1992ല്‍ മികച്ച വിദേശസിനിമയ്ക്കുള്ള ഓസ്കര് നേടിയ ‘മെഡിറ്ററേനിയോ’ എന്ന സിനിമയുടെ സംവിധായകനായ ഗബ്രിയേല്‍ സാല്വറ്റോറസെ സംവിധാനം ചെയ്ത ഇറ്റാലിയന്‍ ചിത്രമാണ് ഐ ആം നോട്ട് സ്കേര്‍ഡ്. നിക്കോളോ അമ്മാനിറ്റിയുടെ നോവലിനെ ആധാരമാക്കി ഫ്രാന്‍സെസ മാര്‍സിയാനോയും നിക്കോളോ അമ്മാനിറ്റിയും ചേര്‍ന്ന് തിരക്കഥ രചിച്ചു. 1968 മുതല്‍ 1988 വരെ ഇറ്റലിയില്‍ രാഷ്ട്രീയ അസ്വസ്ഥതകളുടേയും തീവ്രവാദത്തിന്റേയും കൊലപാതകങ്ങളുടേയും തട്ടിക്കൊണ്ടു പോകലുകളുടേയും കാലമായിരുന്നു. മാഫിയാ സംഘങ്ങള്‍ ശക്തിയാര്‍ജിച്ച ഈ കാലത്തെ ‘ഇയേഴ്സ് ഓഫ് ലീഡ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഈ സമയത്ത് ദക്ഷിണ ഇറ്റലിയിലെ ഒരു സാങ്കല്പിക സ്ഥലമായ അക്വാ ട്രാവേഴ്സില് നടക്കുന്ന കഥയാണ് ഐ ആം നോട്ട് സ്കേര്ഡിന് ആധാരം. 9 വയസുകാരനായ മിഷേല്‍ അമിത്രാനോയാണ് നായകന്.
മിഷേല്‍ അമിത്രാനോയും (ഗുസിപ്പെ ക്രിസ്റ്റ്യാനോ) അവന്റെ സുഹൃത്തുക്കളും ഗോതമ്പ് വയലുകള്‍ക്ക് കുറുകെ ഒരു വിജനമായ കുന്നിന് മുകളിലെ തകര്‍ന്ന കെട്ടിടത്തിന്റെ സമീപത്തേക്ക് നടത്തുന്ന ഓട്ടമത്സരത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. മിഷേലിന്റെ ഇളയ സഹോദരി ഓട്ടത്തിനിടയില്‍ വീണുപോകുന്നു. അവളുടെ കണ്ണട പൊട്ടി, അവള് മുമ്പേ പായുന്ന മിഷേലിനെ വിളിക്കുന്നു, ഏറ്റവും മുമ്പിലായാണ് മിഷേല്‍ ഓടുന്നതെങ്കിലും സഹോദരിയുടെ വിളികേട്ട് അവന് തിരിച്ചുവരുന്നു. അവളുടെ കണ്ണട മിഷേല്‍ കണ്ടെടുത്ത് പോക്കറ്റില്‍ വച്ചു, ഓട്ടം തുടര്‍ന്നു. അവരുടെ ലക്ഷ്യസ്ഥാനം വിജനമായ കുന്നിന്മുകളിലെ തകര്‍ന്ന കെട്ടിടമാണ്. മിഷേലും സഹോദരിയും ഏറ്റവും അവസാനക്കാരായി അവിടെ ഓടിയെത്തുന്നു. സംഘത്തിന്റെ തലവനായ സ്കള് അവസാനമെത്തിയ ഇവരെ കൂടാതെ മറ്റൊരു പെണ്‍കുട്ടിക്കു കൂടി ശിക്ഷ വിധിക്കുന്നു. അവള്, മറ്റുള്ളവരുടെ മുമ്പില്‍ നഗ്നയാകണമെന്നതാണ് ശിക്ഷ. അവള് നിസഹായയായി ഓരോരുത്തരേയും നോക്കുന്നുണ്ടെങ്കിലും മറ്റു കുട്ടികളെല്ലാം അവളില്‍ നിന്നു മുഖം തിരിച്ചു. അപ്പോള്‍ മിഷേല്‍ അവളുടെ ശിക്ഷകൂടി താന്‍ ഏറ്റെടുക്കാമെന്ന് പറയുന്നു.
