരണകൂടം കേരളചരിത്രത്തിലുണ്ടായിട്ടില്ല.
മദ്യവര്‍ജനം പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഇടപെടല്‍ നടത്തും, മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയം സ്വീകരിക്കും, അതിവിപുലമായ ജനകീയ ബോധവത്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും എന്നൊക്കെ തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഇടതുമുന്നണി സര്‍ക്കാരിന്റെ ജനവഞ്ചനയുടെ പ്രഥമ ദൃഷ്ടാന്തം കഴിഞ്ഞ ഏഴു വര്‍ഷമായി ഉത്തരോത്തരം ഈട്ടിക്കൂട്ടി കൊഴുപ്പിച്ചെടുത്ത മദ്യവ്യാപന നയം തന്നെയാണ്. നവകേരള വികസന പൊങ്ങച്ചഘോഷങ്ങളുടെ മറവില്‍ ധൂര്‍ത്തടിച്ച പൊതുഖജനാവില്‍ നിത്യനിദാനത്തിനു വകയില്ലാത്തപ്പോള്‍, 251 ശതമാനത്തോളം നികുതിയും കുപ്പിയൊന്നിന് 40 രൂപ വരെ സാമൂഹിക സുരക്ഷാ സെസും ഈടാക്കി മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍, മദ്യവ്യാപനത്തിലൂടെ പെരുകുന്ന സാമൂഹികദുരന്തങ്ങള്‍ – മാരകരോഗങ്ങള്‍, കുടുംബകലഹങ്ങള്‍, സ്ത്രീപീഡനങ്ങള്‍, കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, സാമ്പത്തികത്തകര്‍ച്ച, ആത്മഹത്യകള്‍, കൊടിയ ദുരിതങ്ങള്‍ – കണ്ടില്ലെന്നു നടിച്ച് മദ്യമുതലാളിമാര്‍ക്ക് പാനോപചാരം അര്‍പ്പിക്കുന്നത് ആരുടെ ആര്‍ത്തി തീര്‍ക്കാനാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കള്ള് ജീവാമൃതമാണെന്ന മട്ടില്‍ അതിന്റെ പോഷകമൂല്യവും ഔഷധഗുണങ്ങളും വര്‍ണിച്ച് ഇടതുനേതാക്കള്‍ക്ക് മതിവരുന്നില്ല. ദുബായില്‍ ശ്രീലങ്കന്‍ കള്ള് വില്‍ക്കുന്ന കടയുണ്ടെന്നു കേട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേരള ടോഡി കയറ്റുമതി തന്റെ സ്വപ്നപദ്ധതി പട്ടികയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. കള്ളുചെത്ത് മേഖല ബാറുടമകള്‍ക്കു കൂടി തുറന്നുകൊടുത്തുകൊണ്ട് ത്രീസ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ തൊട്ടുള്ള ഹോട്ടലുകളിലും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളിലും സ്വന്തം വളപ്പുകളിലെ തെങ്ങും പനയും ചെത്തി കള്ളു വില്ക്കാന് പെര്‍മിറ്റ് നല്‍കാനാണ് തീരുമാനം. ചെത്തുതെങ്ങ് പ്ലാന്റേഷന് അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതു പ്രോത്സാഹിപ്പിക്കും. അധികമുള്ള കള്ളില്‍ നിന്ന് കുടുംബശ്രീ മൂല്യവര്‍ധിത ഉല്പന്നങ്ങളുണ്ടാക്കും. കേരള ടോഡി ബ്രാന്‍ഡ് കൂടുതല്‍ ജനകീയമാക്കാന്‍ കള്ളുഷാപ്പുകളുടെ മുഖച്ഛായ മാറ്റി ആധുനികവത്കരിക്കാനും പദ്ധതിയുണ്ട്. 2021-ലെ കേരള കള്ളുവ്യവസായ വികസന ബോര്‍ഡ് ബില്ലിനെക്കുറിച്ച് ചര്‍ച്ച തുടങ്ങുംമുമ്പേ കേള്‍ക്കുന്നതാണ് ഇതില്‍ പലതും.
