ടോഡ് ഫീല്‍ഡ് എഴുതി സംവിധാനം ചെയ്ത 2022 ലെ സൈക്കോളജിക്കല്‍ ഡ്രാമ ചിത്രമാണ് ടാര്‍. പ്രശസ്ത മ്യൂസിക് കണ്ടക്ടറായ ലിഡിയ ടാര്‍ ആയി കേറ്റ് ബ്ലാഞ്ചെറ്റ് അഭിനയിക്കുന്നു. 2022 സെപ്റ്റംബറിലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ടാര്‍ പ്രദര്‍ശിപ്പിച്ചു. ബ്ലാഞ്ചെറ്റ് മികച്ച നടിക്കുള്ള പുരസ്കാരം നേടി. ബെര്‍ലിന്‍ ഫില്ഹാര്മോണിക്കിലെ ആദ്യത്തെ വനിതാ ചീഫ് കണ്ടക്ടറാണ് ലിഡിയ ടാര്‍. അവരുടെ പേഴ്സണല്‍ അസിസ്റ്റന്റാണ് ഫ്രാന്‍സെസ്ക. പ്രശസ്തിയിലേക്ക് കുതിച്ചു കയറിക്കൊണ്ടിരിക്കുന്നതിനിടെ ലൈംഗിക വിവാദങ്ങള്‍ ലിഡിയക്ക് വലിയ തിരിച്ചടിയാകുന്നു.
ടോഡ് ഫീല്‍ഡിന്റെ അസാധാരണമായ സംവിധാന വൈദഗ്ധ്യവും കേറ്റ് ബ്ലാഞ്ചെറ്റിന്റെ മികച്ച പ്രകടനവും ടാറിന്റെ പ്രത്യേകതയാണ്.
ബ്ലാഞ്ചെറ്റ് അവതരിപ്പിച്ച ലിഡിയ ടാര്‍ ലൈംഗികാതിക്രമ ആരോപണം നേരിട്ടതിന് ശേഷം അവളുടെ ഉയര്‍ച്ചയും തകര്‍ച്ചയും വ്യക്തമാക്കുന്നു. അധികാരവും പ്രശസ്തിയും ഒരു വ്യക്തിയെ എങ്ങനെ ദുഷിപ്പിക്കും എന്ന് സിനിമ വ്യക്തമാക്കുന്നു. മനുഷ്യന്റെ സങ്കീര്‍ണ സ്വഭാവങ്ങള്‍ ആഴത്തില്‍ മനോഹരമായി ചിത്രീകരിക്കുന്നു. ഒരു റിയലിസ്റ്റിക് ചിത്രമായാണ് ടാര്‍ ചിത്രീകരിച്ചിരിക്കുന്നത്. ലിഡിയ ടാര്‍ എന്ന ഒരു യഥാര്‍ഥ വനിതാ മ്യൂസിക് കണ്ടക്ടര്‍ ജീവിച്ചിരുന്നതായി സിനിമ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.
ശാസ്ത്രീയസംഗീതത്തില്‍ ശ്രദ്ധയൂന്നിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പക്ഷേ സിനിമ ആരംഭിച്ച് 25 മിനിറ്റ് വരെ സംഗീതത്തിന്റെ ഒരു ശ്രുതിയും കേള്‍ക്കില്ല, ചിത്രം 60 മിനിറ്റ് കടക്കുന്നതുവരെ ഓര്‍ക്കസ്ട്രയുടെ ആദ്യശബ്ദം കേള്‍ക്കില്ല. സിനിമയുടെ ദൈര്‍ഘ്യമേറിയ സീക്വന്‍സുകളും ക്ലാസിക്കല്‍ മ്യൂസിക് പദപ്രയോഗങ്ങളും മിക്കവാറും പ്രേക്ഷകര്‍ക്കും രുചിക്കാനിടയില്ല. പ്രേക്ഷകരുടെ ക്ഷമയെ പലപ്പോഴും പരീക്ഷിക്കാനും സാധ്യതയുണ്ട്. എന്നിട്ടും, അസാധാരണമായ പ്രകടനങ്ങളിലൂടെയും സംഭവങ്ങളുടെ റിയലിസ്റ്റിക് ചിത്രീകരണത്തിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള കഴിവിലാണ് ചിത്രത്തിന്റെ ഭംഗി. ടോഡ് ഫീല്‍ഡ് പ്രധാന കഥാപാത്രത്തെ വളരെ സ്വതന്ത്രയായ ഒരു സ്ത്രീയായി അവതരിപ്പിച്ചു.
