ഇല പൊഴിയും കാലങ്ങൾക്കപ്പുറം
തളിരണിയും കാലമുണ്ടതോർക്കണം
കവിളിലൂടോഴുകുന്ന കണ്ണീരിനപ്പുറം
പുഞ്ചിരിയുണ്ടെന്നതുമോർക്കണം….
പതിനഞ്ചു വർഷങ്ങൾക്കു മുൻപ് റെക്കോർഡ് ചെയ്യപ്പെട്ട ഈ ഗാനം യൂട്യൂബിൽ മാത്രം കേട്ടത് എൺപതു ലക്ഷം ആളുകളാണ്. സിഡി ഇറങ്ങിയിരുന്ന കാലമായതിനാൽ ഇതിലുമേറെപ്പേർ ഈ ഗാനം കേട്ടിട്ടുണ്ട്. ബേബി ജോൺ കലയന്താനി എഴുതി പീറ്റർ ചേരാനല്ലൂർ സംഗീതം നൽകിയ ഈ ഗാനം പാടിയത് കെസ്റ്ററാണ്. ‘ബാവാ പുത്രൻ റൂഹാ ‘ എന്ന ആൽബത്തിലാണ് ഈ ഗാനം ചേർത്തിട്ടുള്ളത്. പ്രത്യാശയുടെ സന്ദേശം ലളിതവാക്കുകളിലൂടെ കൈമാറുന്ന ഈ ഗാനം കൂടുതലാളുകൾ കേട്ടത് കോവിഡ് മഹാമാരിയുടെ കാലത്താണ്. എല്ലാ പ്രതീക്ഷകളും ഇല്ലാതായൊരു കാലത്ത് പ്രത്യാശയുടെ, പ്രതീക്ഷയുടെ, സാന്ത്വനത്തിനായുള്ള തിരച്ചിൽ നിരവധി ആളുകളെ ഈ പാട്ടിലേക്കെത്തിച്ചു.
ഈ പാട്ടിന്റെ രചനയ്ക്കു പിന്നിൽ നടന്നൊരു സംഭവം രചയിതാവ് ബേബി ജോൺ കലയന്താനി പങ്കു വയ്ക്കുന്നു. ” പ്രശസ്തനായ സംഗീതസംവിധായകനായ ഫാ. ആന്റണി ഉരുളിയാനിക്കൽ കാൻസർ ബാധിതനായി ചിലിത്സയിലായിരിക്കുമ്പോൾ അച്ചന്റെ ആശ്രമത്തിൽ അദ്ദേഹത്തെ സന്ദർശിക്കാൻ പോയി. അച്ചനുമായി സംസാരിക്കുന്നതിനിടയിൽ ജനാലയിലൂടെ പുറത്തേക്കു നോക്കിയ ഞാൻ ഇലകളില്ലാത്തൊരു മരം കണ്ടു.അച്ചനോട് ഞാൻ ചോദിച്ചു. ഈ മരം എങ്ങനെ ഉണങ്ങിപ്പോയി? അച്ചൻ പറഞ്ഞു. ഈ മരം ഇല പൊഴിയുന്ന മരമാണ്. ഉടനെ തന്നെ ഇതിൽ പുതു നാമ്പുകൾ വരും. അപ്പോൾ ഞാൻ പെട്ടെന്ന് പറഞ്ഞു. ഇപ്പോൾ അച്ചന്റെ അവസ്ഥ പോലെ അല്ലേ? ദിവ്യകാരുണ്യനാഥൻ അച്ചനെ ഉടനെ സുഖമാക്കുമല്ലോ. അച്ചൻ അസുഖത്തെ തരണം ചെയ്തു തിരികെ വന്നു.