തകര്‍ന്ന കെട്ടിടത്തിന്റെ മുകളിലെ നിലയിലെ പൊളിഞ്ഞ തട്ടില്‍ കൂടി നടക്കാനാണ് മിഷേലിനോട് ആവശ്യപ്പെടുന്നത്. സാഹസികമായ ആ നടത്തം അവന് വിജയകരമായി പൂര്‍ത്തിയാക്കുകയാണ്. ആ പ്രദേശത്തെ മനുഷ്യരെ കുറിച്ചുള്ള ഒരു പൊതുധാരണ ലഭിക്കാന്‍ ഈ തുടക്കം സഹായകമാണ്. മിഷേല്‍ അവരില്‍ നിന്ന് വ്യത്യസ്തനാണെന്നതും. കളി കഴിഞ്ഞ് എല്ലാവരും വീട്ടിലേക്കു പോകുന്നു. ഗോതമ്പു പാടത്തിനിടയിലൂടെ സഹോദരിയുമൊത്തുള്ള മിഷേലിന്റെ സൈക്കിള്‍ സവാരികാഴ്ച രസകരമാണ്. ഇടയ്ക്കു വച്ചാണ് കണ്ണടയുടെ കാര്യം സഹോദരി ഓര്‍മപ്പെടുത്തുന്നത്. നോക്കുമ്പോള്‍ അവന്റെ പോക്കറ്റില്‍ കണ്ണട കാണുന്നില്ല. സഹോദരിയെ അവിടെ നിര്‍ത്തി കണ്ണട തേടി മിഷേല്‍ തകര്‍ന്ന കെട്ടിടത്തിന്റെ സമീപത്തേക്കു പോകുന്നു.
കെട്ടിടത്തിനു സമീപത്തായി കണ്ണട അവന് കണ്ടെത്തുന്നു. അതെടുക്കാന്‍ തുനിയുമ്പോഴാണ് അതിനു സമീപത്ത് തകരംകൊണ്ട് മൂടിയിട്ട നിലയില്‍ എന്തോ ഒന്ന് അവന്റെ ശ്രദ്ധയില്‍ പെടുന്നത്. അവനാ തകരഷീറ്റ് പൊക്കിനോക്കുമ്പോള്‍ താഴെ ഒരു വലിയ ഗര്‍ത്തം കാണുന്നു. അതില്‍ പുതപ്പുകൊണ്ടു മൂടിയ നിലയിലുള്ള ഒരു ശരീരത്തിന്റെ കാലുകളും. മിഷേല്‍ ഭയന്നുപോയി. തകരഷീറ്റ് വലിച്ച് കുഴി മറച്ചശേഷം അവന് അതിവേഗത്തില്‍ വീട്ടിലേക്കു മടങ്ങുന്നു. തന്നെ കാത്തുനിന്ന സഹോദരിയേയും കൂട്ടി വീട്ടിനടുത്തെത്തുമ്പോള് ശകാരം ചൊരിഞ്ഞുകൊണ്ട് അമ്മ (സാഞ്ചസ് ഗിജിയോണ്) സ്വാഗതം ചെയ്യുന്നുണ്ട്.
വീട്ടില്‍ അവരുടെ അച്ഛന് പിനോ (ഡൈനോ അബറിസിക്ക) എത്തിയിട്ടുണ്ട്. പീനോ ഒരു ട്രക്ക് ഡ്രൈവറാണ്. കുടുംബത്തെ നന്നായി സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഒരാളാണയാള്‍. മിഷേലും സഹോദരിക്കും അയാളെ വളരെ ഇഷ്ടമാണ്. ഒരാളുടെ ആദ്യഊഴം നിശ്ചയിക്കാന്‍-അത് കളിക്കുമ്പോഴാകാം, ജോലിയെടുക്കുമ്പോഴാകാം-പീനോയ്ക്ക് ഒരു പ്രത്യേക നറുക്കെടുപ്പ് രീതിയുണ്ട്. ഏതാനും തീപ്പെട്ടികമ്പുകള്‍ ഒന്നിച്ച് എല്ലാവരുടേയും നേരെ നീട്ടും. അതില്‍ അഗ്രഭാഗത്ത് മരുന്നില്ലാത്ത കൊള്ളിയെടുക്കുന്നയാള് ജോലി ചെയ്യണം. ഈ കളിയെല്ലാം മിഷേല്‍ ആസ്വദിക്കുന്നുണ്ട്. പക്ഷേ ഇപ്പോള്‍ മിഷേലിന് ഒരു രഹസ്യമുണ്ട്. കുഴിയില്‍ താന്‍ കണ്ട രണ്ടുകാലുകള്‍. അവനതാരോടും പങ്കുവയ്ക്കുന്നില്ല, കൂട്ടുകാരോടും വീട്ടുകാരോടും.
