അപാരമായ ദയാവായ്പിന്റെയും അനന്യാദൃശമായ നന്മകളുടെയും മഹാമേരുവായി കേരള രാഷ്ട്രീയത്തില്‍ അന്പതാണ്ടിലേറെ നിറഞ്ഞുനിന്ന ജനനായകന് നാടും ജനലക്ഷങ്ങളും കണ്ണീരോടെ അന്ത്യപ്രണാമം അര്‍പ്പിക്കുകയാണ്. സാധാരണക്കാരായ സഹജീവികളുടെ സങ്കടങ്ങളും ആവലാതികളും അലിവോടെ കേള്‍ക്കാനും കഴിയുന്നത്ര വേഗത്തില്‍ അവര്‍ക്ക് ആശ്വാസം പകരാനും അധികാര രാഷ്ട്രീയത്തിന്റെ ചട്ടവട്ടങ്ങള്‍ക്ക് അതീതമായ മനുഷ്യത്വവും ആത്മസമര്‍പ്പണവും കൊണ്ട് കഴിയുമെന്ന് ഒരായിരംവട്ടം തെളിയിച്ച അദ്വിതീയനായ നേതാവാണ് ഉമ്മന്‍ ചാണ്ടി. ഉന്നതമായ ജനാധിപത്യബോധത്തിന്റെയും തുറവിയുടെയും സാമൂഹികനീതിയുടെയും നിദര്‍ശനമായ ക്രൈസ്തവമൂല്യങ്ങളുടെയും ഉജ്വല ദീപ്തിയില്‍ ജീവിച്ച ആ മഹാപുരുഷന്റെ മഹിമയെ തീവ്രമായ ഒരു വിങ്ങലോടെ കേരളസമൂഹം ഇന്നു വാഴ്ത്തുന്നത് അവസാനകാലത്ത് ചില രാഷ്ട്രീയ പ്രതിയോഗികള്‍ അദ്ദേഹത്തിനു സമ്മാനിച്ച അപമാനത്തിന്റെ കുരിശുകള്ക്കുള്ള അനുതാപത്തിന്റെ തീക്ഷ്ണതയിലാകണം.
ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ ജനായത്ത ആവിഷ്കാരങ്ങളുടെ ഈറ്റില്ലമായ കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിലെ ഏതാനും ചെറുബാല്യക്കാര് കുട്ടനാട്ടിലെ വിദ്യാര്‍ഥികളുടെ ബോട്ടുകൂലി വര്‍ധനയ്ക്കെതിരെ നടത്തിയ ഒരണ സമരത്തില്‍ നിന്നു തുടങ്ങി ഇടതുപക്ഷത്തോട് നിരന്തരം ഏറ്റുമുട്ടി സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാന്‍ കെല്പുള്ള യുവശക്തിയായി വളരുകയും ആധുനിക കേരളം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുകാരാകുകയും ചെയ്ത കഥയില്‍ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ ചാണ്ടി പ്രത്യക്ഷപ്പെടുന്നത് ഗീവര്‍ഗീസ് പുണ്യവാളന്റെ പേരിലുള്ള പുതുപ്പള്ളിയിലെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ്. ട്രാവന്‍കൂര്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്ന മുത്തച്ഛന് വി.ജെ ഉമ്മന്റെ സ്മാരകമായി പുതുപ്പള്ളിയിലുള്ള യുപി സ്കൂളിലേക്ക് – പിതാവ് കെ.ഒ. ചാണ്ടി അവിടെ ഹെഡ്മാസ്റ്ററായിരുന്നു – ഒരണ സമരത്തില്‍ പഠിപ്പുമുടക്കി പ്രകടനം നടത്തിക്കൊണ്ടായിരുന്നു രാഷ്ട്രീയ അരങ്ങേറ്റം.
സമരാഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ ക്രിയാത്മക സംവാദങ്ങളുടെ പ്രയോക്താവായി കെഎസ് യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടി രംഗത്തുവരുന്നുണ്ട്.
വിദ്യാര്‍ഥികള്‍ ബസിനു കല്ലെറിയാനിറങ്ങുകയല്ല, പാടത്ത് വിത്തെറിയുകയാണു വേണ്ടത് എന്ന കൃഷിമന്ത്രി എം.എന്‍ ഗോവിന്ദന് നായരുടെ ശകാരം കേട്ട്, ‘ഓണത്തിന് ഒരു പറ നെല്ല്’ കൊയ്യാന്‍ ഒരു ലക്ഷം വിദ്യാര്‍ഥികളെ പാടത്തിറക്കി ഉമ്മന്‍ ചാണ്ടി ആ സിപിഐ നേതാവിന്റെ ഹൃദയം കവരുകതന്നെ ചെയ്തു.
