സ്പീക്കര്‍ ഷംസീര്‍ കുന്നത്തുനാടു മണ്ഡലത്തില്‍ നടന്ന വിദ്യാജ്യോതി സമ്മേളനത്തില്‍ പറഞ്ഞ പ്രസംഗം വിവാദമായിരിക്കുകയാണ്. ഗണപതി മിത്താണ്, പുഷ്പക വിമാനം മിത്താണ് എന്നൊക്കെ പറഞ്ഞത് ഹിന്ദുക്കളുടെ ഹൃദയത്തിലേറ്റ മുറിവാണ് എന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പറയുകയും ക്ഷേത്രങ്ങളിലേക്കു തീര്‍ഥാടനം പോകുകയും പൂജ നടത്തുകയും തേങ്ങാ ഉടയ്ക്കുകയും ചെയ്തു. ഷംസീര്‍ മാപ്പുപറയണമെന്ന് സുകുമാരന്‍ നായര്‍ ആവശ്യപ്പെടുകയും ചെയ്തു. ഷംസീര്‍ മാപ്പു പറയേണ്ട കാര്യമില്ലെന്നും ദൈവസങ്കല്പങ്ങള്ക്കെതിരായി ഷംസീര്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മറ്റും പറഞ്ഞ് എം.വി.ഗോവിന്ദന് ഷംസീറിനായി പ്രതിരോധം തീര്‍ക്കുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ എന്‍എസ്എസിനെ പിണക്കണ്ട എന്ന രാഷ്ട്രീയ നിലപാടെടുത്തു. കോണ്‍ഗ്രസും ബി.ജെ.പി.യും വിഷയത്തെ രാഷ്ട്രീയമായിത്തന്നെയാണ് നേരിടുന്നത്. അവര്‍ എന്‍.എസ്.എസിനോടൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ പുതിയൊരു വിഷയം കിട്ടിയ ആവേശത്തില്‍ ഗൗരവമായ ചാനല്‍ ചര്‍ച്ച ഒരുക്കുകയും ചെയ്തു.
ഇനി എന്റെ പക്ഷം. സ്പീക്കര്‍ തന്റെ പദവി മാനിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തരുതായിരുന്നു. സ്പീക്കര്‍ നിയമസഭയുടെ നാഥന് എന്ന നിലയില്‍ എല്ലാവരുടേയും വിശ്വാസ സംരക്ഷകനാണ്. എല്ലാവരുടേയും വിശ്വാസ സംരക്ഷകനെന്ന നിലയില്‍ സ്വയം വിശ്വാസ ഭഞ്ജകനാകാന് പാടില്ല.
ആരാണു സ്പീക്കര്‍. സംസാരിക്കുവന് എന്നാണ് വാച്യാര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ സ്പീക്കര്‍ സംസാരിക്കുന്നവനാണോ. നിയമസഭയിലെ മറ്റുള്ളവരെക്കൊണ്ട് സംസാരിപ്പിക്കുന്നതല്ലാതെ സ്പീക്കര്‍ സംസാരിക്കാറില്ല.
സ്പീക്കറുടെ ഇപ്പോഴത്തെ പേര് സംസാരിക്കാത്തവന്‍ എന്നാകേണ്ടതായിരുന്നു.
പിന്നെ എങ്ങനെയാണ് സംസാരിക്കാത്തയാള്ക്ക് സ്പീക്കര്‍ എന്നു പേരുവന്നത്. അതിനൊരു ചരിത്രമുണ്ട്. ഈ സ്പീക്കര്‍ എന്ന പദം ബ്രിട്ടന് നമുക്കു സമ്മാനിച്ചതാണ്. അവിടെ ജനപ്രതിനിധി സഭയും രാജാവും ഉണ്ടല്ലോ. രാജാവ് ജനപ്രതിനിധി സഭയോടു നേരിട്ടു സംസാരിക്കാറില്ലായിരുന്നു. സഭയോടു പറയാനുള്ളത് രാജാവ് സ്പീക്കറോടു പറഞ്ഞിട്ട് സ്പീക്കറാണ് ജനപ്രതിനിധി സഭയെ അറിയിച്ചിരുന്നത്. ജനപ്രതിനിധി സഭയിലെ അംഗങ്ങളും രാജാവിനോടു നേരിട്ടു സംസാരിക്കുമായിരുന്നില്ല. ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ രാജാവിനോടു പറയാനുണ്ടായിരുന്നത് സ്പീക്കറോടു പറയും .സ്പീക്കര്‍ അത് രാജാവിനെ അറിയിക്കും. അപ്പോള്‍ സഭയില്‍ സംസാരിക്കുന്ന ഒരേയൊരാള്‍ സ്പീക്കറായി. പിന്നീടാണ് ജനാധിപത്യ സമ്പ്രദായം ശക്തമായപ്പോള്‍ സ്പീക്കര്‍ മറ്റുള്ളവരെക്കൊണ്ടു സംസാരിപ്പിച്ചിട്ട് സ്പീക്കര്‍ മിണ്ടാതായി. സ്പീക്കര്‍ സംസാരിക്കുന്നയാള്‍ എന്ന നിലയിലും സംസാരിക്കാത്തയാള്‍ എന്ന നിലയിലും പൊതുവേദികളില്‍ സംസാരിക്കാറില്ലായിരുന്നു. സ്പീക്കറും ജഡ്ജിമാരും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു സംസാരിക്കുമായിരുന്നില്ല. കാരണം അവര്‍ വിധി പ്രസ്താവിക്കുന്നവരാണ്. അവര്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു വല്ലതുമൊക്കെ പറഞ്ഞു പ്രതിസ്ഥാനത്തായാല് അത് അവരുടെ ഔദ്യോഗിക പദവിക്കു ചേരാത്തതാകും. അതിനാല്‍ സ്പീക്കര്‍ ഇത്തരം മീറ്റിംഗുകളില്‍ പോകാതിരിക്കുകയും സംസാരിക്കാതിരിക്കുകയുമാണ് ഉചിതം.