പിറ്റേദിവസം വീണ്ടുമവന് ഒറ്റയ്ക്ക് കെട്ടിടത്തിന്റെ സമീപത്തേക്കു പോകുന്നു. ഇത്തവണ ആദ്യത്തെ പോലെ അവനത്ര ഭയമില്ല, ഇപ്പോഴും പുതപ്പിനടിയിലെ കാലുകള്‍ കാണാം. അവന് ഒരു കല്ലെടുത്ത് കാലുകളിലേക്കറിഞ്ഞു. അനക്കമില്ല. വീണ്ടും ഒരു കല്ലു പരതിയെടുത്ത് കുഴിക്കരികില്‍ എത്തുമ്പോള്‍ കുഴി ശൂന്യം, കാലുകള്‍ കാണുന്നില്ല. അവന് ഭയന്നുപോയി. അവന്റെ പേടി ഇരട്ടിപ്പിക്കാനെന്ന വണ്ണം പ്രേതത്തെ പോലെ തോന്നിക്കുന്ന ഒരു കുട്ടി അലറിവിളിച്ച് കുഴിക്കുസമീപത്തേക്കു വന്നു (മിറ്റേല് ഡി പിയറോ). മിഷേല്‍ സൈക്കിളുമെടുത്ത് പറപറന്നു. ഭയന്നുള്ള ആ പാച്ചിലില്‍ സൈക്കിളിന്റെ ചങ്ങലപൊട്ടി, ഒരു കണക്കിനാണ് അവന് വീടണയുന്നത്. ഭയം മനസിലുണ്ടെങ്കിലും ഒരു അദൃശ്യശക്തി ആകര്ഷിച്ചാലെന്നവണ്ണം പിറ്റേന്നും അവന് കുഴിക്കരികിലേക്കു പോകുന്നു.
അന്ന് കുഴിയിലുള്ള കുട്ടിയെ അവന് ശരിക്കും കണ്ടു. അതൊരു പ്രേതമല്ലെന്ന് ബോധ്യപ്പെട്ടു. അവനെ ആരോ ചങ്ങലയില്‍ തളച്ചിരിക്കുകയാണ്. മിഷേല്‍ അവന് ഒരു കൊച്ചുപാത്രത്തില്‍ വെള്ളം കൊണ്ടുവന്നു കൊടുക്കുന്നു. പിറ്റേ ദിവസം വീട്ടില്‍ നിന്ന് മാറ്റാരും കാണാതെ ഭക്ഷണവും കൊണ്ടുവന്നുകൊടുക്കുന്നു. അവന് ഒരു കയറുപയോഗിച്ച് കുഴിയിലേക്കിറങ്ങി കുട്ടിയുമായി സംസാരിക്കുന്നു. താന്‍ മരിച്ചുപോയെന്നാണ് കുട്ടി പറയുന്നത്.
മിഷേല്‍ തന്റെ കാവല്‍ മാലാഖയാണോ എന്നവന് ചോദിക്കുന്നുണ്ട്.
അവന്റെ ദേഹമാസകലം മര്‍ദനത്തിന്റേയും അഴുക്കിന്റേയും പാടുകള്‍. അവനെ ആരോ തട്ടിക്കൊണ്ടുവന്ന് തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. താനാരാണെന്ന് അവന് ശരിക്കുമോര്മ്മയില്ല.