ഇരുപത്തേഴാം വയസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെയാണ് 1970-ല്‍ ഉമ്മന്‍ ചാണ്ടി കോട്ടയം ജില്ലയില്‍ സിപിഎമ്മിന്റെ ഉറച്ച മണ്ഡലമെന്ന് അറിയപ്പെട്ടിരുന്ന പുതുപ്പള്ളിയില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് തുടര്‍ച്ചയായി 12 തവണ പുതുപ്പള്ളിക്കാര്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തത് ഒന്നിനൊന്നു മെച്ചപ്പെട്ട ഭൂരിപക്ഷത്തോടെയാണ്. കേരള നിയമസഭയില്‍ ഏറ്റവും നീണ്ടകാലം – 53 വര്‍ഷം – അംഗമായിരുന്നതിന്റെ റെക്കോര്‍ഡ് ഉമ്മന്‍ ചാണ്ടിക്കാണ്.
രണ്ടു തവണയായി ഏഴുവര്‍ഷം അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി. 2011-ല്‍ രണ്ടാംവട്ടം അധികാരമേറ്റത് 140 അംഗ നിയമസഭയില്‍ യുഡിഎഫിന് 72 സീറ്റിന്റെ ഏറ്റവും നേര്‍ത്ത ഭൂരിപക്ഷമുള്ളപ്പോഴാണ് – കേവലം ഒരു അംഗത്തിന്റെ അധിക ബലം. കോണ്‍ഗ്രസിന്റെ ഉള്‍പാര്‍ട്ടി കലഹങ്ങളില്‍ ഉഗ്രപ്രതാപിയായ കെ. കരുണാകരന്റെ മേധാവിത്വത്തെ ആദര്‍ശധീരതയോടെ വെല്ലുവിളിച്ചുപോന്ന എ ഗ്രൂപ്പിന്റെ പടത്തലവനായിരുന്ന ഉമ്മന്‍ ചാണ്ടി, മുന്നണി രാഷ്ട്രീയത്തിന്റെ അതിസൂക്ഷ്മ ഭാവപ്പകര്‍ച്ചകള്‍ പോലും തിരിച്ചറിഞ്ഞ് വിട്ടുവീഴ്ചയുടെയും നയതന്ത്രത്തിന്റെയും സമന്വയത്തിന്റെയും ഉപാധികളിലൂടെ ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള തന്റെ അസാധാരണ പ്രാഗല്ഭ്യം തെളിയിച്ചത് ആ സന്ദിഗ്ദ്ധാവസ്ഥയും മറികടന്ന് അഞ്ചുവര്‍ഷത്തെ കാലാവധി തികച്ചുകൊണ്ടാണ്. ആശയപരമായ ഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും കരുണാകരന്റെ മന്ത്രിസഭയില്‍ തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രി എന്ന നിലയില്‍ ഏറെ ശോഭിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കു കഴിഞ്ഞു. ആന്റണി മന്ത്രിസഭയില്‍ തൊഴില്‍മന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചു.
എ.കെ ആന്റണിയും വയലാര്‍ രവിയും – കെ. കരുണാകരന് പോലും – ദേശീയ രാഷ്ട്രീയത്തില്‍ ഇടം തേടിയപ്പോള്‍ ഉമ്മന്‍ ചാണ്ടി കേരളത്തിലെ തന്റെ തട്ടകം വിട്ട് ഒരിടത്തേക്കും പോകാന്‍ താല്പര്യം കാണിച്ചില്ല. നാട്ടുകാരുമായുള്ള നിത്യസമ്പര്‍ക്കം നഷ്ടപ്പെടുമെന്ന ഭയമായിരുന്നോ? ലോകത്ത് എവിടെയാണെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കുര്‍ബാനയ്ക്ക് എത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടില്‍ പിന്നെ ഒരു പെരുന്നാളിന്റെ തിരക്കാണ്. എസ്കോര്‍ട്ടും സെക്യുരിറ്റിയുമൊന്നുമില്ലാതെ ജനം അദ്ദേഹത്തെ പൊതിഞ്ഞുനില്ക്കും. സഹായം തേടിയെത്തുന്ന ആരെയും നിരാശരാക്കാതെ, എല്ലാ നിവേദനങ്ങളും അപേക്ഷകളും നേരിട്ട് കൈപ്പറ്റി വിശദവിവരങ്ങള്‍ ആരാഞ്ഞ് നടപടിക്കായി കുറിപ്പെഴുതി തീര്‍പ്പാക്കുന്ന ജനകീയ ദര്‍ബാര്‍. ഞായറാഴ്ച തോറും പുതുപ്പള്ളിയില്‍ തടിച്ചുകൂടുന്ന ജനാവലി പ്രാദേശിക പ്രതിഭാസമാണെങ്കില്‍, തിരുവനന്തപുരത്ത് ജഗതിയിലെ പുതുപ്പള്ളി ഹൗസിലും എംഎല്‍എ ഹോസ്റ്റലിലെ 38-ാം നമ്പര്‍ മുറിയിലും അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ കാര്യാലയത്തിലും ഇടവിടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ നിന്നെത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ ഏതുനേരവും സ്വതന്ത്രമായി അദ്ദേഹത്തിന്റെ ചുറ്റിലും വന്നണയുമായിരുന്നു. ഊണും ഉറക്കവും വെടിഞ്ഞ് എന്നും ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ കൊതിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി.