ഇനി സ്പീക്കര്‍ പറഞ്ഞത് ഹൈന്ദവവിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കുന്നതുതന്നെയാണ്. എന്‍.എസ്.എസിന്റെ നിലപാടു ശരിയുമാണ്. എന്നാല്‍ സ്പീക്കര്‍ പറഞ്ഞതില്‍ കാര്യമായ അപാകതയുമില്ല. കാരണം മിക്കവാറും മതങ്ങളിലെ വിശ്വാസ സത്യങ്ങളില്‍ മിത്തിന്റെ അംശം ഉണ്ട്. മിത്തിനെ ആശ്രയിക്കുന്നതിനേക്കാള്‍ വേണ്ടതു ശാസ്ത്രത്തെയാണെന്ന് ഒരു കമ്യുണിസ്റ്റായ ഷംസീറിനു പറയാം. മിത്തല്ല വിശ്വാസമാണു വലുതെന്ന് വിശ്വാസിയായ സുകുമാരന്‍ നായര്‍ക്കും പറയാം. പരസ്പരം മനസ്സിലാക്കിയാല്‍ പ്രശ്നങ്ങളുണ്ടാവില്ല. എന്തായാലും വിശ്വാസ കാര്യങ്ങളില്‍ നമുക്കു മനസ്സിലാകാത്ത രഹസ്യാത്മകതയുണ്ട്. ആരാധനാലയങ്ങളിലെ തിരശില അതിനെയാണു സൂചിപ്പിക്കുക. വിശ്വാസ കാര്യങ്ങള്‍ പരിപൂര്‍ണമായും ശാസ്ത്രീയമാകണമെന്നില്ല. ശാസ്ത്രം ശാസ്ത്രവും വിശ്വാസം വിശ്വാസവുമാണ്. എന്നാല്‍ പണ്ടുകാലത്ത് വിശ്വാസ സത്യങ്ങള്‍ രൂപപ്പെട്ടിരുന്നത് ചില താത്വിക-ശാസ്ത്രിയ അടിത്തറകളില്നിന്നായിരുന്നു. അന്നത്തെ മിത്ത് അശാസ്ത്രിയമായിരുന്നില്ല. അന്നത്തെ മിത്ത് ശാസ്ത്രമായിരുന്നു..അന്നത്തെ മിത്താണ് പിന്നീട് തത്വചിന്തയായും ദൈവശാസ്ത്രമായും ശാസ്ത്രമായും പരിണമിച്ചത്. ഓണം ഒരു മിത്തില്‍ നിന്നാണ്. എന്നാല്‍ അതില്‍ ശാസ്ത്രമുണ്ട്., ചരിത്രവും സാമൂഹിക ശാസ്ത്രവുമുണ്ട്, വിശ്വാസവുമുണ്ട്..പുഷ്പകവിമാനം മിത്താണ്. അതില്‍ പക്ഷേ ശാസ്ത്രമുണ്ട്. ശാസ്ത്രീയ കണ്ടെത്തലുകള്‍ക്കു വഴിതെളിച്ചു. അതിനാല്‍ മിത്തു ശാസ്ത്രമല്ലെന്നു പറയരുത്. മിത്തു ശാസ്ത്രമാണെന്നു മാത്രമല്ല, മിത്തു ശാസ്ത്രത്തിന്റെ മാതാവുമാണ്. അതുകൊണ്ട് മിത്ത് സ്വാഭാവികമായും ശാസ്ത്രത്തിലേക്കു നയിക്കും. ഇതു മനസ്സിലാക്കിയാല്‍ ഷംസീറിനും സുകുമാരന്‍ നായര്‍ക്കും ഒരുപോലെ സമാധാനമാവും..