മിഷേലിന്റെ വീട്ടില്‍ അവന്റെ കൂട്ടുകാരനും സംഘത്തലവനുമായ സ്കളിന്റെ ജേഷ്ഠന് ഒരു അപരിചിതനോടൊപ്പം എത്തുന്നു. സെര്‍ജിയോ (ഡീഗോ അബന്റാണോ) തന്റെ സുഹൃത്താണെന്നും കുറച്ചുദിവസം വീട്ടില്‍ താമസിക്കുമെന്നും അച്ഛന് അവനോടു പറയുന്നു. രാത്രിയില്‍ അച്ഛനും സെര്‍ജിയോയും സ്കളിന്റെ ജേഷ്ഠനും മിഷേലിന്റെ അമ്മയുമൊക്കെയായി ധാരാളം സംസാരം നടക്കുന്നുണ്ട്. അവര്‍ തര്‍ക്കിക്കുകയും പരസ്പരം കൊലവിളി നടത്തുകപോലും ചെയ്യുന്നുണ്ട്. ഒട്ടും ഇഷ്ടമില്ലെങ്കിലും സെര്ജിയോക്കൊപ്പം മിഷേലിന് കിടപ്പുമുറി പങ്കിടേണ്ടി വരുന്നു. അയാളുടെ സാമിപ്യം അവനില്‍ ഭയം വളര്‍ത്തുന്നുണ്ട്. (സെര്‍ജിയോ യഥാര്‍ത്ഥത്തില്‍ ബ്രസീലില്‍ നിന്നു മടങ്ങിയെത്തിയ ഒരു കൊടുംക്രിമിനലാണ്).
ഒരു ദിവസം മിഷേല്‍ കുഴിക്കരികിലേക്കു പോകുമ്പോള്‍ സ്കളിന്റെ ജേഷ്ഠന് അവിടെ കാറില്‍ വരുന്നതും പോകുന്നതും കാണുന്നു. കുട്ടിയെ തട്ടിക്കൊണ്ടു വന്നതില്‍ അയാള്‍ക്കു പങ്കുണ്ടെന്ന് മിഷേലിനു മനസിലാകുന്നു. അന്ന് രാത്രിയില്‍ അച്ഛനും സുഹൃത്തുക്കളും ടിവി വാര്‍ത്ത കാണുമ്പോള്‍ മിഷേലും അതു ശ്രദ്ധിക്കുന്നു. കുഴിയിലുള്ള കുട്ടി ഒരു വലിയ പണക്കാരന്റെ മകനാണെന്നും ഫിലിപ്പോ എന്നാണ് അവന്റെ പേരെന്നും, അവനെ തട്ടിക്കൊണ്ടു വന്ന് മോചനദ്രവ്യം ആവശ്യപ്പെട്ടിരിക്കുകയാണെന്നും മിഷേലിനു മനസിലാകുന്നു. അവനു ഞെട്ടലുണ്ടാക്കുന്ന കാര്യം അവന്റെ മാതാപിതാക്കളും അതില്‍ പങ്കാളികളാണെന്നതാണ്. മോചനദ്രവ്യം കിട്ടാന്‍ കുട്ടിയുടെ ചെവികള്‍ മുറിക്കുന്നതു സംബന്ധിച്ചും സംസാരമുണ്ടാകുന്നുണ്ട്.
ടിവി വാര്‍ത്തയില്‍ കണ്ടതനുസരിച്ചുള്ള വിവരങ്ങള്‍ മിഷേല്‍ കുട്ടിക്കു (ഫിലിപ്പോ) കൈമാറുന്നു. മിഷേല്‍ പറയുന്ന കാര്യങ്ങള്‍ പലതും അവനു മനസിലാകുന്നില്ല, കാരണം താന്‍ മരിച്ചുപോയെന്നാണ് ഫിലിപ്പോ ഇപ്പോഴും കരുതുന്നത്. താന്‍ അവന്റെ കാവല്‍ മാലാഖയാണെന്ന് മിഷേല്‍ അവനെ ആശ്വസിപ്പിക്കുന്നു. മിഷേല്‍ ഫിലിപ്പോയെ കുഴിയില്‍ നിന്നു പുറത്തിറങ്ങാന്‍ സഹായിക്കുന്നു. ഇരുവരും ചേര്‍ന്ന് ഗോതമ്പുവയലുകള്ക്കുള്ളില് ഏറേ നേരം കളിക്കുന്നു.