ഒരു രാഷ്ട്രീയ നേതാവിന് ജനങ്ങളുമായി എത്രത്തോളം അടുക്കാന്‍ കഴിയും എന്ന് ഉമ്മന്‍ ചാണ്ടി നമുക്കു കാണിച്ചുതന്നു. ഉമ്മന്‍ ചാണ്ടിയെ വലയം ചെയ്യുന്ന ആള്‍ക്കൂട്ടത്തെ കേരളം ഒന്നായിക്കണ്ടത് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ 2011 മുതല്‍ മൂന്നു വര്‍ഷം മൂന്നു ഘട്ടങ്ങളിലായി ജില്ലകളിലുടനീളം നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലാണ്. സ്റ്റേഡിയങ്ങളില്‍ 19 മണിക്കൂര്‍ വരെ നീണ്ട ഈ മഹാ അദാലത്തുകളില്‍ ഇടവേളയില്ലാതെ ഇളനീരും ലഘുപാനീയങ്ങളും കഴിച്ചാണ് മുഖ്യമന്ത്രി നിന്ന നില്പില് ജനങ്ങള്‍ കൈമാറിയ അപേക്ഷകള്‍ വാങ്ങി വായിച്ച് ഉടന്‍ തീര്പ്പുകല്പിച്ചുകൊണ്ടിരുന്നത്. അവസാനത്തെ ആവലാതിക്കാരനെക്കൂടി ആര്‍ദ്രതയോടെ ചേര്‍ത്തണയ്ക്കാന്‍ അദ്ദേഹം കാത്തുനിന്നു.
ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ഫോറം അന്‍പത് ഏഷ്യ-പസഫിക് രാജ്യങ്ങളില്‍ നിന്ന് 2013-ല്‍ പൊതുസേവനത്തിനുള്ള അവാര്‍ഡിന് മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിയെ നാമനിര്‍ദേശം ചെയ്തത് ജനസമ്പര്‍ക്ക പരിപാടിയുടെ സുതാര്യതയും നീതിപൂര്‍വകമായ നടപടിക്രമങ്ങളും മറ്റും വിലയിരുത്തിയാണ്. ബഹ്റൈനിലെ മനാമയില്‍ നടന്ന ചടങ്ങില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണില്‍ നിന്ന് ഈ രാജ്യാന്തര പുരസ്കാരം ഏറ്റുവാങ്ങാന്‍ ഉമ്മന്‍ ചാണ്ടി പോകുമ്പോള്‍ തന്നെ അവമതി വിവാദങ്ങള്‍ തിടംവച്ചുതുടങ്ങിയിരുന്നു.