കേരളത്തില്‍ നിലവിലുള്ള 4,616 കള്ളുഷാപ്പുകളില്‍ വില്പനയ്ക്ക് എത്തുന്ന കള്ളിന്റെ സ്രോതസും ഗുണനിലവാരവും സംബന്ധിച്ച് എക്സൈസ് വകുപ്പ് സമഗ്രവും ആധികാരികവുമായ എന്തെങ്കിലും പഠനം നടത്തിയതായി സൂചനയൊന്നുമില്ല. സംസ്ഥാനത്ത് മൂന്നര ലക്ഷം ലിറ്റര്‍ കള്ളാണ് പ്രതിദിനം ചെത്തിക്കിട്ടുന്നത്. ഇതില്‍ 2.60 ലക്ഷം ലിറ്ററും പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ നിന്നുള്ളതാണ്. ചിറ്റൂരിലെ ചെത്തുതെങ്ങുകളില് 26,290 എണ്ണം പാലക്കാട് ജില്ലയിലെ ഷാപ്പുകള്ക്കുവേണ്ടിയുള്ളതാണ്; 1,49,093 തെങ്ങുകള്ക്കുള്ള ചെത്തു പെര്‍മിറ്റ് മറ്റു 11 ജില്ലകള്ക്കായുള്ളതും. ഒരു തെങ്ങില്‍ നിന്ന് ശരാശരി ഒന്നര ലിറ്റര്‍ കള്ള് കിട്ടും. ഒരു തെങ്ങ് ചെത്തുപാട്ടത്തിനു കൊടുത്താല്‍ 350 രൂപ മുതല്‍ 650 രൂപ വരെ ഉടമയ്ക്കു ലഭിക്കും. ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കണക്കുപ്രകാരം 21,015 ചെത്തുകാരും 8,004 ഷാപ്പുതൊഴിലാളികളുമുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത ചെത്തുകാര് ഏതാണ്ട് 900 വരും. മായംചേര്‍ക്കാത്ത നല്ല നാടന്‍കള്ള് ലൈസന്‍സുള്ള ഷാപ്പുകളില്‍ ചുരുങ്ങിയ അളവില്‍പോലും കിട്ടാത്ത സാഹചര്യത്തിലാണ് കേരള ടോഡി ബ്രാന്‍ഡ് ആഖ്യാനം പൊലിപ്പിക്കുന്നത്.
എട്ടു ശതമാനം ആല്‍ക്കഹോള്‍ അടങ്ങുന്ന കള്ള് പ്രമോട്ടു ചെയ്യാന്‍ ഇത്രയ്ക്ക് വെമ്പുന്നവര്‍, പത്തുകൊല്ലം മുമ്പ് കേരള സര്‍ക്കാര്‍ സാഘോഷം അവതരിപ്പിച്ച നീരയുടെ കഥ ഓര്‍ക്കുന്നുണ്ടോ? തെങ്ങിന്പൂക്കുലയില് നിന്ന് ഊറിവരുന്ന നീരാണ് നീര എന്ന മധുരക്കള്ള്. ഇത് ആറുമാസം വരെ പുളിക്കാതെ സൂക്ഷിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. രുചികരവും പോഷകമൂല്യവുമുള്ള ലഘുപാനീയമായും മൂല്യവര്‍ധിത ഉത്പന്നങ്ങളായും നീര വ്യവസായത്തിന് വന്‍ സാധ്യതകളാണ് നാളികേര വികസന ബോര്‍ഡ് പ്രവചിച്ചിരുന്നത്. നീര ചെത്തിനും ആവശ്യത്തിന് തെങ്ങ് ലഭ്യമല്ല എന്നതാണോ മദ്യലോബിയുടെ ഇടപെടലാണോ നീര സംരംഭങ്ങളുടെ മുരടിപ്പിന് ഇടയാക്കിയത്?