ഇല പൊഴിഞ്ഞു നിന്ന മരം എന്നോടൊപ്പം പോന്നു. ആ മരത്തിൽ പുതിയ തളിരുകൾ വരുന്ന സന്തോഷവും പ്രത്യാശയും കേൾക്കുന്നവരിലേക്ക് കൈമാറുന്നൊരു ഗാനം ഞാൻ എഴുതി എന്റെ പ്രിയ മിത്രം പീറ്റർ ചേരാനെല്ലൂരിനു കൊടുത്തു. “
ഇനി പീറ്റർ ചേരാനെല്ലൂർ പറയും.
” ബേബി ജോൺ കലയന്താനിയിമൊത്തു ഞാൻ നൂറുകണക്കിന് പാട്ടുകൾ ചെയ്തിട്ടുണ്ട്. പക്ഷേ, ഈ വരികൾ തന്നപ്പോൾ ബേബി പറഞ്ഞു. ഇതു സവിശേഷമായൊരു പാട്ടാണ്. പീറ്റർ ഇതിനു ഒരു പ്രത്യേക കരുതൽ നൽകണം. ഞാനത് സമ്മതിച്ചു. സംഗീതം നൽകി സ്നേഹം സ്റ്റുഡിയോയിൽ റെക്കോർഡിങ് നടന്നു. കെസ്റ്റർ അതിമനോഹരമായി പാടി. ഞങ്ങൾ സന്തോഷത്തോടെ പാട്ട് പുറത്തിറക്കി. മിഥില മൈക്കിളും ഇതേ ഗാനം പാടിയിട്ടുണ്ട്.
പാട്ട് വളരെപ്പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. പാട്ട് കൂടുതൽ പ്രചാരമാർജ്ജിച്ചപ്പോൾ ഞങ്ങൾ പറഞ്ഞു. നമ്മൾ വെറും ഉപകരണങ്ങൾ മാത്രം. എല്ലാ മഹത്വവും ദൈവത്തിന്. “
കെസ്റ്ററിന്റെ ശ്രദ്ധേയ ഗാനങ്ങളിൽ ഒന്നാണിത്. പൊതുവെ തന്റെ ഗാനങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാത്ത കെസ്റ്റർ ജീവനാദത്തിന്റെ വായനക്കാരോട് പറയുന്നു. “അന്നു സ്നേഹം സ്റ്റുഡിയോയിൽ ഈ പാട്ട് പാടുമ്പോൾ ഞാൻ കരുതിയില്ല ഇത് അനേകം പേർക്ക് പ്രത്യാശ പകരുന്ന പാട്ടാകുമെന്നു.
പാട്ടുകളുടെ കാര്യം അങ്ങനെയാണ്. വലിയ വിജയമാകുമെന്ന് കരുതി നമ്മൾ പാടുന്ന ചില പാട്ടുകൾ ആരും കേൾക്കാതെ മറഞ്ഞു പോകുകയും ചില പാട്ടുകൾ അതിപ്രശസ്തമാകുകയും ചെയ്യും. ഈ ഗാനം ജീവിതത്തിന്റെ സങ്കീർണ്ണതകളിൽ തങ്ങളെ പിടിച്ചു നിർത്തിയെന്ന് പലരും പറഞ്ഞിട്ടുണ്ട്. എല്ലാം ദൈവകൃപ മാത്രം. “
പാട്ടുകൾക്ക് അങ്ങനെ ചില നിയോഗങ്ങളുണ്ട്. ചില സംഭവങ്ങളും സന്ദർഭങ്ങളും വ്യക്തികളെയും ഓർക്കാൻ, സങ്കടങ്ങൾ മറികടക്കാൻ, നല്ല കാലം വരുമെന്ന് കാത്തിരിക്കാൻ, ഇതും കടന്നു പോകുമെന്നു പറഞ്ഞു തരാൻ തുടങ്ങി പാട്ടുകൾ പലർക്കും കൈമാറുന്നത് പല ചിന്തകളാണ്. ഈ ഗാനം പകരുന്നത് പുതിയ കാലത്തിന്റെ, പുതുനാമ്പുകളുടെ, തളിരിടുന്ന സന്തോഷത്തിന്റെ സുവിശേഷമാണ്.