‘വികസനവും കരുതലും,’ ‘അതിവേഗം ബഹുദൂരം’ എന്നീ പ്രതിജ്ഞാസൂക്തങ്ങള് ഉമ്മന്‍ ചാണ്ടി കേരളത്തിനു സമ്മാനിച്ച ചില ബൃഹദ്പദ്ധതികളുടെയും വികസനദര്ശനത്തിന്റെയും സാരസംഗ്രഹമായി വായിച്ചെടുക്കാം. വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ തുറമുഖം, പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മനില്‍, വിഴിഞ്ഞം തുറമുഖം, സ്മാര്‍ട് സിറ്റി, കൊച്ചി മെട്രോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം, മലയോര ഹൈവേ, ശബരിമല വികസന മാസ്റ്റര്‍ പ്ലാന്‍, ദേശീയപാത ബൈപാസുകള്‍, എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ്, എല്ലാ മണ്ഡലങ്ങളിലും സര്‍ക്കാര്‍-എയ്ഡഡ് കോളജ്, പ്രവാസികള്‍ക്കായി ബജറ്റ് എക്സ്പ്രസ് വിമാന സര്‍വീസ് തുടങ്ങിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കുന്നത് ഉമ്മന്‍ ചാണ്ടിയാണ്. 1977-ല്‍ 15 ലക്ഷം പേര്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കാനുള്ള തീരുമാനം, തുടര്‍ന്ന് ചുമട്ടുതൊഴിലാളി ക്ഷേമനിയമം, ഒരു രൂപയ്ക്ക് ഒരു കിലോ അരി, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിമാസം മൂന്നു രൂപയ്ക്ക് 25 കിലോ അരി, 25 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ്, മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കായി കാരുണ്യ ഫണ്ട്, കേള്‍വിശക്തിയില്ലാത്ത കുഞ്ഞുങ്ങള്‍ക്കായി കോക്ലിയര്‍ ഇംപ്ലാന്റ്, രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ നയം, സംസ്ഥാന പൊലീസ് യൂണിഫോം ട്രൗസറിനു പകരം പാന്റ്സ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ ജനക്ഷേമ കാഴ്ചപ്പാടുകള്‍ സാക്ഷാത്കരിക്കുന്നുണ്ട്. കോട്ടയം തലപ്പാടിയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് സൂപ്പര്‍ സ്പെഷ്യാല്‍റ്റി ഹോസ്പിറ്റല്‍, പാമ്പാടി വെള്ളൂരിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവ. എന്‍ജിനിയറിങ് കോളജ്, അകലക്കുന്നത്ത് കെ.ആര് നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ്, വെള്ളൂരില്‍ ശ്രീനിവാസ രാമാനുജന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സ് എന്നിങ്ങനെ തന്റെ പുതുപ്പള്ളി മണ്ഡലവുമായി ബന്ധപ്പെട്ട് ആരംഭിച്ച പദ്ധതികള്‍ക്കു പിന്നിലെ നവീന സാങ്കേതികവികസനത്തിന്റെ ദീര്‍ഘദര്‍ശനം അനന്യമാണ്.
സംസ്ഥാനത്തെ മദ്യവിപത്തിനെതിരെ നിശ്ചയദാര്‍ഢ്യത്തോടെ കൈക്കൊണ്ട തീരുമാനങ്ങള്‍ അതിശക്തരായ മദ്യലോബിയെയും അവരെ പിന്താങ്ങുന്ന രാഷ്ട്രീയ ശക്തികളെയും വിറളിപിടിപ്പിച്ചു. ടൂ, ത്രീ, ഫോര്‍ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകളിലെ 730 ബാറുകള്‍ അടച്ചുപൂട്ടാനാണ് 2014 ഓഗസ്റ്റില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. ടൂറിസം മുന്‍നിര്‍ത്തി ഏതാണ്ട് ഒരു ഡസനോളം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാനായിരുന്നു തീരുമാനം. കെ. ബാബുവിനും കെ.എം മാണിക്കുമെതിരായി ഉയര്‍ന്ന ബാര്‍ക്കോഴ കേസ് വിവാദങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയച്ചുഴികള്‍ സര്‍ക്കാരിനെ സര്‍വത്ര ഉലയ്ക്കുകയായിരുന്നു.
ഇതിനിടെയാണ് സൗരോര്‍ജ പദ്ധതികളുടെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയതു സംബന്ധിച്ച് 44 കേസുകളില്‍ പ്രതിയായ ഒരു സ്ത്രീക്ക് മുഖ്യമന്ത്രിയുടെ രണ്ടു പേഴ്സണ്‍ സ്റ്റാഫും ഒരു ഗണ്‍മാനുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നത്. പേഴ്സണല്‍ സ്റ്റാഫിലെ രണ്ടുപേരെ അറസ്റ്റു ചെയ്തതിനു പിന്നാലെ ഇടതുമുന്നണി ഉമ്മന്‍ ചാണ്ടിയുടെ രാജിക്കായി സെക്രട്ടേറിയറ്റ് വളയലും നാടുനീളെ അക്രമാസക്തമായ ഉപരോധസമരങ്ങളും പ്രഖ്യാപിച്ചു. ചില മന്ത്രിമാര്‍ ഉള്‍പ്പെടെ കുറെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗിക പീഡന പരാതികളുമായി സോളാര്‍ കേസില്‍ പ്രതിയായ സ്ത്രീ മറ്റൊരു പോരാട്ടമുഖം കൂടി തുറന്നതോടെ മാധ്യമവിചാരണയും പ്രതിപക്ഷ പ്രക്ഷോഭവും ആളിപ്പടര്‍ന്നു. ഒടുവില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉമ്മന്‍ ചാണ്ടി വഴങ്ങി.