മിഷേലിന്റെ അടുത്ത സുഹൃത്താണ് സാല്‍വത്തോരെ. സാല്വത്തോരയ്ക്ക് അവന്റെ ബന്ധു കുറച്ചു കളിപ്പാട്ടങ്ങള്‍ കൊടുത്തത് അവന് മിഷേലിനെ കാണിക്കുന്നു. അതില്‍ ഒരു നീല നിറമുള്ള വാന്‍ മിഷേലിന് വളരെ ഇഷ്ടപ്പെടുന്നു. സാല്‍വത്തോരെ അതു കൊടുക്കാന്‍ വിസമ്മതിക്കുമ്പോള്‍ കളിപ്പാട്ടം കൊടുത്താല്‍ താനവനൊരു രഹസ്യം പറഞ്ഞുകൊടുക്കാമെന്ന് മിഷേല്‍ പറയുന്നു. മിഷേല്‍ ഫിലിപ്പോയുടെ രഹസ്യം സാല്വത്തോരയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ടെങ്കിലും അവനത് അത്ര ഇഷ്ടപ്പെടുന്നില്ല, എങ്കിലും കളിപ്പാട്ടം അവന് മിഷേലിനു നല്കി. രഹസ്യം താന്‍ മാറ്റോരോടും പറയില്ലെന്ന് സാല്‍വത്തോരെ ഉറപ്പു നല്‍കിയെങ്കിലും അവനത് പാലിക്കാനായില്ല.
അടുത്ത തവണ മിഷേല്‍ ഫിലിപ്പോയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സ്കളിന്റെ ജേഷ്ഠന് അവനെ പിടികൂടി മര്‍ദിക്കുന്നു. സാല്വത്തോരയില് നിന്നാണ് രഹസ്യം ചോര്‍ന്നതെന്ന് മിഷേലിനു മനസിലാകുന്നു. വീട്ടിലെത്തുമ്പോള്‍ അമ്മ അവനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, വീണ്ടും ഫിലിപ്പോയെ സന്ദര്‍ശിച്ചാല്‍ നല്ല തല്ലുകിട്ടുമെന്ന് അച്ഛന് അവനെ ഭീഷണിപ്പെടുത്തുന്നു. ഇനി ഫിലിപ്പോയെ കാണാന്‍ പോകില്ലെന്ന് അവന് ഉറപ്പുനല്‍കിയെങ്കിലും അടുത്ത ദിവസം തന്നെ അവന് അവിടെ പോകുന്നു. അവിടെ അവന് ഫിലിപ്പോയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അവനെ അവിടെ നിന്ന് മാറ്റിയതായി അവന് മനസിലാക്കുന്നു. താന്‍ ചതിച്ചതില്‍ മിഷേല്‍ തന്നോട് ക്ഷമിക്കുമെങ്കില് ഫിലിപ്പോ എവിടെയുണ്ടെന്ന കാര്യം താന്‍ പറയാമെന്ന് സാല്‍വത്തോരെ അവനോടു പറയുന്നു. തട്ടിക്കൊണ്ടു പോകല്‍ പദ്ധതിയില്‍ സാല്വത്തോരയുടെ അച്ഛനും പങ്കുകാരനാണ്. വീട്ടിലെ സംസാരത്തില്‍ നിന്നാണ് സാല്വത്തോരയ്ക്ക് ഫിലിപ്പോയെ എവിടേക്കാണ് കൊണ്ടുപോയതെന്ന് മനസിലാകുന്നത്.
തട്ടിക്കൊണ്ടു പോകല്‍ പദ്ധതി പരാജയത്തിലായെന്ന് മിഷേലിന്റെ അച്ഛനും കൂട്ടര്‍ക്കും ബോധ്യപ്പെടുന്നു. പൊലീസ് കുട്ടിയെ തിരഞ്ഞ് അവിടേക്കു വരാന്‍ സാധ്യതയുണ്ടെന്നും മനസിലാക്കുന്നു. ഫിലിപ്പോയെ കൊല്ലല്‍ മാത്രമാണ് ഇനി രക്ഷപ്പെടാനുള്ള വഴിയെന്ന് സെര്‍ജിയോ രാത്രിയില്‍ എല്ലാവരേയും ബോധ്യപ്പെടുത്തുന്നു. എന്നാല്‍ ഫിലിപ്പോയെ ആരു വധിക്കുമെന്നതില് തര്‍ക്കമുയരുന്നു. അപ്പോള്‍ മിഷേലിന്റെ അച്ഛന് നറുക്കെടുപ്പിനായി തീപ്പെട്ടി കമ്പുകള്‍ കൊണ്ടുവരുന്നു.