ലിഡിയ ടാറിന്റെ പങ്കാളിയായ ഷാരോണും അവളുടെ സഹായിയായ ഫ്രാന്‍സെസ്കയും അവളുടെ ജീവിതത്തില്‍ വലിയ പിന്തുണ നല്കുന്നു. സിനിമയുടെ തുടക്കത്തില്‍ ലിഡിയയെ ഒരു യഥാര്‍ത്ഥ മാധ്യമ പ്രവര്ത്തകന് അഭിമുഖം ചെയ്യുന്നതാണ് കാണിക്കുന്നത്. അഭിമുഖം ശാസ്ത്രീയ സംഗീതത്തിന്റെ അവസ്ഥകളെ ആഴത്തില്‍ പരിശോധിക്കുന്നു.
ബെര്‍ലിന്‍ ഫില്ഹാര്മോണിക്കിലെ പുതിയ അംഗമായ ഓള്‍ഗ മെറ്റ്കിനയോട് ലിഡിയ ഒരു അടുപ്പം വളര്‍ത്തിയെടുക്കുമ്പോള്‍, സഹായികളായ ഷാരോണും ഫ്രാന്സെസ്കയുമായുള്ള അവളുടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നു. തന്റെ അസിസ്റ്റന്റ് കണ്ടക്ടറായ സെബാസ്റ്റ്യനെ മാറ്റാന്‍ ലിഡിയ പദ്ധതിയിടുമ്പോള്‍, ലൈംഗിക ആരോപണങ്ങള്‍ വെളിച്ചത്തുവരുന്നു, അവളുടെ ജീവിതം താറുമാറാകുന്നു. സംഘത്തിലെ പെണ്‍കുട്ടി ക്രിസ്റ്റയുടെ ആത്മഹത്യ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു.
കേറ്റ് ബ്ലാഞ്ചെറ്റ് ലിഡിയ ടാറിനെ അനശ്വരയാക്കി. ഓര്‍ക്കസ്ട്ര കണ്ട്ക്ട് ചെയ്യുന്ന ചിത്രീകരണം സൂക്ഷ്മവും ആകര്‍ഷകവുമാണ്. കേറ്റ് ബ്ലാഞ്ചെറ്റ് മുടി അഴിച്ചിട്ട് ഓര്‍ക്കസ്ട്ര നടത്തുന്ന രീതിയിലായാലും ടു പീസ് സ്യൂട്ടില്‍ തന്റെ അധികാരം പ്രകടമാക്കുന്ന രീതിയിലായാലും. ഓര്‍ക്കസ്ട്രകള്‍ നടത്താനുള്ള അവളുടെ അഭിനിവേശവും കഴിവും ചലനങ്ങളില്‍ സുവ്യക്തമാണ്.
ലിഡിയയുടെ പങ്കാളിയും ഫില്ഹാര്മോണിക്സിലെ വയലിനിസ്റ്റും ആയ നീന ഹോസും ഫ്രാന്‍സെസ്കയെ അവതരിപ്പിക്കുന്ന നോമി മെര്ലാന്റും മികച്ച പ്രകടനം കാഴ്ചവച്ചു. പേടിസ്വപ്നങ്ങള്‍, പകല്‍ ഭ്രമങ്ങള്‍ എന്നിവയാല്‍ ലിഡിയയെ വേട്ടയാടപ്പെടുന്നു: പാര്‍ക്കില്‍ ജോഗിംഗ് ചെയ്യുമ്പോള്‍, ദൂരെ നിന്ന് ഒരു സ്ത്രീയുടെ നിലവിളി അവള് കേള്‍ക്കുന്നു; ഒരു കോമ്പോസിഷന്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍, അടുത്തുള്ള ഒരു മെഡിക്കല്‍ ഉപകരണത്തിന്റെ ശബ്ദം അവളെ അസ്വസ്ഥയാക്കുന്നു.
വിവാദത്തെത്തുടര്‍ന്ന് ലിഡിയയെ കണ്ടക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ലിഡിയ തന്റെ പഴയ സ്റ്റുഡിയോയിലേക്ക് പിന്‍വാങ്ങുകയും വിഷാദരോഗിയായി മാറുകയും ചെയ്യുന്നു. അവള് ബാല്യകാല വസതിയിലേക്ക് മടങ്ങുന്നു.
ലിഡിയ ടാര്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ഒരു വ്യക്തിയല്ല, സിനിമ ഒരു ജീവചരിത്രവുമല്ല. ബെര്‍ലിന്‍ ഫില്‍ഹാര്‍മോണിക് കണ്ടക്ട് ചെയ്ത ആദ്യ വനിതയായിരുന്നു അന്റോണിയ ബ്രിക്കോ. അവരുമായി ലിഡിയ ടാറിന് ഒരു സാമ്യവുമില്ല. ബയോപിക് ശൈലിയില്‍ സിനിമ മാര്‍ക്കറ്റ് ചെയ്തതിനാല്‍ ടാര്‍ ഒരു യഥാര്‍ത്ഥ വ്യക്തിയാണെന്ന് പലരും കരുതി. നിരവധി പുരസ്കാരങ്ങള്‍ സിനിമ വാരിക്കൂട്ടി. ഓസ്കര് നാമനിര്‍ദേശങ്ങളും നേടി.