എതിര്കക്ഷികളോടായാലും പാര്‍ട്ടിക്കുള്ളിലായാലും എന്നും പ്രതിപക്ഷ ബഹുമാനവും രാഷ്ട്രീയ മര്യാദയും കാണിച്ചു ശീലമുള്ള ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ ഏറ്റവും നിന്ദ്യമായ ആക്ഷേപങ്ങള്‍ക്കു മുന്നിലും അക്ഷോഭ്യനായി നിന്നു. എല്ലാ ചോദ്യങ്ങള്‍ക്കും സമചിത്തതയോടെ, സഹിഷ്ണുതയോടെ മറുപടി പറഞ്ഞു. തന്റെ ഭാഗം ന്യായീകരിക്കുന്നതിന് ആരെയും തള്ളിപ്പറഞ്ഞില്ല. ഒരു മുന്‍മന്ത്രിയുടെ കുടുംബജീവിതത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ഏതാണ്ടൊരു കുമ്പസാര രഹസ്യം പോലെയാണ് അദ്ദേഹം കൈകാര്യം ചെയ്തത്. മുഖ്യാധാരാ മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും ജനാധിപത്യബോധം കൈവെടിയാതെ അവരോട് മാന്യമായി പെരുമാറാനാണ് അദ്ദേഹം ശ്രമിച്ചത്.
സോളാര്‍ വിവാദം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മിഷന് മൊഴിയെടുക്കലിനു വിളിച്ചപ്പോള്‍, എല്ലാ രീതിയിലും മുഖ്യമന്ത്രി സഹകരിച്ചു. നാലഞ്ചു കോടി രൂപയ്ക്ക് കമ്മിഷന് പ്രതിപക്ഷത്തിനു വേണ്ട റിപ്പോര്‍ട്ട് തട്ടിക്കൂട്ടുകയായിരുന്നുവെന്ന് സിപിഐ നേതാവ് സി. ദിവാകരനും, കമ്മിഷന് മസാലക്കഥകളില്‍ ഇക്കിളിപൂണ്ടുവെന്ന് മുന്‍ ഡിജിപി എ. ഹേമചന്ദ്രനും തുറന്നടിക്കുകയുണ്ടായി. സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ക്രൈം ബ്രാഞ്ചും രണ്ടുവട്ടം അന്വേഷിച്ചിട്ടും തെളിവൊന്നും കാണാതെ തള്ളിയ ലൈംഗിക ആരോപണം വിവാദ സ്ത്രീകഥാപാത്രത്തില് നിന്ന് വീണ്ടും വെള്ളക്കടലാസില്‍ എഴുതിവാങ്ങിയാണ് പിണറായി സര്‍ക്കാര്‍ തങ്ങള്‍ എന്നും എതിര്‍ത്തുപോന്ന സിബിഐയെ വിളിച്ചുവരുത്തി അന്വേഷിക്കാന്‍ ഏല്പിച്ചത്.
സിബിഐ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും, വന്ദ്യവയോധികനായ ആ ജനനായകനോടു കാണിച്ച കൊടുംക്രൂരതയ്ക്ക്, അപകീര്‍ത്തിക്ക്, അദ്ദേഹത്തിന്റെ കുടുംബം അനുഭവിച്ച യാതനകള്‍ക്ക് എന്തു പ്രായശ്ചിത്തമാണ് കാലം വിധിക്കുക?
ആരോടും പരിഭവമില്ലാതെ, പകരംവയ്ക്കാനാവാത്ത സ്നേഹവായ്പോടെ ആ മഹാധന്യന്‍ വിടവാങ്ങുന്നു. മതനിരപേക്ഷ മൂല്യങ്ങളുടെയും ന്യൂനപക്ഷ അവകാശങ്ങളുടെയും കാവലാളായിരുന്നു ഉമ്മന്‍ ചാണ്ടി. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും സ്വന്തം എന്ന് അവകാശപ്പെടാവുന്ന ഒരു രക്ഷകന്. ലത്തീന്‍ സമുദായത്തിന്റെ തൊഴില്‍, ഉന്നതവിദ്യാഭ്യാസ സംവരണ വിഷയങ്ങളിലും പിഎസ് സി പ്രാതിനിധ്യത്തിലും തീരദേശത്തെയും മലയോരത്തെയും ജനങ്ങളുടെ ക്ഷേമപദ്ധതികളുടെ കാര്യത്തിലുമൊക്കെ അനുഭാവപൂര്‍വം ഇടപെട്ടിരുന്ന പ്രിയങ്കരനായ കാരുണ്യദൂതന്‍ ഞങ്ങളുടെ സ്നേഹാഞ്ജലി.