മിഷേല്‍ സമയം പാഴാക്കാതെ സാല്‍വത്തോരെ പറഞ്ഞ സ്ഥലത്തേക്കു പായുന്നു. മറ്റൊരു ഇരുണ്ട ഗുഹയിലാണ് ഫിലിപ്പോയെ തടവിലിട്ടിരുന്നത്. അവന്റെ ആരാച്ചാര്‍ ഉടനെ എത്തുമെന്ന് ബോധ്യമുള്ള മിഷേല്‍ ഫിലിപ്പോയെ തടവുചാടാന്‍ സഹായിക്കുന്നു. ഫിലിപ്പോയെ രക്ഷിച്ചെങ്കിലും തടവറയുടെ പടിവാതില്‍ ചാടിക്കടക്കാന്‍ മിഷേലിനു കഴിയുന്നില്ല. ആ സമയത്ത് പടി തുറന്ന് ആരോ വരുന്നതു അവന് കാണുന്നു. അതു തന്റെ അച്ഛനാണെന്നു മനസിലാക്കിയ മിഷേല്‍ സമാധാനത്തോടെ അച്ഛന്റെ സമീപത്തേക്ക് ഓടിയെത്തി. എന്നാല്‍ ഇരുട്ടില്‍ ഫിലിപ്പോയാണെന്നു കരുതി അയാള്‍ സ്വന്തം മകനെ വെടിവയ്ക്കുന്നു. തീപ്പെട്ടി കമ്പിന്റെ നറുക്ക് വീണത് അയാള്‍ക്കായിരുന്നു.
മിഷേലിനാണ് വെടിയേറ്റതെന്നു മനസിലാക്കിയ അയാള്‍ കുട്ടിയേയുമെടുത്ത് സഹായത്തിനായി കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങുന്നു. അവിടയെത്തിയ സെര്‍ജിയോയെ പൊലീസ് പിടികൂടി. അച്ഛന്റെ തോളില്‍ തളര്‍ന്നു കിടക്കുന്ന തന്റെ കാവല്‍മാലാഖയുടെ കരം ഫിലിപ്പോ ഗ്രഹിക്കുമ്പോള്‍ സിനിമ അവസാനിക്കുന്നു.
സിനിമയുടെ ഇതിവൃത്തം അടിസ്ഥാനപരമായി ഒരു ത്രില്ലറാണ്. എന്നാല്‍ ഒരു ദരിദ്രകുടുംബത്തിന്റെ ദൈനംദിന ജീവിതത്തിന്റെ വിശദാംശങ്ങള്‍, ഒരു കുട്ടിയുടെ കണ്ണിലൂടെ കാണുന്ന കാഴ്ചകള്‍, തന്റെ ജീവന് പണയപ്പെടുത്തിയും മറ്റൊരാളെ സഹായിക്കാനുള്ള അവന്റെ മനസും സിനിമയെ വ്യത്യസ്തമാക്കുന്നു. ‘ഇയേഴ്സ് ഓഫ് ലീഡ്’ എന്ന ഇറ്റലിയുടെ കറുത്ത കാലത്തിന്റെ നിഴലുകള്‍ സിനിമയില്‍ ഒരു ഓര്‍മപ്പെടുത്തലായി ആദ്യാവസാനമുണ്ട്.
ഇറ്റലോ പെട്രിക്കിനോയുടെ ക്യാമറ ഒഴിഞ്ഞതും നിഗൂഢവുമായ ഇടങ്ങളിലേക്കും വിളവു നശിച്ച ഗോതമ്പുപാടത്തിന്റെ ദാരിദ്യത്തിലേക്കും കാഴ്ചക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു.