ഇടയവഴികളില്‍ എഴുത്തും പുസ്തകവും നെഞ്ചോട് ചേര്‍ത്താണ് ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ യാത്ര. അദ്ദേഹത്തിന്റെ ആദ്യ മലയാളപുസ്തകം ‘ഇടയാക്ഷരങ്ങള്’ 2014ല്‍ കണ്ണൂര്‍ ബിഷപ്പായി ചുമതലയേല്‍ക്കുമ്പോഴാണ് പ്രസിദ്ധീകരിച്ചത്. കോട്ടപ്പുറം രൂപതയിലെ പുതിയ ദൗത്യത്തിന്റെ തുടക്കത്തിലും ഒരു പുസ്തകം അലക്സ് പിതാവ് സമ്മാനിക്കുന്നു ‘കരുതല്‍’. ജ്ഞാനമാണ് ഈ ഇടയന് തുണ. ജ്ഞാനം അനുഗ്രഹത്തിന്റെ ഉറവിടമെന്ന് ബൈബിള്‍ സാക്ഷ്യം. ‘മൊഴികളുടെ വ്യംഗ്യവും കടങ്കഥകളുടെ പൊരുളും അവള്‍ക്കറിയാം. അടയാളങ്ങളും അദ്ഭുതങ്ങളും അവള് മുന്‍കൂട്ടി കാണുന്നു. കാലങ്ങളുടെയും ഋതുക്കളുടെയും ഫലം ജ്ഞാനം അറിയിക്കുന്നു.
സാമൂഹ്യപരിസരങ്ങളെ പ്രതിഫലിപ്പിക്കുന്ന 33 ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. 33 എന്ന അക്കം ക്രിസ്തുവിന്റെ ജീവിതയാത്രയുടെ പ്രതീകമാകാം. ക്രിസ്തു തന്നെയാണല്ലോ ഈ പുസ്തകത്തിന്റെ സന്ദേശവും. കെട്ടുകഥയെക്കാള്‍ വിചിത്രമായി വാസ്തവം പ്രത്യക്ഷപ്പെടുന്നു. ഭ്രമാത്മകമായ സംഭവങ്ങള്‍ കാലത്തെ ആസുരമാക്കുന്നു. ഇവയ്ക്കെതിരെയുള്ള കരുതലിന്റെ പാഠങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
അതുകൊണ്ടുതന്നെയാണ് അവതാരികയില്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പ്രത്യാശയുടെ പുസ്തകം എന്ന് വിശേഷിപ്പിച്ചത്. അദ്ദേഹം പറയുന്നു: പ്രത്യാശയുടെ പുസ്തകമെന്ന് ബിഷപ്പ് വടക്കുംതലയും പുസ്തകത്തെ വിശേഷിപ്പിക്കാം. പ്രത്യാശയില്‍ കാത്തിരിപ്പുണ്ട്. നിശ്ചിതമായ കാത്തിരിപ്പിനുശേഷമാണ് കവചം ഭേദിച്ച് ചിത്രശലഭങ്ങള്‍ പറക്കുന്നത്. കരുതലിലും കാത്തിരിപ്പിലും സ്വപ്നങ്ങളുണ്ട്. കാണുന്നവര്‍ ഒരു പക്ഷേ, അതറിയുന്നുണ്ടാവില്ല. കരുതലിന്റെ പൂര്‍ണതയില്‍ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. കൂട്ടവും വഴിയും തെറ്റുന്നവര്‍ക്കും കരുതലിന്റെ കൃപ ലഭിക്കുന്നുണ്ട്.
സന്തോഷം കരുതിവയ്ക്കാനുള്ളതല്ല. അത് പകരാനുള്ളതാണെന്ന് പൗലോസ് ശ്ലീഹ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ ഭാഷയില്‍ അത് സുവിശേഷത്തിന്റെ സന്തോഷമാണ്.
സന്തോഷമായിരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നവരുണ്ട്. ഹെലന് കെല്ലര്‍ എന്ന സുപരിചിതമായ പേര് മാത്രമല്ല തന്റെ പരിചയത്തിലുള്ള നിരവധി പേരുകളും ബിഷപ് പരാമര്‍ശിക്കുന്നു. അവശതകളെ അനുഗ്രഹമാക്കി മാറ്റുന്ന അദ്ഭുതം പ്രവര്‍ത്തിക്കുന്നവരാണ് അവര്‍. അവരുടെ ജീവിതം പ്രാര്‍ത്ഥനയും അത്ഭുതവുമാണ്. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ജോബിനെപ്പോലെ അവര്‍ക്കും ഉത്തരം കിട്ടുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ ചോദ്യങ്ങള്‍ മാത്രം അവശേഷിക്കുന്നു. ഉത്തരം കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്വം നമ്മുടേതാണ്. സാധാരണപരീക്ഷയില് നിന്ന് വ്യത്യസ്തമായി ഉത്തരം ആരുടെയെങ്കിലും ജീവിതത്തില്‍നിന്ന് പകര്‍ത്തിയാലും മതി. പകര്‍ത്തപ്പെടാന്‍ പര്യാപ്തമായ നിരവധി ജീവിതങ്ങള്‍ വടക്കുംതല പിതാവിന്റെ പുസ്തകത്തിലുണ്ട്. കരുതല്‍ അപ്രകാരമാണ് സവിശേഷമാകുന്നത്.
മനോഹരമായ തലക്കെട്ടുകള്‍, ആശയ കേന്ദ്രീകൃതമായ കഥകള്‍, സംഭവങ്ങള്‍, ബൈബിളില്‍ നിന്നും സഭാപഠനങ്ങളില്‍ നിന്നുമുള്ള ഭാഗങ്ങള്‍, പ്രശസ്തമായ പുസ്തകങ്ങളില്‍ നിന്നുള്ള ആശയങ്ങള്‍ ഇവ കരുതലിന് ആഴം കൂട്ടുന്നുണ്ട്.
‘സ്വപ്നങ്ങള്‍ മറ്റുള്ളവര്‍ക്കായി മെനയുന്നവര്‍’ എന്ന പത്താം അധ്യായത്തിലെ ആശയത്തെ ദൃഢീകരിക്കുന്ന ഒരു സംഭവം ഇങ്ങനെയാണ്. ആഫ്രിക്കയിലെത്തിയ ഒരു വിദേശമിഷണറി ഗ്രാമത്തിലെ കുട്ടികള്‍ക്കായി ഓട്ടമത്സരം സംഘടിപ്പിച്ചു. ഒരു കുട്ട നിറയെ പഴുത്തുമിനുത്ത മാമ്പഴങ്ങളും ആപ്പിളുകളും മധുര നാരങ്ങയും മുന്തിരിക്കുലകളുമൊക്കെ അകലെ ഒരു മരത്തിന്റെ ചോട്ടില് വച്ചിരിക്കുന്നു. ആദ്യം ഓടിയെത്തുന്നയാള്‍ക്ക് അതു സ്വന്തമാക്കാം. ഓട്ടത്തിനായി വരവരച്ച് വിസിലടിച്ചു. അപ്പോള്‍ അവര്‍ പരസ്പരം കൈകോര്‍ത്തുപിടിച്ച് ഒരുമിച്ച് ഓടി, ഒപ്പമെത്തി, കുട്ടയിലെ പഴം പങ്കുവച്ച് ആസ്വദിച്ചു. അവരുടെ പ്രവൃത്തി കണ്ട് അക്ഷരാര്‍ത്ഥത്തില്‍ അതിശയിച്ചുപോയ മിഷണറി ചോദിച്ചു: ഒരാള്‍ ഓടി ബാസ്ക്കറ്റ് സ്വന്തമാക്കിയിരുന്നെങ്കില്, പഴം മുഴുവന്‍ ആ മിടുക്കന് ആസ്വദിക്കാമായിരുന്നില്ലേ? അപ്പോള്‍ കുട്ടികള്‍ തങ്ങളുടെ ആഫ്രിക്കന്‍ ഭാഷയില്‍ മറുപടി പറഞ്ഞു: ‘ഒബോനാത്തോ’. മറ്റെല്ലാവരും വിഷമിച്ചിരിക്കുമ്പോള്‍ ഒരാള്‍ക്കുമാത്രം സന്തോഷിക്കാനാവുമോ? ‘ഒബോനാത്തോ’ എന്ന പദത്തിന്റെ അര്‍ത്ഥമിതാണ്. ഞാനുള്ളത് മറ്റുള്ളവരെല്ലാമുള്ളതിനാലാണ്.
കരുതലിലും കാത്തിരിപ്പിലും സ്വപ്നങ്ങളുണ്ട്. ജെറമിയാ പ്രവാചകനെ പോലെ ജാഗ്രതാവൃക്ഷത്തിന്റെ വേര് സ്വപ്നം കാണാന്‍ ഈ പുസ്തകം വായനക്കാരനോട് ആവശ്യപ്പെടുന്നു.