ടൂറിസ്റ്റ് സീസണില്‍ റസ്റ്ററന്റുകളില്‍ ബിയറും വൈനും വില്ക്കാന് സ്പെഷല്‍ പെര്‍മിറ്റ് നല്‍കുന്നത് ഉള്‍പ്പെടെ സംസ്ഥാനത്ത് മദ്യവില്പനയുടെ തലങ്ങള്‍ അഭൂതപൂര്‍വമായി വികസിക്കുന്നുവെന്ന ഭയാനക സത്യം മറച്ചുപിടിക്കാനാണ് കേരള ടോഡി രസജ്ഞരുടെ ആനന്ദലഹരീസ്തവങ്ങള്.
ഐടി പാര്‍ക്കുകളില്‍ ക്ലബ് പെര്‍മിറ്റ് ശൈലിയില്‍ ബാറുകള്‍ അനുവദിച്ചതുപോലെ സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളിലും ബാറുകള്‍ തുറക്കാമെന്ന ഉദാരസമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഹരിയാനയുടെ മാതൃക പിന്തുടര്ന്ന് അടുത്ത പടിയായി കോര്‍പറേറ്റ് ഓഫിസുകളില്‍ ബിയറും വൈനും മറ്റു ലഘുലഹരിപാനീയങ്ങളും വിളമ്പാനുള്ള ലൈസന്‍സും പരിഗണിച്ചുകൂടായ്കയില്ല! തമിഴ്നാട്ടില്‍ സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പറേഷന് (ടാസ്മാക്) ചെയ്തതുപോലെ വന്‍കിട മാളുകളില്‍ വെന്‍ഡിങ് മെഷീനിലൂടെ മദ്യം ലഭ്യമാക്കിയാല്‍ കുറെക്കൂടി ജോറാകും. സംസ്ഥാനത്ത് ഇപ്പോള്‍ 721 ബാറുകളുണ്ട് – 372 ത്രീസ്റ്റാര്‍, 282 ഫോര്‍സ്റ്റാര്‍, 49 ഫൈവ്സ്റ്റാര്‍, 18 ഹെരിറ്റേജ് ബാറുകള്‍. ബിയര്‍-വൈന്‍ പാര്‍ലറുകള്‍ 295 എണ്ണവും.
എ.കെ ആന്റണി സര്‍ക്കാര്‍ 1996-ല്‍ ചാരായം നിരോധിക്കുകയും, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2015-ല്‍ സംസ്ഥാനത്തെ 29 പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെ മറ്റെല്ലാ വിദേശമദ്യ ബാറുകളും അടപ്പിക്കുകയും ചെയ്തു. കേരളത്തിലെ പാവപ്പെട്ട കുടുംബിനികളുടെയും സൈ്വരജീവിതം ആഗ്രഹിക്കുന്ന മനുഷ്യസ്നേഹികളുടെയും ജനക്ഷേമത്തിന്റെ ഉന്നത ധാര്‍മ്മികമൂല്യങ്ങളെ ആദരിക്കുന്നവരുടെയുമെല്ലാം ഹൃദയം കവര്‍ന്ന വിപ്ലവകരമായ തീരുമാനമായിരുന്നു അവ. പക്ഷേ രണ്ടുതവണയും യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടി നേരിടേണ്ടിവന്നു. മദ്യലോബിയെ കേരളരാഷ്ട്രീയത്തിലെ ചാലകശക്തിയാക്കി നിലനിര്‍ത്തുന്ന പ്രത്യയശാസ്ത്രത്തിന്റെ വിജയം ആത്യന്തികമായി സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത്, ലക്ഷ്വറി ടൂറിസം മേഖലയില്‍ ഒഴിവാക്കാനാവാത്ത പഞ്ചനക്ഷത്ര ബാറുകള്‍ മാത്രമാണ് സംസ്ഥാനത്ത് അവശേഷിച്ചിരുന്നത്. എല്ലാത്തരം വിദേശമദ്യവും വിളമ്പിയിരുന്ന 813 ബാറുകളില്‍ ഒടുവില്‍ ബിയറും വൈനും മാത്രം വില്ക്കാനാനേ കഴിഞ്ഞിരുന്നുള്ളൂ. മദ്യവര്‍ജനം ഉള്‍പ്പെടെ ”എല്ലാം ശരിയാക്കും” എന്നു പറഞ്ഞ് എല്‍ഡിഎഫ് 2016-ല്‍ അധികാരത്തില്‍ വന്നപാടേ പഴയ ലൈസന്‍സുള്ള 438 ബാറുകള്‍ തുറന്നു. 2016-21 കാലത്ത് 200 പുതിയ ബാറുകള്‍ക്ക് അനുമതി നല്കി; 51 ബിയര്‍-വൈന്‍ പാര്‍ലറുകളും ആരംഭിച്ചു. 2021-23 കാലത്ത് 54 ബാറുകളും 11 ബിയര്‍ പാര്‍ലറുകളും തുടങ്ങി.
ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 200 മീറ്റര്‍ പരിധിയില്‍ മദ്യവില്പന നിരോധിച്ചിരുന്നിടത്ത് ദൂരപരിധി 50 മീറ്ററായി ഇടതു സര്‍ക്കാര്‍ കുറച്ചു. സുപ്രീം കോടതി ദേശീയപാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചപ്പോള്‍, ദേശീയപാതകള്‍ സംസ്ഥാന പാതകളാക്കി പുനര്‍വിജ്ഞാപനം ചെയ്ത് മദ്യവില്പനയ്ക്ക് പഴുതുണ്ടാക്കി നാഷണല്‍ ഹൈവേകള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന ഫണ്ട് പോലും മദ്യമുതലാളിമാര്‍ക്കുവേണ്ടി വേണ്ടെന്നുവച്ച സര്‍ക്കാരാണിത്! പഞ്ചായത്തീരാജ് നഗരപാലിക നിയമത്തിലെ 232, 447 വകുപ്പുകള്‍ പ്രകാരം മദ്യഷാപ്പുകള്‍ക്ക് അനുമതി നല്കാതിരിക്കാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം മദ്യലോബിക്കുവേണ്ടി റദ്ദുചെയ്യാനും ഇവര്‍ മടിച്ചില്ല.
വിദേശമദ്യത്തിന്റെ പ്രധാന ഘടകമായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ എന്ന സ്പിരിറ്റ് ഉത്പാദനം സംസ്ഥാനത്ത് വര്‍ധിപ്പിക്കാനും പുതിയ ഡിസ്റ്റിലറികളും ബിയര്‍ ഉത്പാദന യൂണിറ്റുകളും തുറന്ന് മദ്യത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്ത കൈവരിക്കാന്‍ മാത്രമല്ല ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കയറ്റുമതി ചെയ്യാനും പിണറായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അരിയും പലവ്യഞ്ജനങ്ങളും അടക്കം അവശ്യവസ്തുക്കളുടെ ലഭ്യതയെക്കുറിച്ച് ജനങ്ങള്‍ക്ക് ഒരു ഉറപ്പും നല്കാന് കഴിയാത്ത സര്‍ക്കാരിന് വിദേശമദ്യ വില്പനയില് എന്തൊരു ജാഗ്രതയും കരുതലുമാണ്!
മദ്യലഭ്യത കുറയുന്നതിന് ആനുപാതികമായി ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കും എന്നൊരു തിയറി ഇടതുനേതാക്കള്‍ കുറെക്കാലം പ്രചരിപ്പിച്ചിരുന്നു. മദ്യലഭ്യത പ്രശ്നം എല്‍ഡിഎഫ് ”ശരിയാക്കിയിട്ടും” കേരളം രാസലഹരിമരുന്ന് ഹബ്ബായി മാറുന്നത് എങ്ങനെയാണെന്ന് എക്സൈസ് വകുപ്പിന് ഒരു ധാരണയുമില്ല.
എക്സ്റ്റസി (എംഡിഎംഎ), മെതാംഫെറ്റമിന്‍, എല്‍എസ്ഡി, കൊക്കെയ്ന്‍, പാരമെതോസയാംഫെറ്റമിന് തുടങ്ങിയ സൈക്കോട്രോപിക് രാസലഹരിമരുന്നുകള്‍ കേരളത്തിലേക്ക് ഒഴുകുന്നതു തടയാന്‍ മെഴുകുതിരി കത്തിച്ചും കൂട്ടയോട്ടം സംഘടിപ്പിച്ചും ലഹരിച്ചങ്ങല പൊട്ടിക്കുമെന്ന മുദ്രാവാക്യം ചുമരുകളില്‍ എഴുതിവച്ചും വിമുക്തി മിഷന് ക്യാംപെയ്നുകളുടെ പേരില്‍ ലക്ഷങ്ങള്‍ എഴുതിതള്ളുന്നുണ്ട്. നാടൊട്ടുക്ക് മദ്യമൊഴുക്കുകയും മദ്യാസക്തരെ നിര്‍ദയം കൊള്ളയടിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍, ബെവറേജസ് ഔട്ട്ലെറ്റുകളില് സാമൂഹിക സുരക്ഷാ സെസിന്റെ പേരില്‍ പിരിക്കുന്ന കോടികളില്‍ ചെറിയൊരംശം വഴിപാടുപോലെ വിമുക്തി മിഷനിലേക്ക് വകകൊള്ളിക്കുന്നതിലെ നെറികേടും കാപട്യവും കാണാന്‍ ആരും ഡിഅഡിക്ഷന്‍ സെന്ററിലേക്കൊന്നും പോകേണ്ടതില്ലല്ലോ!
മദ്യവിപത്തില്‍ നിന്ന് കേരളത്തെ കരേറ്റാന്‍ വിശാലമായ സാമൂഹിക മുന്നേറ്റത്തിന്റെ പടയണി രൂപീകരിക്കേണ്ടതുണ്ട്. തീരദേശത്തെ കള്ളവാറ്റുകേന്ദ്രങ്ങള്ക്കെതിരെയും നിയമവിരുദ്ധ മദ്യശാലകള്ക്കെതിരെയും സഹനസമരവും ജനകീയ പ്രക്ഷോഭങ്ങളും നയിച്ച് ഐതിഹാസിക വിജയം നേടിയിട്ടുള്ള ജനസമൂഹങ്ങള്‍ ഇനിയും പടമുഖത്തേക്കിറങ്ങേണ്ട നേരമാണിത്. ഇടതുമുന്നണിയുടെ തുടര്‍ഭരണത്തിലെ ജനാധിപത്യവിരുദ്ധവും ജനദ്രോഹപരവും അഴിമതി നിറഞ്ഞതും ദുഷിച്ചതുമായ നിരവധി നയപരിപാടികളില്‍ ഏറ്റവും ആപല്‍ക്കരമായത് മദ്യവ്യാപന ദുരന്തമാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് പിണറായി വിജയന് സര്‍ക്കാരിന്റെ മദ്യനയം അടപടലേ പൊളിച്ചെഴുതിക്കാന് നമുക്കു കഴിയണം. കേരള ടോഡി പ്ലാന്റേഷന് വരമ്പുകളിലെ ഹെരിറ്റേജ് ബാര്‍ ചെത്തുതെങ്ങുകളിലെ കള്ളുകുടമൊന്നുപോലും ഉടയാതെ സൂക്ഷിച്ച് നിര്‍മുക്തി സമരം ചെയ്യാനും നമുക്കാവുമല്ലോ!